മൃഗം – 6

“എന്ത് തോന്നുന്നു” അയാള്‍ മദ്യഗ്ലാസ് വീണ്ടും ചുണ്ടോട് ചേര്‍ത്തുകൊണ്ട് ചോദിച്ചു.

വാസു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

“എടാ നിനക്ക് ഇത് കണ്ടിട്ട് യാതൊന്നും തോന്നുന്നില്ലേ?” അത്ഭുതത്തോടെ പുന്നൂസ് ചോദിച്ചു.

“സംഭവിച്ച കാര്യത്തെ കുറിച്ച് തോന്നിയിട്ട് വല്ല കാര്യവും ഉണ്ടോ സാറെ..ഇനി അങ്ങോട്ടുള്ളത് നോക്കിയാല്‍ പോരെ?”

“അത് തന്നെയാണ് ഞാന്‍ ചോദിച്ചത്.. നീ തല്ലിയ പെണ്ണ് ഈ ചാനലിലെ ഒരു അവതാരക ആണ്..അത് ചെറിയ കാര്യം. അവള്‍ ആരുടെ മോളാണ് എന്ന് നിനക്ക് അറിയാമോ? അവളുടെ സഹോദരന്‍ ആരാണ് എന്നും നിനക്ക് അറിയാമോ?”

വാസു നിസംഗതയോടെ അയാളെ നോക്കി.

“ഗൌരീകാന്ത് എന്ന അധോലോക നായകന്‍റെ മകളാണ് ഇവള്‍..ഇവളുടെ ആങ്ങളയാണ് ഞാന്‍ നിന്നോട് പറഞ്ഞ അറേബ്യന്‍ ഡെവിള്‍സിലെ അര്‍ജുന്‍…രണ്ടുപേരും മനുഷ്യത്വം എന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത, കൊച്ചി നഗരം കൈകളില്‍ ഇട്ട് അമ്മാനമാടുന്ന വ്യക്തികള്‍ ആണ്. അവരുടെ പെണ്ണിനെ പരസ്യമായി ഒരുത്തന്‍ തല്ലിയാല്‍, അവരവനെ പോലീസിനോ നിയമത്തിനോ ഒന്നും വിട്ടുകൊടുക്കില്ല..കൊന്നു തള്ളിക്കളയും…”

പുന്നൂസ് ബാക്കിയുണ്ടായിരുന്ന മദ്യം കുടിച്ച ശേഷം ഗ്ലാസ് നീക്കി വച്ച് ഒന്ന് കൂടി ഒഴിക്കാന്‍ ആംഗ്യം കാട്ടി. വാസു അടുത്ത പെഗ് കൂടി ഗ്ലാസില്‍ പകര്‍ന്നു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നത്, അവന്മാരുടെ കൈയില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനാണ്..പക്ഷെ ഇപ്പോള്‍ നിന്നെ അവരില്‍ നിന്നും പോലീസില്‍ നിന്നും രക്ഷിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് മോനെ വാസൂ..നീ ഇനി ഇവിടെ നില്‍ക്കണ്ട…എന്റെ മകള്‍ക്ക് മറ്റെന്തെങ്കിലും വിധത്തിലുള്ള സുരക്ഷ ഞാന്‍ ഒരുക്കിക്കൊളാം..നീ ഇവിടെ നില്‍ക്കുന്നത് വലിയ അപകടമാണ്..ഇപ്പോള്‍ത്തന്നെ അവന്മാര്‍ നിന്നെ കണ്ടുപിടിക്കാനായി ആളുകളെ സിറ്റി മൊത്തം അയച്ചു കഴിഞ്ഞിട്ടുണ്ടാകും..നിന്നെ കൈയില്‍ കിട്ടാതെ അവന്മാര്‍ അടങ്ങാനും പോകുന്നില്ല…”

പുന്നൂസ് പറഞ്ഞുനിര്‍ത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“സാറേ..സാറിനിത്ര ഭയം ഉണ്ടായിരുന്നെങ്കില്‍, എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്? എന്നായാലും ഈ പറയുന്ന ആളുകളോട് ഞാന്‍ അങ്ങയുടെ മകള്‍ക്ക് വേണ്ടി മുട്ടേണ്ടവനാണ്…

അതല്ലാതെ സുവിശേഷം പ്രസംഗിച്ച് അവന്മാരുടെ മനസ് മാറ്റാന്‍ വന്നവനല്ലല്ലോ ഞാന്‍? ആണോ? അതിനായിരുന്നു എങ്കില്‍ ഗീവര്‍ഗീസ് അച്ചനെ കൊണ്ടുവന്നാല്‍ പോരായിരുന്നോ? ഇപ്പോഴാണ് ഇന്ന് നടന്നത് നന്നായി എന്ന് ഞാന്‍ അറിയുന്നത്..കാരണം ഏതൊരു ഇരയെ ഞാന്‍ തേടാന്‍ ഇരുന്നോ..ആ ഇരയ്ക്ക് കൊത്താന്‍ ഒരു ചൂണ്ട അറിയാതെ ആണെങ്കിലും ഞാന്‍ ഇട്ടു കൊടുത്തിരിക്കുന്നു…ഈ ചൂണ്ടയില്‍ കൊത്തി അവന്മാര്‍ എന്റെ അടുത്തേക്ക് എത്തും..പിന്നെ..സാറിനു പേടിയുണ്ടെങ്കില്‍ ഞാന്‍ പൊക്കോളാം.പക്ഷെ അതുകൊണ്ട് സാറിന്റെ മകളുടെ മേലുള്ള അവരുടെ ഭീഷണി മാറും എന്ന് സാറ് കരുതുന്നുണ്ടോ?”

വാസു ചോദിച്ചു. പുന്നൂസ് ചിന്തിച്ചുകൊണ്ട് സോഫയില്‍ ചാരി. അയാളുടെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. അവന്‍ പറഞ്ഞത് ശരിയാണ്; അവരെ എതിര്‍ത്ത് അവരില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനാണ് അവനെ താന്‍ കൊണ്ടുവന്നത്. അവന്റെ ആക്രമണം നടന്നിരിക്കുന്നതും അവന്മാര്‍ക്ക് എതിരെ തന്നെയാണ്. ഇത് ഇന്നല്ലെങ്കില്‍ നാളെ നടക്കേണ്ടത്‌ തന്നെയല്ലേ? അപ്പോള്‍?

“വാസു..ഞാന്‍ വല്ലാത്ത ഒരു വിഷമ ഘട്ടത്തിലാണ്.. ചാനലുകാരുടെ ബഹളം കാരണം മിക്കവാറും പോലീസ് നിന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും..വേഗം ഊരിപ്പോരാന്‍ സാധിക്കാത്ത വകുപ്പായിരിക്കും അവര്‍ നിനക്കെതിരെ ചുമത്തുക. നീ ഒരു കാര്യം ചെയ്യ്‌..രണ്ടു മൂന്നു ദിവസത്തേക്ക് പുറത്ത് ഇറങ്ങണ്ട…ഞാന്‍ ഒരു വക്കീലിനെ കണ്ടു നിനക്കൊരു മുന്‍‌കൂര്‍ ജാമ്യം ശരിയാക്കാം..ബാക്കി പിന്നെ നോക്കാം”

അയാള്‍ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അതൊക്കെ സാറിന്റെ ഇഷ്ടം..പോലീസ് എന്നെ പിടിച്ചാല്‍ എനിക്കും ചിലത് പറയാനുണ്ട്..എന്തുകൊണ്ട് ഞാനത് ചെയ്തു എന്ന് കണ്ടു നിന്നവര്‍ ഒരുപാട് പേരുണ്ട്..അവരില്‍ ഒരാള്‍ എങ്കിലും എനിക്ക് അനുകൂലമായി സംസാരിക്കാതിരിക്കില്ല…”

“ഹ..കുറെ സംസാരിക്കും. എന്റെ വാസു ഒരുത്തനും ആരെയും സഹായിക്കാന്‍ പോകുന്നില്ല..നീ തല്ക്കാലം ജാമ്യം എടുക്കുന്നത് വരെ എങ്ങും പോകണ്ട. ഇപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് നിന്നെ മാത്രം തേടാന്‍ സാധ്യത ഉള്ളതുകൊണ്ട് മോള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഭീഷണി ഒന്നും ഉണ്ടാകില്ല. നീ ഇവിടെത്തന്നെ കഴിയുക..”

പുന്നൂസ് പോകാനായി എഴുന്നേറ്റ് പറഞ്ഞു. വാസുവിന് അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല.

പുന്നൂസ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ റോസ്ലിനും ഡോണയും ടിവി കാണുകയായിരുന്നു.

“സ്റ്റുപ്പിഡ്സ്..എല്ലാവനും അവളെ സപ്പോര്‍ട്ട് ചെയ്യുകയാണ്..നോ..ഐ വില്‍ നോട്ട് ലെറ്റ്‌ ഇറ്റ്‌ ഗോ ദിസ് വെ..” അയാള്‍ ചെല്ലുമ്പോള്‍ ഡോണ രോഷത്തോടെ പറയുന്നത് കേട്ടു.

“നീ എന്ത് ചെയ്യാനാണ് മോളെ? അവള്‍ക്ക് അനുകൂലമാണ് വീഡിയോ ദൃശ്യങ്ങള്‍..പിന്നെ എന്ത് ചെയ്യാന്‍?” അയാള്‍ അവളുടെ അരികില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.

“പപ്പാ..എനിക്ക് ആ മനുഷ്യനെ ഉടനെ തന്നെ കണ്ടെത്തണം..എന്തുകൊണ്ട് അയാളത് ചെയ്തു എന്ന് ഞാന്‍ എന്റെ ചാനലില്‍ പറഞ്ഞോളാം..മുന്‍പ് അവളുടെ ആക്രമണത്തിന് ഇരയായവരെ എനിക്കറിയാം..ഐ വില്‍ മീറ്റ്‌ ദം റൈറ്റ് എവേ.. എനിക്ക് അയാളെ കൂടെ കാണാന്‍ സാധിച്ചാല്‍ മൈ സ്റ്റോറി വില്‍ ബി പെര്‍ഫക്റ്റ്” അവള്‍ ആവേശത്തോടെ പറഞ്ഞു.

“മോളെ വേണ്ട..അത് ചെയ്യരുത്.. ഇപ്പോള്‍ ഈ സംഭവം മൂലം അറേബ്യന്‍ ഡെവിള്‍സ് അവന്റെ പിന്നാലെ ആയിരിക്കും..അതുകൊണ്ട് നിന്നെ തല്ക്കാലം അവര്‍ ഉപദ്രവിക്കാന്‍ വഴിയില്ല..ആ ഒരു അഡ്വാന്‍റെജ് നീ കളഞ്ഞു കുളിക്കരുത്..മീഡിയ എന്തോ പറഞ്ഞോട്ടെ”

“പപ്പയ്ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു? ഒരുത്തനും വായ തുറക്കാത്തിടത്ത് ശക്തമായി പ്രതികരിച്ച ആ മനുഷ്യനെപ്പോലെ ഉള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം..ഐ വില്‍ പ്രൂവ് ദാറ്റ് ഹി ഈസ് ഇന്നസന്‍റ്..ആന്‍ഡ് അയാം ഗോയിംഗ് നൌ… അറ്റ്‌ ലീസ്റ്റ് മുന്‍പ് ഇവളുടെ ആക്രമണത്തിനു ഇരയായവരുടെ ഇന്റര്‍വ്യൂ എങ്കിലും എനിക്ക് എടുത്തെ പറ്റൂ..എങ്കിലേ അത് നാളെ എയര്‍ ചെയ്യാന്‍ പറ്റൂ..” ഡോണ വേഗം തന്നെ തന്റെ മുറിയിലേക്ക് കയറി.

പുന്നൂസ് ഭാര്യയെ ആശങ്കയോടെ നോക്കി. ഇവള്‍ അഞ്ജനയ്ക്ക് എതിരെ ന്യൂസ് കൊടുത്താല്‍ അവര്‍ക്ക് ഇപ്പോള്‍ ഇവളോടുള്ള പകയില്‍ എണ്ണ പകരുന്നതിനു തുല്യമായിരിക്കും അത്. പക്ഷെ അവള്‍ തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നും പിന്മാറില്ല. അപകടത്തിലേക്കാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ അതിലേക്ക് എടുത്തു ചാടുന്ന അവളുടെ ഈ പ്രകൃതമാണ് തങ്ങളെ തീ തീറ്റിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *