മൃഗം – 7 1

“വാസൂ..”

പുറത്ത് നിന്നും പുന്നൂസിന്റെ വിളി അവന്‍ കേട്ടു. അവന്‍ മെല്ലെ വാതില്‍ക്കലേക്ക് ചെന്നു. ഒരു ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു അവന്റെ വേഷം. വാസുവിനെ കണ്ട ഡോണയുടെ മുഖം വിടര്‍ന്നു.

“മോളെ..ഇതാണ് നീ അന്വേഷിച്ച ആള്‍..പേര് വാസു. മുഖം സൂക്ഷിച്ചു നോക്കിക്കോ..നീ വീഡിയോയില്‍ കണ്ട ആള് തന്നെയാണോ അതോ വേറെ വല്ലവരും ആണോന്ന്”

പുന്നൂസ് അവള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അവള്‍ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും അവനെ നോക്കി കൈകള്‍ കൂപ്പി.

“ഹായ്..ഞാന്‍ ഡോണ…”

അവള്‍ വിടര്‍ന്ന ചിരിയോടെ സ്വയം പരിചയപ്പെടുത്തി. വാസുവും തിരിച്ചു കൈകള്‍ കൂപ്പി പുഞ്ചിരിച്ചു.

“വാ മോളെ..കയറി ഇരിക്ക്” പുന്നൂസ് അവളെ വിളിച്ചു. അവര്‍ക്ക് ഉള്ളിലേക്ക് കയറാനായി വാസു മാറി നിന്നു.

“ആ കതക് അടച്ചിട്ട് ഇരിക്കടാ” പുന്നൂസ് വാസുവിനോട് പറഞ്ഞു.

വാസു കതകടച്ച ശേഷം വന്നു പുന്നൂസും ഡോണയും ഇരുന്ന സോഫയ്ക്ക് എതിരെ ഇരുന്നു. ഡോണ കൌതുകത്തോടെ അവനെത്തന്നെ നോക്കുകയായിരുന്നു.

“ഇതെന്തൊരു നോട്ടമാ കൊച്ചെ? ഞാന്‍ കാഴ്ചബംഗ്ലാവില്‍ നിന്നും ഓടിയിറങ്ങി വന്നതല്ല..മനുഷ്യനാ..” വാസു അവളോട്‌ പറഞ്ഞു.
അതുകേട്ടു പുന്നൂസും അല്പം കഴിഞ്ഞപ്പോള്‍ ഡോണയും ചിരിച്ചു.

“എന്റമ്മോ..വീഡിയോയില്‍ കണ്ട വീരസാഹസികനെ നേരില്‍ കണ്ട ആരാധന കൊണ്ട് നോക്കിപ്പോയതാ മാഷേ..കൊല്ലല്ലേ..” അവള്‍ ചിരിക്കിടെ പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.

“ഒരു വലിയ സീരിയസ് കാര്യം പറയാന്‍ വന്നതാണ്..അവനത് പൊട്ടിച്ച് വെറും പഞ്ഞി ആക്കിയത് കണ്ടില്ലേ…ങാ മോളെ..ഇതാണ് വാസുവിന്റെ ഒരു മുഖം.. ഇവനെ ഞാനാണ്‌ കൊച്ചിക്ക് കൊണ്ടുവന്നത്….”

പുന്നൂസ് തുടര്‍ന്ന് വാസുവിന്റെ ലഘു ചരിത്രവും അവനെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതിന്റെ കാരണങ്ങളും അവളോട്‌ വിശദമായി പറഞ്ഞു. അയാള്‍ സംസാരിക്കുന്നതിനിടെ അവള്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല.

“വളരെ നന്നായി പപ്പാ..പപ്പ എന്റെ സുരക്ഷയ്ക്ക് വേണ്ടി കണ്ടെത്തിയ ആള്‍ പെര്‍ഫക്റ്റ് ആണ്..ആ പെര്‍ഫക്ഷന്‍ എന്നെ കാണിക്കാനായി ഒരു പക്ഷെ ദൈവം ഒരുക്കിയ വഴിയാകാം ഇന്ന് രാവിലെ നടന്ന സംഭവം…”

അയാള്‍ പറഞ്ഞു നിര്‍ത്തിയ ശേഷം അവള്‍ പറഞ്ഞു. പിന്നെ വാസുവിനെ നോക്കി തുടര്‍ന്നു “വാസുവിന് കാര്‍ ഓടിക്കാന്‍ അറിയുമോ? അറിയുമെങ്കില്‍ എന്റെ ഒപ്പം തന്നെ നാളെ മുതല്‍ വരാം..താങ്കളെപ്പോലെ ഒരാള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും..”

“കാറോടിക്കാന്‍ അറിയാം..പക്ഷെ ഞാന്‍ കൊച്ചിന്റെ കൂടെ വരുന്നതിനേക്കാള്‍ നല്ലത് അല്പം മാറിത്തന്നെ നില്‍ക്കുന്നതല്ലേ? കൊച്ചിനെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ അതെനിക്ക് അറിയാന്‍ സാധിക്കുമല്ലോ..നമ്മള്‍ ഒരു ടീമാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കുന്നതാകും നല്ലത്” വാസു തന്റെ അഭിപ്രായം പറഞ്ഞു.

“നോ ഇഷ്യു..അത് വാസൂന്റെ ഇഷ്ടം..ഇപ്പോള്‍ വാസു എന്റെ കൂടെ ഒരിടം വരെ വരണം..ഞാന്‍ എന്തുകൊണ്ട് അറേബ്യന്‍ ഡെവിള്‍സിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ കാരണം അതോടെ വാസുവിന് ബോധ്യമാകും..പപ്പാ ഞാന്‍ പോയിട്ട് വരട്ടെ…?” ഡോണ പുന്നൂസിനോട് ചോദിച്ചു.

“ഈ രാത്രി തന്നെ വേണോ മോളെ? നാളെപ്പോരെ?” പുന്നൂസ് ചോദിച്ചു.

“പപ്പാ..ഇന്നത്തെ ജോലി ഇപ്പോള്‍..നാളത്തെ ജോലി ഇന്ന്..അങ്ങനെയല്ലേ പപ്പാ എന്നെ പഠിപ്പിച്ചിട്ടുള്ളത്?”

പുന്നൂസിന് മറുപടി ഉണ്ടായിരുന്നില്ല.

“കമോണ്‍ വാസു..വേഗം ഡ്രസ്സ്‌ ചെയ്യൂ..ലെറ്റ്സ് ഗോ” ഡോണ വാസുവിനെ നോക്കി പറഞ്ഞു.

“ബട്ട്…മോളെ എങ്ങനെ പോകും? നിനക്ക് കാര്‍ എടുക്കണ്ടേ?”

“വേണ്ട പപ്പാ..ഞങ്ങള്‍ ബൈക്കില്‍ പൊക്കോളാം..മുംതാസിന്റെ വീട്ടുകാരെ വാസു ഒന്ന് കാണട്ടെ..അവര്‍ക്ക് പറയാനുള്ളത് ഇദ്ദേഹം കേള്‍ക്കണം..മറ്റ് ഇന്റര്‍വ്യൂവും ഒക്കെ നാളെ ചെയ്തോളാം….”

പുന്നൂസിന് മനസ്സില്‍ ചെറിയ ആധി തോന്നാതിരുന്നില്ല. ഗൌരീകാന്തിന്റെ ഗുണ്ടകള്‍ അവനെ സിറ്റി മൊത്തം തിരയുന്നുണ്ടാകും. ഇവര്‍ അവരുടെ കൈയില്‍ ചെന്നു കയറിയാല്‍? വാസു വേഷം മാറാന്‍ ഉള്ളിലേക്ക് പോയപ്പോള്‍ പുന്നൂസ് മകളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *