“സുബൈദ..എന്തിനിങ്ങനെ ഇരിക്കുന്നു..ഞമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം..”
നിര്‍ജീവനെപ്പോലെ ഇരുന്ന മൂസാക്കയുടെ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു. പുറത്ത് കോളനിയിലെ ബഹളങ്ങളുടെ ഇടയ്ക്കും ജീവന്റെ അംശം പോലുമില്ലാത്ത അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടിരുന്ന ആ വീട്ടില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ കേള്‍ക്കപ്പെട്ട ആദ്യ വാക്കുകള്‍ ആയിരുന്നു അത്. തളര്‍ന്ന ശരീരത്തോടെയും മനസോടെയും സുബൈദ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് വാസുവും ഡോണയും കയറിയ ബുള്ളറ്റ് അവരുടെ വീടിന്റെ വാതില്‍ക്കല്‍ എത്തി നിന്നത്. മൂസ നോക്കി. ഡോണയെ കണ്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ സജലങ്ങളായി. നിര്‍ജീവമായിരുന്ന സുബൈദയുടെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ഒരു മിന്നലാട്ടം ദൃശ്യമായി.
“ഡോണ മോള്…” മൂസയുടെ ചുണ്ടുകള്‍ പിറുപിറുത്തു.
ഡോണ പ്രസരിപ്പോടെ ഉള്ളിലേക്ക് കയറി.
“ഹായ് വാപ്പച്ചി..ഉമ്മാ..എന്താ രണ്ടാളും കൂടി പരിപാടി?” ഡോണ മൂസയെയും സുബൈദയെയും തലോടിക്കൊണ്ട് ചോദിച്ചു.
“ന്റെ മോളെ..നീ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ജീവനുണ്ടെന്നും മരിച്ചിട്ടില്ലെന്നും തോന്നാറുള്ളത്..ഇരിക്ക് മോളെ..കൂടാരാ ബന്നത്?” മൂസ ചോദിച്ചു.
“എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ വാപ്പച്ചി..വാസു..”
വാസു ഉള്ളിലേക്ക് കയറി അവരെ ഇരുവരെയും നോക്കി കൈകള്‍ കൂപ്പി.
“ഓ ക്ഷമിക്കണം കാക്കാ..അസ്സലാമു അലൈക്കും” വാസു തനിക്ക് പറ്റിയ അബദ്ധം തിരുത്തിക്കൊണ്ട് പറഞ്ഞു.
“വാ അലൈക്കും അസ്സലാം..ഇരിക്ക് മോനെ..” മൂസാക്കയുടെ മുഖം വിടര്‍ന്നിരുന്നു അവന്റെ പെരുമാറ്റത്തില്‍.
“ഉമ്മ എന്താ നോക്കുന്നത്…” വാസുവിനെത്തന്നെ നോക്കി നിന്ന സുബൈദയോട് ഡോണ ചോദിച്ചു.
“ഒന്നൂല്ല മോളെ..ഈ ആളിന്റെ മുഖം..അതാ ഞമ്മള്‍ ഓര്‍ക്കുന്നത്…എബടോ കണ്ടിരിക്കുന്നു….ങാ..ഓര്‍മ്മ വന്നു..” അവരുടെ മുഖത്ത് ഭീതി നിഴലിക്കുന്നത് ഡോണ കണ്ടു.
“എന്താ ഉമ്മ..പറ..എവിടെ വച്ചാ കണ്ടത്? എന്താ ഉമ്മയുടെ മുഖത്ത് ഒരു ഭയം”
“മോളെ..ഇന്ന് ബൈകിട്ടു കുറെ പിള്ളേര്‍ ഇബട വന്നിരുന്നു..ഈ മോന്റെ ഒരു ഫോട്ടോ ഓരുടെ കൈയില്‍ ഉണ്ടായിരുന്നു..ഇയാളെ അറിയുമോ ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് ബന്നത്..ഒക്കേം ഗുണ്ടകളാ..എന്താ മോനെ പ്രശ്നം”
സുബൈദ താന്‍ ഭയപ്പെട്ടതിന്റെ കാരണം അവരെ അറിയിച്ചു. ഡോണ ചെറിയ ആശങ്കയോടെ വാസുവിനെ നോക്കി. പപ്പാ പറഞ്ഞത് ശരിയാണ്! അവന്മാര്‍ വാസുവിനെ തിരക്കി തുടങ്ങിയിരിക്കുന്നു. സിറ്റി അവന്മാര്‍ അരിച്ചു പെറുക്കും. പക്ഷെ അത് കേട്ടിട്ട് വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും അവള്‍ കണ്ടില്ല.
“മോനെ..നീ ആരാന്നു ഞമ്മക്ക് അറിയൂല്ല..പക്ഷെ നീ സൂക്ഷിക്കണം..ഈ കോളനിയിലെ എല്ലാ വീടുകളിലും അവര് തിരക്കിയിട്ടാണ് പോയത്..അന്നേ കാണിച്ചു കൊടുത്താല്‍ എന്തോ സമ്മാനം വരെ കൊടുക്കും എന്നും പിള്ളേര് പറയുന്നത് കേട്ടു” മൂസാക്കയും അവന്റെ മുഖം ഓര്‍ത്തെടുത്ത് പറഞ്ഞു.
“സാരമില്ല കാക്കാ..കൊച്ച് ഇവരോട് മറ്റേ കാര്യം പറ” വാസു പറഞ്ഞു.
ഡോണ തലയാട്ടി.
“വാപ്പച്ചി..ഉമ്മാ.. എനിക്കും വാസുവിനും എതിരെ കളിക്കുന്നത് നമ്മുടെ മുംതാസിന്റെ ഘാതകര്‍ തന്നെയാണ്. അവളെ നശിപ്പിച്ചവര്‍ ഒരു ശിക്ഷയും വാങ്ങാതെ ഈ നഗരത്തെ കൈകളില്‍ ഇട്ടു അമ്മാനമാടി രാജാക്കന്മാരായി ഇവിടെ വാഴുകയാണ്…അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള എന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒരു കൂട്ടാളി ആണ് ഈ വാസു..ഞങ്ങള്‍ ഒരുമിച്ചു നിന്നാല്‍ ഉദ്ദേശിച്ച ജോലി വേഗത്തില്‍ നടക്കും..വാപ്പച്ചി എല്ലാ കാര്യങ്ങളും വാസുവിനോട് പറയൂ..ഞാന്‍ പറഞ്ഞു കൊടുക്കുന്നതിലും ഇത് വാപ്പച്ചിയുടെ നാവില്‍ നിന്നും ഇദ്ദേഹം കേള്‍ക്കുന്നതാണ് നല്ലത്..വാസു ഇരിക്കൂ..”
ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്ന ശേഷം മറ്റൊരെണ്ണം വാസുവിന് നല്‍കി ഡോണ പറഞ്ഞു.
“മക്കളെ..ഉമ്മ ശകലം ചായ ഉണ്ടാക്കട്ടെ..ഈ മോന്‍ ആദ്യമായി വീട്ടില്‍ ബന്നതല്ലേ”
