മൃഗം – 7

“ഡോണ മോള്…” മൂസയുടെ ചുണ്ടുകള്‍ പിറുപിറുത്തു.

ഡോണ പ്രസരിപ്പോടെ ഉള്ളിലേക്ക് കയറി.

“ഹായ് വാപ്പച്ചി..ഉമ്മാ..എന്താ രണ്ടാളും കൂടി പരിപാടി?” ഡോണ മൂസയെയും സുബൈദയെയും തലോടിക്കൊണ്ട് ചോദിച്ചു.

“ന്റെ മോളെ..നീ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ജീവനുണ്ടെന്നും മരിച്ചിട്ടില്ലെന്നും തോന്നാറുള്ളത്..ഇരിക്ക് മോളെ..കൂടാരാ ബന്നത്?” മൂസ ചോദിച്ചു.

“എന്റെ കൂടെ ജോലി ചെയ്യുന്ന ആളാ വാപ്പച്ചി..വാസു..”

വാസു ഉള്ളിലേക്ക് കയറി അവരെ ഇരുവരെയും നോക്കി കൈകള്‍ കൂപ്പി.

“ഓ ക്ഷമിക്കണം കാക്കാ..അസ്സലാമു അലൈക്കും” വാസു തനിക്ക് പറ്റിയ അബദ്ധം തിരുത്തിക്കൊണ്ട് പറഞ്ഞു.

“വാ അലൈക്കും അസ്സലാം..ഇരിക്ക് മോനെ..” മൂസാക്കയുടെ മുഖം വിടര്‍ന്നിരുന്നു അവന്റെ പെരുമാറ്റത്തില്‍.

“ഉമ്മ എന്താ നോക്കുന്നത്…” വാസുവിനെത്തന്നെ നോക്കി നിന്ന സുബൈദയോട് ഡോണ ചോദിച്ചു.

“ഒന്നൂല്ല മോളെ..ഈ ആളിന്റെ മുഖം..അതാ ഞമ്മള്‍ ഓര്‍ക്കുന്നത്…എബടോ കണ്ടിരിക്കുന്നു….ങാ..ഓര്‍മ്മ വന്നു..” അവരുടെ മുഖത്ത് ഭീതി നിഴലിക്കുന്നത് ഡോണ കണ്ടു.

“എന്താ ഉമ്മ..പറ..എവിടെ വച്ചാ കണ്ടത്? എന്താ ഉമ്മയുടെ മുഖത്ത് ഒരു ഭയം”

“മോളെ..ഇന്ന് ബൈകിട്ടു കുറെ പിള്ളേര്‍ ഇബട വന്നിരുന്നു..ഈ മോന്റെ ഒരു ഫോട്ടോ ഓരുടെ കൈയില്‍ ഉണ്ടായിരുന്നു..ഇയാളെ അറിയുമോ ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് ബന്നത്..ഒക്കേം ഗുണ്ടകളാ..എന്താ മോനെ പ്രശ്നം”

സുബൈദ താന്‍ ഭയപ്പെട്ടതിന്റെ കാരണം അവരെ അറിയിച്ചു. ഡോണ ചെറിയ ആശങ്കയോടെ വാസുവിനെ നോക്കി. പപ്പാ പറഞ്ഞത് ശരിയാണ്! അവന്മാര്‍ വാസുവിനെ തിരക്കി തുടങ്ങിയിരിക്കുന്നു. സിറ്റി അവന്മാര്‍ അരിച്ചു പെറുക്കും. പക്ഷെ അത് കേട്ടിട്ട് വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദം ഒന്നും അവള്‍ കണ്ടില്ല.
“മോനെ..നീ ആരാന്നു ഞമ്മക്ക് അറിയൂല്ല..പക്ഷെ നീ സൂക്ഷിക്കണം..ഈ കോളനിയിലെ എല്ലാ വീടുകളിലും അവര് തിരക്കിയിട്ടാണ് പോയത്..അന്നേ കാണിച്ചു കൊടുത്താല്‍ എന്തോ സമ്മാനം വരെ കൊടുക്കും എന്നും പിള്ളേര് പറയുന്നത് കേട്ടു” മൂസാക്കയും അവന്റെ മുഖം ഓര്‍ത്തെടുത്ത് പറഞ്ഞു.

“സാരമില്ല കാക്കാ..കൊച്ച് ഇവരോട് മറ്റേ കാര്യം പറ” വാസു പറഞ്ഞു.

ഡോണ തലയാട്ടി.

“വാപ്പച്ചി..ഉമ്മാ.. എനിക്കും വാസുവിനും എതിരെ കളിക്കുന്നത് നമ്മുടെ മുംതാസിന്റെ ഘാതകര്‍ തന്നെയാണ്. അവളെ നശിപ്പിച്ചവര്‍ ഒരു ശിക്ഷയും വാങ്ങാതെ ഈ നഗരത്തെ കൈകളില്‍ ഇട്ടു അമ്മാനമാടി രാജാക്കന്മാരായി ഇവിടെ വാഴുകയാണ്…അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള എന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒരു കൂട്ടാളി ആണ് ഈ വാസു..ഞങ്ങള്‍ ഒരുമിച്ചു നിന്നാല്‍ ഉദ്ദേശിച്ച ജോലി വേഗത്തില്‍ നടക്കും..വാപ്പച്ചി എല്ലാ കാര്യങ്ങളും വാസുവിനോട് പറയൂ..ഞാന്‍ പറഞ്ഞു കൊടുക്കുന്നതിലും ഇത് വാപ്പച്ചിയുടെ നാവില്‍ നിന്നും ഇദ്ദേഹം കേള്‍ക്കുന്നതാണ് നല്ലത്..വാസു ഇരിക്കൂ..”

ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്ന ശേഷം മറ്റൊരെണ്ണം വാസുവിന് നല്‍കി ഡോണ പറഞ്ഞു.

“മക്കളെ..ഉമ്മ ശകലം ചായ ഉണ്ടാക്കട്ടെ..ഈ മോന്‍ ആദ്യമായി വീട്ടില്‍ ബന്നതല്ലേ”

“ആയിക്കോട്ടേ ഉമ്മ..കൂട്ടത്തില്‍ കടിയും ആകാം”

വാസുവിന്റെ സംസാരം കേട്ടു ഡോണ അവനെ ശാസനാരൂപത്തില്‍ നോക്കി.

“ഉമ്മ കടി എനിക്ക് മാത്രം മതി..ഈ കൊച്ചിന് മാണ്ട”

അവന്റെ സംസാരം കേട്ടപ്പോള്‍ കടുത്ത ദുഖത്തിന്റെ നിറുകയിലും സുബൈദ ചിരിച്ചു പോയി.

“അയിനിപ്പം ഇബട കടി ഒന്നും ഇല്ലല്ലോ പഹയാ..പിന്നെങ്ങനാ അനക്ക് മാത്രം തര്വ” വാസു സരസനാണ് എന്ന് മനസിലാക്കിയ മൂസാക്കയും വിട്ടുകൊടുത്തില്ല.

“ഓ..എന്നാപ്പിന്നെ ചായ രണ്ടു ഗ്ലാസ് പോരട്ടെ” വാസു തല ചൊറിഞ്ഞു.

വളരെ വലിഞ്ഞുമുറുകി നിന്നിരുന്ന ആ വീട്ടിലെ അന്തരീക്ഷം ഐസ് പോലെ ഉരുകുന്നത് കണ്ടപ്പോള്‍ ഡോണ അത്ഭുതത്തോടെ വാസുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരുതരം ആരാധന പ്രകടമായിരുന്നു. സുബൈദ ഉള്ളിലേക്ക് പോയപ്പോള്‍ ഡോണ മൂസയെ നോക്കി.

“മോനെ..ഞമ്മള്‍ക്ക് പടച്ചോന്‍ ഒരു മോളെ തന്നിരുന്നു..ഈ ഡോണ മോളെപ്പോലെ സുന്ദരിയും മിടുക്കിയുമായിരുന്നു ഓള്‍..പേര് മുംതാസ്..സ്കൂള്‍ മുതല്‍ കോളജ് ബരെ ഇവര്‍ രണ്ടുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു. എന്റെ മുംതാസും ഡോണ മോളും എന്നെ വാപ്പച്ചി എന്നാണ് വിളിക്കുന്നത്..ഇവര് രണ്ടുപേരും എനിക്കും സുബൈദാനും ഒരേപോലെ ആണ്..ഡോണ മോള് ഈ നഗരത്തിലെ ഒരു കോടീശ്വരന്റെ മോളാണ് എന്ന് എന്റെ മുംതാസ് പറഞ്ഞിട്ട് ഞമ്മള്‍ വിശ്വസിച്ചില്ല..അവള്‍ എന്നെ ഈ മോള്‍ടെ ബീട്ടില്‍ ഒരീസം കൊണ്ടോയി..പടച്ചോനാണേ ഈ മോള്‍ടെ മനസിന്റെ ബലുപ്പം അന്നാണ് ഞമ്മള് നേരില്‍ അറീന്നത്…ഇവിടെ ഞമ്മട ഈ ചെറിയ കൂരേല്‍ ഞമ്മക്കൊപ്പം ഇരുന്ന് എത്ര തവണ ഈ മോള് ആഹാരം കയ്ചിട്ടുണ്ടെന്നോ.. ഈ ഭാഗത്തേക്ക് സാധാരണക്കാര് പോലും ബരാറില്ല..അത്രക്ക് മോസം കോളനിയാ ഇത്..” ഒരു ദീര്‍ഘനിശ്വാസത്തോടെ നിര്‍ത്തി കണ്ണുകള്‍ തുടച്ചിട്ട് മൂസാക്ക തുടര്‍ന്നു:

“റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ഒരു തട്ടുകട നടത്തിയാണ് ഞമ്മള് കുടുംബം പോറ്റിയിരുന്നത്..പഠിക്കാന്‍ മിടുക്കിയായ എന്റെ മോളെ പഠിപ്പിച്ചു വല്യ ഒരാളാക്കി, നല്ല നിലയില്‍ നിക്കാഹ് നടത്തി വിടണം എന്ന ഒരൊറ്റ സ്വപ്നമേ ഞമ്മക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. ഓള്‍ക്ക് വേണ്ടി ജോലി ചെയ്യാനും ജീവിക്കാനും ഞമ്മക്ക് പെരുത്ത് സുഖം തന്നായിരുന്നു..ഓലെ പഠിപ്പിക്കുക..ഓള്‍ക്ക് നല്ല തുണി ബാങ്ങി നല്‍കുക..ഓള്‍ക്ക് ഇഷ്ടമുള്ള ആഹാരം നല്‍കുക..ഞമ്മടെ ജീബിതം മൊത്തം ഓലെ ചുറ്റിപ്പറ്റി ആയിരുന്നു മോനെ….
ഞമ്മള് രാത്രി വളരെ വൈകിയും കച്ചോടം നടത്തി നല്ലൊരു സ്ഥലത്ത് ചെറിയ ഒരു പൊര ബക്കാനും ഓള്‍ടെ നിക്കാഹ് അവിടെ വച്ച് നടത്താനും വേണ്ട പണം കുറേശ്ശെ സമ്പാദിച്ചു വയ്ക്കുന്നുണ്ടായിരുന്നു..കോളജിലെ പഠിപ്പ് കഴിഞ്ഞ് ഈ മോള് ഏതോ ടിവി കമ്പനീല് ജോലിക്ക് കയറിയപ്പോള്‍ ഓള്‍ക്ക് ഒരു ബാങ്കിലാണ് ജോലി കിട്ടിയത്. ആദ്യശമ്പളം കിട്ടിയ അന്ന് എന്റെ മോള് ഞമ്മക്ക് എന്തൊക്കെയാ ബാങ്ങി ബന്നതെന്നോ..അന്ന് ഈ മോളേം ഇബട ബിളിച്ച് നല്ല ബിരിയാണീം കയ്ച്ച് ഞങ്ങള്‍ എത്ര സന്തോഷിച്ചു….പച്ചേങ്കി ആ സന്തോസം പടച്ചോന് പിടിച്ചില്ല മോനെ..പിടിച്ചില്ല…ജോലിക്ക് കയറി ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ ആയപ്പോഴാണ് എന്റെ കുട്ടി ആ കടുംകൈ ചെയ്തത്..ഈ വീടിന്റെ മച്ചില്‍ ഓള്…ഓള്…” പൂര്‍ത്തിയാക്കാനാകാതെ മൂസാക്ക തേങ്ങി.

വാസു ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കണ്ണീര്‍ വേദനയോടെ നോക്കി. അയാളുടെ വേദന അതിന്റെതായ ആഴത്തില്‍ അവനു മനസിലാക്കാന്‍ സാധിക്കില്ലായിരുന്നു എങ്കിലും ഒരേയൊരു മകള്‍ അകാലത്തില്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം എത്ര കഠിനമായിരിക്കും എന്നവന് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ സ്വപ്നവും ജീവിതവും സന്തോഷവും എല്ലാം അവളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *