മൃഗം – 7

“പിടിച്ചുകൊണ്ട് വാടാ അവനെ”

വണ്ടിയില്‍ നിന്നും ആരോ പറയുന്നത് വാസു കേട്ടു. അവന്‍ ആ വണ്ടിയുടെ നേരെ തന്നെ ചെല്ലുകയായിരുന്നു. അല്പം മാറി ബൈക്ക് നിര്‍ത്തിയ ഡോണ അത് സ്റ്റാന്റില്‍ വച്ച ശേഷം അരയില്‍ നിന്നും റിവോള്‍വര്‍ എടുത്ത് ജീന്‍സിന്റെ പോക്കറ്റില്‍ ഏതു സമയത്തും എടുക്കാന്‍ തക്കവണ്ണം പിടിച്ചുകൊണ്ട് നോക്കി.

നാലുപേര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി വാസുവിന്റെ നേരെ ചെന്നു.

“വാടാ..ഒരിടം വരെ പോയിട്ട് വരാം”

അവരിലൊരാള്‍ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.

“വണ്ടീല്‍ ആരാ?” വാസു അവന്‍ പറഞ്ഞതിന് മറുപടി പറയാതെ ചോദിച്ചു.

“വാ കാണിക്കാം” അവന്‍ വിളിച്ചു. വാസു അവന്റെ പിന്നാലെ ചെന്നു.

“ജോസേട്ടാ വണ്ടീല്‍ ആരാന്ന് എവനറിയണം..എന്തായാലും മര്യാദക്കാരനാ..വിളിച്ചപ്പോള്‍ തനിയെ വന്നത് കണ്ടില്ലേ” അവന്‍ ഉള്ളിലിരുന്ന ആളോട് പറഞ്ഞു.

“വാടാ കേറ്” ഉള്ളില്‍ ഇരുന്നവന്‍ വാസുവിനോട് കല്‍പ്പിച്ചു.

“സാറ് പോലീസാണോ?” വാസു വിനയത്തോടെയാണ് ചോദിച്ചത്.

“കണ്ടാല്‍ അറിയില്ലേടാ..പോലീസ് ഒന്നുമല്ല..ആരാന്നു വഴിയെ നീ അറിഞ്ഞോളും..കേറ് കേറ്”

“ഓ..ഞാന്‍ കരുതി ചിലപ്പോ പോലീസു വേഷം മാറി ഇറങ്ങിയതാരിക്കും എന്ന്..അവനെ പിടിച്ചു കൊണ്ട് വാടാ എന്ന് പറേന്ന കേട്ടപ്പോള്‍ അങ്ങനാ തോന്നിയത്..എന്നാ ഞാന്‍ പോട്ടെ” വാസു വണ്ടിയില്‍ കൈകള്‍ വച്ച് ഉള്ളില്‍ ഇരുന്ന ആളോട് പറഞ്ഞു.

“പോകാനോ..പിടിച്ചു കേറ്റടാ പന്നീടെ മോനെ” അയാള്‍ അലറി.

പുറത്ത് നിന്നിരുന്നവര്‍ അവന്റെ കൈകളില്‍ പിടിച്ച് കതകു ബലമായി തുറന്ന് അവനെ സീറ്റില്‍ ഇരുത്തി. ഡോണ ഇത് കണ്ടുകൊണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. വേറെ ചിലരും സംഗതി കാണാന്‍ മെല്ലെ അടുക്കുന്നുണ്ടായിരുന്നു.

വാസുവിനെ പിടിച്ചിരുത്തി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചവരില്‍ രണ്ടുപേരെ റ്റ്അവര്‍ പിടിച്ചിരുന്ന കൈയുടെ ബലത്തില്‍ അവന്‍ മുന്‍പിലേക്ക് വലിച്ചു നിര്‍ത്തി. എന്താണ് നടക്കുന്നത് എന്നറിയാന്‍ ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു ഡോണ. അവനപകടം പിണഞ്ഞാല്‍ ആ നിമിഷം തോക്കെടുക്കാന്‍ അവള്‍ സജ്ജയായി നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ വാസുവിന്റെ മുന്‍പില്‍ നിന്നവരില്‍ ഒരുത്തന്‍ അലര്‍ച്ചയോടെ അടിച്ചു തല്ലി വീഴുന്നത് അവള്‍ കണ്ടു. വീണവന്റെ ബോധം അപ്പോഴേ പോയി എന്നവള്‍ക്ക് തോന്നി. കൂടെയുണ്ടയിരുന്നവന്റെ നിലവിളിയും അവള്‍ കേട്ടു. അവന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്ന വാസുവിന്റെ കാലിന്റെ അടിയില്‍ കിടന്നു പുളയുന്നത് അപ്പോഴാണ്‌ അവള്‍ കണ്ടത്.

“അടിക്കടാ അവനെ” ആരോ അലറി.
ഉള്ളില്‍ നിന്നും മൂന്നുപേരും ഒപ്പം വെളിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും വാസുവിനെ വളഞ്ഞു. അവരുടെ നേതാവെന്നു തോന്നിക്കുന്നവന്‍ വടിവാള്‍ കൈയിലെടുത്തു. ആ വടിവാള്‍ അന്തരീക്ഷത്തിലൂടെ പുളയുന്നത് ഡോണ കണ്ടു. പക്ഷെ എന്താണ് സംഭവിച്ചത് എന്നവള്‍ക്ക് മനസിലായില്ല. അയാളുടെ വടിവാള്‍ തെറിച്ച് തന്റെ മുന്‍പില്‍ വീഴുന്നതും അതിനടുത്ത് ഒരു കണ്ണ് പറിഞ്ഞു വന്നു വീണതും അവള്‍ കണ്ടു. കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി വാസു മിന്നല്‍ പോലെ വട്ടം കറങ്ങുന്നത് അവള്‍ കണ്ടു. മാംസക്കഷണങ്ങള്‍ ചിതറിത്തെറിച്ചു. ഗുണ്ടകളുടെ നിലവിളി ഇരുട്ടില്‍ മുഴങ്ങി. പലരും പല വഴിക്ക് ഓടുന്നത് അവള്‍ കണ്ടു. കണ്ണ് നഷ്ടമായ മനുഷ്യന്‍ ചോര വാര്‍ന്ന മുഖവുമായി നിലത്തേക്ക് കൂപ്പുകുത്തി. വാസു ചോര പുരണ്ട ചെയിന്‍ അവന്റെ തുണിയില്‍ തുടച്ചു. പിന്നെ ഡോണയുടെ സമീപമെത്തി.

അവള്‍ പൂക്കുല പോലെ വിറയ്ക്കുകയായിരുന്നു. അടുത്തു കിടന്ന വടിവാളും, തൊട്ടടുത്ത് കിടന്ന മനുഷ്യന്റെ കണ്ണും കണ്ട് അവള്‍ ഭയന്നു വിറച്ചു. കൂസലില്ലാതെ തന്റെ മുന്‍പില്‍ നില്‍ക്കുന്ന വാസുവിനെ കടുത്ത ഭയത്തോടെ അവള്‍ നോക്കി.

“നീ..നീ ഒരു മനുഷ്യനാണോ..ഇത്ര ക്രൂരമായി….”

ഗുണ്ടകള്‍ ആയിട്ടുകൂടി അവള്‍ക്ക് അത് സഹിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

വാസു അവളുടെ കൈയില്‍ നിന്നും ഹെല്‍മറ്റ് വാങ്ങി.

“അതേടി..ഞാന്‍ മനുഷ്യനല്ല..മൃഗമാണ്..മൃഗം….”

മുരണ്ടുകൊണ്ട് അവന്‍ ഹെല്‍മറ്റ് തലയില്‍ വച്ചു. പിന്നെ ബൈക്കില്‍ കയറി. വണ്ടിയില്‍ അവന്റെ പിന്നാലെ കയറി ഇരിക്കുകയല്ലാതെ ഡോണയ്ക്ക് വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. ബുള്ളറ്റ് ഇരുളിനെ കീറിമുറിച്ച് മുന്‍പോട്ടു കുതിച്ചു. സൈറന്‍ മുഴക്കി ഒരു പോലീസ് വാഹനം സംഭവം നടന്ന സ്ഥലത്തേക്ക് പാഞ്ഞടുക്കുന്നത് ഡോണ കണ്ടു; തൊട്ടുപിന്നാലെ ഒരു ആംബുലന്‍സും.

Leave a Reply

Your email address will not be published. Required fields are marked *