മൃഗം – 7

“അവന്റെ പേരെന്താണ്?” വാസു ചോദിച്ചു.

“ഒരു അസീസ്‌..” ഡോണ വെറുപ്പോടെ പറഞ്ഞു.

“കൊച്ച് ആ എഴുത്ത് പോലീസിനു നല്‍കിയില്ലേ?”

“നല്‍കി..പക്ഷെ അതില്‍ പ്രതികളുടെ പേരില്ലായിരുന്നല്ലോ? മാത്രമല്ല..ചാനലുകളില്‍ പ്രശ്നം തുടങ്ങിയതോടെ കബീര്‍ ഏതോ വിദേശ രാജ്യത്തേക്ക് പോകുകയും ചെയ്തു..അവനെവിടെയാണ് എന്നൊരു വിവരവും ഇപ്പോഴും ആര്‍ക്കുമില്ല…പണമുള്ള അവന് എവിടെയും പോകാന്‍ പറ്റുമല്ലോ…മെല്ലെമെല്ലെ ആളുകള്‍ ഇത് മറക്കുകയും മുംതാസിന്റെ ജീവിതം ചവിട്ടി അരച്ചവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നെഞ്ചു വിരിച്ചു ഇതേപോലെ വിലസി ജീവിക്കുകയും ചെയ്യും..അത് ഞാന്‍ അനുവദിക്കില്ല.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് നല്‍കാന്‍ ഇനി എനിക്ക് സാധിക്കുന്ന ഏക സമ്മാനം അവളെ ചതിച്ചവര്‍ക്ക് എതിരെ പ്രതികാരം ചെയ്യുക എന്നത് മാത്രമായിരിക്കും..എന്റെ മാര്‍ഗ്ഗം നിയമത്തിന്റെ വഴിയിലൂടെത്തന്നെ അവര്‍ക്കെതിരെ ഉള്ള തെളിവുകള്‍ സമാഹരിക്കുക എന്നതാണ്….”

“നിയമപരമായി അവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..കൊച്ച് എന്ത് ചെയ്യും?” വാസു ചോദിച്ചു.

“അത് അപ്പോള്‍ നോക്കാം….മുംതാസിനെ കബീര്‍ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവുകളും സാക്ഷികളും എനിക്ക് കിട്ടിക്കഴിഞ്ഞു..ഇനി അവിടെ നിന്നും അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടലിലേക്ക് എനിക്ക് എത്തിച്ചേരാന്‍ കണ്ണികള്‍ വേണം…അത് അപകടം പിടിച്ച വഴിയാണ്..അവിടെയാണ് എനിക്ക് വാസുവിന്റെ സഹായം അത്യാവശ്യമാകുന്നത്”

“മോളെ..ഞങ്ങളുടെ മോളോ പോയി..ഇപ്പോള്‍ ഈ വാപ്പച്ചിക്കും ഉമ്മയ്ക്കും ഏക ആശ്വാസം മോളാണ്..മോള്‍ ഇതിന്റെ പിന്നാലെ പോയി അപകടം ഒന്നും വരുത്തി ബക്കണ്ട..അവര്‍ക്കുള്ള ശിക്ഷ പടച്ചോന്‍ നല്‍കും..” കണ്ണുകള്‍ തുടച്ചുകൊണ്ട് മൂസ പറഞ്ഞു.

“ഉറപ്പായും വാപ്പച്ചി..പടച്ചോന്‍ അവര്‍ക്ക് ശിക്ഷ നല്‍കും..പക്ഷെ അത് ചിലപ്പോള്‍ എന്നില്‍കൂടി ആയിരിക്കുമെന്ന് മാത്രം..എന്റെ കൂട്ടുകാരിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരു മനുഷ്യസ്ത്രീ ആകുമോ? ഇത് എന്റെ മുംതാസിനു വേണ്ടി മാത്രമല്ല..ഇനി ഇതുപോലെ മറ്റൊരു പെണ്ണിനും സംഭവിക്കരുത്..ഇത് ചെയ്തവര്‍ക്കുള്ള ശിക്ഷ ലോകം അറിയണം…അതുവരെ ഞാന്‍ പോരാടും..വാസു..നമുക്ക് പോകാം….” ഡോണ പോകാനായി എഴുന്നേറ്റു.

“പോട്ടെ കാക്കാ..പോട്ടെ ഉമ്മ..ഞങ്ങള്‍ ഇനിയും വരാം..നിങ്ങള്‍ വിഷമിക്കരുത് എന്നെനിക്ക് പറയാന്‍ പറ്റില്ല..പക്ഷെ മുംതാസിനെ കാണുന്നത് പോലെ ഞങ്ങളെയും കാണാം എന്നെ പറയുന്നുള്ളൂ…അവള്‍ നമ്മെക്കാള്‍ ഭാഗ്യമുള്ളവള്‍ ആണെന്ന് വിചാരിക്കുക..ഈ ലോകത്തിന്റെ നെറികേട് ഇനിയും അവള്‍ക്ക് അനുഭവിക്കേണ്ടല്ലോ..പക്ഷെ അവളെ ഇതിലേക്ക് നയിച്ച ഒരുത്തനും ഇനി സമാധാനത്തോടെ ജീവിക്കാന്‍ പോകുന്നില്ല…”

വാസു മൂസയുടെ കരങ്ങളില്‍ പിടിച്ചാണ് അത് പറഞ്ഞത്.

“അനക്കത് കയിയും മോനെ..എന്റെ മോളെ നശിപ്പിച്ചവരെ നശിപ്പിക്കാന്‍ അനക്ക് സാധിക്കും..അന്റെ ഈ കൈകള്‍ക്ക് അതിനുള്ള കരുത്തുണ്ട്….” മൂസ അവന്റെ കൈകളില്‍ ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു.
“ഉമ്മ ഞങ്ങള്‍ പോകുന്നു..ഇനിയും വരാം” ഡോണ സുബൈദയുടെ കരങ്ങള്‍ കവര്‍ന്നു പറഞ്ഞു.

“സൂക്ഷിക്കണേ മോളെ..ആ ശെയ്ത്താന്മാര്‍ ഈ മോനെ തേടുന്നുണ്ട്” സുബൈദ നിറ കണ്ണുകളോടെ പറഞ്ഞു. ഡോണ തലയാട്ടി.

വാസു പുറത്തിറങ്ങി ചുറ്റും നോക്കി. ധാരാളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ ഒരു കോളനിയാണ് അത്. അല്പം അകലെ നിന്നുകൊണ്ട് ഒരു യുവാവ് അവനെ നോക്കുന്നതും മൊബൈല്‍ എടുത്ത് ആരോടോ തിടുക്കത്തില്‍ സംസാരിക്കുന്നതും വാസു കണ്ടു.

“കൊച്ച് ബൈക്ക് ഓടിക്കുമോ?” ഡോണ പുറത്തു വന്നപ്പോള്‍ വാസു ചോദിച്ചു.

“ഓടിക്കും..”

“എന്നാല്‍ താക്കോല്‍ പിടിക്ക്..ഇന്നാ ഹെല്‍മറ്റ്…തിരിച്ച് കൊച്ച് ഓടിച്ചാല്‍ മതി”

“അതെന്താ ഇയാള് ക്ഷീണിച്ചോ..”

“ഞാന്‍ കൊച്ചിന്റെ സെക്യൂരിറ്റി ആണ്..പറയുന്നത് അനുസരിച്ചോണം..ഇങ്ങോട്ട് ചോദ്യം വേണ്ട…”

“ശരി സാര്‍…”

അവള്‍ വിനയം നടിച്ചു ഹെല്‍മറ്റ് വാങ്ങി. മൂസാക്കയും സുബൈദയും കണ്ണുകള്‍ തുടച്ചുകൊണ്ട് ചിരിച്ചു. ഡോണ ഹെല്‍മറ്റ് ധരിച്ചു കയറി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു; വാസു അവളുടെ പിന്നിലായി ഇരുന്നു. ഇരുവരെയും കൈ വീശി കാട്ടിയ ശേഷം ബൈക്ക് മുന്‍പോട്ടു നീങ്ങി.

“കൊച്ചെ..ഞാന്‍ പറയുന്നത് അതേപടി ചെയ്യണം..വഴിയില്‍ വല്ല പ്രശ്നവും ഉണ്ടായാല്‍..കൊച്ച് ബൈക്കില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കോണം..എന്റെ അടുത്തു നില്‍ക്കാനോ എന്നെ സഹായിക്കാനോ ശ്രമിക്കരുത്..അതെനിക്ക് കൂടുതല്‍ പ്രശ്നം ഉണ്ടാക്കും. കൊച്ച് സ്വന്തം സുരക്ഷ മാത്രം നോക്കിയാല്‍ മതി..അതുകൊണ്ടാണ് ബൈക്ക് കൊച്ചുതന്നെ ഓടിച്ചോളാന്‍ ഞാന്‍ പറഞ്ഞത്…” പോകുന്ന വഴിക്ക് വാസു അവളോട്‌ പറഞ്ഞു. രാത്രിയും റോഡിലെ തിരക്ക് കുറഞ്ഞിരുന്നില്ല; തിരക്കിലൂടെ ഡോണ ബൈക്ക് ഓടിച്ചു.

“ഇയാള്‍ ഈ കൊച്ചെ വിളി ഒന്ന് നിര്‍ത്താമോ? കേള്‍ക്കുമ്പോള്‍ ഞാന്‍ ഏതോ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്ന് എനിക്ക് തന്നെ തോന്നും..വേറെ എന്തേലും വിളിച്ചൂടെ?’ ഡോണ ചോദിച്ചു.

“വേറെന്ത് വിളിക്കാന്‍..മാഡം എന്ന് മതിയോ?”

“മാഡോം കൂടോം ഒന്നും വേണ്ട..പേര് വിളിച്ചോ..അതിഷ്ടമല്ലെങ്കില്‍ എടീന്നോ പോടീന്നോ വിളിച്ചോ..കേട്ടോടാ ഗുണ്ടേ….”

“ഓ..കേട്ടടി..നീ വണ്ടി വിട്”

ഡോണ ചിരിച്ചു.

ബൈക്ക് പ്രധാന റോഡില്‍ നിന്നും ചെറിയ റോഡിലേക്ക് കയറി. അധികം തിരക്കില്ലാത്ത ആ റോഡിലൂടെ ഡോണയുടെ ബൈക്ക് കുതിച്ചു. അകലെ ഒരു ജംഗ്ഷന്‍ അവര്‍ കണ്ടു. സോഡിയം ലാമ്പുകളുടെ പ്രകാശത്തില്‍ വര്‍ണ്ണാഭമായ ഒരു കവല. വണ്ടി അവിടേക്ക് അടുക്കാറായ സമയത്ത് ഒരു ഇരമ്പലോടെ പഴയ ഒരു ടാറ്റാ സഫാരി അവരെ മറികടന്നു. വണ്ടിയുടെ ഉള്ളില്‍ നിന്നും ചിലര്‍ പിന്നിലേക്ക് വാസുവിന്റെ മുഖത്തേക്ക് നോക്കുന്നത് ഡോണ കണ്ടു.

“വാസു…സൂക്ഷിക്കണം..” അവള്‍ വേഗം അവനോടു പറഞ്ഞു.

“കൊച്ചു വണ്ടി വിട്ടോ..അവന്മാര് എന്തെങ്കിലും ചെയ്‌താല്‍ എനിക്കിറങ്ങാന്‍ ചെറുതായി ഒന്ന് സ്പീഡ് കുറച്ചു തന്നാല്‍ മതി” വാസു പറഞ്ഞു.
“നോക്കട്ടെ..” അവള്‍ വണ്ടിയുടെ വേഗത കുറച്ചു. അവര്‍ വെറുതെ നോക്കിയതാണോ എന്നൊരു സംശയം അവള്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കില്‍ അവര്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അവളുടെ മനസ്സില്‍. പക്ഷെ അവള്‍ വേഗത കുറച്ചപ്പോള്‍ അവരും വേഗത കുറച്ചു. ജംഗ്ഷന്‍ അടുക്കാറായ സമയത്ത് അവളുടെ ബൈക്കിനെ തടഞ്ഞ് ആ വണ്ടി നിന്നു.

“കൊച്ചു പൊക്കോ..ഇത് പണിയാണ്..വേഗം”

താഴെ ഇറങ്ങിയ വാസു അവളോട്‌ പറഞ്ഞു. ഡോണ നിമിഷം കൊണ്ട് ബുള്ളറ്റ് വെട്ടിച്ചു തിരിച്ച് ആ വണ്ടിയെ മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *