“ഗുണ്ടകള്‍ ആണെങ്കിലും അവരും മനുഷ്യരല്ലേ പപ്പാ..ഇവന്‍ യാതൊരു ദയയും ഇല്ലാതെയാണ് അവരെ ആക്രമിച്ചത്..ഇനി ആ മനുഷ്യര്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാന്‍ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..ഹി ഈസ് എ മെഴ്സിലെസ്സ് ബീസ്റ്റ്…”
അവള്‍ വിതുമ്പിക്കൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി. പുന്നൂസ് ചിരിച്ചു. ആ ചിരിയുടെ ശക്തി കൂടി; അവസാനം അയാള്‍ ഉറക്കെയുറക്കെ ചിരിച്ചുപോയി. വാസു തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി.
“പപ്പാ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്..എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുപോലെ ഭയന്നിട്ടില്ല..അവരെ അല്ല..ഇവനെ ആണ് ഞാന്‍ പേടിച്ചത്…ഇവന്റെ കൂടെ തിരിച്ച് ഇവിടെ വരെ ഞാനെത്തിയത് ഭയന്നു വിറച്ചാണ്…എനിക്കിനി ഇവന്റെ ഒരു സഹായവും വേണ്ട..ഒരു സഹായവും..പപ്പാ ഇവനെ ഉടന്‍ തന്നെ പറഞ്ഞു വിട്ടേക്ക്..എന്റെ ജോലി ഞാന്‍ തനിച്ചു ചെയ്തോളാം..”
ഡോണ അയാളില്‍ നിന്നും അകന്നു മാറിയിട്ട് പറഞ്ഞു. പുന്നൂസ് വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് അവളുടെ ശിരസില്‍ തലോടി. പിന്നെ തിരിഞ്ഞു വാസുവിനെ നോക്കി.
“എടാ വാസു..കണ്ടോ..ഇതാണ് എന്റെ മോള്‍..ലോകത്താരും വേദനിക്കുന്നത് കാണാന്‍ ഇവള്‍ക്ക് പറ്റില്ല…നീ എന്തിനാടാ ഒരു മര്യാദ ഇല്ലാത്ത പണി ചെയ്തത്..തല്ലുമ്പോള്‍ അല്പം മയമൊക്കെ വേണ്ടേ? അടുത്ത തവണ നീ തല്ലരുത്..ചുമ്മാ തലോടി വിട്ടാല്‍ മതി..”
പുന്നൂസ് പറഞ്ഞു. അതുകേട്ടു വാസുവും റോസിലിനും ചിരിക്കുന്നത് കണ്ടപ്പോള്‍ മൂവരും കൂടി തന്നെ കളിയാക്കുകയാണ് എന്ന് മനസിലാക്കിയ ഡോണ കോപത്തോടെ പോകാന്‍ എഴുന്നേറ്റു. പുന്നൂസ് അവളുടെ കൈയില്‍ പിടിച്ച് അവളെ അവിടെയിരുത്തി.
“മോളെ..നിന്റെ ഈ നല്ല മനസ് നീ അസ്ഥാനത്ത് ഉപയോഗിക്കരുത്..രാത്രി നിന്നെയും ഇവനെയും തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ ആണ് ആ ഗുണ്ടകള്‍… ഇവന്‍ ഒരു പഴംവിഴുങ്ങി ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നീ അവരുടെ പിടിയില്‍ ആയിരുന്നേനെ…അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ നീ മനുഷ്യരാണ് എന്ന് പറഞ്ഞു പരിതപിക്കുന്ന അവന്മാര്‍ ഇവനെ എന്തൊക്കെ ചെയ്തേനെ എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റുമല്ലോ? അതേപോലെ നിന്നെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവര്‍ നിന്നോട് ചെയ്യുക? നീ ആലോചിച്ചു നോക്കിയോ? ആലോചിക്ക്…ഇത്ര ബുദ്ധിമതിയായ നീ ഈ സംഭവത്തില്‍ അവനെടുത്ത റിസ്ക് എത്ര വലുതാണ് എന്നെങ്കിലും ഓര്‍ത്തോ…”
അങ്ങനെ പറഞ്ഞിട്ടു പുന്നൂസ് എഴുന്നേറ്റ് വാസുവിന്റെ അരികിലെത്തി. അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
“സര്‍..അങ്ങ് കരയാതെ..” വാസു പെട്ടെന്ന് പറഞ്ഞു.
“മോനെ..പിശാചുക്കളുടെ നടുവിലാണ് നീ.. നിനക്കെതിരെ ഇനിയും ഉണ്ടാകും ആക്രമണം..ഈ പരാജയം അവരുടെ വാശി കൂട്ടും.. നീ സൂക്ഷിക്കണം”
അയാള്‍ അവന്റെ തോളുകളില്‍ കൈകള്‍ വച്ചു പറഞ്ഞു. ഡോണ തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയതുപോലെ എഴുന്നേറ്റ് അവിടെയെത്തി. അവളുടെ മുഖത്തേക്ക് നോക്കിയ വാസുവിന് ചിരി വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു.
“സോറി വാസു..ഞാന്‍ ആകെ ഭയന്നു പോയിരുന്നു.. അവിടെ എനിക്ക് ഗുണ്ടകളെ കാണാന്‍ പറ്റിയില്ല…. കണ്ണ് നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ…ശരിയാണ് പപ്പാ പറഞ്ഞത്..നിനക്കാണ് ഈ ഗതി വന്നിരുന്നത് എങ്കില്‍? അയാം റിയലി സോറി” അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“നിങ്ങള്‍ രണ്ടാളും കൂടെ എന്നെ വിഷമിപ്പിക്കും..ഞാന്‍ പോട്ടെ സാറെ..വിശക്കുന്നു.”
“നിനക്ക് ഇരുപത്തിനാല് മണിക്കൂറും ഈ വിശപ്പ് വിശപ്പേ എന്നൊരു ചിന്തയെ ഉള്ളോടാ..” പുന്നൂസ് തമാശരൂപേണ ചോദിച്ചു.
“അവന്‍ ചെറുപ്പമല്ലേ..ഇച്ചായനെപ്പോലെ രണ്ടു വറ്റ് കഴിച്ചാല്‍ അവനു വല്ലതും ആകുമോ..മോനെ ഇവിടുന്ന് കഴിക്കാം” റോസ്‌ലിന്‍ പറഞ്ഞു.
“വേണ്ടമ്മേ..ഗോപാലന്‍ ചേട്ടന്‍ എന്നെ കാത്തിരിക്കും..ഞാന്‍ കഴിച്ചില്ല എങ്കില്‍ അതിയാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം വേസ്റ്റ് ആകും…”
