മൃഗം – 8 2

“എന്നാല്‍ ശരി..പോയിട്ട് വാ മോനെ..രാവിലെ കാണാം” അവര്‍ പറഞ്ഞു.

“പോട്ടെ സാറേ..” പുന്നൂസിനോട് യാത്ര പറഞ്ഞ ശേഷം വാസു പുറത്തിറങ്ങി. അവന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി ഡോണ കണ്ണുകള്‍ തുടച്ചു.
“നഗരത്തിലെ എട്ട് ഗുണ്ടകള്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍..രണ്ടുപേരുടെ നില ഗുരുതരം…കൊള്ളാം..ആരാടോ ഈ അജ്ഞാതന്‍?”

സിറ്റി കമ്മീഷണര്‍ ഓഫീസില്‍ തന്റെ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം നോക്കുകയായിരുന്ന കമ്മീഷണര്‍ അലി ദാവൂദ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയോട് ചോദിച്ചു.

“നോ ഐഡിയ സര്‍..നമ്മുടെ ടീം പരുക്ക് പറ്റിയ ഗുണ്ടകളോട് ചോദിച്ചപ്പോള്‍ ആളെ അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുമായി ഉണ്ടായ ചെറിയ വാക്കേറ്റം അടിപിടിയില്‍ എത്തി എന്നാണ് അവരുടെ മൊഴി..പക്ഷെ അത് നമുക്ക് വിശ്വസിക്കാനാവില്ല..കാരണം അവന്മാരുടെ തൊഴില്‍ നമുക്ക് അറിയാവുന്നതാണല്ലോ.”

ഇന്ദുലേഖ പറഞ്ഞു. കമ്മീഷണര്‍ അവളെ നോക്കി അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് വീണ്ടും ആ വാര്‍ത്തയില്‍ ശ്രദ്ധ പതിപ്പിച്ചു.

“സര്‍ അങ്ങ് ഉടുമ്പ് ജോസ് എന്ന ക്രിമിനലിനെ അറിയില്ലേ? അവനും ടീമും ആണ് സംഭവത്തിലെ ഗുണ്ടകള്‍.. അവന്റെ ഒരു കണ്ണ് ഇന്നലെ നടന്ന ആക്രമണത്തില്‍ നഷ്ടമായി..മറ്റൊരുത്തന്റെ വലതു ചെവി പറിഞ്ഞു പോയി..സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചാണ് അയാള്‍ ആക്രമണം നടത്തിയതെന്നാണ് അവരുടെ മൊഴി”

ഇന്ദുലേഖ തനിക്ക് ലഭ്യമായ വിവരങ്ങള്‍ കമ്മീഷണറെ അറിയിച്ചു.

“ഉടുമ്പ് ജോസ്..അവനെ അകത്തിടാന്‍ വന്ന നാള്‍ മുതല്‍ ഒരു കേസ് തേടി ഞാന്‍ നടക്കുന്നു….പക്ഷെ ഒരിക്കലും ഇവനൊന്നും എതിരെ ഒരു തെളിവും കാണില്ലല്ലോ..ഇനിയുമുണ്ട് കുറെ എണ്ണം..എല്ലാത്തിനെയും സംരക്ഷിക്കാന്‍ കുറെ പണച്ചാക്കുകളും നേതാക്കന്മാരും..ഇവിടെ പോലീസ് സത്യത്തില്‍ വെറും നോക്കുകുത്തി ആണ്..നടപടി ശക്തമായി എടുത്താല്‍ പിന്നെ നമുക്കെതിരെ ആയിരിക്കും അവരുടെ നീക്കം..സര്‍വീസിന്റെ തുടക്കത്തില്‍ നല്ല ആവേശം ഉണ്ടായിരുന്ന ഒരു ഓഫീസറാണ് ഞാന്‍. പക്ഷെ എവിടെ ചെന്നാലും സ്ഥിതി ഒന്നുതന്നെ..സത്യത്തില്‍ പോലീസില്‍ ചേര്‍ന്നത് തന്നെ ഒരു മണ്ടത്തരം ആയിപ്പോയി എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്..നമുക്ക് ശക്തമായി നിയമം നടപ്പിലാക്കാന്‍ ഈ രാജ്യത്ത് സാധ്യമല്ല..അതിനു തുനിഞ്ഞിറങ്ങിയാല്‍ ട്രാന്‍സ്ഫര്‍ കിട്ടിക്കിട്ടി ഇന്ത്യ മൊത്തം നിരങ്ങേണ്ടി വരും..എനിക്ക് തുടക്കത്തില്‍ എത്ര ട്രാന്‍സ്ഫര്‍ കിട്ടിയിട്ടുണ്ട് എന്നറിയുമോ? മടുത്തു..ഭാര്യയും കുട്ടികളും പ്രാരാബ്ധവും ഒക്കെ ആയാല്‍പ്പിന്നെ പ്രശ്നങ്ങളില്‍ തലയിടാന്‍ മടുപ്പാണ്..ഇവന്മാരെ ആക്രമിച്ചവനെ കണ്ടെത്താന്‍ വല്ല പ്രഷറും ഉണ്ടോ?” ഒരുതരം മടുപ്പോടെ അലി ചോദിച്ചു.

“ഇല്ല സര്‍..അവര്‍ മനപൂര്‍വ്വം ആക്രമിച്ച ആളെ അറിയില്ല എന്ന് പറയുകയാണ്..അവന്മാര്‍ക്ക് ആളെ നന്നായി അറിയാം എന്നുള്ളത് ഉറപ്പാണ്… ആരായാലും അവനോടു അവര്‍ തന്നെ പകരം ചോദിക്കും..അതാണല്ലോ ഇവരുടെയൊക്കെ രീതി..”
“അതേതായാലും നന്നായി..ഇവനെയൊക്കെ അടിച്ചവനെ കണ്ടാല്‍ അനുമോദിക്കുകയാണ് വേണ്ടത്..അതിരിക്കട്ടെ…ആ ടിവിക്കാരി പെണ്ണിനെ റോഡില്‍ വച്ചു ആക്രമിച്ച പ്രതിയെ കിട്ടിയോ?”

“ഇല്ല സര്‍..തിരച്ചില്‍ ശക്തമാണ്..അവന്‍ കൊച്ചിക്കാരന്‍ അല്ല എന്നാണ് പ്രാഥമിക നിഗമനം. പുതിയ ആളാണ്‌. ഇനി അവന്‍ ഇവിടം വിട്ടു പോയോ എന്നും നമുക്കറിയില്ല..ആ സമയത്തുണ്ടായ പ്രകോപനത്തില്‍ നടത്തിയ ആക്രമണം ആകാം..എന്തായാലും പണി ഒന്നുമില്ലാതിരുന്ന സ്ത്രീ സംരക്ഷകര്‍ക്ക് മൊത്തം കടിച്ചു കളിയ്ക്കാന്‍ ഒരു എല്ലിന്‍ കഷണം കിട്ടി…”

“ഹഹ്ഹ..കൊള്ളാമല്ലോ..ഇന്ദുലേഖ ഒരു പെണ്ണായിട്ടും സ്ത്രീ സംരക്ഷകരെ പുച്ഛമോ?”

“ഇവര്‍ക്കൊക്കെ എവിടെയാണ് സര്‍ സ്ത്രീകളോട് താല്‍പര്യം? മീഡിയയില്‍ വരുന്ന സെന്‍സേഷണല്‍ ന്യൂസിന് പിന്നാലെ ചീപ് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി കാണിക്കുന്ന വെറും ഉമ്മാക്കി അല്ലെ ഇതൊക്കെ..ആര്‍ക്കാണ് ഇതൊക്കെ അറിയാന്‍ മേലാത്തത്? ഈ ടിവിയിലും പത്രങ്ങളിലും വരുന്ന ന്യൂസുകള്‍ക്ക് പിന്നാലെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിന്റെ പ്രശ്നത്തില്‍ ഇവര്‍ ആരെങ്കിലും ഇടപെടുമോ? മീഡിയ അറ്റന്‍ഷന്‍..അതാണ്‌ ഇവര്‍ക്കൊക്കെ വേണ്ടത്” ഇന്ദുലേഖ പുച്ഛത്തോടെ ചുണ്ട് കോട്ടി.

Leave a Reply

Your email address will not be published. Required fields are marked *