പിറ്റേ ആഴ്ച്ച തന്നെ ഞാനും നിമ്മിയും പോവാനുള്ള പേപ്പർ ശെരിയാക്കാൻ ഇറങ്ങി. ഞങ്ങൾ രണ്ടും ഒരുമിച്ച് വീടിന്റെ അടുത്ത് നിന്നുള്ള സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കേറി.
ഒരു മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് നിമ്മി ഞാൻ ഇരുന്ന സീറ്റിന്റെ അടുത്ത് വന്ന് എന്നെ വിളിച്ചിട്ട്, ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു. കാര്യം എന്താണെന്ന് അറിയാതെ ഞാൻ അവൾടെ കൂടെ അവിടെ ഇറങ്ങി.
അവിടെ നിന്ന് ഒന്ന് പരുങ്ങിയിട്ട് അവൾ എന്നോട് പറഞ്ഞു. അതെ ജോ, എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട് പുള്ളിയും നമ്മടെ കോളേജിലാ, നമ്മുക്ക് ഒരുമിച്ച് പോകാം. പുള്ളി ഇതെല്ലാം നേരത്തെ ചെയ്തിട്ടുള്ളത്കൊണ്ട് എല്ലാം ശെരിക്ക് അറിയാം.
എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാൻ തലയാട്ടി.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു കാർ വന്നു, നിമ്മി ഫ്രണ്ട് സീറ്റിൽ കേറി, ഞാനും മനസിലാമനസ്സോടെ കാറിൽ കേറി.
നിമ്മി എന്നെ അവളുടെ ഫ്രിണ്ടിനെ പരിചയപ്പെടുത്തി, പേര് ലോറെൻസ്. ഞങ്ങൾ പഠിക്കാൻ പോകുന്ന കോളേജിൽ ഇപ്പൊ സെക്കന്റ് ഇയർ പഠിക്കുവാ. പുള്ളി എന്നോട് വെല്യ കാര്യത്തോടെ സംസാരിക്കാൻ തുടങ്ങി, അവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞ് തന്നു. ഞാൻ എല്ലാം മൂളി കേട്ടു.
അവിടെ എത്തി ഞങ്ങൾ പേപ്പർ വർക്ക് എല്ലാം തുടങ്ങി. ഉച്ചക്ക് ലോറെൻസിന്റ വക ഫുഡ്.
എല്ലാം ശെരിയാക്കുന്ന വരെ പുള്ളി ഞങ്ങൾടെ കൂടെ നിന്നു. എല്ലാം കഴിഞ്ഞ് ഞങ്ങളെ രണ്ടും ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ട് ബൈ പറഞ്ഞിട്ടാണ് പോയത്.
തിരിച്ച് പോകുമ്പോൾ ഒരു സ്റ്റോപ്പ് മുന്നേ നിമ്മി എന്നെ വിളിച്ചിറക്കി. വീട്ടിലേക്ക് നടക്കുന്ന കൂട്ടത്തിൽ അവൾ എന്നോട് പറഞ്ഞു.
ജോ, ലോചായൻ എന്റെ ബോയ്ഫ്രണ്ടാ.
അത് എനിക്ക് മനസിലായി നിമ്മി.
നിമ്മി പ്രത്യേകം പറയുവൊന്നും വേണ്ട, ഞാൻ ഇത് ആരോടും പറയില്ല.
എനിക്ക് അറിയാം ജോയെ വിശ്വസിക്കാമെന്ന്.
ഞാൻ കുഞ്ഞുനാൾ തൊട്ട് കാണുന്നതല്ലിയോ. പണ്ട് എന്റെ സ്കൂളിലെ ലൈൻ പ്രശ്നം പൊക്കിയപ്പോളും ജോ വീട്ടിൽ പറഞ്ഞത്, നിമ്മി അങ്ങനെ ഉള്ള കൊച്ചല്ലേ എന്നാ. അത് കൊണ്ട് മാത്രമാ അന്ന് എനിക്ക് വീട്ടിൽ നിന്ന് തല്ല് കിട്ടാഞ്ഞേ.
ഞാൻ പറഞ്ഞ് വരുന്നത് എനിക്ക് ലോച്ചായനെ ഭയങ്കര ഇഷ്ടമാ, പുള്ളിക്ക് എന്നേം. ഞങ്ങൾ കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി മേടിച്ചിട്ട് കെട്ടാനാ. പുള്ളിക്കാരൻ നല്ല സ്വഭാവമാ ജോയെ ശെരിക്ക് ഇഷ്ടപ്പെട്ടു. അവിടുത്തെ എന്ത് സഹായം വേണേലും പുള്ളി ചെയ്ത് തരും. ജോ ഞങ്ങളെ ഒന്ന് സപ്പോർട്ട് ചെയ്യണം.
നിമ്മി എനിക്ക് പ്രേമം ഒന്നും താല്പര്യം ഉള്ള കാര്യമല്ലെന്ന് അറിയാമെല്ലോ. നിങ്ങടെ കാര്യത്തിൽ ഒന്നും ഞാൻ ഇടപെടാൻ വരില്ല. ആരോടും പറയത്തുമില്ല. അതൊന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട. പക്ഷെ ഇത് നിങ്ങടെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാൻ ഒന്നും എനിക്ക് ഒക്കത്തില്ല.
അയ്യോ അങ്ങനെ ഒന്നും ജോ ചെയ്യേണ്ട. അതൊക്കെ സമയം ആകുമ്പോൾ ഞങ്ങൾ ശെരിയാക്കിക്കോളാം. ഞാൻ ഉദ്ദേശിച്ചത് ഒരു സപ്പോർട്ട് മാത്രമാ.
ഞാൻ തലയാട്ടി സമ്മതിച്ചു. അങ്ങനെ അവരുടെ ഇടയിലെ മൂന്നാമത്തെ ചക്രമായി ഞാൻ.
ഞങ്ങൾ പോകുന്ന അതെ ഫ്ലൈറ്റിൽ ആണ് പുള്ളിയും ടിക്കറ്റ് എടുത്തത്. ഇവിടുന്ന് ഫ്ലൈറ്റിൽ കേറുന്നത് മുതൽ രണ്ട് പേരും എന്നെ പൊക്കിക്കൊണ്ടാ നടന്നെ. എന്റെ പെട്ടി ചുമക്കുന്നു, ഫുഡ് വാങ്ങി തരുന്നു, ചോക്ലേറ്റും, ബിസ്‌ക്കറ്റും എന്തെല്ലാം കൈകൂലികൾ ആണോ.
ഫ്ലൈറ്റിൽ ഞാൻ എന്റെ സീറ്റ് അവന് കൊടുത്തു അവർക്ക് ഒരുമിച്ച് ഇരിക്കാൻ. പകരം അവർക്ക് കിട്ടിയ കള്ള് എല്ലാം എനിക്ക് എത്തിച്ച് തന്നു. ഞാൻ അതും കുടിച്ച് അവിടം വരെ കിടന്നുറങ്ങി.
അവിടെ എത്തി, അഡ്മിഷന്റെ കാര്യത്തിനും, വീട് നോക്കാനുമൊക്കെ ഓടാൻ രണ്ട് പേരും എന്റെ കൂടെ ഉണ്ടാരുന്നു.
ക്ലാസ്സ് തുടങ്ങി കഴിഞ്ഞപ്പോൾ ഞാൻ പഠിത്തതിന്റെ തിരക്കിലായി.
ഭാഗ്യത്തിന് ഞാനും നിമ്മിയും അടുത്തല്ല സ്റ്റേ ചെയ്യുന്നത്, അല്ലേൽ അവളുടെ കാര്യം എല്ലാം എന്നെ കൊണ്ട് തിരക്കി അറിയിക്കാൻ അവളുടെ മമ്മി എന്റെ മമ്മിയെ ഏർപ്പാടാക്കിയെനേം.
