“വേണ്ടാത്ത ധൈര്യം തന്ന് കുഴിയിൽ ചാടിക്കല്ലേ, ഈ പാവം പൊയ്ക്കോട്ടേ”
” എന്നും ക്യാൻ്റീൻ ചായ കുടിക്കുന്നത് ഒരു ദിവസം മാറ്റിപ്പിടിച്ചെന്ന് കരുതി ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല.”
“എന്നും ക്യാൻ്റീൻ ചായ കുടിച്ചെന്ന് വെച്ചും ലോകം ഇടിഞ്ഞുവീഴാൻ പോകുന്നില്ല.”
“ഈ ചേച്ചിയോട് ഒന്നും പറയാൻ പറ്റില്ല. വാ ടൈം ആവുന്നു”
————————-
ചിന്തിച്ചുകൂട്ടി സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചു. സ്മിത ഫോൺ നോക്കി. രാജേഷ്. മനസ്സിൽ പെട്ടെന്നൊരു സന്തോഷം വന്നപോലെ. താൻ ഈ കോൾ ആഗ്രഹിച്ചിരുന്നോ എന്ന് പോലും തോന്നിപ്പോയി.
“ഹലോ, രാജേഷ്.”
“ഹലോ, എവിടാ വീട്ടിലുണ്ടോ?”
“ആഹ് ഉണ്ട്. എന്താ?”
“ഞാൻ ഓഫീസിൽ നിന്ന് തിരിച്ച് വരുകയാ. കാറിലാ. രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം ആയതുകൊണ്ട് ഓഫീസിൽ വന്നു. നമ്മുടെ സാറിനെയും ഫാമിലിയെയും വീട്ടിൽ ആക്കിയിട്ട് അങ്ങോട്ട് വരാമെന്ന് കരുതി. നിങ്ങളുടെ വീടും കാണാമല്ലോ. രാധേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”
“ആണോ. അതിനെന്താ, പോന്നോളൂ.”
“ഉച്ചയ്ക്ക് ഊണിന് ഞാനും ഉണ്ടാവുമെന്ന് ചേച്ചിയോട് പറയണേ. സാർ വരുന്നു, ഞാൻ വിളിക്കാം.”
“ഓകെ രാജേഷ്.”
കോൾ കട്ടാക്കി. ഇതെന്താ ഇപ്പൊ ഒരു സന്തോഷം എന്ന് സ്മിത ആശ്ചര്യപ്പെട്ടു. ഈ പെണ്ണ് ഇത് ഓരോന്ന് പറഞ്ഞ് മനുഷ്യനെ വട്ടക്കുകയാണല്ലോ എന്ന് ആത്മഗതം പറഞ്ഞ് രാധയുടെ വീട്ടിലേക്ക് സ്മിത ഇറങ്ങി.
(തുടരും)
