എന്റെ പെണ്ണിന് ഇറങ്ങും മുന്നേ ഒരുമ്മയും കൂടെ കൊടുത്തു ഞാൻ ഓടി.
രണ്ടാം നിലയിലെ കോണി തിരിയുമ്പോൾ മുകളിലേക്ക് കയറി വരുന്ന ഇംഗ്ലീഷ് ഡിപാർട്മെന്റ്ലേ മേഘ മിസ്സിനെ കണ്ടു.
ഒരു മിണ്ടാപ്പൂച്ചയാണ് ഓടിയിറങ്ങുന്ന എന്നെ നോക്കി ഒന്നു ചിരിച്ചു.
ഓടുന്നതിനിടയിൽ ഞാനും ഒന്നു ചിരിച്ചു
കോളേജിന്റെ പടിയിറങ്ങി കോമ്പൗണ്ടിലെ ഗ്രൗണ്ടിന് മുന്നിലെ തണൽ മരത്തിന് കീഴിൽ കൂട്ടം കണ്ടു ഞാൻ അങ്ങോട്ടു ചെന്നു.
“പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ…
നമ്മൾ ഇന്നിവിടെ പുതിയ ചരിത്രം കുറിക്കുകയാണ്,
കോളേജ് ലൈഫ് പഠിക്കാനും ആഘോഷമാക്കാനും ഉള്ളതാണ്,
ഇവിടെയുള്ള ദിവസങ്ങൾ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഓർക്കാനുള്ളതിന് എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ഈ യൂണിയൻ നിങ്ങൾക്ക് വേണ്ടി ചെയ്യും….
ഏതു കോത്താഴത്തു പോയി കിടക്കുവായിരുന്നെട മൈരേ….”
പ്രസംഗത്തിലൂടെ തീപ്പൊരി ചിതറി ആവേശം പടർത്തിക്കൊണ്ടിരുന്ന ജോയൽ പിള്ളേരുടെ ഇടയിലൂടെ തിക്കി വരുന്ന എന്നെ കണ്ടതും എന്റെ ചങ്കായ ജോപ്പനായി മാറിയത് അവൻ പോലും അറിഞ്ഞില്ല…
പറഞ്ഞു പോയ നിയുക്ത ചെയർമാന്റെ അബദ്ധം പിള്ളേര് മുഴുവൻ ആർത്തു ചിരിച്ചും കളിയാക്കിയും ആഘോഷിക്കുമ്പോൾ മുഖം വളിച്ചു പിടിച്ചൊരു ചിരിയുമായി. ബാക്കി തെറികൾ അവൻ എന്നെ മനസ്സിൽ വിളിച്ചു.
“സുഹൃത്തുക്കളെ തിരക്ക് കൊണ്ടു വോട്ടെണ്ണൽ വരെ മിസ്സായ നമ്മുടെ പ്രിയപ്പെട്ട ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി എഴുന്നുള്ളുന്നുണ്ട് എല്ലാവരും ഇച്ചിരി വഴി വിട്ടു കൊടുക്കണേ…”
കൂടി നിന്നത് മുഴുവൻ 3ർഡ്‌ഇയറിലെ കൂട്ടുകാരും പിന്നെ പരിചയമുള്ള ഞങ്ങളോട് അടുപ്പമുള്ള ജൂനിയർസും പി ജി ക്കാരും ഒക്കെയായതിനാൽ വലിയ ചളിപ്പില്ലാതെ ജോയലിന്റെ കുത്തു കണ്ടില്ലെന്നു നടിച്ചു ഞാൻ അവനടുത്തേക്ക് നടന്നു.
ജയിച്ച ബാക്കി യൂണിയൻ പിള്ളേരും അവിടെ തന്നെ ഉണ്ടായിരുന്നു.
“എന്തുവാടെ….”
ഞാൻ കേറി ചെന്നതിന് പിന്നാലെ ആരതി ചുണ്ടനക്കി എന്നെ ആക്കി ചോദിച്ചു. തിരിച്ചു ചുണ്ടനക്കി പോടി എന്നു പറഞ്ഞു തിരിയുമ്പോൾ ഞാൻ കണ്ടു എന്റെ പെണ്ണ് കോളേജിന്റെ വരാന്തയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് വരുന്നത്.
അവൾക്ക് തിരികെ ചിരി കൊടുത്തു ജോപ്പന്റെ ബാക്കി വായിട്ടലക്കല് നടക്കുന്നതിന്റെ ഇടയിലാണ് ഗേറ്റിന്റെ ഭാഗത്തു നിന്ന് എന്തോ ബഹളം ഒക്കെ കേട്ടു തുടങ്ങിയത്.
ഞാനും ഋതിനും ഒന്നു മരത്തിന്റെ മറവിൽ നിന്നും മാറി നിന്നു നോക്കുമ്പോൾ എതിരെ നിന്ന് തോറ്റ പിള്ളേരും കുറച്ചു ടീമുകളും കൂടി ആഞ്ഞു പിടിച്ചു നടന്നു വരുന്നുണ്ട്.
പരിസരത്തുള്ള എയറ് മുഴുവൻ വലിച്ചുകയറ്റിപ്പിടിച്ചു വരുന്ന കണ്ടപ്പോഴേ പണിയാണെന്നു മനസിലായ ഋതിൻ നേരെ ജോപ്പനോട് സ്വകാര്യമായി കാര്യം പറഞ്ഞു.
“സുഹൃത്തുക്കളെ ഇലക്ഷൻ കഴിഞ്ഞതിന്റെ ഭാഗമായ കുറച്ചു കലാപരിപാടികൾ കൂടി ബാക്കി ഉള്ളതിനാലും ട്രോഫികൾ കൈപ്പറ്റാൻ ആഘോഷമായി തോറ്റവർ വരുന്നതിനാലും ഇതിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥി സുഹൃത്തുക്കൾ കുറച്ചുകൂടെ സേഫ് ആയ സ്ഥലം നോക്കി മാറി നിന്നു കാണേണ്ടതാണ്…”
ജോപ്പന്റെ ഡയലോഗടിയും കഴിഞ്ഞു ആരതിയോട് അവൻ എന്തോ പറയുന്നതും അവൾ അവിടെ ഉണ്ടായിരുന്ന പെണ്പിള്ളേരെയും ബാക്കി കുറച്ചുപേരെയും എല്ലാം കൂട്ടി മാറുന്നത് കണ്ടു.
ജോപ്പൻ മരത്തിന്റെ പൊങ്ങി നിന്ന വേരിൽ നിന്നും നിലത്തിറങ്ങി മുണ്ടെടുത്തു കുത്തി.
ഈ തെണ്ടിക്ക് പിന്നെ തല്ലു കൊണ്ടും കൊടുത്തും ഉറക്കം വരാത്തത് കൊണ്ടു ഇന്നത്തെ ഉറക്കത്തിനുള്ളതായി എന്നു എനിക്ക് മനസ്സിലായി.
ഞാൻ അങ്കിയെ നോക്കുമ്പോൾ എന്നെ തന്നെ നോക്കി പേടികിട്ടിയ പോലെ നിൽപ്പുണ്ട്, ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാട്ടിയിട്ടും അവളുടെ പരിഭ്രമം മാറിയിട്ടില്ല.
എനിക്ക് തല്ലിനോടൊന്നും അത്ര താൽപര്യമില്ല,
കാരണം അടുത്തത് എന്താവും എന്നു പറയാൻ പറ്റില്ല എന്നതുകൊണ്ട് തന്നെ, ഒരാവേശത്തിൽ എന്തേലും ചെയ്തിട്ടു ജീവിതകാലം മുഴുവൻ അതിന്റെ കയ്പ്പ് കുടിച്ചു നടക്കേണ്ടി വരുമോ എന്ന പേടിയാണ്.
