: അല്ല മോനെ ഞങ്ങൾ… ഇന്ന് കൃഷ്ണന് എന്തോ വലിയ സന്തോഷ ദിവസമാണ് ഒരു പാർട്ടിയുണ്ട് എന്നൊക്കെ പറഞ്ഞതുകൊണ്ട് വന്നതാണ്.. അല്ലാതെ നീ കരുതുംപോലെ ഇത് സ്ഥിരമായിട്ട് ഉള്ളതല്ല
: ബാബുവേട്ടോ… നിങ്ങളുടെ വീടിന്റെ ഉമ്മറത്തുവച്ച് ഇതുപോലെ കാണിക്കാൻ ലീലേച്ചി സമ്മതിക്കുമോ…പോട്ടെ ബാക്കിയുള്ള ആരുടെയെങ്കിലും വീട്ടിൽ അസമയത്ത് ഇതുപോലെയിരുന്ന് കള്ളുകുടിക്കാൻ പറ്റുമോ.. ഒന്നുമില്ലേലും ഇവിടെ പ്രായപൂർത്തിയായ ഒരു പെണ്ണുള്ളതല്ലേ… നിങ്ങൾക്കുമില്ലേ ഈ പ്രായത്തിലുള്ള മക്കൾ
: ഡാ ആദി… മതി. ഇതൊക്കെ ഇവൾ പറഞ്ഞു പഠിപ്പിച്ചതായിരിക്കും അല്ലെ.. മോൻ പോവാൻ നോക്ക്. ഇത് എന്റെ വീട്. ഇവർ ഞാൻ വിളിച്ചിട്ട് വന്നതാ.. നീ വെറുതേ എന്നെ അപമാനിക്കാൻ നോക്കണ്ട
: മാമന് എന്താ പറ്റിയേ… എത്ര സന്തോഷത്തോടെ കഴിഞ്ഞവരാ നിങ്ങൾ. എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നേ..
: മോൻ പോകാൻ നോക്ക്… അല്ലേൽ ചിലപ്പോ മാമന്റെ സ്വഭാവം മാറും..
: ഞാൻ പോകാം.. ആദ്യം ഇവരൊക്കെ പോട്ടെ. ബാബുവേട്ടാ, ഒന്നും വിചാരിക്കരുത്. ഈ കുടുംബം ആകപ്പാടെ കുളമായി കിടക്കുവാ.. കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം നിങ്ങളിപ്പോ പോ..
സുഹൃത്തുക്കളെ ആദി പറഞ്ഞുവിട്ടതോടെ കൃഷ്ണന് കലികയറി. അയാൾ ആദിയോടുള്ള ദേഷ്യത്തിൽ ഇന്ദുവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആദിയും രേണുവും ചേർന്ന് കൃഷ്‌ണനെ പിടിച്ചുമാറ്റിയെങ്കിലും അയാളുടെ കലിയടങ്ങിയില്ല. ഇന്ദുവും കൃഷ്‌ണനും പരസ്പരം വാക്പോരിൽ ഏർപ്പെട്ടപ്പോഴാണ് ആദിക്കും രേണുവിനും കാര്യങ്ങളുടെ ഏകദേശ ധാരണ വരുന്നത്.
: എല്ലാവരും അറിയട്ടെടി നിന്റെ തനിക്കൊണം.. ഏതവനെയാടി നീ കുറച്ചുനാളായി വിളിക്കുന്നത്. ഞാനൊന്നും അറിയുന്നില്ലെന്ന് കരുതിയോ നീ… നീയും അവനും കൂടി ഒരുമിച്ചിരുന്ന് ചായകുടിക്കുന്നത് കൊള്ളാം, ഞാൻ എന്റെ വീട്ടിലിരുന്ന് കള്ള് കുടിക്കുന്നതാണ് കുഴപ്പം അല്ലെ
: ദേ മനുഷ്യ വേണ്ടാതീനം പറയരുത്.. മോളിരിക്കുന്നു അല്ലേൽ ഞാൻ പറഞ്ഞേനെ നിങ്ങടെ അഴിഞ്ഞാട്ടത്തിന്റെ കഥ.
: നീ എന്ത് പറയുമെന്ന… അറിയട്ടെടി എല്ലാവരും. നിന്നെ സൂക്ഷിക്കണമെന്ന് എന്നോട് പലരും പറഞ്ഞപ്പോ ഞാൻ തമാശയായിട്ട് എടുത്തതാ എനിക്കുപറ്റിയ തെറ്റ്..
: നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ കിടന്ന് തിളയ്ക്കുന്നത്.. ഞാൻ ആരുടെ കൂടെ പോയെന്ന ഈ പറയുന്നേ…
: നീ എന്തിനാടി ഞാൻ അറിയാതെ രജിസ്ട്രാർ ഓഫീസിൽ പോയത്.. ഏതാ നിന്റെ പുതിയ കാമുകൻ. ഞാനൊന്നും അറിയുന്നില്ലെന്നാണോ നീ വിചാരിച്ചത്
: ഇതായിരുന്നോ സംശയം.. ദാ കണ്ടോ.. ഇയാളുടെ കൂടെയാ ഞാൻ പോയത്. അത് നിങ്ങൾ പറയുംപോലെ കിടക്ക വിരിക്കാൻ പോയതല്ല. എന്തിനാണെന്ന് അറിയണോ…
: കയ്യോടെ പിടിച്ചപ്പോ ഓരോ ന്യായങ്ങൾ നിരത്താൻ നോക്കുവായിരിക്കും.. നിന്നോടുള്ള എന്റെ വിശ്വാസം അന്നേ പോയി.. ഇനി നീയായി നിന്റെ പാടായി
: മാമാ… കാര്യങ്ങൾ കൂടുതൽ വഷളാക്കല്ലെ.. മാമനോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോയി കിടക്ക്. ബാക്കി പിന്നെ സംസാരിക്കാം..
: നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ.. ഇറങ്ങി പോടാ എന്റെ വീട്ടീന്ന്. വലിഞ്ഞുകയറി വന്നവരൊന്നും കൃഷ്ണനെ ഭരിക്കാനായിട്ടില്ല… എല്ലാരോടും കൂടിയാ ഈ പറയുന്നേ..
ആദിയുടെ നേർക്ക് കാർക്കിച്ച് തുപ്പിയതിനേക്കാൾ അപമാന ഭാരത്താൽ അവൻ പുറംതിരിഞ്ഞു നടന്നു. സോഫയിലേക്ക് മലർന്നു വീണ കൃഷ്ണനെ നോക്കി ഇന്ദുവിന്റെ മൂർച്ചയുള്ള ചോദ്യം എറിഞ്ഞതും ആദി തിരിഞ്ഞു നോക്കി…
: ആരാ ആയിഷ… നിങ്ങളുടെ പേരിലുള്ള അരയേക്കർ സ്ഥലം അവളുടെ പേർക്ക് ഇഷ്ടധാനം കൊടുക്കാൻമാത്രം എന്താ നിങ്ങൾതമ്മിലുള്ള ബന്ധം…
സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ കൃഷ്ണൻ അരിശത്തോടെ ഇന്ദുവിനെ നോക്കി. ടീപ്പോയിൽ ഉണ്ടായിരുന്ന ജഗ്ഗ് കൈകൊണ്ടെടുത്ത് അയാൾ തല്ലിപ്പൊട്ടിച്ചു..
: ആയിഷയ്ക്ക് ഞാൻ സ്ഥലം കൊടുക്കും വേണ്ടിവന്നാൽ കൂടെ പൊറുപ്പിക്കും… നീയാരാടി ഇതൊക്കെ ചോദിക്കാൻ. ഞാൻ ഉണ്ടാക്കിയ സ്വത്ത് എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും. നീ വരുമ്പോ എടുത്തോണ്ട് വന്നതൊന്നുമല്ലല്ലോ എന്നെ ചോദ്യംചെയ്യാൻ…
