കിച്ചു പ്ളേറ്റിലുള്ള അവിലോസും പൊടി സ്പൂണ് കൊണ്ട് വായെക്ക് എടുത്തിടലും മടിയിലിരിക്കുന്ന കണ്ണൻ ചായ ഗ്ലാസിനടുത്തേക്ക് കൈ കൊണ്ട് പോയതും ഒരുമിച്ചായിരുന്നു… വായിലിട്ടത് മറന്ന് കണ്ണന്റെ കൈ തടഞ് എന്തോ പറയാൻ പോയതും പൊടി തൊണ്ടയിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി..
താൻ ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ലാന്ന് മനസിനോട് പറഞ്ഞെങ്കിലും കൈ യാന്ത്രികമായി തന്നെ അവന്റെ മുതുകത്ത് തടവാൻ തുടങ്ങി. വായിലുള്ള പൊടി പുറത്ത് പോകേണ്ട എന്ന് വിചാരിച്ചിട്ട് കൈ കൊണ്ട് പൊത്തി പിടിച്ചതോണ്ട് നിലത്തൊന്നും ആയില്ല.. എല്ലാം അവന്റെ കയ്യിൽ തന്നെ ഉണ്ട്.. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ടുണ്ട്… ഇതൊക്കെ കണ്ടിട്ട് അവന്റെ കയ്യിലുള്ള കണ്ണന്റെ മുഖം ആകെ പേടിച് വിളറി പോയി…
സ്വയമേ മാറിലിട്ട തോർത്ത് കൊണ്ട് കിച്ചുവിന്റെ മുഖത്ത് പറ്റിയത് തുടച്ചു കൊടുത്തു.എന്തോ എത്രയൊക്കെ പറഞ്ഞാലും തന്റെ കെട്ടിയവനല്ലേ… തന്റെ ആദ്യത്തെ പ്രണയമല്ലേ..തന്റെ കുഞ്ഞിന്റെ അച്ഛനല്ലേ …കയ്യിൽ പറ്റിയത് അവൻ തന്നെ പോയി കഴുകി ഗ്ലാസിൽ അവശേഷിച്ചിരിക്കുന്ന ചായയും കുടിച് കണ്ണനെയും എടുത്ത് ഉമ്മറത്തേക്ക് നടന്നു…അച്ഛന്റെയും മകന്റെയും പോക്കും നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.. അവനൊന്നു പറഞ്ഞാൽ തീരാവുന്നതേ ഉള്ളു… അങ്ങനെ പറഞ്ഞാൽ തീരുമോ… അതാണോ ഞാൻ കണ്ടത്…..ആഹ്….എന്തോ ആകട്ടെ … ടേബിളിലിരിക്കുന്ന പ്ലേറ്റും ഗ്ലാസുമെടുത്ത് അടുക്കളയിലേക്ക് നടന്നു..
അവിടെ ശാന്തേച്ചിയും അമ്മയും ദേവുവും ഇരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്…
“ശാന്തേച്ചി… ആക്‌സിഡന്റ് ആയ ആൾക്ക് എങ്ങനെണ്ട് ”
‘വല്ലാണ്ട് കുഴപ്പല്ല്യ… ചെറിയ പൊട്ടലും മുറിവും ഉള്ളു… അല്ല… കണ്ണനെവിടെ ഉറങ്ങാണോ ‘
“അല്ല… കിച്ചു വന്നകിണ്… അവന്റെ അടുത്താ ”
‘അല്ലടി… നിനക്ക് ഓഫീസ് പോയി വരാൻ അവന്റെ വീട്ടിൽ നിന്നല്ലേ സുഖം.. ഇവിടുന്ന് എത്ര യാത്ര ചെയ്യണം ‘
“ഞാൻ ജോലിക്ക് പോയ കൊച്ചിനെ ആരാ നോക്കാ… അവിടെ സ്മിത ചേച്ചിക്ക് തന്നെ നോക്കാൻ മൂന്നെണ്ണമുണ്ട്… ഇവിടെയാകുമ്പോ അമ്മയും ദേവൂവും ഇല്ലേ ”
‘മ്മ്.. അല്ല… എന്നാ പിന്നെ അവനോട് ഇവിടെ നിൽക്കാൻ പറഞ്ഞൂടെ..’
“ഏയ്യ്… കമ്പനി കാര്യങ്ങൾ ഒന്ന് പഠിച്ച് വരുന്നേ ഉള്ളു അവൻ .. അതോണ്ട് അവിടെ തന്നെ വേണം…”
കുറച്ചു കഴിഞ്ഞപ്പോ ശാന്തേച്ചി കിച്ചുവിനെയും കണ്ണനെയും കണ്ട് കുശലം പറഞ്ഞു തിരികെ പോയി.. അമ്മയും ദേവൂവും അവനോട് ഓരോന്ന് പറഞ്ഞു ഉമ്മറത്തിരുന്നു… ടീവി കാണാന്ന് വച്ച രണ്ട് ദിവസമായി അതിന്റെ പൈസ തീർന്നിട്ട് വേറെ നിവർത്തിയില്ലാതെ ഞാനും ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു… അച്ഛനും മോനും നല്ല കളിയാണ്..കൂടെ അമ്മയും ദേവൂവും അവനെ കൊഞ്ചിക്കുന്നുണ്ട്….കിച്ചുവിന്റെ കവിളും മൂക്കും കടിക്കാണ് കണ്ണൻ .. അതോണ്ട് തന്നെ അവന്റെ മുഖം മുഴുവൻ കണ്ണന്റെ ഉമിനീര് കൊണ്ട് നിറഞ്ഞിട്ടുണ്ട്… അച്ഛനും അമ്മയ്ക്കും ദേവുവിനും പിന്നെ സ്മിത ചേച്ചിക്കും ചേട്ടനും മാത്രമേ ഞാനും കിച്ചുവും തമ്മിൽ പ്രേശ്നത്തിലാണെന്ന് അറിയുകയുള്ളു.. പക്ഷെ എന്ത് പ്രേശ്നമാണ് എന്ന് ആർക്കും അറിയില്ല… ഞാൻ ആരോടും പറഞ്ഞിട്ടുമില്ല…. അയൽവാസികളും ബന്ധുക്കളും വിചാരിച്ചിരിക്കുന്നത് കണ്ണൻ ചെറുതായത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നാണ് … അങ്ങനെയാണ് ചോദിക്കുന്നവരോടൊക്കെ പറഞ്ഞത്…
ഇതു പോലെ നാല് ദിവസമോ അഞ്ചു ദിവസമോ കൂടുമ്പോൾ കിച്ചു വരുംഎന്നെയും മോനെയും കാണാൻ …അവനെ കണ്മുന്നിൽ കണ്ടാൽ കാണാത്ത പോലെ നടിക്കാറാണ് ചെയ്യുക…പലവട്ടം അവൻ വന്നു വിളിച്ചിരുന്നു. കൂടെ പോരാൻ…. സ്മിത ചേച്ചി എന്നും വിളിക്കാറുണ്ട്.. കണ്ണന്റെ കാര്യവും ജോലിയെ പറ്റിയുള്ളതും തിരക്കും…. എന്നെ വെറുപ്പിക്കേണ്ട എന്ന് വച്ചിട്ടായിരിക്കും എന്താ ഞാനും കിച്ചുവും തമ്മിലുള്ള പ്രേശ്നമെന്ന് ഇത് വരെ ചോദിച്ചിട്ടില്ല…. പാവം.. ഞങ്ങടെ കാര്യം ഓർത്ത് അതിന് നല്ല ആധിയുണ്ട്.. ഒരു ദിവസം കണ്ണനെയും കൊണ്ട് അങ്ങോട്ട് പോണം… ഇവിടേക്ക് ഇടക്ക് ഇടക്ക് കാണാൻ വരുന്നതാണ്…
