അവനെ കണ്ടപ്പോൾ കട്ടിലിലുള്ള ആള് ഓൺ ആകാൻ തുടങ്ങി.. കൈ കാലിട്ടടിക്കലും കൂക്കികൊണ്ടും അവന്റെ അച്ഛനെ കണ്ടതിലുള്ള സന്തോഷം അവൻ കാട്ടികൊണ്ടിരുന്നു…
കിച്ചു കണ്ണനരികിലേക്ക് നടന്നു.
“അച്ഛന്റെ കണ്ണാ “
അതും വിളിച് അവന്റെ ഇരുവശത്തും കൈ കുത്തി അവനെ കൊഞ്ചിച്ചു കൊണ്ട് ആ നുണകുഴിയുള്ള കവിളിൽ ഒരു ഉമ്മയും കൊടുത്തു..
അവനടുത്തേക്ക് പോയ നിമിഷം കണ്ണനവന്റെ കുഞ്ഞി കൈ കൊണ്ട് കിച്ചുവിന്റെ ഷർട്ടിൽ പിടിച്ചു അവനെ എടുക്കാൻ എന്നോണം കിടന്നു..
ഇവര് അച്ഛനും മോനും തമ്മിൽ ഉള്ളേടത് നമുക്കെന്ത് കാര്യം… കയ്യിലുള്ള ഷർട്ട് ബെഡിൽ വച്ചു കിച്ചുവിനെ മറികടന്നു വാതിലിന് നേരെ നടന്നു.. പുറത്തേക്ക് ഇറങ്ങാൻ നേരത്ത് കിച്ചു വിളിച്ചെങ്കിലും കേട്ട ഭാവം നടിക്കാതെ തായേക്ക് ഇറങ്ങി..
അടുക്കളയിൽ അമ്മ ചായ ഉണ്ടാക്കുന്നുണ്ട്… ദേവു പലഹാരങ്ങൾ പ്ലേറ്റുകളിലേക്ക് നിരത്തി വയ്ക്കുന്നുമുണ്ട്…
ഞാനവിടെയുള്ള തിണ്ണയിൽ കയറിയിരുന്നു…
ഗ്യാസ് ഓഫ് ചെയ്ത് ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുന്നുണ്ട് അമ്മ.
“ഡി… പോയി കിച്ചൂനെ വിളിച്ചേ ചായ കുടിക്കാൻ ”
‘പിന്നെ എനിക്കൊന്നും വയ്യ ‘
“ദേ.. ഞാനൊന്നങ്ങോട്ട് തന്നാലുണ്ടല്ലോ…പോയി വിളിക്കെടി ”
‘തന്നാൽ ഞാൻ അത് കൊള്ളും.. അത്രന്നെ ‘
“ഓ.. ഇങ്ങനെ ഒരു സാധനം… ദേവു നീ പോയി വിളിച്ചേ ”
അമ്മയത് പറഞ്ഞപ്പോ ദേവു കിച്ചുവിനെ വിളിക്കാൻ മുകളിലേക്ക് നടന്നു.
“എന്റെ ലക്ഷ്മി നിനക്കെന്താ പ്രശ്നം ”
‘എനിക്കൊരു പ്രശ്നവുമില്ല…’
അത് പറഞ്ഞപ്പോ അമ്മ ഒന്ന് ഇരുത്തി നോക്കി
“മ്മ്.. ആ പലഹാരങ്ങലെങ്കിലും എടുത്ത് വയ്ക്കാൻ സഹായിക്കോ ”
അതും പറഞ് അമ്മ ചായ നിറച്ച ഗ്ലാസുമെടുത്ത് ടേബിളിന് അരികിലേക്ക് നടന്നു.
പിറകിലായി ഞാനും പലഹാരങ്ങളുമായിട്ട് ചെന്നു.. ആ സമയത്ത് കോണിയിറങ്ങി കിച്ചുവും അവന്റെ കയ്യിലായി കണ്ണനും വരുന്നത്.. കണ്ണന്റെ കൂക്കി വിളി ഇതു വരെ നിന്നിട്ടില്ല….
“കിച്ചു ഇരിക്കടാ ”
അവനോടായി അമ്മ പറഞ്ഞു. ശേഷം എന്റെ സൈഡിലായി വന്നു നിന്നു.. ഇനി ഞാൻ അവിടെന്ന് പോകും എന്ന് വിചാരിച്ചിട്ടായിരിക്കും….
‘അച്ഛനില്ലേ അമ്മേ ”
കസേരയിൽ ഇരുന്ന് കണ്ണനെ മടിയിൽ ഇരുത്തി കൊണ്ടു വച്ച ചായ ഒരിറുക്ക് കുടിച്ചോണ്ട് ചോദിച്ചു..
“ഇല്ലടാ. ഒപ്പം പഠിച്ച കൂട്ടുകാരന്റെ മോന്റെ കല്യാണത്തിന് പോയതാ ”
‘എപ്പോഴാ വരുക’
“കുറച്ചു കഴിഞ്ഞാ എത്തൂടാ ”
‘അച്ഛന്റെ കച്ചോടം എങ്ങനെ പോണു ‘
“കച്ചോടം കുറവാ…..എന്ത് പറയാനാ പഴയ കടയല്ലേ… ഇപ്പൊ എല്ലാവർക്കും സൂപ്പർമാർകെറ്റ് പോരെ… അത് ഒന്ന് പുതുക്കി പണിയാൻ പറഞ്ഞാൽ ചേട്ടൻ കേൾക്കത്തുമില്ല… ഏതാണ്ട് ഒരു ആത്മബന്ധം ഉള്ള പോലെ…. അല്ല ഇപ്പൊ ഫുൾ ടൈം കമ്പനി കാര്യങ്ങൾ നോക്കാണെന്ന് കേട്ടു ”
‘ആ… ഹൈദരാബാദിലെ ജോലി ഒഴിവാക്കി ‘
“ഒരു വിധത്തിൽ അതാ നല്ലത്… നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ ”
അവര് തമ്മില് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ശാന്തേച്ചി അതു വഴി വന്നത്.. അമ്മയും ദേവൂവും അടുക്കള ഭാഗത്തേക്ക് നടന്നു. ശാന്തേച്ചിയുടെ ഏതോ ബന്ധുവിന് ആക്‌സിഡന്റ് പറ്റിയിരുന്നു…അവിടെ പോയി വരുന്ന വഴിയാണ്… എനിക്കും അവിടെ പോയി കാര്യങ്ങൾ അറിയണമെന്നുണ്ട് പക്ഷെ………ഇവനിവിടെ ഒറ്റക്കായി പോകത്തില്ലേ….
കിച്ചുവിന്റെ മുഖത്ത് ശ്രദ്ധിച്ചു നോക്കിയാൽ ഒരു വിഷാദ ഭാവം കാണാം… ഞാൻ എന്ത് ചെയ്യാനാ…
പ്ലേറ്റിലുള്ള പാൽപ്പേടയിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചു അവൻ കണ്ണന് നേരെ കൊണ്ട് പോയി..
“അത് കൊടുക്കേണ്ട ”
അത് കേട്ടപ്പോ കണ്ണന് കൊടുക്കാൻ പോയത് അവൻ തന്നെ കഴിച്ചു….എനിക്കെന്താ തരാത്തെ എന്ന ചോദ്യ ഭാവത്തോടെ കണ്ണൻ കിച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്… അത് കണ്ട് അവൻ കണ്ണന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ഇനി നോക്കീട്ട് കാര്യമില്ലന്ന് മനസ്സിലായ കണ്ണൻ തന്റെ കുഞ്ഞി കൈകൾ കൊണ്ട് ടേബിളിൽ നിരത്തി വച്ചത് എടുക്കാൻ ഒരു പായ്ശ്രേമം നടത്തി.
