ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

ശ്രീക്കുട്ടന്റെ മറുപടി കേട്ടതും മമ്മി തുടർന്നു…

“എടീ സെലിനേ….
മോളോടു അമ്മച്ചി കല്യാണാലോചിച്ച പെണ്ണു നീയാന്നു വിളിച്ചു പറഞ്ഞപ്പളാ അവളു നിങ്ങട കാര്യത്തി സംശയമ്പറഞ്ഞേ… പോയേപ്പിന്നെ നീ ഞങ്ങളെപ്പോലും വിളിച്ചതുമില്ലല്ലോന്ന്..!
നിങ്ങളുതമ്മി എന്തോ വലിയ പ്രശ്നങ്കാണും അതും മനസ്സിലായി!
അല്ലേലീ മൂക്കി പല്ലുകിളുക്കും വരെ രണ്ടുവീ നിപ്പു നിക്കുവോ..?
അതെന്തായാലും കാര്യമെന്താണന്നത് ശ്രീക്കുട്ടനറിയാം അതാ അവനേക്കൂടെ പറഞ്ഞുവിട്ടത് വേണേ പറഞ്ഞു പരിഹരിച്ചോ ഇല്ലേലുഞ്ഞങ്ങക്കു യാതൊരു കുഴപ്പോവില്ല!
എന്തായാലും നാളത്തേന്റെ പിന്നത്ത ഞാറാഴ്ച മനഃസമ്മതം! പിറ്റേ ഞായറാഴ്ച തന്നെ മൂന്ന് വിളിച്ചുചൊല്ലും നടത്തി തിങ്കളാഴ്ച മിന്നുകെട്ട്..!
ഇന്നേയ്ക് പതിനഞ്ചാമ്പൊക്കം കല്യാണം!
പിണക്കങ്ങളൊക്കെ അതുകഴിഞ്ഞു തീർത്താലുമ്മതി കേട്ടോടീ…!”

“എല്ലാരും കേട്ടു മമ്മീ…”

ശ്രീക്കുട്ടൻ മറുപടി പറഞ്ഞതും ഫോൺ കട്ടായി…!

“അപ്പ പെണ്ണിവളാന്നു നിനക്കറിയാരുന്നല്ലേടാ തെണ്ടീ..?”

ഞാൻ ശ്രീക്കുട്ടന്റെ നേരേ നോക്കി. അവൻ വായ് പൊളിച്ചു!

“സത്യായുവില്ലടാ….”

ശ്രീക്കുട്ടൻ സെലിനെ സന്തോഷത്തോടെ നോക്കി:

“ഇവന്റെ വായീന്നു തെറീന്തല്ലുകൊള്ളി വർത്താനങ്ങളും നീണ്ടയേഴു വർഷങ്ങളു കൂടിയാ ഈ കേക്കുന്നത്…!
ഞാങ്കരുതി ഇത്രോം പ്രായവൊക്കെ ആയില്ലേ മര്യാദയായീന്ന്….!”

സെലിൻ പുഞ്ചിരിയോടെ താഴേയ്ക് ഓടി …. ചായ എടുക്കാൻ!

ട്രേയിൽ ചായയുമായി വന്ന സെലിൻ ട്രേ ശ്രീക്കുട്ടന് നേരേ നീട്ടിയപ്പോൾ റസിയ പറഞ്ഞു:

“നീയങ്ങേരെ കുടിപ്പിയ്കണ്ടെടീ!
എന്റെ വീട്ടി വന്നപ്പ ഞാനുങ്കൊടുത്തതാ….!
നീയിങ്ങോട്ടുകൊടുക്കാദ്യം!”

അവൾ ശ്രീക്കുട്ടനും റസിയയ്കും കൊടുത്തിട്ടാണ് ട്രേ എന്റെ നേരേ നീട്ടിയത്….!

സെലിനും ചായക്കപ്പുമെടുത്ത് റസിയയോട് ചേർന്നിരുന്ന് ചോദിച്ചു:

“പറ ചേച്ചീയിങ്ങനെ കൊരങ്ങുകളിപ്പിക്കാതെ! ചേച്ചീടെ പേരേലുവൊന്നു പറ!”

“അലമേലുഅമ്മാൾ….”
ഞാൻ ഉറക്കെ അത് പറഞ്ഞപ്പോൾ സെലിൻ എന്നെ ദേഷ്യത്തോടെ നോക്കി!

സെലിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല!

റസിയയെ തട്ടമിട്ട് കണ്ട് പരിചയമുള്ള ആർക്കും തന്നെ ചന്ദനക്കുറിയും വലിയ ആ പൊട്ടും സിന്ദൂരവും ഒക്കെ ആയുള്ള പുതിയ വേഷത്തിൽ മനഃസ്സിലാവുന്നില്ലായിരുന്നു!
വിവാഹം കഴിഞ്ഞ ഉടൻ പോലും!

അപ്പോൾ പിന്നെ പത്ത് വർഷങ്ങൾക്ക് ശേഷം ഒരുപാട് വ്യത്യാസങ്ങൾ രൂപത്തിൽ വന്നതിന് ശേഷം കണ്ട സെലിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ!

റസിയയുടെ ചിരിയിലും ശബ്ദത്തിലുമെല്ലാം ഒരു പരിചിതഭാവം അവൾക്ക് അനുഭവപ്പെടുന്നുണ്ട് താനും!

ശ്രീക്കുട്ടൻ മുന്നോട്ടാഞ്ഞു….

“എന്റെ സെലിനേ കാര്യശ്ശെരിയാ!
ഇവനെ പുകഴ്ത്തുന്നതൊന്നുവല്ല!
നീ കരുതുന്നതിലും ഒക്കെ വലിയ ചെറ്റയാ ഇവൻ….! സോറി! ആയിരുന്നു….!

കൃത്യമായി പറഞ്ഞാ ഞങ്ങളുടെ രജിസ്റ്റർ മാര്യേജിന്റെ അന്നുവരെ!

അന്ന് ഞങ്ങൾ വയനാടിന് പോയിട്ട് തിരികെ വരുമ്പോൾ ഞാൻ കാണുന്നത് ആ പഴയ വറീച്ചനെയല്ല!

പഞ്ചപാവമായ ലിജോയെയാണ്!
അന്ന് തൊട്ട് ദാ നിന്നെ ഈ കാണുന്ന സമയം വരെ!

ആഴ്ചേലൊരു നാലു ദിവസമെങ്കിലുമ്പള്ളീപ്പോകും!
വീട്ടുകാരോടൊപ്പമിരുന്നു പ്രാർത്ഥിയ്കും!
കള്ളും വേണ്ട പെണ്ണുമ്വേണ്ട ആരോടും വഴക്കിനുവില്ല!”

എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങ് ആണ് ഇതെന്നും അതിന് ആളാരെന്നത് അറിയാതെ ഞാൻ ആ പാന്റീസുമായി വന്നതും ശ്രീക്കുട്ടൻ ഇങ്ങനെ ക്ഷോഭിച്ചതിന് തക്കതായ കാരണവും കാണും എന്ന വിശ്വാസവും ഒക്കെ കൂടി ആയപ്പോൾ ഒരൽപ്പം അയഞ്ഞ മോൾ മമ്മിയുടെ ഫോൺ കൂടി വന്നതോടെ ഇനിയൊന്നും പറയാനില്ല എന്ന അവസ്ഥയിൽ ആയി…!

“രജിസ്റ്റർ മാര്യേജ്….?
അപ്പ ഈ അച്ചാച്ചൻ നേരുമ്പറയുവോ…??”

സെലിൻ അതിശയത്തോടെ ശ്രീക്കുട്ടനോട് ഇത് ചോദിച്ചപ്പോൾ ഞാൻ ഒരൽപ്പം ഞെളിഞ്ഞിരുന്നു പറഞ്ഞു:

“എന്റെ മോളേ….നിന്റെ അച്ചാച്ചൻ ജീവിതത്തി സത്യമ്മാത്രേ പറയൂ..!
അല്ലേടീ അലമേലൂ…?”

ഞാൻ റസിയയെ നോക്കി! അവൾ ചിരിച്ചു!

“സെലിനേ…. ഏതാടീ നീയുമായി വല്യ അടുപ്പമൊള്ള ആ കുപ്പിവളക്കച്ചോടക്കാരി…?

നിന്നെ തെരക്കിപ്പോകാന്നു പറയുമ്പോളെല്ലാം ഇവൻ പറയും…

‘എന്തൊണ്ടേലുവവളാ കുപ്പിവളക്കാരത്തി അമ്മയോടു പറയും! ഞാന്തിരക്കീട്ടാണേലാ തള്ള മിണ്ടുന്നുവില്ലെന്ന്…’
അതെവിടാ നിനക്കത്ര ബന്ധമുള്ള ആ കച്ചോടക്കാരി..?”

ശ്രീക്കുട്ടന്റെ ചോദ്യം കേട്ടതും സെലിൻ ഇരുകരങ്ങളും തലയിൽ വച്ചു….

“ന്റെ മാതാവേ….! തള്ളേന്നോ..?
എന്റെ മനുഷ്യാ നിങ്ങളെന്തായിങ്ങനെ…?
വന്നേ ശ്രീയേട്ടാ…”

അവൾ എണീറ്റ് മുറിയിലേയ്ക് നടന്നു.
ഞങ്ങൾ മൂവരും പിന്നാലെയും!

തിരുവനന്തപുരത്തെ വീട്ടിലേത് പോലെ തന്നെ ചെറിയ കർട്ടൻ മാറ്റിയപ്പോൾ മേശനിറയെ തുറന്നിരുന്ന കുപ്പിവളപ്പെട്ടികളും നടുവിൽ ആ പഴയ പളുങ്ക് നിർമ്മിതമായ മാതാവിന്റെ തിരുരൂപവും!

“ഈ ജന്തു തള്ളേന്ന് വിളിച്ചയാളിതാ….”

ശ്രീക്കുട്ടനും റസിയയും ഒരേപോലെ എന്റെ മുഖത്തേയ്ക് നോക്കി!

“അല്ലപിന്നെ! മര്യാദയ്കു പലപ്രാവശ്യഞ്ചോയിച്ചിട്ടും കെഞ്ചിയിട്ടും മിണ്ടില്ലേപ്പിന്നെ ഞാനെന്താ ചെയ്യുന്നേ…?”

ഞാൻ ചോദിച്ചു.

പേരെങ്കിലുവൊന്നു പറ ചേച്ചീന്നും പറഞ്ഞ് സെലിൻ വീണ്ടും റസിയയുടെ പിന്നാലെ പറ്റിക്കൂടി!

“ഞങ്ങടെ കല്യാണത്തിന്റെ അന്ന് രാത്രീ ഇവനൊരു സ്വപ്നം കണ്ട് പേടിച്ചു കാറി…!
അലർച്ച കേട്ടയിലോക്കങ്കാരുവരെ എഴുന്നേറ്റു!

ശ്രീക്കുട്ടൻ സെലിനോട് കഥ പറഞ്ഞ് തുടങ്ങി…..

ഞാൻ തിരികെ എത്തിയതും ഇവൻ ഓടിവന്ന് എന്നോട് പറയുന്നതും ആ കഥ…!

കണ്ട സ്വപ്നം ഒരു ഡെഡ്ബോഡിയുടെ കൈകൾ!

മരക്കുരിശും പിടിച്ച് കിടത്തിയിരിക്കുന്ന വെളുത്ത ഗ്ളൌസുമിട്ട ഡെഡ് ബോഡിയുടെ കൈകൾ മാത്രം!

കൂട്ടത്തിൽ മരണവീട്ടിലെ പാട്ടും അത് പാടുന്നതോ പറങ്ങോട്ടച്ചനും….!!!!

വായും പൊളിച്ച് നിന്ന സെലിൻ കട്ടിലിലേയ്ക് ഇരുന്നു!
ഒപ്പം റസിയയും!

മാതാവിന്റെ മേശയുടെ കർട്ടൻ പഴയത് പോലെ വലിച്ചിട്ട ഞാൻ ഇപ്പുറത്തെ മേശയിലൈയ്ക് ചാരി നിന്നപ്പോൾ ശ്രീക്കുട്ടൻ കസേരയിൽ ഇരുന്ന് തുടർന്നു…

പറഞ്ഞ് വന്നതും ഇവൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി..!
ഇവൻ പോയിട്ടും എനിക്കെന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്….!!!

കള്ളുംകുടിച്ച് സെമിത്തേരീ കെടന്നൊറങ്ങുന്നവനെങ്ങനാ ശവത്തിന്റെ കൈകൾ സ്വപ്നം കണ്ടാ പേടിക്കുന്നത്…?

പിന്നെ മരണഭയം!
അതും ഇവന്റടുത്ത് ഏശില്ല!

ഉത്തരം കിട്ടാതെ ആ ചോദ്യം എന്റെയുള്ളിൽ കിടന്നു….!

മൂന്നര വർഷം കഴിഞ്ഞ് ഞങ്ങള് വീട്ടിവന്നു താമസം തൊടങ്ങീട്ടും ഉത്തരമില്ലാതെ ആ ചോദ്യം ബാക്കി കിടന്നു….!

ഇവനാണേ ഏതു സമയോം പള്ളീലും വളരെ പതിഞ്ഞ സംസാരോം പെരുമാറ്റോം ആകെയൊരു വശപ്പിശക്…!

വയസു മുപ്പതൊക്കെ കടന്നുപോയിട്ട് കാലങ്കൊറേയായില്ലേ!
വീട്ടുകാര് പെണ്ണുകെട്ടാൻ വഴക്ക്!

Leave a Reply

Your email address will not be published. Required fields are marked *