ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24

പക്ഷേ സെലിന്റെ മുന്നിൽ വറീച്ചൻ എന്ന മുടിയനായ പുത്രന്റെ സകലപാപക്കറകളും കഴുകിക്കളയാൻ തക്ക ശക്തിയോടെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം അവളുടെ മുന്നിൽ ലതികചേച്ചി അവതരിച്ചത്…!

പഴയ ആ ലതിക സെലിൻ കല്യാണശേഷം കണ്ട ലതിക ആയത് എന്റെ ഒരൊറ്റ ആളുടെ ഇടപെടൽ കൊണ്ട് മാത്രമാണെന്നും ലതീഷിന്റെ അന്നത്തെ അവസ്ഥയും ശാലിനി സെലിന് പറഞ്ഞ് കൊടുത്തു..!!

കഴിഞ്ഞ മാസം ഒരുദിവസം ശ്രീക്കുട്ടൻ വിളിച്ചത് ശാലിനി അവരുടെ വീട്ടിൽ എത്തിയിരുന്നു എന്ന വിവരവുമായാണ്….!

ശാരിക ഗർഭിണിയാണ് അതിനാൽ കുറശ്ശ് നാൾ മോന്റെ അഡ്മിഷൻ ശരിയാകും വരെ തൃശൂര് ആയിരിക്കും എന്ന് ശാലിനി ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ പറഞ്ഞായിരുന്നു!
ലതികയും കുടുംബവും നാട്ടിൽ എത്തിയിട്ടുണ്ട്!

ലതിക സ്വയം കാറുമോടിച്ച് പാഞ്ഞ് പോകുന്നതും സെക്രട്ടറിയേറ്റ് ജീവനക്കാരനായ ലതീഷ് ബൈക്കിൽ പാഞ്ഞ് പോകുന്നതും ഒക്കെ കണ്ട് എന്നിലും സന്തോഷിയ്കുന്ന ഒരാൾ ഇപ്പോളും അവർ രണ്ടുമായി പരിചയം പോലുമില്ലാതെ തിരശ്ശീലയ്ക് പിന്നിലുമാണ്……

……………വർഷേച്ചി….!!!!!

ശ്രീക്കുട്ടന് ഇപ്പോഴും ശാലിനി ആ പഴയ ശാലിനി തന്നെയാണ്..!
ഞാൻ ഫോണിലൂടെ അതൊട്ട് തിരുത്തിയതുമില്ല!

അവൻ വരുമ്പോൾ ഞങ്ങൾ സായാഹ്നങ്ങളിൽ പഴയത് പോലെ തന്നെ മില്ലിൽ തടിപ്പുറത്ത് ഒത്ത് ചേരാറുണ്ട്!
സെലിനെയും കുട്ടികളേയും റെസിയയുടേയും മക്കളുടേയും അടുത്ത് ആക്കി ഞങ്ങൾ ആ പഴയ ആർ എക്സ് ഹൺഡ്രഡിൽ മില്ലിലേയ്ക് പോകും!

ആ വണ്ടി ഇപ്പോഴും പുത്തൻ പോലാണ് ഞങ്ങൾ സൂക്ഷിച്ചിട്ടുള്ളത്!
ഈ മില്ലിലേയ്കുള്ള യാത്രയ്ക് മാത്രമാണ് അവനെ ഇപ്പോൾ ഉപയോഗിക്കാറ്….!

തടിപ്പുറത്ത് ഇരുന്ന് ഞാൻ അവനോട് ശാലിനിയുടെ ചരിത്രങ്ങൾ മുത്തുവിനെ കണ്ട് മുട്ടുന്നത് മുതൽ എല്ലാ കാര്യങ്ങളും അറിയിച്ചു!

തൃശൂര് വച്ച് അവൾ റെസിയയോട് പറഞ്ഞ ആ ഭർത്താവിന്റെ അനിയൻ എന്ന കഥാപാത്രം വെറും സാങ്കൽപ്പികം ആയിരുന്നു എന്നതും!

ഒരു സിനിമാക്കഥ കേൾക്കും പോലെ ശ്രീക്കുട്ടൻ അമ്പരപ്പോടെ അതും കേട്ട് തരിച്ച് ഇരുന്ന് പോയി….!

അപ്പോളും ലതിക കാണാമറയത്ത് തന്നെ നിന്നു….
സെലിനോടും ഞാൻ നേരത്തേ പറഞ്ഞായിരുന്നു റസിയയോട് ലതിക എന്ന ആളെപ്പറ്റിയേ പറഞ്ഞേയ്കരുത് എന്ന കാര്യം!

റസിയയും ലതികയും തമ്മിൽ മുൻപ് പരിചയം ഒട്ട് ഇല്ല താനും!

നാളെ ഞങ്ങൾ എല്ലാവരും കൂടി ശ്രീക്കുട്ടന്റെ വീട്ടിൽ ഒത്ത് ചേരുകയാണ്…

ഇന്നേദിവസം ശ്രീക്കുട്ടനായി ഞാൻ ഒരുക്കിയിരിയ്കുന്ന സസ്പൻസ് ആണ് ലതിക…!!!

ഞങ്ങൾ കാലത്ത് തന്നെ അവിടെയെത്തി…

കുട്ടികൾ നാല് പേരും കൂടിയാവുമ്പോൾ അമ്മയ്കും ബെറ്റിയ്കും പിന്നെ അടുക്കളയിൽ ഒരു കാര്യവും നടക്കില്ല!

റെസിയയെ അടുക്കളയിൽ സഹായിക്കാനായി സെലിനും ഒപ്പം കൂടി….

ഞാൻ പതിയെ ശ്രീക്കുട്ടനോട് ചോദിച്ചു:

“എടാ… നിന്റെ വയറ്റാട്ടി താടിയ്കിട്ടു തേമ്പുവോടാ..? സന്ദീപൊരു ജോണീവാക്കർ കൊണ്ടുവരാന്നു പറഞ്ഞിട്ടുണ്ട്.. നിന്റെ കെയ്റോഫിലാ എനിയ്ക് രണ്ടുലാർജ്ജ് അടിക്കാമ്പറ്റുന്നേ..!”

കുട്ടികൾ കണ്ണന്റെ അടുത്താണ്..!
എന്റെ മോള് കണ്ണന്റെ അടുത്ത് അടുക്കില്ല മാറി നിൽക്കുകയേ ഉള്ളു!

പക്ഷേ മാത്തൻ! വിത്ത് എന്റെയല്ലേ എങ്ങനെ മടുപ്പ് വരാൻ!!!

ഒരു ചുള്ളിക്കമ്പും എടുത്ത് കണ്ണനെ അടിച്ച് ചട്ടം പഠിപ്പിയ്കുകയാണ്…!

മാത്തനാള് ഭയങ്കര പുള്ളിയാ!
രാത്രിയായാ മാത്രം അമ്മിഞ്ഞ വേണം എന്ന ഒരൊറ്റ കുഴപ്പമേയുള്ളു…!

തല്ലിയിട്ട് കാറെടാ എന്ന് പറയുമ്പോൾ കണ്ണൻ ചെറിയ ഒരു ശബ്ദം പുറപ്പെടുവിച്ച് തലയാട്ടുന്നുമുണ്ട്!!!

അവനും ശരിയ്ക് ആസ്വദിയ്കുകയാണ് ഈ കുട്ടിക്കളികൾ….!

ഞങ്ങൾ തൊടിയിലൂടെ വെറുതേ സംസാരിച്ച് നടക്കുമ്പോൾ ശാലിനിയുടെ തൂവെള്ള പോർഷെ ഗേറ്റ് കടന്ന് ഒഴുകിയെത്തി…

ഞാൻ ശ്രീക്കുട്ടനോട് പതിയെ പറഞ്ഞു:

ശാലിനിയാ പഴയ ശാലിനി തന്നാടാ… കാര്യം കെട്ടിയോന്റെ പോർഷെയും അപ്പന്റെ ഫോർച്ച്യൂണറും വീട്ടിൽ കിടപ്പുണ്ടെങ്കിലും അവളാ പഴയപോലെ തന്നെ മിക്കവാറുമൊക്കെ ഓട്ടോറിക്ഷേയിൽ തന്നാ നടപ്പ്!
ചോദിച്ചാൽ അവളു പറയും ഓ ഇവിടെവന്നച്ചനോടു പറഞ്ഞാ അവനോടുപറാന്നു പറയും അണ്ണൻ മോനേം ചൂണ്ടും!ഇതാവുമ്പം ആരുടേങ്കാലുപിടിക്കണ്ടല്ലോ എന്നെയൊന്നവിടെ കൊണ്ടുപോകാവോന്നുമ്പറഞ്ഞ്.!”

“ശ്രീക്കുട്ടനെന്നെ അറിയില്ലെങ്കിലും എനിക്കു നന്നായറിയാം ഇവനും ശാലിനീം സെലിനുമൊക്കെ പറഞ്ഞ്…”

സന്ദീപ് ചിരിയോടെ ശ്രീക്കുട്ടന് നേരേ കരം നീട്ടി!

ശ്രീക്കുട്ടൻ ആ കൈയിൽ പിടിച്ച് അവനെ ചേർത്തണച്ചു!

“ഇവനുവവളും ഞങ്ങളെയങ്ങൊഴിവാക്കി! റസിയയും ശാലിനീം കണ്ടുമുട്ടിയില്ലാരുന്നേൽ നമ്മളിന്നും കാണില്ലാരുന്നു!”

ശ്രീക്കുട്ടൻ ചിരിച്ചു! കുട്ടികൾ കുട്ടികളോടൊപ്പവും കൂടി ശാലിനി അടുക്കളയിലേയ്കും!

പണികൾ ഒക്കെ ഒതുക്കി പെണ്ണുങ്ങളും ഞങ്ങളോടൊപ്പം തൊടിയിൽ ഒത്ത് കൂടി…

കുട്ടികൾ ആറും കൂടി അമ്മയോടൊപ്പം മറ്റൊരു ലോകത്തും!

ശാലിനിയിപ്പോൾ ശ്രീക്കുട്ടന് ഏറ്റവും പ്രീയപ്പെട്ടവൾ ആയി!

ഞങ്ങൾ നാല് പേരും കൂടി പുൽത്തകിടിയിൽ വട്ടംകൂടിയിരുന്ന് സംസാരിയ്കുമ്പോൾ ശാലിനിയും ശ്രീക്കുട്ടനും ഒരുമിച്ച് മാറിയിരുന്നാണ് സംസാരം!

പെട്ടന്ന് ഒരു ഗോൾഡൻ കളർ ഹോണ്ടാസിറ്റി ഗേറ്റ് കടന്ന് അൽപ്പം മുന്നോട്ട് വന്ന് അവിടെ നിന്നു…

ശ്രീക്കുട്ടനും റസിയയും ഒരുമിച്ച് എണീറ്റ് എത്തിനോക്കി….
ബാക്കി ആർക്കും അത് ആരാണെന്ന ആകാംഷ ഇല്ലല്ലോ!

“അതാരാ വാ…! ഒരു സ്ത്രീ മാത്രമേയൊള്ളല്ലോ? അതെന്താ വണ്ടിയവിടെ നിർത്തിയേ..?”

ശ്രീക്കുട്ടൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ ശാലിനി ഏറ്റുപിടിച്ചു:

“അതുനീ ഞങ്ങളോടാണോ ചോദിക്കുന്നേ..? പോയിനോക്കാരാന്ന്…”

ശ്രീക്കുട്ടനും റെസിയയും കൂടി നടന്ന് വണ്ടിയ്കടുത്ത് എത്താറായതും ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറക്കപ്പെട്ടു!

വെറുതേ ചീകിയിട്ട പട്ട് പോലുള്ള മുടിയും കടുംചുവപ്പിൽ മുൻവശത്ത് ഗോൾഡൻ എംബ്രോയിഡറി വർക്കുകൾ ഉള്ള ചുരിദാറും കാക്കി ലഗിൻസും ധരിച്ച ഒരു സുന്ദരിയായ സ്ത്രീ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി…..
നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞു തമ്മിൽ കണ്ടിട്ട് എങ്കിലും കാലത്തിന് മായ്കാൻ കഴിയാത്ത ഒരു ഓർമ്മപ്പൊട്ട് ലതികയുടെ മൂക്കിൽ ഉണ്ടല്ലോ!

ആദ്യഞെട്ടലിൽ നിന്നും മോചിതനായ ശ്രീക്കുട്ടൻ ലതികയേയും ചേർത്ത് പിടിച്ച് കൊണ്ട് വരുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്….!

“നമ്മടെ മാറീവാനിയോസിലെ ജീവിതം അവസാനിച്ചപ്പോൾ ഞാനിവളെ കൊണ്ടുചെന്ന് ശാലിനീടെ വീട്ടിലാക്കിയാരുന്നെടാ..!
ഇവളെ നിന്റെ കൺമുന്നിൽ ഇങ്ങനെ കൊണ്ടുവന്നു നിർത്താൻ വേണ്ടി മാത്രമായിരുന്നടാ ഇന്നത്തെ നമ്മുടെയീ ഒത്തുചേരൽ…”

ഞാൻ ഇതും പറഞ്ഞ് എണീറ്റ് അവന്റെ മുഖത്തേയ്ക് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *