“പാലക്കാട്..!
അപ്പ നീ കാണാഞ്ചാൻസില്ല!
ഓളു പാലക്കാട്ടുകാരിയാ! പട്ടത്തിയാ അവൻ പ്രേമിച്ചു കെട്ടിയതാ…!”
“ആര് ശ്രീയേട്ടനോ..! പ്രേമിച്ചോ..?”
സെലിന്റെ അതിശയ ശബ്ദം ഉയർന്നു!
ഞങ്ങൾ കതക് തുറന്ന് ഇറങ്ങുമ്പോൾ മുകളിൽ തന്നെ സിറ്റൌട്ടിലെ കറുത്ത മാർബിൾ പതിച്ച ചാരുബെഞ്ചിൽ ശ്രീക്കുട്ടനും റസിയയും വർത്തമാനം പറഞ്ഞ് ഇരിപ്പൂണ്ട്..!
“വെടിനിർത്തൽ കരാർ ഒപ്പിട്ടോ..?
രണ്ടുമൊരു ധാരണേലെത്തിയോ..?”
ശ്രീക്കുട്ടൻ ചിരിയോടെ സെലിനോട് ചോദിച്ചു!
ഞാൻ പറഞ്ഞു:
“ഒന്നുവായില്ല!
കുപ്പിവള നാലെണ്ണമ്പൊട്ടിയപ്പ തൽക്കാലവൊന്നടങ്ങി!
ഞാനൊന്നുമ്പറഞ്ഞില്ല നീ പറഞ്ഞാമതി…!
രസവതല്ല!
ഇവളെ മോളെവിടോ കണ്ടപോലേന്ന്..!
പാലക്കാടുകാരി പട്ടത്തിയെയെങ്ങനാ ഇവളു കാണുന്നേ..ഹഹ..ഹ.?”
“എടീ പിള്ളാരേ… അവിടത്തന്നിരിക്കുവാന്നോടീ?
മോളേ നീയന്നാ ഈ ചായ വന്നങ്ങു കൊണ്ടക്കോ..”
താഴെ നിന്നും സെലിന്റെ വലിയമ്മയുടെ വിളി കേട്ടു!
ശ്രീക്കുട്ടന്റെ പോക്കറ്റിൽ കിടന്ന ഫോൺ ചിലച്ചു:
എടുത്ത് നോക്കിയപ്പോൾ മമ്മി!
അവൻ ഫോൺ സ്പീക്കർ മോഡിലിട്ടു…
“സെലിൻ അടുത്തുണ്ടോടാ…?
കോൾ അറ്റന്റ് ചെയ്തതും മമ്മിയുടെ ചോദ്യം വന്നു…!
“അവളുമവനും ദാ ഇതു കേട്ടോണ്ടിരിക്കുവാ ആന്റീ….”
ശ്രീക്കുട്ടന്റെ മറുപടി കേട്ടതും മമ്മി തുടർന്നു…
“എടീ സെലിനേ….
മോളോടു അമ്മച്ചി കല്യാണാലോചിച്ച പെണ്ണു നീയാന്നു വിളിച്ചു പറഞ്ഞപ്പളാ അവളു നിങ്ങട കാര്യത്തി സംശയമ്പറഞ്ഞേ… പോയേപ്പിന്നെ നീ ഞങ്ങളെപ്പോലും വിളിച്ചതുമില്ലല്ലോന്ന്..!
നിങ്ങളുതമ്മി എന്തോ വലിയ പ്രശ്നങ്കാണും അതും മനസ്സിലായി!
അല്ലേലീ മൂക്കി പല്ലുകിളുക്കും വരെ രണ്ടുവീ നിപ്പു നിക്കുവോ..?
അതെന്തായാലും കാര്യമെന്താണന്നത് ശ്രീക്കുട്ടനറിയാം അതാ അവനേക്കൂടെ പറഞ്ഞുവിട്ടത് വേണേ പറഞ്ഞു പരിഹരിച്ചോ ഇല്ലേലുഞ്ഞങ്ങക്കു യാതൊരു കുഴപ്പോവില്ല!
എന്തായാലും നാളത്തേന്റെ പിന്നത്ത ഞാറാഴ്ച മനഃസമ്മതം! പിറ്റേ ഞായറാഴ്ച തന്നെ മൂന്ന് വിളിച്ചുചൊല്ലും നടത്തി തിങ്കളാഴ്ച മിന്നുകെട്ട്..!
ഇന്നേയ്ക് പതിനഞ്ചാമ്പൊക്കം കല്യാണം!
പിണക്കങ്ങളൊക്കെ അതുകഴിഞ്ഞു തീർത്താലുമ്മതി കേട്ടോടീ…!”
“എല്ലാരും കേട്ടു മമ്മീ…”
ശ്രീക്കുട്ടൻ മറുപടി പറഞ്ഞതും ഫോൺ കട്ടായി…!
“അപ്പ പെണ്ണിവളാന്നു നിനക്കറിയാരുന്നല്ലേടാ തെണ്ടീ..?”
ഞാൻ ശ്രീക്കുട്ടന്റെ നേരേ നോക്കി. അവൻ വായ് പൊളിച്ചു!
“സത്യായുവില്ലടാ….”
ശ്രീക്കുട്ടൻ സെലിനെ സന്തോഷത്തോടെ നോക്കി:
“ഇവന്റെ വായീന്നു തെറീന്തല്ലുകൊള്ളി വർത്താനങ്ങളും നീണ്ടയേഴു വർഷങ്ങളു കൂടിയാ ഈ കേക്കുന്നത്…!
ഞാങ്കരുതി ഇത്രോം പ്രായവൊക്കെ ആയില്ലേ മര്യാദയായീന്ന്….!”
സെലിൻ പുഞ്ചിരിയോടെ താഴേയ്ക് ഓടി …. ചായ എടുക്കാൻ!
ട്രേയിൽ ചായയുമായി വന്ന സെലിൻ ട്രേ ശ്രീക്കുട്ടന് നേരേ നീട്ടിയപ്പോൾ റസിയ പറഞ്ഞു:
“നീയങ്ങേരെ കുടിപ്പിയ്കണ്ടെടീ!
എന്റെ വീട്ടി വന്നപ്പ ഞാനുങ്കൊടുത്തതാ….!
നീയിങ്ങോട്ടുകൊടുക്കാദ്യം!”
അവൾ ശ്രീക്കുട്ടനും റസിയയ്കും കൊടുത്തിട്ടാണ് ട്രേ എന്റെ നേരേ നീട്ടിയത്….!
സെലിനും ചായക്കപ്പുമെടുത്ത് റസിയയോട് ചേർന്നിരുന്ന് ചോദിച്ചു:
“പറ ചേച്ചീയിങ്ങനെ കൊരങ്ങുകളിപ്പിക്കാതെ! ചേച്ചീടെ പേരേലുവൊന്നു പറ!”
“അലമേലുഅമ്മാൾ….”
ഞാൻ ഉറക്കെ അത് പറഞ്ഞപ്പോൾ സെലിൻ എന്നെ ദേഷ്യത്തോടെ നോക്കി!
സെലിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല!
റസിയയെ തട്ടമിട്ട് കണ്ട് പരിചയമുള്ള ആർക്കും തന്നെ ചന്ദനക്കുറിയും വലിയ ആ പൊട്ടും സിന്ദൂരവും ഒക്കെ ആയുള്ള പുതിയ വേഷത്തിൽ മനഃസ്സിലാവുന്നില്ലായിരുന്നു!
വിവാഹം കഴിഞ്ഞ ഉടൻ പോലും!
അപ്പോൾ പിന്നെ പത്ത് വർഷങ്ങൾക്ക് ശേഷം ഒരുപാട് വ്യത്യാസങ്ങൾ രൂപത്തിൽ വന്നതിന് ശേഷം കണ്ട സെലിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ!
റസിയയുടെ ചിരിയിലും ശബ്ദത്തിലുമെല്ലാം ഒരു പരിചിതഭാവം അവൾക്ക് അനുഭവപ്പെടുന്നുണ്ട് താനും!
ശ്രീക്കുട്ടൻ മുന്നോട്ടാഞ്ഞു….
“എന്റെ സെലിനേ കാര്യശ്ശെരിയാ!
ഇവനെ പുകഴ്ത്തുന്നതൊന്നുവല്ല!
നീ കരുതുന്നതിലും ഒക്കെ വലിയ ചെറ്റയാ ഇവൻ….! സോറി! ആയിരുന്നു….!
