വില്ലൻ- 2

പോകാം…ഷാഹി മറുപടി നൽകി

ചന്ദ്രേട്ടനും ഷാഹിയും സ്കൂട്ടറിൽ ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക് ഇറങ്ങി…അവർ പോകുന്നത് കോപത്തിന്റെ കഴുകൻകണ്ണുകൾ കൊണ്ട് ഒരാൾ കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു…ആ കണ്ണുകളിൽ ദേഷ്യത്തിന്റെയും നിരാശയുടെയും തീനാളങ്ങൾ കത്തി…

ബാംഗ്ലൂരിന്റെ തിരക്കുപിടിച്ച പാതകളിലൂടെ ചന്ദ്രേട്ടൻ വണ്ടി ഓടിച്ചു…ഷാഹി പിന്നിലിരുന്ന് വഴിയൊരക്കാഴ്ചകൾ കണ്ടു…
കാണുന്നതോരോന്നും അവൾക് അത്ഭുതമായിരുന്നു..വിലപിടിച്ച കാറുകൾ..ആധുനികതയുടെ അടയാളങ്ങളായ കടകൾ… ഇതുവരെ കാണാത്ത ട്രാഫിക് നിയമബോർഡുകൾ…പൊടിയും വൃത്തികെട്ട നാറ്റവും നിറഞ്ഞ അന്തരീക്ഷം..ടിവിയിൽ കാണുന്ന മോഡൽസിനെ പോലെ മോഡേൺ ഡ്രെസ്സുകൾ അണിഞ്ഞ ആളുകൾ…എല്ലാം ഷാഹി എന്ന നാട്ടിൻപുറത്തുകാരിക്ക് പുതിയതായിരുന്നു…എന്നാൽ ഒരു മാറ്റം മാത്രം അവളെ വേദനിപ്പിച്ചു…അവളുടെ നാട്ടിൽ എവിടെയെങ്കിലും കണ്ടിരുന്ന ഭിക്ഷക്കാരെ അവൾ ബാംഗ്ലൂരിന്റെ ഓരോ പാതകളിലും കണ്ടു…എത്രയെത്ര വികസനം വന്നാലും ഇവർക്ക്മാത്രം ഒരു മാറ്റവുമില്ല…അവൾ ഓർത്തു…

സ്കൂട്ടർ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു വിജനമായ പാതയിലേക്ക് പ്രവേശിച്ചു..റോഡിന് ചുറ്റും നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞുനിന്നിരുന്നു… കിളികളുടെ കളകളാരാവം അവളുടെ ചെവികൾക്ക് കുളിർമയേകി…ദൂരെ നിന്നിരുന്ന മരങ്ങളിൽ പുഷ്പങ്ങൾ വിരിഞ്ഞ് നിന്നിരുന്നത് അവളുടെ മനസ്സിന് ആനന്ദം പകർന്നു…അവൾ ആ സ്ഥലത്തിന്റെ മനോഹാരിതയിൽ ലയിച്ചിരുന്നു… ഷാഹിക്ക് എന്തോ ആ സ്ഥലം വളരെയധികം ഇഷ്ടമായി…ആ റോഡിൽ അടുത്തടുത്ത് വീടുകൾ കുറവായിരുന്നു…ഒരു ശാന്തത അവിടെ നിറഞ്ഞുനിന്നിരുന്നു..

ആ റോഡിലൂടെ പോയി ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ സ്കൂട്ടർ വലത്തോട്ട് തിരിഞ്ഞു ഒരു വലിയ മതിലിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കയറി…അപ്പോഴാണ് ഷാഹി ആ വീട് ശ്രദ്ധിച്ചത്…അതിനെ വീട് എന്ന് വിളിച്ചാൽ തെറ്റായിപോകും…ഒരു കൊട്ടാരമായിരുന്നു അത്…അത്രയും വല്യ ഒരു മാളികയായിരുന്നു അത്…വീടിനുമുന്നിൽ ഒരു ചെറിയ പൂന്തോട്ടം..മുറ്റത്തിന്റെ പാലഭാഗങ്ങളിലുമായി പലതരം മരങ്ങൾ നിരന്നു നിന്നിരുന്നു…

വീടിന്റെ പോർച്ചിൽ ഒരു ബെൻസ് കാർ കിടക്കുന്നുണ്ടായിരുന്നു… വഴിയിൽ ഒരു കിടിലൻ ജീപ്പും..ജീപ്പിൽ ഒരു ആൾ ഇരിക്കുന്നുണ്ടായിരുന്നു..ചന്ദ്രേട്ടൻ സ്കൂട്ടർ കൊണ്ടുപോയി വീടിന്റ മുന്നിൽ നിർത്തി…ഷാഹി ബാഗുകൾ എല്ലാം എടുത്ത് സ്കൂട്ടറിൽ നിന്ന് ഇറങ്ങി…ജീപ്പിലിരുന്ന ആൾ അവരുടെ അടുത്തേക്ക് നടന്നുവരുന്നുണ്ടായിരുന്നു..കറുത്തിട്ട് ഒരു ആറടി നീളമുള്ള ആൾ ആയിരുന്നു അത്…അയാൾക്ക് അയാളുടെ നീളത്തിനൊത്ത തടിയും നല്ല ശരീരവും ഉണ്ടായിരുന്നു…

ഇതാണ് മോളെ വീട്..ചന്ദ്രേട്ടൻ പറഞ്ഞു

ഇതിന് വീട് എന്ന് ആരേലും പറയുമോ ചന്ദ്രേട്ടാ..ഷാഹി ചോദിച്ചു

ചന്ദ്രേട്ടൻ അത് കേട്ടുചിരിച്ചു..അപ്പോഴേക്കും ജീപ്പിൽ ഇരുന്ന ആൾ അവരുടെ അടുത്തേക്ക് എത്തി…ഇതാകും കുഞ്ഞുട്ടൻ എന്ന് ഷാഹി മനസ്സിൽ കരുതി…

എന്തൊക്കെയുണ്ട് ചന്ദ്രണ്ണാ വിശേഷം…അയാൾ ചോദിച്ചു…

നമുക്കൊക്കെ എന്ത് വിശേഷം മോനെ…അങ്ങനെ പോകുന്നു…ചന്ദ്രേട്ടൻ മറുപടി പറഞ്ഞു…എന്നിട്ട് ഷാഹിയുടെ നേരെ നോക്കി ഇതാണ് കുഞ്ഞുട്ടൻ എന്ന് പറഞ്ഞു.കുഞ്ഞുട്ടൻ കൈ തന്റെ നേരെ നീട്ടി ഷേക്ക് ഹാൻഡ് തന്നു…എന്നിട്ട് പറഞ്ഞു

“ഐ ആം ദി ഗ്രേറ്റ് കുഞ്ഞുട്ടൻ”
അത് പറയുമ്പോൾ ഉള്ള കുഞ്ഞുട്ടന്റെ മട്ടും ഭാവവും എല്ലാം കണ്ടപ്പോൾ എനിക്ക് ചെറുതായി ചിരി വന്നു..

ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ഷഹനാ എന്ന് മറുപടി നൽകി…

ന്നാ കുടിയിരുപ്പ് അങ്ങ് നടത്തിയാലോ…കുഞ്ഞുട്ടൻ കളിയായി ചോദിച്ചു

അതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി

കുഞ്ഞുട്ടൻ താക്കോൽ കീശയിൽ നിന്ന് എടുത്തിട്ട് പോയി വാതിൽ തുറന്നു..എന്നിട്ട് താക്കോൽ എന്റെ നേരെ നീട്ടി..

ഇനി നീയാണ് ഇവിടുത്തെ കാര്യസ്ഥ…കുഞ്ഞുട്ടൻ തമാശയായി പറഞ്ഞു…

ഞാൻ താക്കോൽ വാങ്ങി…കുഞ്ഞുട്ടൻ വീട്ടിനുള്ളിലേക്ക് കടന്നു…എന്നെ വിളിച്ചിട്ട് വീടൊക്കെ കാണാൻ പറഞ്ഞു…ഞാനും ചന്ദ്രേട്ടനും വീടിനുള്ളിൽ കയറി… വലിയ ഒരു വീടായിരുന്നു അത്…സ്വപ്നത്തിൽ പോലും ഞാൻ ഇത്രയും വലിയ വീട് കണ്ടിട്ടില്ല…ഞാൻ ആദ്യം കണ്ട റൂമിൽ കയറി..ഒരു സിംഗിൾ കോട്ടഡ് ബെഡ്‌റൂം..മേശ, അലമാര,ഷെൽഫ് അങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളും ഉള്ള മുറി..

“മിഴിമുന നെഞ്ചിൽ കൊണ്ട് കറുകറുത്തു ഞാൻ…

ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ..

അശകുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ..

അടിമുദിവടിവഴകിൽ നീ ഒന്നാം നമ്പർ…

സോനാ സോനാ ഞാൻ ഒന്നാം നമ്പർ…

പടയടിഅടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ”

ഞാൻ എന്താണ് സംഗതി എന്നറിയാൻ പുറത്തുപോയി നോക്കി…പുറത്തുപോയി നോക്കിയപ്പോൾ കുഞ്ഞുട്ടൻ ചെറുതായി ഡാൻസ് കളിച്ചുകൊണ്ട് തന്റെ കീശയിൽ നിന്നും ഫോൺ എടുക്കുന്നുണ്ട്..കുഞ്ഞുട്ടന്റെ ഫോണിന്റെ റിങ്ടോൺ ആയിരുന്നു അത്…എനിക്ക് അത് കണ്ട് നല്ലോണം ചിരി വന്നു…ഞാൻ വേഗം റൂമിൽ കയറി നല്ലൊരു ചിരി അങ്ങട് പാസ്സാക്കി..എന്നിട്ട് പുറത്തിറങ്ങി…കുഞ്ഞുട്ടനെ അവിടെ കാണാൻ ഇല്ലായിരുന്നു…ചന്ദ്രേട്ടന് ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു..

പിന്നീട് ഞാൻ ഓരോ റൂമും പോയി കണ്ടു..അവയെല്ലാം എന്റെ ആകാംഷ വർധിപ്പിച്ചു…എന്നാൽ ഇവിടെയാണ് താൻ ഒറ്റയ്ക്ക് താമസിക്കേണ്ടത് എന്ന് ഓർത്തപ്പോൾ അവൾക്ക് ചെറിയ പേടി തോന്നാതിരുന്നില്ല…
വീടിന്റെ ഉള്ളിന്റെ ഉള്ള് ഒരു നാലുകെട്ട് പോലെ ആയിരുന്നു…നടുവിൽ ഒരു ആമ്പൽക്കുളം ഉണ്ടായിരുന്നു…ഞാൻ ആ കുളത്തിന്റെ മനോഹാരിത ആസ്വദിച്ചു..ആ കുളത്തിൽ ചില ആമ്പലുകൾ വിരിഞ്ഞിരുന്നത് കാണാൻ വളരെ ഭംഗി ആയിരുന്നു…വീടിന്റെ പിന്നിൽ ഒരു ചെറിയ ജിം സെറ്റപ്പ് ഉണ്ടായിരുന്നു.. ഞാൻ രണ്ടാം നിലയിലേക്ക് കയറാൻ നിന്നില്ല..അടുക്കളയിലേക്ക് നടന്നു…നല്ല വൃത്തിയുള്ള അടുക്കള ആയിരുന്നു…ആണുങ്ങൾ മാത്രം ഉള്ള വീട്ടിലെ അടുക്കള ആണെന്ന് കണ്ടാൽ പറയില്ല…ചെറുപ്പം തൊട്ടേ അമ്മയോടൊപ്പം അടുക്കളയിൽ കയറാൻ തുടങ്ങിയതിനാൽ പാചകത്തിൽ ഷാഹിക്ക് ഒരു പേടിയും ഇല്ലായിരുന്നു..അവൾ അടുക്കളയിലെ ഷെൽഫിൽ പോയി സാധനങ്ങൾ നോക്കി…മിക്കവാറും എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു..ഞാൻ ഗ്യാസ് ഓണാക്കി തീ കത്തിച്ചു പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വെച്ചു…എന്നിട്ട് അടുക്കളയൊക്കെ ഒന്ന് മൊത്തത്തിൽ നോക്കിക്കണ്ടു..വെള്ളം തിളയ്ക്കാൻ തുടങ്ങിയപ്പോൾ കാപ്പിപ്പൊടി ഇട്ടു.. വെള്ളത്തെ ഒന്നുകൂടി തിളച്ചുമറിയാൻ വിട്ടു…എന്നിട്ട് പാത്രം അടുപ്പത്തുനിന്ന് വാങ്ങിവെച്ചു..ഗ്യാസ് ഓഫാക്കി…കാപ്പിയിൽ പഞ്ചസാര ഇട്ടിട്ട് ഇളക്കി…മൂന്ന് കപ്പുകൾ കഴുകിയെടുത്തു..എന്നിട്ട് കാപ്പി മൂന്നുകപ്പിലേക്ക് പകർന്നു…അത് ഒരു ട്രേയിലാക്കി അവൾ വീടിന്റെ മുന്നിലേക്ക് നടന്നു…കുഞ്ഞുട്ടനും ചന്ദ്രേട്ടനും സോഫയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *