വില്ലൻ- 2

ആഹാ… ഇപ്പോൾ തന്നെ അടുക്കളഭരണം ഏറ്റെടുത്തോ… അവൾ കാപ്പിയുമായി വരുന്നത്‌കണ്ട് കുഞ്ഞുട്ടൻ ചോദിച്ചു

ചെറുതായിട്ട്…ഷാഹി മറുപടി നൽകിയിട്ട് അവർക്ക് കാപ്പി കൊടുത്തു…

ആഹാ..അപ്പൊ ഇങ്ങനെയും ഉണ്ടാക്കാം അല്ലെ കോഫി…കുഞ്ഞുട്ടൻ രണ്ടുമൂന്നു കവിൾ കാപ്പികുടിച്ചിട്ട് ചന്ദ്രേട്ടനോടായി പറഞ്ഞു…ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി…ചന്ദ്രേട്ടനും ഷാഹിയുടെ കാപ്പിയിൽ വീണിരുന്നു…

അല്ലാ… ഞാൻ നിന്നെ എന്താ വിളിക്കേണ്ടത്…ചന്ദ്രേട്ടനെപോലെ മോളെ എന്നൊന്നും വിളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല…I am still young and handsome…കുഞ്ഞുട്ടൻ പറഞ്ഞു…എന്നിട്ട് ചന്ദ്രേട്ടനെ നോക്കീട്ട് ഒരു ആക്കിയ ചിരി ചിരിച്ചു

മോനേ ഈ കാരിരുമ്പ്‌ ശരീരവും ഒരിക്കൽ ചുക്കിചുളിയും…ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട് പറഞ്ഞു

ഇങ്ങള് ന്റെ മുത്തല്ലേ… കുഞ്ഞുട്ടൻ ചന്ദ്രേട്ടന്റെ കഷണ്ടിതലയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു

കുഞ്ഞുട്ടന്റെ സ്നേഹപ്രകടനം കണ്ടപ്പോൾ ചന്ദ്രേട്ടനും ഷാഹിക്കും ഒരേപോലെ ചിരിപൊട്ടി…
എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി…ഷാഹി ഇരുവരോടുമായി പറഞ്ഞു…

അപ്പൊ ഷാഹി…താങ്ക്സ് ഫോർ ദി കോഫി…കുഞ്ഞുട്ടൻ പറഞ്ഞു..

ഷാഹി കപ്പുകൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു…അത് കൊണ്ടുവെച്ചിട്ട് തിരിച്ചു വന്നപ്പോ ഹാളിൽ കുഞ്ഞുട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു…ചന്ദ്രേട്ടൻ പുറത്തുള്ള പൂന്തോട്ടത്തിലേക്ക് നടന്നിരുന്നു…

“മിഴിമുന നെഞ്ചിൽ കൊണ്ടു കറു കറുത്തു ഞാൻ

ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ

അശ കുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ

അടിമുടിവടിവഴകിൽ നീ ഒന്നാം നമ്പർ

സോനാ സോനാ ഞാൻ ഒന്നാം നമ്പർ

പടയടി അടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ”

കുഞ്ഞുട്ടന്റെ ഫോൺ പിന്നേം ചിലച്ചു…അത് കേട്ടപ്പോ ഷാഹിക്ക് പിന്നേം ചിരിപൊട്ടി…അത് കുഞ്ഞുട്ടൻ കണ്ടു.കുഞ്ഞുട്ടൻ ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു..എന്നിട്ട് കട്ട് ചെയ്തു..

എന്തുപറ്റി…ഷാഹിയോട് കുഞ്ഞുട്ടൻ ചോദിച്ചു

ഒന്നുമില്ല എന്ന് തോൾ അനക്കികൊണ്ട് ഷാഹി മറുപടി നൽകി

മണിചേട്ടനെ ഇഷ്ടമില്ലേ… കുഞ്ഞുട്ടൻ ചോദിച്ചു

ഇഷ്ടമാണ്…ഷാഹി മറുപടി നൽകി

മ്മളെ മുത്താണ് മണിചേട്ടൻ… എന്നാ ഒരു മനുഷ്യനാണ് മൂപ്പര്… എത്ര പ്രശസ്തി വന്നപ്പോളും മൂപ്പർ ചാലക്കുടിക്കാർക്ക് പഴയ മണി തന്നെയായിരുന്നു…അങ്ങനെ ആവണം മനുഷ്യൻ…ഇപ്പോഴുള്ള എത്ര നടൻമാർ ഉണ്ട് അങ്ങനെ…കുഞ്ഞുട്ടൻ പറഞ്ഞു…

ശെരിയാ…മണിചേട്ടനെപോലെ എന്നും മണിചേട്ടൻ മാത്രമേ ഒള്ളൂ… ഷാഹി കുഞ്ഞുട്ടനോട് പറഞ്ഞു..

പിന്നെ മൂപ്പരെ നാടൻപാട്ടുകൾ ഉണ്ട്…എന്നാ ഒരു എനർജിയാ…നമുക്ക് എണീറ്റുനിന്ന് ഡാൻസ് കളിയ്ക്കാൻ തോന്നും…ഇപ്പോഴത്തെ പിള്ളേരുടെ റാപ്പിനും കോപ്പിനും ഒന്നും അത് നടക്കൂല്ല..അതിനൊക്കെ മ്മടെ മണിചേട്ടന്റെ നാടൻപാട്ട്…കുഞ്ഞുട്ടൻ ആവേശത്തോടെ പറഞ്ഞു..

“ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..

ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ…”

ഷാഹി രണ്ടുവരി മൂളി..

നീ ആള് കൊള്ളാമല്ലൊടി കാന്താരി…ഞാൻ കരുതി ഒരു പാവം മിണ്ടാപ്പൂച്ച ആണ് എന്ന്… കുഞ്ഞുട്ടൻ സന്തോഷത്തോടെ പറഞ്ഞു..ഷാഹി അതുകേട്ട് ചിരിച്ചു…

ന്നാ ഒന്നൂടെ..കുഞ്ഞുട്ടൻ പറഞ്ഞു…
“ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..

ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ…

ചെമ്പല്ലി കരിമീൻ ചെമ്മീന്…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണെ” രണ്ടുപേരും ഒന്നിച്ചുപാടി

ഇതെന്താ ഇവിടെ പാട്ടുകച്ചേരിയാണോ..പാട്ടുകേട്ട് വന്ന ചന്ദ്രേട്ടൻ ചോദിച്ചു…

ന്റെ ചന്ദ്രേട്ടാ ഇവൾ അത്ര പാവം ഒന്നും അല്ല കേട്ടോ…നമ്മളെ ഒക്കെ ഗ്യാങിൽ ചേർക്കാൻ പറ്റിയ മൊതലാണ്… കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്നാ നമുക്ക് അങ്ങട് ഇറങ്ങിയാലോ.. ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട് ചോദിച്ചു…

എന്നാ ഇറങ്ങിയേക്കാം…കുഞ്ഞുട്ടൻ പറഞ്ഞു..

എന്നാ മോളെ ഞങ്ങൾ പോവ്വാണ്…വീടൊക്കെ നല്ല പോലെ നോക്കുക…ഇവിടുന്ന് ഒരു 2 km അപ്പുറത്താണ് എന്റെ വീട്..മോൾക്ക് എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം…ഞാൻ നിന്റെ നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ ഇപ്പൊ ഇടാം..അത് സേവ് ചെയ്തോളൂ ട്ടോ…ചന്ദ്രേട്ടൻ ഷാഹിയോട് പറഞ്ഞു…

ശരി ചന്ദ്രേട്ടാ…അവൾ മറുപടി നൽകി

കുഞ്ഞുട്ടൻ ഷാഹിയുടെ അടുത്ത് ചെന്ന് തന്റെ വിസിറ്റിംഗ് കാർഡ് അവൾക്ക് കൊടുത്തു…കൂടെ ഒരു അയ്യായിരം രൂപയും..ഷാഹി വേണ്ടാ എന്ന് പറഞ്ഞ് കൈവലിച്ചു…

ഇത് സമറിന്റെയും എന്റെയും വീടാണ്…ഇവിടെ നിക്കുന്നവർക്ക് ഒരു കുറവും ഞങ്ങൾ വരുത്തില്ല… കുഞ്ഞുട്ടൻ അവളുടെ കയ്യിലേക്ക് ബലമായി പൈസ ഏൽപ്പിച്ചു…

അപ്പോൾ റൂമിന്റെ വാടക..? ഷാഹി ചോദിച്ചു…

അത് സമർ തീരുമാനിച്ചോളും… അവൻ വന്നിട്ട് നോക്കാം…പിന്നെ എന്തേലും ഉണ്ടെങ്കിൽ വിളിക്കുക…അത് പ്പൊ ഏത് നേരത്താണെങ്കിലും… എന്തേലും കാര്യം ഉണ്ടെങ്കിൽ അവൻ വിളിക്കും..അവൻ വിളിക്കുന്ന നമ്പർ സേവ് ചെയ്തോണ്ട്… കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു…

കുഞ്ഞുട്ടനും ചന്ദ്രേട്ടനും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി…കുഞ്ഞുട്ടൻ ജീപ്പിൽ കയറുന്നതിനുമുൻപ് തിരിഞ്ഞു ഷാഹിയോട് പറഞ്ഞു..”നമ്മുടെ യഥാർത്ഥ പാട്ടുകച്ചേരി സമർ വന്നിട്ട് ട്ടോ”

ആയിക്കോട്ടെ…ഷാഹി മറുപടി നൽകി…
അവർ രണ്ടുപേരും വണ്ടിയെടുത്ത് പോയി.. കുഞ്ഞുട്ടന്റെ വണ്ടി കുറച്ചു ദൂരം പോയിട്ട് നിർത്തി…എന്നിട്ട് താൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

അവൾക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല സംശയവുമില്ല…വീട്ടിൽ ഉണ്ട്..ഇനിയെല്ലാം നീ നോക്കിയാൽ മതി…കുഞ്ഞുട്ടൻ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്ത് ജീപ്പ് എടുത്തുപോയി..

ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു…റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട് പറഞ്ഞു…അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു…എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക് തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു… അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി…അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു അടുത്തായുള്ള റൂം എടുത്ത് അവിടെ തന്റെ ബാഗിൽ ഉള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം അടുക്കി വെച്ചു… കിടക്ക ഒന്ന് തട്ടിത്തുടച്ചിട്ട് വിരി വിരിച്ചു…റൂം എല്ലാം ശേരിയാക്കി..അവൾ അറ്റാച്ച്ഡ്‌ കുളിമുറിയിൽ കയറി നല്ല ഒരു കുളി പാസ്സാക്കി…

കുളി കഴിഞ്ഞു ഡ്രസ്സ് ഇട്ടപ്പോളുണ്ട് ഫോൺ ബെല്ലടിക്കുന്നു..എടുത്തുനോക്കിയപ്പോ അറിയാത്ത ഒരു നമ്പർ…ഷാഹി കാൾ അറ്റൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *