വെള്ളിത്തിര – 2 10

പക്ഷേ, ഗുരുവായൂരും പാലക്കാടുമായി കുറേ നാൾ അലഞ്ഞു തിരിഞ്ഞതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല..

കടമുറിയുടെ വാടക വലിയ തുകയൊന്നുമായിരുന്നില്ല…

അത്യാവശ്യം ചിലവിനും ഭൂരിഭാഗവും കച്ചേരിക്കു പോകുവാനും ആ പണം മതിയാകുമായിരുന്നില്ല…

നാട്ടിൽ നിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന കാശ് തീർന്നതും ശ്രീനിവാസൻ ഏതെങ്കിലും ജോലി നേടാൻ നിർബന്ധിതനായി…

ഒന്നാമത് സംഗീതഭ്രാന്ത്……

രണ്ടാമത് ഒരു ജോലിയും അറിയില്ല..

വീടും കടമുറികളും വിൽക്കരുത് എന്ന് മരണക്കിടക്കയിൽ വെച്ച് അമ്മ അയാളോട് പറഞ്ഞിരുന്നു…

അച്ഛന്റെയും അമ്മയുടെയും സമ്പാദ്യത്തിൽ ബാക്കിയുണ്ടായിരുന്നത് ശ്രീനിവാസന്റെ വിവാഹം നടക്കുന്ന കാലത്ത് കൊടുത്തേല്പിക്കുവാനും ഒരകന്ന വിശ്വസ്തനായ ബന്ധുവിനെ , അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു…

അഗ്രഹാരങ്ങളിലെ ചുവരുകൾക്കുള്ളിലൊതുങ്ങാതെ, മകന്റെ വാസനയെ മിനുക്കിയെടുക്കാൻ തങ്ങൾ ചെയ്തതെല്ലാം പാഴ് വേലയായ മനസ്താപത്തിലാണ് ആ അച്ഛനും അമ്മയും മരണപ്പെട്ടത്…

ഒന്നിലും നൈപുണ്യമില്ലാത്ത, തന്റെ മകൻ അത് നിർവ്വാഹമില്ലാതെ വിൽക്കുമെന്നും അത് കൂടി ഇല്ലാതായാൽ തന്റെ മകനെ ആരും തിരിഞ്ഞു നോക്കില്ലെന്നും ആ വൃദ്ധ കണക്കുകൂട്ടിയിരുന്നിരിക്കാം…

തന്റെ സംഗീതഭ്രമം മനസ്സിലൊതുക്കി അയാൾ അറിയാവുന്ന അടുത്ത വഴി നോക്കി…

ഹസ്തരേഖാ ശാസ്ത്രം……………!

തത്തയും ചീട്ടും കണ്ണാടിയുമായി കുറച്ചു കാലം കറങ്ങി…

സുമുഖനും സുന്ദരനും ചെറുപ്പക്കാരനുമായ കൈ നോട്ടക്കാരനെ ആളുകൾ സംശയത്തോടെയാണ് വീക്ഷിച്ചത്…

അതിലും വലിയ മെച്ചമോ പുരോഗതിയോ ഉണ്ടായിരുന്നില്ല…

അല്ലെങ്കിലും അന്നന്നേത്തേക്കുള്ള അന്നം മാത്രമായിരുന്നുവല്ലോ ശ്രീനിവാസന്റെ ലക്ഷ്യം…

അദ്ധ്വാനിച്ചു ജീവിക്കുക, അല്ലെങ്കിൽ പൊരുതി നേടുക, എന്നത് ജീവിത ശൈലിയല്ലാത്ത ഒരു സമൂഹത്തിൽ നിന്നും വന്ന ശ്രീനിവാസന്റെ ജീവിതം അങ്ങനെയങ്ങു ഒഴുകിത്തുടങ്ങി…

അതിനിടയിൽ ഒരു രഥോത്സവത്തിന് കൊടിയേറി…

എങ്ങും ഉത്സവമേളം…

അങ്ങനെ ഒരു രാത്രി തന്റെ തന്നെ കടമുറിയുടെ മുൻപിൽ മുനിഞ്ഞു കത്തുന്ന റാന്തലിനരികെ തത്തയും കൂടുമായിരിക്കുന്ന ശ്രീനിവാസന്റെയടുത്തേക്ക് മൂന്നാലു പെൺകുട്ടികൾ വന്നു… ….

മൂന്ന് ദാവണികൾ…..

ഒരു ചുരിദാറുകാരി…

നാട്ടിലെ കറക്കത്തിനിടയിൽ കണ്ടു പോയ മുഖങ്ങളാണ്… ….

വഴിയിൽ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പോകുന്നതു കാണാറുണ്ട്…….

അതിലൊരാൾ സേതുലക്ഷ്മിയായിരുന്നു…

റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് സേതുലക്ഷ്മി തന്റെ ഇടതു കൈ നീട്ടി…

പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾ കൈത്തണ്ടയെ ചുംബിച്ചിരിക്കുന്നു…

മൃദുവായ അവളുടെ ഉള്ളം കയ്യിലേക്ക് നോക്കി , ശ്രീനിവാസൻ മുഖമുയർത്തി…

“” നിക്ക് , നിങ്ങളെയൊക്കെ അറിയാലോ… പിന്നെ ഞാനെന്തു പറയാനാ… ? ”

“” അറിയുന്നോരുടെ കൂട്ടം പറഞ്ഞൂടാന്നുണ്ടോ… ?””

സേതുലക്ഷ്മിയുടെ ചുമലിൽ കയ്യിട്ടു നിന്ന ചുരിദാറുകാരിയാണത് ചോദിച്ചത്…

കൂട്ടത്തിൽ കുറച്ചു പരിഷ്ക്കാരി അവളാണെന്ന് തോന്നിക്കുമായിരുന്നു…

“ അതില്ല……… പക്ഷേ, ഞാനെന്തു പറഞ്ഞാലും നിങ്ങൾക്കത് വിശ്വാസായി തോന്നില്ല… “

“” അത് ഞങ്ങള് വിശ്വസിച്ചോളാം… ല്ലേ , സേതൂ………. “

ചുരിദാറുകാരി ചുമൽ കൊണ്ട് സേതുലക്ഷ്മിയെ ചെറുതായി ഇടിച്ചു …

ശ്രീനിവാസൻ സേതുലക്ഷ്മിയെ നോക്കി…

നേരിയ ലജ്ജ അവളുടെ മുഖത്തു പടരുന്നത് അയാൾ കണ്ടു..

അയാൾ ഇടതുവശത്തിരുന്ന തത്തയുടെ കൂടിന്റെ കൊളുത്തെടുത്തു…

ഇടം വലം നോക്കി , തത്ത പതിയെ ചീട്ടിനടുത്തേക്കു വന്നു..

നിരത്തിയിട്ടിരിക്കുന്ന ചീട്ടുകളിലൊന്നു കൊത്തിയെടുത്തു വലിച്ചിട്ട് , തത്ത തിരികെ കൂട്ടിലേക്കു കയറി…

ശ്രീനിവാസൻ തത്ത എടുത്തിട്ട ചീട്ട് , റാന്തലിന്റെ വെളിച്ചത്തിലേക്ക് പിടിച്ചു നിവർത്തി…

മഹാലക്ഷ്മീസമേതനായ നാരായണൻ..!!!

സേതുലക്ഷ്മിയുടെ മുഖം ഒന്നുകൂടി തുടുത്തത് ശ്രീനിവാസൻ കണ്ടു…

“” നല്ല രാശി………. “

ശ്രീനിവാസൻ പറഞ്ഞു……

“” കല്യാണമാ………. ? “”

ചുരിദാറുകാരി ചോദിച്ചു..

“” എല്ലാമേ………..””

ശ്രീനിവാസന്റെ സ്വരത്തിൽ പരമ്പരാഗത ജ്യോതിഷഭാഷ കടന്നുവന്നു……

“” രാമനുക്ക് സീത.. .ഉമയ്ക്ക് ഹരൻ… നാരായണന് ലക്ഷ്മി… മനം പോലെ മാംഗല്യം നാൻ നിനക്കിറേൻ… “”

സേതുലക്ഷ്മിയുടെ ഇടതു വശത്തിരുന ദാവണിക്കാരി, അവളുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുക്കുന്നത് ശ്രീനിവാസൻ കണ്ടു…

“ നിങ്ങള് മുഴുവനും പറ………. “

ചുരിദാറുകാരിയും നിലത്തേക്കിരുന്നു…

“” ദക്ഷിണ കൊടപ്പാ………. ”

ശ്രീനിവാസൻ , സുബ്രഹ്മണ്യന്റെ പുറം ചട്ടയുള്ള ഒരു പഴയ ഡയറി നിവർത്തി അവരുടെ മുൻപിലേക്ക് നീക്കി വെച്ചു…

ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ശംഖൊലി കേട്ടു…

പിന്നാലെ ഒരു ഗുണ്ടിന്റെ ശബ്ദവും… ….

“ എത്രയാ… …. ?””

ശബ്ദം നിലച്ചപ്പോൾ ചോദിച്ചത് സേതുലക്ഷ്മിയായിരുന്നു…

“” ഉള്ളത് മതി… ….”

വലം കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ചിരുന്ന “”മയിലിന്റെ പത്തുരൂപാ നോട്ട് “ കൈ വെള്ളയിലിട്ടു തന്നെ വിടർത്തി സേതുലക്ഷ്മി ഡയറിയിലേക്കു വെച്ചു…

ശ്രീനിവാസൻ ഡയറിയടച്ചു…

കമ്പക്കെട്ടിന് തീ കൊളുത്തിയിരുന്നു…

നിളയുടെ കരയിലെ വർണ്ണ വിസ്ഫോടനങ്ങൾ മുഖത്തും നെഞ്ചിലുമേന്തി, ശ്രീനിവാസന്റെ ചുറ്റിനും പെൺകൊടികൾ നിരന്നിരുന്നു…

“” ഇവളാഗ്രഹിക്കുന്ന ആളിനെ കിട്ടും എന്ന് ഉറപ്പാണോ… ? “

എഴുന്നേൽക്കുമ്പോൾ സംശയ നിവൃത്തിക്കെന്നവണ്ണം ചുരിദാറുകാരി ഒന്നു കൂടി ചോദിച്ചു…

“” സംശയമെന്താ……….. “

ശ്രീനിവാസൻ ചിരിച്ചു…

പെൺകുട്ടികൾ അയാൾക്കരികിൽ നിന്നും തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…

അല്പ ദൂരം പോയ ശേഷം അവർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു..

ഇടയ്ക്ക് താനിരിക്കുന്നിടത്തേക്ക് നോക്കുന്നതു കണ്ടപ്പോൾ ശ്രീനിവാസനും ചുറ്റിനുമൊന്നു നോക്കി…

ഏയ്…

തന്റെ പിന്നിലാരുമില്ല…

തന്നെ തന്നെയാണ്…

തന്റെ പ്രവചനങ്ങളൊന്നും ശരിയല്ലേ… ?

ജ്യോതിഷം സത്യമാണല്ലോ… !

അങ്ങനെ സംഭവിക്കാൻ വഴിയില്ല..

അവർ സന്തോഷമായിട്ടാണ് പോയതും…

ഇനി തന്നെ കളിയാക്കിയതാണോ…………?

ചുരിദാറിട്ട പെൺകുട്ടി, സേതുലക്ഷ്മിയെ ഒന്നു രണ്ടു തവണ തള്ളിവിടാൻ ശ്രമിക്കുന്നത് കൺകോണാൽ ശ്രീനിവാസൻ ശ്രദ്ധിച്ചു…

എന്തോ പന്തികേടുണ്ട്… ….!

ശ്രീനിവാസൻ വസ്ത്രങ്ങൾ നേരെയാക്കി ഒന്നുകൂടി നിവർന്നിരുന്നു…

അടുത്തിരുന്ന കവറിൽ നിന്ന് ഒരു ചെറുപഴമെടുത്ത് തത്തയുടെ കൂടു തുറന്ന് അകത്തേക്ക് വെച്ചതും ചുരിദാറുകാരിയും മറ്റൊരു ദാവണിക്കാരിയും അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

“ ഒരു കാര്യം പറയാൻ മറന്നു…”

ചുരിദാറുകാരി ശ്രീനിവാസനെ നോക്കി..

“” പറഞ്ഞോളൂ… “

നേരിയ ഒരു പരിഭ്രമം ചുരിദാറുകാരിയുടെ മുഖത്ത് ശ്രീനിവാസൻ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *