ദാസനെന്നു വിളിപ്പേരുള്ള മോഹൻദാസ് സേതുലക്ഷ്മിയുടെ ഇളയ സഹോദരനാണ്…
സേതുലക്ഷ്മി, മുഷിഞ്ഞ വസ്ത്രങ്ങൾ കൈത്തണ്ടയിൽ തൂക്കി..
“” മന്ത്രയുടെ അടിയുടുപ്പെവിടെ…? “
കൈത്തണ്ടയിലെ വസ്ത്രങ്ങൾ എണ്ണിനോക്കി , സേതുലക്ഷ്മി ചോദിച്ചു..
“” അഴേലുണ്ട്… “
മന്ത്രമിത കൈകൾ കുടഞ്ഞ് മൂരി നിവർത്തി…
“” ഇതിലില്ലാന്ന്…”
പറഞ്ഞതും സേതുലക്ഷ്മി കട്ടിൽകാൽക്കൽ ചുരുട്ടിക്കൂട്ടിയതു പോലെ കിടക്കുന്ന പെറ്റിക്കോട്ട് കണ്ടു…
“” അസത്തേ……”
ഏന്തിവലിഞ്ഞ് സേതുലക്ഷ്മി മന്ത്രമിതയുടെ തുടയിലൊരടി കൊടുത്തു…
അപ്രതീക്ഷിതമായ അടിയിൽ മന്ത്രമിത ഒന്നു കുലുങ്ങി…
തല കുടഞ്ഞ് അവൾ സംഗതി അറിഞ്ഞു വന്നപ്പോഴേക്കും പെറ്റിക്കോട്ടുമെടുത്ത് , സേതുലക്ഷ്മി മനുമിതയുടെ ചെവിയിൽ പിടുത്തമിട്ടിരുന്നു…
“ ഇളേറ്റുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് നൂറാവർത്തി പറഞ്ഞാലും കേക്കില്ല…….”
മധുമിതയ്ക്കുള്ള നുള്ള് തനിക്കു കിട്ടിയ കലിപ്പിൽ മനുമിത മന്ത്രമിതയെ നോക്കി കണ്ണുരുട്ടി…
“” ഞാൻ അലക്കും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ദോശ ഉണ്ടാക്കി വെച്ചോണം… “
ഉത്തരവിട്ട് സേതുലക്ഷ്മി മുറിക്കു പുറത്തിറങ്ങി..
സേതുലക്ഷ്മിയുടെ കുളിയും അലക്കും രാവിലെ പുഴയിലാണ്…
മന്ത്രമിതയെ ഇടയ്ക്ക് പുഴയിൽ കൊണ്ടുപോകും എന്നല്ലാതെ, മധുമിതയോ മനുമിതയോ വയസ്സറിയിച്ച ശേഷം പുഴയിലേക്ക് കൊണ്ടുപോകാറില്ല..
ഞരട് കിട്ടിയ ചെവിയിൽ തലോടിക്കൊണ്ട് മനുമിത കിടക്കയിൽ നിന്നും എഴുന്നേറ്റു…
മധുമിത…
മനുമിത……….
മന്ത്രമിത………………
യഥാക്രമം ഡിഗ്രിയ്ക്കും പത്താം തരത്തിലും ആറാം തരത്തിലും പഠിക്കുന്നവർ…
സേതുലക്ഷ്മിയുടെയും ശ്രീനിവാസന്റെയും മൂന്നു പെൺകുട്ടികൾ…
കല്പാത്തിയുടെയും ശേഖരിപുരത്തിനുമിടയ്ക്കായി, അഗ്രഹാരങ്ങളിൽ പെടാത്ത കുറച്ചു വീടുകളുണ്ട്…
തമിഴ് ബ്രാഹ്മണൻമാരുടെ ആശ്രിതരും സംബന്ധക്കാരുമായി പതിറ്റാണ്ടുകൾക്കു മുൻപേ കുടിയേറിയവരിൽ പെട്ടവരുടെ പിൻ തലമുറക്കാരും അല്ലാത്തവരും…
ശ്രീനിവാസൻ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു പോയതായിരുന്നു…
ബാല്യം പാലക്കാടായിരുന്നു…
കുറച്ചു കാലം സംഗീതം പഠിച്ചു..
പിന്നെ തറവാട്ടു വക ജ്യോതിഷവും…
അച്ഛന്റെയും അമ്മയുടെയും മരണശേഷം സഹോദരങ്ങളില്ലാത്ത ശ്രീനിവാസൻ , തന്റെ ജ്യോതിഷത്തിനും സംഗീതത്തിനുമൊന്നും തമിഴ്നാട്ടിൽ ആരും വില കൽപ്പിക്കാത്തതിനാൽ തിരിച്ചു പാലക്കാടിന് വണ്ടി കയറി…
ശേഖരീപുരത്തുള്ള അനാഥമായിക്കിടക്കുന്ന വീടും രണ്ടു ചെറിയ കടമുറികളുമായിരുന്നു തിരികെ വരാനുള്ളതിന്റെ പ്രധാന കാരണം……
സംഗീതം തന്നെയായിരുന്നു അയാൾക്കെല്ലാം…
പക്ഷേ, ഗുരുവായൂരും പാലക്കാടുമായി കുറേ നാൾ അലഞ്ഞു തിരിഞ്ഞതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല..
കടമുറിയുടെ വാടക വലിയ തുകയൊന്നുമായിരുന്നില്ല…
അത്യാവശ്യം ചിലവിനും ഭൂരിഭാഗവും കച്ചേരിക്കു പോകുവാനും ആ പണം മതിയാകുമായിരുന്നില്ല…
നാട്ടിൽ നിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന കാശ് തീർന്നതും ശ്രീനിവാസൻ ഏതെങ്കിലും ജോലി നേടാൻ നിർബന്ധിതനായി…
ഒന്നാമത് സംഗീതഭ്രാന്ത്……
രണ്ടാമത് ഒരു ജോലിയും അറിയില്ല..
വീടും കടമുറികളും വിൽക്കരുത് എന്ന് മരണക്കിടക്കയിൽ വെച്ച് അമ്മ അയാളോട് പറഞ്ഞിരുന്നു…
അച്ഛന്റെയും അമ്മയുടെയും സമ്പാദ്യത്തിൽ ബാക്കിയുണ്ടായിരുന്നത് ശ്രീനിവാസന്റെ വിവാഹം നടക്കുന്ന കാലത്ത് കൊടുത്തേല്പിക്കുവാനും ഒരകന്ന വിശ്വസ്തനായ ബന്ധുവിനെ , അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു…
അഗ്രഹാരങ്ങളിലെ ചുവരുകൾക്കുള്ളിലൊതുങ്ങാതെ, മകന്റെ വാസനയെ മിനുക്കിയെടുക്കാൻ തങ്ങൾ ചെയ്തതെല്ലാം പാഴ് വേലയായ മനസ്താപത്തിലാണ് ആ അച്ഛനും അമ്മയും മരണപ്പെട്ടത്…
ഒന്നിലും നൈപുണ്യമില്ലാത്ത, തന്റെ മകൻ അത് നിർവ്വാഹമില്ലാതെ വിൽക്കുമെന്നും അത് കൂടി ഇല്ലാതായാൽ തന്റെ മകനെ ആരും തിരിഞ്ഞു നോക്കില്ലെന്നും ആ വൃദ്ധ കണക്കുകൂട്ടിയിരുന്നിരിക്കാം…
തന്റെ സംഗീതഭ്രമം മനസ്സിലൊതുക്കി അയാൾ അറിയാവുന്ന അടുത്ത വഴി നോക്കി…
