അതിലെ പോയാലും റോഡിൽ ചെല്ലാം…
ഇടതുവശത്തുള്ള ഇരുവശങ്ങളും കയ്യാലകൾ കെട്ടിത്തിരിച്ച, എളുപ്പമുള്ള നടവഴിയിലൂടെ നിരാശനായി ശ്രീനിവാസൻ നടന്നു…
കയ്യാലകൾക്കു മുകളിൽ മുള്ളുവേലി…
ഇടതു വശത്തെ സ്ഥലം കുറുപ്പിന്റെ തന്നെയാണ്…
വലതു വശത്തുള്ളത് ക്ഷേത്രഭൂമിയും…
പത്തു മീറ്ററോളം ശ്രീനിവാസൻ മുന്നോട്ടു നടന്നതും വേലിക്കപ്പുറത്തു നിന്ന് ഒരു ഇളക്കമുണ്ടായി….
മുഖമുയർത്തിയ ശ്രീനിവാസൻ അവളെ കണ്ടു…
സേതുലക്ഷ്മി……….!
തന്റെ സേതു…….!
ഹൃദയത്തിലെ തിരയിളക്കത്താൽ ശ്രീനിവാസൻ കുളിർ കോരിയതു പോലെ വിറച്ചു…
സന്ധ്യയിൽ നിറദീപം പോലെ സേതുലക്ഷ്മി……….
ആ പ്രകാശം മതിയായിരുന്നു , ഇരുളടഞ്ഞ അവന്റെ ഹൃദയം വർണ്ണപൂരിതമാകുവാൻ…
വേലിയിൽ കൈ കുത്തി, അവൾ നിന്നു കിതച്ചു…
വെളുത്ത നിറത്തിലുള്ള ഒരു പഴയ ഹാഫ് സാരിയും ബ്ലൗസുമായിരുന്നു അവളുടെ വേഷം…
“” ഞാം കണ്ട്… പടിപ്പുര കടന്ന് വരണത്…”
“” പൊറത്തേക്ക് കണ്ടില്ല…….”
ശ്രീനിവാസനും ശ്വാസമെടുത്തു…
“” എപ്പഴാ വന്നേ……….””
ചോദ്യത്തോടൊപ്പം ഇരുവരും മുന്നോട്ടു നടന്നു……
പറമ്പിനകത്തേക്കും പുറത്തേക്കും വഴിയുണ്ടായിരുന്നില്ല…
“” വൈകിട്ട്…….””
“ തെരഞ്ഞു വന്നതാ……….?””
“ വരാതെ പറ്റ്വോ………..?””
അവളുടെയടുത്തേക്ക് ചെല്ലാൻ ഒരു വഴി തിരയുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു….
ഒടുവിൽ മുള്ളുവേലിയകന്നു മാറിയ ഇട കണ്ടതും ശ്രീനിവാസൻ ഒറ്റച്ചാട്ടത്തിന് പറമ്പിലേക്ക് കയറി…
“ അമ്പലത്തിലും നോക്കി… “
“” വരാൻ പറ്റൂല………. “
സേതുലക്ഷ്മി മുഖം കുനിച്ചു…
ശ്രീനിവാസന് കാര്യം മനസ്സിലായി…
പറയാൻ വന്നതെല്ലാം മറന്ന് ഒരു നിമിഷം ഇരുവരും ഇടവേളയെടുത്തു…
ഇരുവരും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു…
“” ഒരു മാസമായില്ലല്ലോ… …. “”
കുസൃതിയോടെ സേതുലക്ഷ്മി മുഖമുയർത്തി..
“” ഒരു കൊല്ലം കഴിഞ്ഞ പോലാ… “”
ശ്രീനിവാസൻ അവളിലേക്കടുത്തു…
“” നിക്കും………. “
അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി…
“” അച്ഛനോടെന്താ പറഞ്ഞേ…….?””
“” നൂറു രൂപ കടം വാങ്ങി… “”
ശ്രീനിവാസൻ കാര്യം വിശദീകരിച്ചു…
സേതുലക്ഷ്മി വായ പൊത്തി ചിരിയടക്കി…
“ രണ്ടീസായി കോളേജിൽ പോയിട്ട്… വയ്യായിരുന്നു…””
“” നാളെയോ… ?””
“ നാളെ വരും… “
സേതുലക്ഷ്മി പെട്ടെന്ന് പറഞ്ഞു…
“” അതെന്തിനാ… ? അപ്പോൾ വയ്യായ്കയില്ലേ………? “”
ശ്രീനിവാസനും ചിരിച്ചു……
“ എന്തിനാ അച്ഛനോട് പൈസ കടം വാങ്ങാൻ വന്നേ… ?””
“”കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട്… “
പ്രതീക്ഷിച്ച മറുപടി അല്ലാത്തതിനാൽ സേതു ലക്ഷ്മിയുടെ മുഖം ഒന്നു വാടി……
“” പൈസ കിട്ടിയല്ലോ… പൊയ്ക്കൂടെ…””
“” എന്നൊരാള് പിടിച്ചു നിർത്തുവാ… “
“” ആര്… ….?””
“” അതൊക്കെയുണ്ട്……….””
ഇരുവരും ഒരടികൂടി അടുത്തു…
വീണ്ടും മൗനം…
“” വീട്ടിലന്വേഷിക്കില്ലേ… ….?””
“ ഇങ്ങനുള്ളപ്പോൾ പുറത്താ താമസം.. കുളിമുറിയിലാണെന്ന് കരുതാൻ ടാപ്പു തുറന്നിട്ടാ ഞാനോടി വന്നേ… “
“” അതെന്തിനാ……..?””
സേതുലക്ഷ്മി മിണ്ടിയില്ല…
“” പറയെന്ന്……….”
“” എനിക്കു വയ്യായിരുന്നു ശ്രീനിയേട്ടാ………. “
ഗദ്ഗദം വിഴുങ്ങിയ വാക്കുകൾ അവളിൽ നിന്ന് ചിതറി വീണു…
ശ്രീനിവാസന്റെ മിഴികളും നിറഞ്ഞു…
“” വിശപ്പില്ല , പഠിക്കാൻ വയ്യ… ന്നിനും………. “
ഇരുവരും ഒരടികൂടി അടുത്തു…
“” വല്യ ധൈര്യം തന്നാണല്ലോ ന്നെ പറഞ്ഞു വിട്ടേ……….”
ശ്രീനിവാസൻ കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു…
“ ചങ്കുപൊട്ടിയാ പറഞ്ഞു വിട്ടേ………. “
ഒരേങ്ങലോടെ സേതുലക്ഷ്മി അയാളുടെ നെഞ്ചിലേക്ക് വീണു…
അവൾ വീഴാൻ കാത്തിരുന്നതു പോലെ ശ്രീനിവാസൻ അവളെ ചുറ്റിപ്പിടിച്ചു…
ആദ്യ സ്പർശനം… !
അത് കറകളഞ്ഞ പ്രണയത്തിന്റെ ഹൃദയസ്പർശനമായിരുന്നു…
“” പഴേ കത്തൊക്കെ കൊറേ വായിച്ച്… “
അയാളുടെ നെഞ്ചിൽ കിടന്ന് അവൾ വിങ്ങിപ്പൊട്ടി…
“” ഞാനും……….””
ശ്രീനിവാസനും വിതുമ്പി… ….
“” ഒറക്കം വരണ്ടേ………. “
“” നിക്കും………. “
“” കോളേജ് വിട്ട് ഒരീസം തിരുപ്പൂർക്ക് പോന്നാലോന്ന് ആലോയ്ച്ച്………. “
“” പേടിയില്ലാ……….?””
“ നിക്കൊന്നു കണ്ടാ മാത്രം മതിയാരുന്ന്………. “
സേതുലക്ഷ്മി ശ്രീനിവാസന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി…
