വെള്ളിത്തിര – 2 18

കുറുനിരകൾ……….

മുടിയിഴകൾ വിയർപ്പിൽ നനഞ്ഞു , പറ്റിച്ചേർന്ന നെറ്റിത്തടം……….

തെളിമയില്ലാത്ത ആ കാഴ്ചയ്ക്ക് , മനസ്സാ ശ്രീനിവാസൻ റാന്തൽത്തിരി ഒന്നുകൂടി ഉയർത്തി…

ഇപ്പോൾ വ്യക്തമാണ് കാഴ്ച…

അവളുടെ കൃഷ്ണമണികൾ മിന്നുന്നുണ്ടായിരുന്നു…

അവളുടെ നാസികത്തുമ്പിൽ സ്വേദകണങ്ങൾ ഹിമകണങ്ങളായിരുന്നു…

മേൽച്ചുണ്ടിനുമേൽ വിയർത്തിരുന്നു…

അധരം ശോണമായിരുന്നു…

അത് തുടക്കമായിരുന്നു…

ഒരു പ്രണയത്തിന്റെ തുടക്കം…

ഒരു മനോഹര ബന്ധത്തിന്റെ തുടക്കം…

ഒരുമിച്ച് കൂടെയുണ്ടാകുമെക്കാലവും എന്ന ഇരു മനസ്സുകളുടെ വാഗ്ദാനം …

സേതുലക്ഷ്മി അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു…

പോരാത്തതിന് മുറച്ചെറുക്കനുമായി വിവാഹം വാക്കാൽ പറഞ്ഞുവെച്ചിരുന്നവളും…

പ്രായത്തിൽ ഏഴെട്ടു വയസ്സ് വ്യത്യാസവും…

അതുകൊണ്ടു തന്നെ ശ്രീനിവാസൻ അവളെ ആദ്യം പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു…

അത് വിലപ്പോയില്ല എന്ന് മാത്രമല്ല, സേതുലക്ഷ്മി മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു…

“ ന്നെ വേണ്ടാച്ചാ പറഞ്ഞാ മതി… കല്പാത്തിപ്പുഴേല് ആഴൊള്ള സ്ഥലോക്കെ നിക്ക് നിശ്ചയംണ്ട്………. “

അതായിരുന്നു ശ്രീനിവാസനോട് സേതുലക്ഷ്മിക്കുണ്ടായിരുന്ന പ്രണയം…

കടമുറിയ്ക്കു പിന്നിലെ മരഗോവണിയ്ക്കു മറവിൽ നിന്ന്, ഒരു നടുക്കത്തിൽ ശ്രീനിവാസൻ അവളെ നോക്കി…

“ സേതൂ………..!””

“” തത്തയും കൂടുമായി നടക്കണതൊന്നും നിക്കു കുറച്ചിലായി തോന്ന്ണില്യാ… കാക്കാലനും കാക്കാലത്തിയൊന്നും കുടുമ്മമില്ലാത്തോരാ……….?””

ശ്രീനിവാസൻ അവളെ മാത്രം ,അവളെ മാത്രം നോക്കി നിന്നു…

“ ല്ലേലും ഒട്ടുമില്ലായ്മക്കാരനൊന്നൂല്ലല്ലോ ശ്രീനിയേട്ടൻ… …. “

ശ്രീനിവാസനു മറുപടിയുണ്ടായിരുന്നില്ല…

കാര്യങ്ങൾ സേതു പറഞ്ഞത് ശരി തന്നെയാണ്…

“” നേരം വൈകി… നാളെ ക്ലാസ്സ് കഴിഞ്ഞ് മൈതാനത്ത് ഞാൻ നോക്കും.. വന്നില്ലാച്ചാ………. “

സേതുലക്ഷ്മിയുടെ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…

“” വന്നില്ലാച്ചാ………”

ചെല്ലുവാൻ കഴിയാതിരിക്കില്ലായിരുന്നു ശ്രീനിവാസന്…

കോട്ടമൈതാനത്തിന്റെ തിരക്കുകൾക്കിടയിൽ തത്തയും കൂടുമായി ഇരുന്ന ശ്രീനിവാസനെന്ന കാക്കാലനു ചുറ്റും സേതുലക്ഷ്മിയും കൂട്ടുകാരികളുമിരുന്നു…

ചുരിദാറുകാരിക്കു പിന്നിൽ , മറഞ്ഞെന്ന പോലെയായിരുന്നു സേതുലക്ഷ്മിയിരുന്നത്…

“” ദക്ഷിണ കൊടപ്പാ………..””

ആൾക്കാർ തങ്ങളെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്നതു കണ്ട ശ്രീനിവാസൻ അല്പം ഉച്ചത്തിൽ പറഞ്ഞു…

ചുറ്റിനും ഒന്നു നോക്കിയ ശേഷം സേതുലക്ഷ്മി, തന്റെ തുണിസഞ്ചി തുറന്നു…

നോട്ടുബുക്കിന്റെ ഇതളുകൾക്കിടയിലൊളിപ്പിച്ച, നാലാക്കി മടക്കിയ കടലാസ് ധൃതിയിൽ എടുത്ത് അവൾ , ശ്രീനിവാസൻ തുറന്നു വെച്ച ഡയറിയിലേക്കു വെച്ചു…

അത് ഹൃദയമായിരുന്നു…

സേതുലക്ഷ്മിയുടെ ഹൃദയം…

അവൾ പറയാനാഗ്രഹിക്കുന്നതിന്റെ ആയിരത്തിലൊരംശം പോലും അതിലില്ലായിരുന്നുവെങ്കിലും…

പ്രണയലേഖനം ദക്ഷിണയായി സ്വീകരിച്ച്, ശ്രീനിവാസൻ തത്തയുടെ കൂടിന്റെ കൊളുത്തിളക്കി…

അടുത്ത രഥോത്സവം കൊടിയേറുന്നതിനു മുൻപേ , പിരിയാൻ കഴിയാത്ത വിധം ശ്രീനിവാസനും സേതുലക്ഷ്മിയും അടുത്തു പോയിരുന്നു…

കൂട്ടുകാരൊഴികെ, മറ്റൊരാളും ആ ബന്ധം അറിയാതിരിക്കാൻ ഇരുവരും നന്നായി ശ്രദ്ധിച്ചിരുന്നു..

അല്ലെങ്കിലും ശ്രീനിവാസനെ ആ ഒരു കാര്യത്തിൽ ആരും സംശയിക്കാനിടയുണ്ടായിരുന്നില്ല…

ഒരിക്കൽ പോലും ശ്രീനിവാസൻ അവളുടെ കൈവിരൽത്തുമ്പിൽ പോലും സ്പർശിച്ചിരുന്നില്ല…

എന്നിരുന്നാലും സേതുലക്ഷ്മി ആ അദൃശ്യമായ സ്പർശനം അനുഭവിച്ചറിഞ്ഞിരുന്നു…

ഒരാൾക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാൻ സ്പർശനങ്ങളോ, ചുംബനങ്ങളോ വേണ്ടിയിരുന്നില്ല എന്നതും വസ്തുതയായിരുന്നു…

ഒരു നോട്ടം… ….

ഒരു പുഞ്ചിരി… ….

ചിലപ്പോൾ ഒന്ന് കവിൾ വീർപ്പിച്ചു കൊഞ്ഞനം കുത്തും…

അതുമല്ലെങ്കിൽ, രണ്ടോ മൂന്നോ മിനിറ്റു നേരത്തേയ്ക്ക് മിണ്ടാതെയിരിക്കും……

അതായിരുന്നു അവരുടെ ഇണക്കവും പിണക്കവും…

അതായിരുന്നു അവരുടെ പ്രണയം… ….

Leave a Reply

Your email address will not be published. Required fields are marked *