വെള്ളിത്തിര – 2 18

“” സംശയമെന്താ……….. “

ശ്രീനിവാസൻ ചിരിച്ചു…

പെൺകുട്ടികൾ അയാൾക്കരികിൽ നിന്നും തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…

അല്പ ദൂരം പോയ ശേഷം അവർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു..

ഇടയ്ക്ക് താനിരിക്കുന്നിടത്തേക്ക് നോക്കുന്നതു കണ്ടപ്പോൾ ശ്രീനിവാസനും ചുറ്റിനുമൊന്നു നോക്കി…

ഏയ്…

തന്റെ പിന്നിലാരുമില്ല…

തന്നെ തന്നെയാണ്…

തന്റെ പ്രവചനങ്ങളൊന്നും ശരിയല്ലേ… ?

ജ്യോതിഷം സത്യമാണല്ലോ… !

അങ്ങനെ സംഭവിക്കാൻ വഴിയില്ല..

അവർ സന്തോഷമായിട്ടാണ് പോയതും…

ഇനി തന്നെ കളിയാക്കിയതാണോ…………?

ചുരിദാറിട്ട പെൺകുട്ടി, സേതുലക്ഷ്മിയെ ഒന്നു രണ്ടു തവണ തള്ളിവിടാൻ ശ്രമിക്കുന്നത് കൺകോണാൽ ശ്രീനിവാസൻ ശ്രദ്ധിച്ചു…

എന്തോ പന്തികേടുണ്ട്… ….!

ശ്രീനിവാസൻ വസ്ത്രങ്ങൾ നേരെയാക്കി ഒന്നുകൂടി നിവർന്നിരുന്നു…

അടുത്തിരുന്ന കവറിൽ നിന്ന് ഒരു ചെറുപഴമെടുത്ത് തത്തയുടെ കൂടു തുറന്ന് അകത്തേക്ക് വെച്ചതും ചുരിദാറുകാരിയും മറ്റൊരു ദാവണിക്കാരിയും അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

“ ഒരു കാര്യം പറയാൻ മറന്നു…”

ചുരിദാറുകാരി ശ്രീനിവാസനെ നോക്കി..

“” പറഞ്ഞോളൂ… “

നേരിയ ഒരു പരിഭ്രമം ചുരിദാറുകാരിയുടെ മുഖത്ത് ശ്രീനിവാസൻ കണ്ടു..

ആദ്യം കണ്ട കൂസലില്ലായ്മയും ചിരിയൊട്ടിച്ചേർന്ന മുഖഭാവവും അവളിൽ അപ്പോൾ ഉണ്ടായിരുന്നില്ല…

ഒരകലം വിട്ടാണ് നിൽക്കുന്നത്…

ദാവണിക്കാരി അവിടെ ശ്രദ്ധിക്കാത്ത മട്ടിൽ മറ്റെങ്ങോ നോക്കിയാണ് നിൽക്കുന്നതും…

“” പറഞ്ഞില്ല………..””

ശ്രീനിവാസൻ ഓർമ്മിപ്പിച്ചു..

“” സേ……….തു പറഞ്ഞു വിട്ടതാ…”

ചുരിദാറുകാരി ഒന്നു വിക്കി…

“” കുട്ടി കാര്യം പറയ്………. “

ചുരിദാറുകാരി ശ്രീനിവാസനെ ഒന്നു നോക്കി…

പിന്നെ മുഖം മാറ്റിക്കളഞ്ഞു…

“” സേതൂന് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു……”

ഒറ്റ വീർപ്പിന് പറഞ്ഞു തീർന്നതും ചുരിദാറുകാരി ദാവണിക്കാരിയുടെ കൈ പിടിച്ചു വലിച്ച് സ്ഥലം വിട്ടിരുന്നു…

ശ്രീനിവാസൻ ഒരു നിമിഷം അന്തിച്ചിരുന്നു…

കല്പാത്തിപ്പുഴയുടെ കരയിൽ വീണ്ടും വർണ്ണ വിസ്മയങ്ങൾ ഒരുങ്ങിത്തുടങ്ങിയിരുന്നു…

പ്രകമ്പനമേറിയ ഒരു ഗുണ്ടായിരുന്നു ആദ്യം……….

പിന്നീടത് ആരോഹണക്രമത്തിലെന്നപോൽ ലോപിച്ചു വന്നു…

അല്ലെങ്കിൽ കാതും മനസ്സും അതുമായി താദാത്മ്യം പ്രാപിച്ചുവെന്നും പറയാം…

ഇടയ്ക്ക് ഒരു വർണ്ണക്കുട വിരിഞ്ഞു…

ആകാശവിതാനത്തിന്റെ അനന്തതയിൽ നൂലില്ലാപ്പട്ടം പോലെ അതങ്ങനെ ഒഴുകി നടന്നു…….

അടുത്ത് , തെങ്ങിൻ പൂക്കുല വിരിഞ്ഞു…

എട്ടു വശങ്ങളിലേക്കും മണൽച്ചേർന്ന അഗ്നിരേഖകൾ വിടർന്നു പാഞ്ഞു…

ഹൃദയം കുളിർത്ത്, മിനുസമാർന്ന കാലടിയിൽ മണലുരഞ്ഞ് ഇക്കിളിയാർന്ന അനുഭവം…

വർണ്ണമാലകൾ പിന്നാലെ വന്നു… ….

പല വിധ നിറങ്ങളിൽ വെടിമരുന്നു നിറച്ച പുഷ്പങ്ങൾ ആകാശവിസ്മയം തീർക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ഗുണ്ടു കൂടി മുഴങ്ങി…

തിരികെ അവരോഹണത്തിലേക്ക്… ….

ശ്രീനിവാസൻ ഒന്നു കുലുങ്ങി…

ചിമ്മിപ്പോയ മിഴികൾ അടച്ചു തുറന്ന് അയാൾ മുന്നിലേക്ക് നോക്കിയെങ്കിലും അയാൾ ഉദ്ദേശിച്ച ദാവണിക്കാരിയും കൂട്ടുകാരും കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല…

ശ്രീനിവാസനെ ചെറുതായി വിയർത്തിരുന്നു…

ചുമലിൽ കിടന്ന കാവിത്തോർത്തിനാൽ മുഖം തുടയ്ക്കവേ അയാൾ കൂട്ടിൽ കിടക്കുന്ന തത്തയെ നോക്കി…

“” ഞാനും കേട്ടു…………” എന്ന അർത്ഥത്തിൽ തത്ത ഒന്നു ചിലച്ചു.

പിന്നെ, ലജ്ജയോടെ അയാൾക്കു മുഖം കൊടുക്കാതെ, പിൻതിരിഞ്ഞ്, കൂട്ടിനുള്ളിലെ വളയത്തിൽ കിടന്ന് ഊഞ്ഞാലാടിത്തുടങ്ങി…

ഇരു കൈകളും പിന്നിലേക്ക് നിരക്കി കുത്തി , ശ്രീനിവാസൻ ശ്വാസം ഒന്നു വലിച്ചു വിട്ടു..

എന്താണ് ആ കുട്ടി പറഞ്ഞിട്ടു പോയത്… ?

അത് താൻ വ്യക്തമായി കേട്ടതാണല്ലോ…

ശ്രീനിവാസന്റെ ഹൃദയം പതിയെ മന്ദഹസിച്ചു തുടങ്ങി…

“” വദനം സോമം…… മമ സഖീ ബിംബം………. “

മനസ്സ് മായികതയാൽ മൂളിത്തുടങ്ങുന്നത് ശ്രീനിവാസൻ അറിയുന്നുണ്ടായിരുന്നു….

സേതു……….!

സേതുലക്ഷ്മി……….!

മുനിഞ്ഞു കത്തുന്ന റാന്തലിന്റെ വെളിച്ചത്തിലിരുന്ന അവളുടെ മുഖം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു…

Leave a Reply

Your email address will not be published. Required fields are marked *