വെള്ളിത്തിര – 2 18

ശ്രീനിവാസന്റെ മനസ്സ് എരിപൊരി സഞ്ചാരം കൊണ്ടു…

ഒരൊറ്റ വഴി………..!

ക്ഷേത്രത്തിൽ നിന്ന് അവൻ നേരെ പോയത് സേതുലക്ഷ്മിയുടെ വീട്ടിലേക്കായിരുന്നു…

പടിപ്പുര കയറിച്ചെന്നതേ , കോലായിൽ ഗംഗാധരക്കുറുപ്പിനെ കണ്ടു…

സേതുലക്ഷ്മിയുടെ അച്ഛൻ……!

പല സ്ഥലങ്ങളിൽ വെച്ചും കണ്ടിട്ടുണ്ട് , സംസാരിച്ചിട്ടുണ്ട്……

പക്ഷേ, ഇപ്പോൾ………..?

കുറുപ്പും അവനെ കണ്ടിരുന്നു…

ശ്രീനിവാസൻ ഒരു നിമിഷം മുറ്റത്തു , നിശ്ചലനായി നിന്നു പോയി…

അറിഞ്ഞു കൊണ്ടു വന്നതല്ല……….

മനസ്സ് പറഞ്ഞത് , കാലുകൾ അനുസരിച്ചു…

സേതുവിനെ കാണാനുള്ള ഉത്ക്കടമായ ത്വര ഒന്നു മാത്രമായിരുന്നു ഉള്ളിൽ…

പക്ഷേ, ഇപ്പോൾ… ?

ശരീരത്തെ, എത്തിച്ചു തന്ന ശേഷം മനസ്സ് മാറി നിൽക്കുന്നു…

“” എന്താടോ അവിടെ നിന്നത്… ? കയറി വാ………. “

കുറുപ്പിന്റെ ഘനഗംഭീരം ശബ്ദം കേട്ടു…

“ ഇങ്ങോട്ടു വാടോ……….”

കുറുപ്പ് ചാരു കസേരയിൽ നിന്ന് ഉയർന്നു…

ഉമ്മറത്ത് തെളിഞ്ഞിരിക്കുന്ന ഭദ്രദീപം അവൻ കണ്ടു..

സേതു കൊളുത്തിയ നിലവിളക്ക്…

കുറച്ചു കഴിഞ്ഞ് എടുത്തു വെക്കാൻ അവൾ വന്നേക്കാം…

അങ്ങനെയെങ്കിലും കണ്ടാൽ മതി…

താൻ വന്നു, എന്ന് അറിയിച്ചാൽ മതി…

അരഭിത്തിയ്ക്കു മുകളിലൂടെ ഒരു തല, ഉയർന്നു വന്നത് ശ്രീനിവാസൻ കണ്ടു..

സേതുവല്ല……….

മോഹൻദാസാണ്…

സേതുവിന്റെ അനിയൻ..

ക്ഷേത്രത്തിൽ വെച്ച് അവനെ പല തവണ കണ്ടിട്ടുള്ളതാണ്…

മോഹൻദാസ് , വീണ്ടും തല കുനിച്ചു…

പതിഞ്ഞ ശബ്ദത്തിൽ ശ്രീനിവാസൻ നാമജപം കേട്ടു തുടങ്ങി…

കുറുപ്പ്, കസേരയിൽ നിന്ന് എഴുന്നേറ്റ് ഇളം തിണ്ണയിലേക്കിറങ്ങി വന്നു…

“ എന്താ ശ്രീനിവാസാ കാര്യം… ?””

“” അത്………..””

പെട്ടു പോയതു പോലെ ശ്രീനിവാസൻ നിന്നു പരുങ്ങി…

“” പറയെടോ… “”

മനസ്സു വീണ്ടും കള്ളങ്ങൾ മേഞ്ഞു തുടങ്ങിയിരുന്നു…

“” ഒരു സഹായം…… ഈ സമയത്ത് ചോദിക്കാൻ………. “

“” പറ്റുന്നതാച്ചാ ചെയ്യും…””

കുറുപ്പ് ചിരിച്ചു…

പരമാവധി സംസാരം നീട്ടിയേ പറ്റൂ…

സേതുലക്ഷ്മി, വിളക്ക് തിരികെയെടുത്തു വെയ്ക്കാൻ വരാതിരിക്കില്ല…

“” നാട്ടിൽ ഒന്ന് പോകണമായിരുന്നു…””

ശ്രീനിവാസൻ പറഞ്ഞു…

അതിന്, എന്നൊരു ഭാവത്തിൽ കുറുപ്പ് ശ്രീനിവാസനെ നോക്കി…

“” എനിക്കൊരു നൂറു രൂപ കടം വേണം…””

ശ്രീനിവാസൻ അയാളുടെ മുഖത്തു നോക്കിത്തന്നെയാണ് പറഞ്ഞത്…

തന്റെ കള്ളം ഒരിക്കലും പൊളിയരുത് എന്നവന് നിർബന്ധമുണ്ടായിരുന്നു…

കുറുപ്പിന്റെ മുഖം ഒരു നിമിഷം മങ്ങി…

“”ത്രിസന്ധ്യയ്ക്ക് ഞാനാർക്കും പണം കൊടുക്കാറുമില്ല, വാങ്ങാറുമില്ല… “”

കുറുപ്പ് ഒന്നു നിർത്തി തുടർന്നു…

“”ശ്രീനിവാസന് തമിഴ്നാട്ടിലെന്തോ ജോലി ശരിയായി , എന്നറിഞ്ഞായിരുന്നു… എന്നിട്ട്… ….? “”

“” പെട്ടെന്ന് പോരേണ്ടി വന്നു… “

“” ഉം……………”

കുറുപ്പ് ആലോചനയോടെ ഒന്നമർത്തി മൂളി…

“” എന്നാൽ ഞാനിറങ്ങട്ടെ………. “

ശ്രീനിവാസൻ തിരിഞ്ഞു…

“” നിക്ക്വാ………..”

പിന്നിൽ കുറുപ്പിന്റെ ശബ്ദം കേട്ടു…

ശ്രീനിവാസൻ പതിയെ തിരിഞ്ഞു..

“” നടാടെ താൻ ചോദിക്കണ ആദ്യത്തെ സഹായമല്ലേ… അതിന് ലക്ഷ്മീദേവി എന്നോടിച്ചിരി പിണങ്ങിയാലും പരിഭവമില്ല… “

ചിരിയോടെ പറഞ്ഞിട്ട് കുറുപ്പ് പിൻതിരിഞ്ഞ് അകത്തേക്ക് കയറി…

ശ്രീനിവാസൻ പതിയെ കോലായുടെ അടുത്തേക്കു വന്നു…

പിടിച്ചു നിൽക്കാൻ ഒരു കള്ളം പറഞ്ഞതാണ്…

രണ്ടു ദിവസം കഴിഞ്ഞ് ഈ പണം തന്നെ തിരികെ കൊടുത്താൽ പ്രശ്നം തീർന്നല്ലോ…

മുറ്റത്തും കണ്ണെത്താവുന്നയിടങ്ങളിലും അവൻ സേതുലക്ഷ്മിയെ തിരഞ്ഞെങ്കിലും വിഫലമായിരുന്നു…

കുറുപ്പ് പണവുമായി തിരിച്ചെത്തി…

“ എന്നാ തിരികെ വരുന്നത്… ?””

ശ്രീനിവാസന് ഒരു നിമിഷം കാര്യം മനസ്സിലായില്ല…

“” ഇതാ……….’ “

കുറുപ്പ് ചോദ്യം ആവർത്തിക്കാതെ അവനു നേരെ പണം നീട്ടി…

“ ഉടനെ തിരിച്ചു തരാം… “

പണം വാങ്ങുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു……

കുറുപ്പ് ഒന്നിരുത്തി മൂളി…

പടിപ്പുര കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോൾ ശ്രീനിവാസൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…

ഇല്ല…

സേതുലക്ഷ്മിയില്ല…

സന്ധ്യ കനത്തു തുടങ്ങിയിരുന്നു…

വലത്തേക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയാണ്…

Leave a Reply

Your email address will not be published. Required fields are marked *