വെള്ളിത്തിര – 2 10

അതായിരുന്നു അവരുടെ ഇണക്കവും പിണക്കവും…

അതായിരുന്നു അവരുടെ പ്രണയം… ….

അങ്ങനെയും പ്രണയമുണ്ടായിരുന്നു…

അല്ലെങ്കിൽ പ്രണയം അങ്ങനെയായിരുന്നു…

ശ്രീനിവാസൻ ഇതിനിടയിൽ ജോലി തേടുന്നുണ്ടായിരുന്നു…

സേതുലക്ഷ്മിയുടെ വരവോടെ ശ്രീനിവാസന്റെ ഒഴുക്കിനൊത്തുള്ള ജീവിതത്തിനു മാറ്റം വന്നു തുടങ്ങിയിരുന്നു…

ശ്രീനിവാസന്റെ ഉള്ളിലുണ്ടായിരുന്ന സംഗീതവും ജ്യോതിഷവും സേതുലക്ഷ്മിയിൽ ഇല്ലാതെയായിത്തീർന്നു…

നാട്ടിലെ ബന്ധം വെച്ച് തിരുപ്പൂരിലുള്ള ഒരു തുണിമില്ലിൽ ജോലി ശരിയായി…

ശമ്പളം കുറവാണ്… ….

എക്സ്പീരിയൻസ് കൂടുന്തോറും ശമ്പളത്തിലും മാറ്റം വരും…

“” ഞാൻ ചെന്നിട്ട് കത്തയയ്ക്കാം………. “

“” വീട്ടിലേക്ക് അയയ്ക്കല്ലേ… …. “

“” പിന്നെ………. ? “”

“” ഞാനങ്ങോട്ട് അയയ്ക്കാം…””

“” അതിന് സേതൂന് വിലാസമറിയാമോ… ?””

“ പറഞ്ഞാൽ മതി………. “

“” അതെങ്ങനെയാ മണ്ടീ, …?””

ശ്രീനിവാസൻ ചിരിച്ചു…

അതൊരു പ്രശ്നമാണല്ലോ എന്ന് അപ്പോഴാണ് സേതുലക്ഷ്മിയും ചിന്തിച്ചത്..

“” കൂട്ടുകാരികൾക്കയച്ചാലോ… ?””

“” അതൊന്നും വേണ്ട… അസത്തുക്കള് പൊട്ടിച്ചു വായിച്ചിട്ടേ തരൂ… മാത്രോല്ല, അവർക്ക് പ്രശ്നമുണ്ടാക്കണ്ട…””

“” പിന്നെ……….? “

സേതുലക്ഷ്മി മൗനം…

“” കോളേജിലെ വിലാസത്തിലയച്ചാലോ…?”

“” നല്ല കഥ………..””

അവൾ ചിരിച്ചു…

“” പിന്നെന്തു ചെയ്യൂന്ന് സേതു പറ… …. “

സേതുലക്ഷ്മി നഖം കടിച്ചു തുടങ്ങി…

“” ഒരു മാസം പെട്ടെന്ന് പോവായിരിക്കും ല്ലേ… ….?””

സേതുലക്ഷ്മിയുടെ സ്വരത്തിൽ നേരിയ വിങ്ങൽ കലർന്നിരുന്നു…

ശ്രീനിവാസനും മറുപടിയുണ്ടായിരുന്നില്ല….

“” ഗൾഫിലൊക്കെ പോണോര്, പി…ന്നെ…ന്താ ചെയ്യാ…ല്ലേ… ?””

സേതുലക്ഷ്മി ഒന്നു വിമ്മി…

ശ്രീനിവാസൻ , അവൾ കാണാതെ തന്റെ മിഴികൾ തുടച്ചു…

“” പോയില്ലാച്ചാലും ശരിയാവില്ല… എത്രകാലാ, ങ്ങനെ… ….””

അവൾ തന്നെ മറുപടിയും പറഞ്ഞു……

“” അത്രയ്ക്ക് കാണാതിരിക്കാൻ പറ്റാണ്ട് വന്നാ , ഞാനങ്ങട് വന്നോളാം………. “”

ഇത്തവണ സേതുലക്ഷ്മി അവനു നേർക്ക് തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു…

ശ്രീനിവാസന് അവളെയോർത്ത് അമ്പരപ്പു തോന്നി…

അങ്ങനെ ശ്രീനിവാസൻ സേതുലക്ഷ്മിയോട് യാത്ര പറഞ്ഞ് തിരുപ്പൂരിന് വണ്ടി കയറി…

ചിരിച്ച മുഖത്തോടെയാണ് സേതുലക്ഷ്മി അവനെ യാത്രയാക്കിയതെങ്കിലും അവളുടെ ഉള്ളു കരയുന്നത് , ശ്രീനിവാസനറിയാമായിരുന്നു…

അവന്റെ ഹൃദയവും കരയുകയായിരുന്നുവല്ലോ…

പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു…

തമ്മിൽ കാണാതിരിക്കാൻ ആകുമായിരുന്നില്ല , എന്നത് യാത്ര പറഞ്ഞകന്ന ദിവസം തന്നെ ഇരുവർക്കും മനസ്സിലായിക്കഴിഞ്ഞിരുന്നു…

മണിക്കൂറുകൾക്ക് സംവത്സരങ്ങളുടെ നീളം…

ദിനങ്ങൾ യുഗങ്ങൾക്കു സമം……….

മരണപ്പെട്ടു മണ്ണിലലിഞ്ഞ മാതാവിനെ ഒരിക്കൽ കൂടി മരണം കവർന്നു , എന്ന നുണയും വെച്ചു കാച്ചി പന്ത്രണ്ടാം നാൾ ശ്രീനിവാസൻ പാലക്കാട് തിരികെ വണ്ടിയിറങ്ങി…

പ്രണയത്തിനു സമം പ്രണയം മാത്രമാണെന്ന് അനുഭവിച്ചവർക്കറിഞ്ഞേക്കാം…

പെട്ടിക്കടയിൽ നിന്ന് “” വട്ടു സോഡ”” ഒരെണ്ണം മേടിച്ചു കുടിച്ച് ശ്രീനിവാസൻ പാലക്കാടൻ കാറ്റിന്റെ ഗന്ധം നുകർന്നു…

കോട്ടമൈതാനത്തേക്ക് ഒരു പാച്ചിലായിരുന്നു…

കോളേജ് വിട്ട് സേതുലക്ഷ്മി അവിടെ എല്ലാ ദിവസവും വരാറുള്ളതാണല്ലോ……….

മൈതാനത്തിന്റെ മതിൽക്കെട്ടിനുള്ളിൽ, കളഞ്ഞു പോയ പവിഴം തേടുന്നവനേപ്പോലെ ശ്രീനിവാസൻ നടന്നെങ്കിലും സേതുലക്ഷ്മിയോ കൂട്ടുകാരികളോ അവിടെയെങ്ങും ഉണ്ടായിരുന്നില്ല…

നെഞ്ച് കഴച്ചു പൊട്ടുന്ന വേദനയോടെ ശ്രീനിവാസൻ തന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു..

പരിചയക്കാരോട് ഒന്നോ രണ്ടോ വാക്കിൽ കുശലാന്വേഷണം നടത്തി , ധൃതിയിൽ കുളി കഴിഞ്ഞു വേഷം മാറി…

സേതുലക്ഷ്മി അമ്പലത്തിൽ വരുമെന്ന് അവന് ഉറപ്പായിരുന്നു…

ദീപാരാധനയ്ക്ക് നട തുറന്നുവെങ്കിലും സേതുലക്ഷ്മി ക്ഷേത്രത്തിൽ വന്നില്ല…

ഇടിഞ്ഞ മനസ്സോടെ ശ്രീനിവാസൻ നാലമ്പലം വിട്ടു…

സന്ധ്യയായിരിക്കുന്നു…

തന്റെ സേതു വീട്ടിലുണ്ടാകും……….

ഒന്നു കാണാൻ എന്താ വഴി… ….?

ഒന്നു കാണാൻ മാത്രം…

താൻ വന്നു എന്നറിഞ്ഞാൽ അവൾ എവിടെയാണെങ്കിലും ഓടി വരും…

താൻ വന്നു, എന്ന് എങ്ങനെ അറിയിക്കും……….?

ശ്രീനിവാസന്റെ മനസ്സ് എരിപൊരി സഞ്ചാരം കൊണ്ടു…

ഒരൊറ്റ വഴി………..!

ക്ഷേത്രത്തിൽ നിന്ന് അവൻ നേരെ പോയത് സേതുലക്ഷ്മിയുടെ വീട്ടിലേക്കായിരുന്നു…

പടിപ്പുര കയറിച്ചെന്നതേ , കോലായിൽ ഗംഗാധരക്കുറുപ്പിനെ കണ്ടു…

സേതുലക്ഷ്മിയുടെ അച്ഛൻ……!

പല സ്ഥലങ്ങളിൽ വെച്ചും കണ്ടിട്ടുണ്ട് , സംസാരിച്ചിട്ടുണ്ട്……

പക്ഷേ, ഇപ്പോൾ………..?

കുറുപ്പും അവനെ കണ്ടിരുന്നു…

ശ്രീനിവാസൻ ഒരു നിമിഷം മുറ്റത്തു , നിശ്ചലനായി നിന്നു പോയി…

അറിഞ്ഞു കൊണ്ടു വന്നതല്ല……….

മനസ്സ് പറഞ്ഞത് , കാലുകൾ അനുസരിച്ചു…

സേതുവിനെ കാണാനുള്ള ഉത്ക്കടമായ ത്വര ഒന്നു മാത്രമായിരുന്നു ഉള്ളിൽ…

പക്ഷേ, ഇപ്പോൾ… ?

ശരീരത്തെ, എത്തിച്ചു തന്ന ശേഷം മനസ്സ് മാറി നിൽക്കുന്നു…

“” എന്താടോ അവിടെ നിന്നത്… ? കയറി വാ………. “

കുറുപ്പിന്റെ ഘനഗംഭീരം ശബ്ദം കേട്ടു…

“ ഇങ്ങോട്ടു വാടോ……….”

കുറുപ്പ് ചാരു കസേരയിൽ നിന്ന് ഉയർന്നു…

ഉമ്മറത്ത് തെളിഞ്ഞിരിക്കുന്ന ഭദ്രദീപം അവൻ കണ്ടു..

സേതു കൊളുത്തിയ നിലവിളക്ക്…

കുറച്ചു കഴിഞ്ഞ് എടുത്തു വെക്കാൻ അവൾ വന്നേക്കാം…

അങ്ങനെയെങ്കിലും കണ്ടാൽ മതി…

താൻ വന്നു, എന്ന് അറിയിച്ചാൽ മതി…

അരഭിത്തിയ്ക്കു മുകളിലൂടെ ഒരു തല, ഉയർന്നു വന്നത് ശ്രീനിവാസൻ കണ്ടു..

സേതുവല്ല……….

മോഹൻദാസാണ്…

സേതുവിന്റെ അനിയൻ..

ക്ഷേത്രത്തിൽ വെച്ച് അവനെ പല തവണ കണ്ടിട്ടുള്ളതാണ്…

മോഹൻദാസ് , വീണ്ടും തല കുനിച്ചു…

പതിഞ്ഞ ശബ്ദത്തിൽ ശ്രീനിവാസൻ നാമജപം കേട്ടു തുടങ്ങി…

കുറുപ്പ്, കസേരയിൽ നിന്ന് എഴുന്നേറ്റ് ഇളം തിണ്ണയിലേക്കിറങ്ങി വന്നു…

“ എന്താ ശ്രീനിവാസാ കാര്യം… ?””

“” അത്………..””

പെട്ടു പോയതു പോലെ ശ്രീനിവാസൻ നിന്നു പരുങ്ങി…

“” പറയെടോ… “”

മനസ്സു വീണ്ടും കള്ളങ്ങൾ മേഞ്ഞു തുടങ്ങിയിരുന്നു…

“” ഒരു സഹായം…… ഈ സമയത്ത് ചോദിക്കാൻ………. “

“” പറ്റുന്നതാച്ചാ ചെയ്യും…””

കുറുപ്പ് ചിരിച്ചു…

പരമാവധി സംസാരം നീട്ടിയേ പറ്റൂ…

സേതുലക്ഷ്മി, വിളക്ക് തിരികെയെടുത്തു വെയ്ക്കാൻ വരാതിരിക്കില്ല…

“” നാട്ടിൽ ഒന്ന് പോകണമായിരുന്നു…””

ശ്രീനിവാസൻ പറഞ്ഞു…

അതിന്, എന്നൊരു ഭാവത്തിൽ കുറുപ്പ് ശ്രീനിവാസനെ നോക്കി…

“” എനിക്കൊരു നൂറു രൂപ കടം വേണം…””

ശ്രീനിവാസൻ അയാളുടെ മുഖത്തു നോക്കിത്തന്നെയാണ് പറഞ്ഞത്…

തന്റെ കള്ളം ഒരിക്കലും പൊളിയരുത് എന്നവന് നിർബന്ധമുണ്ടായിരുന്നു…

കുറുപ്പിന്റെ മുഖം ഒരു നിമിഷം മങ്ങി…

“”ത്രിസന്ധ്യയ്ക്ക് ഞാനാർക്കും പണം കൊടുക്കാറുമില്ല, വാങ്ങാറുമില്ല… “”

കുറുപ്പ് ഒന്നു നിർത്തി തുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *