ഈ സമയം ഇതെല്ലാം കുസൃതി ഒളിപ്പിച്ച ഭാവത്തിൽ നോക്കി നിൽക്കുകയായിരുന്നു അഞ്ജു.തലയും തിരുമ്മിയുള്ള അവന്റെ പോക്ക് കണ്ട് അവളറിയാതെ സ്വയം പൊട്ടിച്ചിരിച്ചുപ്പോയി.
കട്ടിലിൽ ബോധമില്ലാതെ കിടന്ന വിമൽ അവളുടെ ചിരി കേട്ട് ഇങ്ങനെ പറഞ്ഞു, “രാഷ്‌ട്ര..പതിയും.. രാജി വക്കണം.” *** *** *** *** ***
രാവിലെ തന്നെ കോളിംഗ് ബെൽ ശബ്ദം കേട്ട് റോഷൻ മനസ്സില്ലാമനസ്സോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. എപ്പോഴാണ് വീടെത്തിയത് എന്നോ ഉറങ്ങിയതെന്നോ അവന് ഓർമ്മയുണ്ടായിരുന്നില്ല. രാത്രി അഞ്ജുവിന്റെ അടുക്കൽ നിന്നും വന്നതിന് ശേഷമുള്ളതെല്ലാം അവന് മൊത്തത്തിൽ ഒരു പുക പോലെ തോന്നി.
“ദേ… വരുന്നൂ…” നടക്കുന്നതിനിടയിൽ, വീണ്ടും കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ട് അവൻ വിളിച്ചു പറഞ്ഞു.
വാതിൽ തുറന്ന റോഷനെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയായിരുന്നു; രേഷ്മ ചേച്ചി. തന്റെ വീട്ടിലേക്ക് രാവിലെ തന്നെ വന്നെത്തിയ ചേച്ചിയെ കണ്ട് അവൻ ചെറുതായി ഒന്ന് അമ്പരന്നു.
“ആ.. ചേച്ചി.. എന്താ ഇത്ര രാവിലെ?”, ഉറക്കച്ചടവിലും ഞെട്ടലിലും റോഷൻ എന്തോ പറഞ്ഞു.
രേഷ്മ ചേച്ചി : “എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. ഞാൻ അകത്തേക്ക് വന്നോട്ടെ..?”
റോഷന് എന്ത് മറുപടി നൽകണമെന്നറിയില്ലായിരുന്നു. അവൻ ചേച്ചിയെ അകത്തേക്ക് ക്ഷണിച്ചു. ഹാളിലെ വലിയ സെറ്റിയിലേക്ക് ഇരുന്നുകൊള്ളാൻ പറഞ്ഞുകൊണ്ട് അവനും എതിർവശത്തുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു. ചേച്ചിയുടുത്തിരുന്ന സാരിയുടെ തുമ്പ് നിലത്ത് പതിഞ്ഞ് കിടന്നു.
റോഷൻ : “അയ്യോ.. ചോദിക്കാൻ വിട്ടുപോയി. ചേച്ചിക്ക് ചായ എടുക്കട്ടെ…?”
രേഷ്മ ചേച്ചി : “വേണ്ടടാ…”
അവന് അടുത്തതെന്താ ചോദിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ചേച്ചി പറയുമ്പോൾ പറയട്ടെ എന്ന തോന്നലിൽ അവൻ കാത്തിരുന്നു.
“നീയെന്താ ഇന്നലെ പറയാതെ പോയേ..?” കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം ചേച്ചി ചോദിച്ചു.
“അത് ചേച്ചി.. പെട്ടന്ന് ഒരു കോൾ വന്നപ്പോ.. ഞാൻ…”, റോഷൻ ആ പഴയ കുട്ടിയെക്കണക്ക് ഒരു കള്ളം പറയാൻ ശ്രമിച്ചു.
അവന്റെ ഭാവം കണ്ട് ചേച്ചി ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
രേഷ്മ ചേച്ചി : “എന്നാ പിന്നെ രാത്രി അമ്പലത്തിൽ വച്ചു കണ്ടിട്ട് വഴി മാറി നടന്നതോ..?”
അതിന് പറയാൻ പാകത്തിന് ഒരു കള്ളവും അവൻ കണ്ടു വച്ചിട്ടുണ്ടായിരുന്നില്ല. ഒന്നും പറയാനില്ലാതെ അവൻ മെല്ലെ ചേച്ചിയിൽ നിന്നും മുഖം വെട്ടിച്ചു.
രേഷ്മ ചേച്ചി : “റോഷാ…”
വിളി കേട്ടെങ്കിലും ചേച്ചിയുടെ മുഖത്ത് നോക്കാൻ അവന് എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു….
“പറ എന്താ നിന്റെ പ്രശ്നം. കുട്ടിക്കാലം തൊട്ട് നിന്നെ എനിക്കറിയാം. ആ എന്നോട് നീ കള്ളം കാണിക്കരുത്. എന്താണെങ്കിലും പറഞ്ഞോ… എനിക്ക് കുഴപ്പമില്ല.”, അവന്റെ കയ്യിൽ മെല്ലെ പിടിച്ചുകൊണ്ടു, ചേച്ചി വാത്സല്യത്തോടെ ചോദിച്ചു.
ചേച്ചി അത് പറഞ്ഞതും വർഷങ്ങൾക്കിപ്പുറവും അവന് സ്വയം നിയന്ത്രിക്കാൻ ആയില്ല. അവൻ കരഞ്ഞുകൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ചു.
“അറിയില്ല ചേച്ചി.. എനിക്കെന്താ അപ്പോ പറ്റിയത് എന്നെനിക്ക് അറിയില്ല. അജിച്ചേട്ടനെ ആ അവസ്ഥയിൽ കണ്ടപ്പോ എനിക്ക് എന്തോ പോലെ ആയി”, പഴയ സ്കൂൾ കുട്ടിയെ കണക്ക് അവൻ വിതുമ്പി.
തന്നെ കെട്ടിപ്പിടിച്ചു കരയുന്ന അവനെ സമാധാനിപ്പിക്കും വിധം രേഷ്മ തന്റെ മാറോടണച്ചു, അവന്റെ നെറുകയിലെ മുടിയിഴകളിൽ മെല്ലെ തലോടിക്കൊടുത്തു.
“ഞാൻ ഊഹിച്ചു.. നീ നല്ല കുട്ടിയാ… അതാ നിനക്ക് അങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റിയത്.”, അത് പറയുമ്പോൾ രേഷ്മ അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി.
തന്റെ നെറുകയിൽ കണ്ണീരിന്റെ നനവ് പടർന്നത് റോഷൻ അറിഞ്ഞു. അവൻ മെല്ലെ തലയുയർത്തി ചേച്ചിയെ നോക്കി.
റോഷൻ : “ചേച്ചീ…”
അവന്റെ ഭാവം കണ്ടു രേഷ്മ അവന്റെ നെറുകയിൽ ഒരു ഉമ്മ നൽകി, തുടർന്ന് വീണ്ടും അവനെ തന്റെ മാറോടണച്ചു. കുറേ നേരം അവർ ആ ഇരുപ്പ് തുടർന്നു. ഇരുവരുടെയും ദുഖഭാരം പരസ്പരം കണ്ണീരായി ഒഴുകി. *** *** *** ***
