ശ്യാമമോഹനം – 2

പലതവണ വിളിച്ച ശേഷമാണ് സുകന്യ ഫോൺ എടുത്തത്. ഞാനാണെന്നറിഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ അദ്ഭുതം വ്യക്തമായിരുന്നു.

“പല്ലവിയോ.. എന്താ കാര്യം?”

“സുകന്യാ, ശ്യാമ ഇതുവരെ വന്നില്ല..”
“ശ്യാമ ഹോസ്പിറ്റലിൽ ആണ്”

എൻ്റെ നെഞ്ചൊന്ന് കാളി. “എവിടെ? എന്തുപറ്റി?”

“അതിപ്പോ..”

“സുകന്യാ, ശ്യാമയ്ക്കെന്താ പറ്റിയത്?”, എൻ്റെ ശബ്ദത്തിൽ നിന്ന് അവൾക്കെന്തെങ്കിലും തോന്നിയോ എന്നറീയില്ല.

“ശ്യാമയ്ക്ക് ഒരു ആക്സിഡൻ്റ് പറ്റി. നിർമല ഹോസ്പിറ്റലിൽ ആണ്. രണ്ട് മൂന്ന് ദിവസം കിടക്കണ്ട വരും”

ഫോൺ കട്ട് ചെയ്തിട്ട് ഞാൻ ഓടുകയായിരുന്നു. റൂമിൽ ചെന്ന് അത്യാവശ്യം ഡ്രെസ്സും എടുത്ത് ഞാൻ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോളേയ്ക്കും സമയം താമസിച്ചിരുന്നു. സെക്യൂരിറ്റി എന്നെ അകത്ത് വിടാൻ തയ്യാറായില്ല. വിസിറ്റിങ്ങ് സമയം കഴിഞ്ഞു, നാളെ വാ എന്ന് അയാൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോളാണ് ഹോസ്പിറ്റലിനുള്ളിൽ നിന്ന് സിന്ധു മാഡം ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ ഓടിച്ചെന്ന് മാഡത്തെ വട്ടം പിടിച്ചു. മേഡം ഒന്ന് പകച്ച് പോയി. പിന്നെ ഞാനാണെന്ന് മനസ്സിലായപ്പോൾ മുഖത്ത് ഒരു ചിരി പരന്നു.

“കുട്ടീ, നീയോ.. ശരി, വിട്..”

“മേഡം, ഇയാളെന്നെ ഉള്ളിൽ വിടുന്നില്ല, ശ്യാമയ്ക്ക് എന്ത് പറ്റി?”

“ശ്യാമയ്ക്ക് വലിയ പ്രശ്നമൊന്നും ഇല്ല.. നീ കരയാതെ, വാ..”

മേഡം എന്നെയും കൂട്ടി ഹോസ്പിറ്റലിനകത്തേയ്ക്ക് നടന്നു. വാർഡിൽ ചെന്നപ്പോൽ അവിടെ സുകന്യ ഇരിയ്ക്കുന്നത് കണ്ടു. എന്നെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി. അവൾക്കരികിലുള്ള കട്ടിലിൽ ശ്യാമ മയങ്ങി കിടക്കുന്നുണ്ടായിരുന്നു. അവളുടെ കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ടിരുന്നു. നെറ്റിയിൽ ഒരു വലിയ കെട്ടും. എൻ്റെ നെഞ്ചിൽ നിന്ന് എന്തോ ഇടിഞ്ഞ് വീഴുന്നത് പോലെ തോന്നി. ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നിൽ നിന്ന് സിന്ധു മേഡം എൻ്റെ തോളിൽ കൈ വച്ചു. ഞാൻ അവരെ നോക്കി.

“പല്ലവീ, വിഷമിക്കണ്ട, ശ്യാമ ഓകെയാണ്. ചെറിയ ഫ്രാക്ചർ ഉണ്ട്”

“എന്ത് പറ്റി?”

“ഓ, അത് പിടിച്ചെടുത്ത ഒരു സ്കൂട്ടർ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതാണ്. ഒന്ന് വീണു..”

ഞാൻ ഒന്ന് തേങ്ങി.

“കുട്ടീ, ശ്യാമ ഇന്ന് ഒബ്സർവേഷനിൽ ആണ്. നാളെയോ മറ്റന്നാളോ തിരിച്ച് പോകാം. പിന്നെ റെസ്റ്റ് എടുത്താൽ മതി. കുഴപ്പമൊന്നും ഇല്ല. ഉണ്ടെങ്കിൽ ഞാനിങ്ങനെ നിൽക്കുമോ !”

“ഞാൻ നിന്നോട്ടേ ഇവിടെ? ഞാൻ അവളുടെ ഡ്രെസ്സൊക്കെ കൊണ്ടുവന്നിട്ടുണ്ട്”

സിന്ധു മേഡം എൻ്റെ കവിളിൽ കൈ വച്ചു. “അതിനെന്താ, നീ തന്നെ നിന്നോ. സുകന്യാ, നീ പോയി റെസ്റ്റ് എടുത്തോ. ഇന്ന് പല്ലവി നിന്നോട്ടേ”

അല്പസമയം കഴിഞ്ഞ് അവരൊക്കെ പോയപ്പോൾ ഞാൻ തനിച്ചായി. വാർഡിൽ
അധികം ആളുകൾ ഇല്ലായിരുന്നു. അടുത്തുള്ള കട്ടിലുകൾ മൂന്നാലെണ്ണം കാലിയായിരുന്നു. ഞാൻ ശ്യാമയുടെ അരികിൽ കട്ടിലിൽ ഇരുന്നു. എൻ്റെ ശ്യാമ, അവൾക്ക് വേദനിച്ചിരിക്കുമോ.. ഇപ്പോളും വേദന കാണുമോ.. എൻ്റെ വിരലുകൾ അവളുടെ കയ്യിൽ ഇഴഞ്ഞു നടന്നു. അവളുടെ മുഖത്ത് നോക്കി നോക്കി ഞാൻ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ കൈ പിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. എപ്പോളോ അവളുടെ ബെഡ്ഡിൽ തലവച്ച് ഉറങ്ങിപ്പോയി.

മൂക്കിൽ ആരോ പിടിച്ച് വലിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞെട്ടിപ്പോയി. പിന്നെ എല്ലാം ഓർമ്മവരാൻ ഒരു നിമിഷം എടുത്തു. നോക്കിയപ്പോൾ ശ്യാമ കണ്ണ് തുറന്ന് കിടക്കുന്നു. എന്നെ നോക്കിക്കൊണ്ട്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരു തേങ്ങലോടെ ഞാൻ അവളെ കെട്ടിപ്പിടിച്ചു. അവളുടെ മുഖത്ത് വേദന ഞാൻ കണ്ടു. പക്ഷേ ചിരിയും.

“സോറി, സോറീ.. ശ്യാമേ ഞാൻ..”

“പല്ലവീ..”, അവളുടെ ശബ്ദം ദുർബലമായിരുന്നു.

“എൻ്റെ നല്ല ജീവൻ പോയി”

അവൾ ചിരിച്ചു.

“എന്ത് പണിയാ കാണിച്ചത് !”

“എൻ്റെ ഡ്യൂട്ടി”

“ശ്രദ്ധയില്ലാതെയാണോ !”

“അപകടം പറ്റിയതാ”

“വേദനയുണ്ടോ?”

അവൾ ഉവ്വെന്ന് തലയാട്ടി. ഞാൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു. എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു. അവൾ കയ്യുയർത്തി എൻ്റെ കണ്ണ് തുടച്ചു.

“പല്ലവീ”

“ഉം?”

“ഞാൻ മരിച്ചില്ല”

“കൊല്ലും ഞാൻ ആ വാക്ക് പറഞ്ഞാൽ”

“എനിക്ക് വിശക്കുന്നുണ്ട്. കാര്യമായി ഒന്നും ഓർമ്മയില്ല”

ഞാൻ ചുറ്റും നോക്കി. സമയം 2 മണി ആയിരുന്നു. ബെഡ് സൈഡ് ടേബിളിൽ ഭക്ഷണം പാർസൽ ഇരിക്കുന്നത് കണ്ടപ്പോൾ ആണ് ആശ്വാസമായത്. പെട്ടന്നാണ് എനിക്ക് അനസ്തേഷ്യയുടെ കാര്യം ഓർമ്മ വന്നത്. ഞാൻ എണീറ്റ് നേഴ്സസ് സ്റ്റേഷനിലേയ്ക്ക് ഓടി. ഡ്യൂട്ടി നേഴ്സിനോട് ചോദിച്ചപ്പോൾ അവർ ചാർട്ട് നോക്കി. പിന്നെ സമയവും. ഒരു പതിനഞ്ച് മിനിറ്റ് കൂടി കഴിഞ്ഞിട്ട് ഭക്ഷണം കൊടുത്തോളാൻ അവർ പറഞ്ഞു. ഞാൻ തിരികെ എത്തിയപ്പോൾ ശ്യാമ എണീറ്റിരിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ അവൾക്ക് തലപോലും പൊങ്ങുന്നുണ്ടായിരുന്നില്ല.

“ശ്യാമാ, അടങ്ങി കിടക്കൂ”

“വിശക്കുന്നു പല്ലൂ”
അവളെന്നെ പല്ലു എന്ന് വിളിച്ചു. എൻ്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു. “ശ്യാമാ, ഒരു പതിനഞ്ച് മിനിറ്റ് കൂടി, എന്നിട്ട് ഭക്ഷണം തരാം”

“അതെന്തിന് പതിനഞ്ച് മിനിറ്റ്?”

“നിനക്ക് അനസ്തേഷ്യ തന്നിരുന്നു. മൈനർ സർജറി ആയിരുന്നു. അതുകൊണ്ട്”

“എനിക്കറിയില്ല. വിശക്കുന്നെടീ”

ഞാൻ കട്ടിലിൻ്റെ തലഭാഗം അല്പം ഉയർത്തി വച്ചു. അവൾക്ക് നേരെ നോക്കാമെന്നായി. “ഓ, എനിക്ക് മൂത്രമൊഴിക്കണം, എവിടെയാ ടോയ്ലറ്റ്?”

“നടക്കാൻ പറ്റിയ അവസ്ഥയിൽ തന്നെ. കൊള്ളാം. വെയിറ്റ് ചെയ്യ്”

നോക്കിയപ്പോൾ കട്ടിലിനടിയിൽ യൂറിനുള്ള പാത്രം കണ്ടു. അത് എടുത്ത് കൊടുത്തപ്പോൽ അവൾ എൻ്റെ മുഖത്ത് നോക്കി.

“ഇതെന്താ?”

“ഇതിലാണ് മുള്ളണ്ടത്”

“പറ്റില്ല, എനിക്ക് ടോയ്ലറ്റ് വേണം”

“ശ്യാമാ, നിനക്ക് എണീറ്റ് നിൽക്കാൻ പറ്റുന്നുണ്ടോ?”

അവൾ തലപൊക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. അവളുടെ കണ്ണൂകൾ നിറഞ്ഞു. ഞാൻ പുതപ്പ് മാറ്റി നോക്കിയപ്പോൾ ഹോസ്പിറ്റൽ ഗൗണിനടിയിൽ ഒന്നും ഇല്ലെന്ന് മനസ്സിലായി. ഞാൻ ട്രേ വച്ച് കൊടുത്തെങ്കിലും അവൾക്ക് അതിൽ മൂത്രമൊഴിക്കാൻ പറ്റിയില്ല. നേഴ്സിനോട് ചോദിച്ചപ്പോൽ അഡൾട്ട് ഡയപ്പർ വാങ്ങി നോക്കാൻ പറഞ്ഞു. അത് ഹോസ്പിറ്റൽ ഫാർമസിയിൽ തന്നെ ഉണ്ടായിരുന്നു. ഡയപ്പറുമായി വന്ന് അത് കെട്ടി കൊടുത്ത് കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞ് പോയി.

“ശ്യാമാ..”

“എനിക്ക് വയ്യ പല്ലവീ, ഇങ്ങനെ..”

“കുട്ടികളെപ്പോലെ ആവാതെ ശ്യാമാ. ഇത് ഞാനല്ലേ.. നീ മെല്ലെ നോക്ക്. റിലാക്സ്ഡ് ആയി..”

അവൾ ഒന്നും പറഞ്ഞില്ല. അവളെപ്പോലൊരു വാശിക്കാരി ഒരു ദിവസം ദുർബലയായി പോകുന്നതിലെ വിഷമം എനിക്ക് ഊഹിക്കാനേ ഉണ്ടായിരുന്നുള്ളു. ഞാൻ പാർസൽ തുറന്ന് അതിലുണ്ടായിരുന്ന ദോശ അവൾക്ക് ചെറു കഷണങ്ങൾ ആക്കി കൊടുത്തു. ഓരോ കഷണം കൊടുത്തിട്ട് ഞാൻ അവളുടെ ചുണ്ടുകൾ തുടച്ചു. അവൾ എൻ്റെ മുഖത്തുനിന്നും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *