ഒരു ദിവസം ഞാൻ പുറത്തേക്ക് പോകുമ്പോളാണ് സുമിയെ കണ്ടത്. അവൾ അവളുടെ വെസ്പയിൽ വീട്ടിലേക്ക് പോകുന്നു. അകലെ നിന്ന് തന്നെ അവൾ എന്നെ കണ്ടിരുന്നു. എന്നിൽ നിന്നും മുഖം തിരിച്ചു പോകാൻ അവൾ നിന്നില്ല. അവൾ എൻ്റെ മുഖത്തേക്ക് തന്നെ ഒരു ഭാവഭേദമില്ലാതെ എന്നെ തന്നെ നോക്കി അവൾ എതിർ വശത്തുനിന്നും കടന്നുപോയി.
“ഇതെന്താണ് ഇവിടെ സംഭവിക്കുന്നത്? ഇതിനുമാത്രം ഞാൻ എന്താടോ ചെയ്തേ? ജീവിതത്തിൽ ചില കാര്യങ്ങളോട് ചിലപ്പോൾ നിസ്സംഗത കാണിക്കേണ്ടി വരും.. അത് മനസിലാക്കാൻ കഴിയാണെങ്കിൽ, നീ മനസ്സിലാക്ക് സുമി.”
പെരുമാൾ ക്‌ളൗഡ്‌സിൽ നിന്നും ഞാൻ അവൾക്കു മെസ്സേജ് അയക്കും നേരം അവളും ഓൺലൈൻ ഉള്ളത് കണ്ടു.
“ജീവിതത്തിൽ ചില കാര്യങ്ങളോട് ചിലപ്പോൾ നിസ്സംഗത കാണിക്കേണ്ടി വരും.. അത് മനസിലാക്കാൻ കഴിയാണെങ്കിൽ നീ മനസിലാകൂ”.
ഞാൻ അയച്ചതിൻ്റെ അവസാന ഭാഗം അവൾ എനിക്ക് തിരിച്ചു അയച്ചു. എനിക്ക് മനസിലാക്കാം, ഇതെല്ലം ആവർത്തനങ്ങളാണ്. നൈന എന്നോട് ചെയ്തതിനു ഞാൻ അനുഭവിക്കേണ്ടി വന്ന പെയിൻ ഞാൻ അത് സുമിക്ക് സമ്മാനിക്കുന്നു. ചില വേദനകൾ അങ്ങനെയാണ് നമ്മൾ സ്നേഹിക്കുന്നവരിൽ നിന്നും നമ്മളെ സ്നേഹിക്കുന്നവരിലേക്ക് ട്രാൻസ്മിറ്റ് ചെയ്തുകൊണ്ടിരിക്കും.
“ഡാ, നീ ഒരു കാര്യം മനസിലാക്കണം. അവൾ ജീവിക്കാൻ പഠിച്ച ഒരു പെൺകുട്ടിയാണ്, ഒരു പക്ഷെ അവളിലെ അവൾ നിന്നെ സ്നേഹിച്ചിരിക്കാം. പക്ഷെ അവളിലെ പെണ്ണ് അങ്ങനെ ആവണം എന്നില്ല. കാരണം ഓരോ പെണ്ണിനേയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നീ മനസിലാക്കിയ ഞാൻ ആണ് നീ എന്ന് നിനക്ക് എന്ത് ഉറപ്പാണുള്ളത്? കാമവും പ്രണയവും എനിക്ക് തോന്നരുതെന്നു ഇവിടെ ആരും പറഞ്ഞിട്ടില്ല. ഇത് രണ്ടും വേർതിരിക്കുമ്പോൾ നിനക്ക് എന്നിലെ എന്നെയും സ്ത്രീയെയും കാണാം.”
“എനിക്ക് ഒന്നും അറിയില്ല സുമി, എനിക്ക് വയ്യ എനിക്ക് നിൻ്റെ മടിയിൽ കിടക്കൻ തോന്നുന്നു സുമി. നിൻ്റെ അടുത്തിരിക്കാനെങ്കിലും.”
“സത്യാണോ?”
“എന്നാൽ നാളെ ഹാഫ് ഡേ ലീവ് എടുക്ക്.”
“എന്നിട്ട് എവിടെ പോകാൻ ആണ്?”
“നിനക്ക് എന്നെ കണ്ടാൽ പോരെ ? എൻ്റെ അടുത്തിരുന്നാൽ പോരെ?”
“മതിയെടോ…”
എന്തോ, മനസ്സിന് ഒരു സന്തോഷം… നമ്മുടെ സന്തോഷത്തിനു വേണ്ടി ആരെങ്കിലും ഒരു കരു നീക്കുന്ന നിമിഷം, നമുക്കുള്ളിൽ ഒരു ചെറിയ തണുത്ത കാറ്റു വീശാറില്ലേ.. അതുപോലെ. രാത്രിയിലെന്തോ എനിക്ക് വേറെ ഒന്നിനും ഒരു മൂടും ഉണ്ടായിരുന്നില്ല. സന്തോഷങ്ങളിലാത്ത രാത്രികളിൽ ജഗജിത് സിംഗിൻ്റെ ആൽബങ്ങൾ എന്നെ ഉറക്കാൻ നോക്കും, ആ സമയം എൻ്റെ കട്ടിലിൻ്റെ അരികിലെ ജനല്പാളികൾ തുറന്നുടും. നിത്യ പുഷ്പ്പിയായ നന്തിയാർവട്ടം പൂത്തു തളിർനിരിക്കുന്നതു കാണും. ആ പൂക്കളിൽ നോക്കിയാൽ ആകാശത്തു പൂത്ത ആയിരമായിരം നന്തിയാർവട്ടപ്പൂക്കളെ കാണും. എണ്ണാൻ തുടങ്ങും, എപ്പോളോ എൻ്റെ കണ്ണുകളിൽ കഥൾക്കൊപ്പം അവളും വന്നു മാഞ്ഞുകൊണ്ടിരിക്കും…
“നീ എന്ന് വരും? വർഷങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ ഇവിടെ ഉണ്ടാവുമെന്ന് ആര് പറയും നിന്നോട്?”
നേരം വെളുത്തു. എല്ലാം സാധാരണപോലെ. ഓഫീസിലെ വർക്ക്, സുഹൃത്തുക്കളുമായ സിനിമ ചർച്ചകൾ, പൊളിറ്റിക്സ്, ഷെയർ മാർക്കറ്റിലെ ബൂമിങ്ങുകൾ..സമയം പന്ത്രണ്ടായപ്പോൾ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. ഒരു ചായയും ബജിയും കഴിക്കുമ്പോളാണ് എനിക്ക് സുമിയുടെ കാൾ വന്നത്.
“സുമി, എത്ര നേരായി കാത്തിരിക്കുന്നു?”
“ഫിലിം മൂന്നിനാണ് സ്റ്റാർട്ട് ചെയ്യുന്നേ, നീ നേരത്തെ വന്നാൽ എവിടെ ചെന്നിരിക്കാനാണ്?
“സിനിമയ്ക്കോ? എൻ്റെ കൂടെ വന്നാൽ പണി ആവില്ലേ സുമി? ആരേലും കണ്ടാൽ?”
“ആഹാ, നിൻ്റെ കൂടെ വരാൻ എനിക് തലയ്ക്ക് ഓളമല്ലേ! ഒന്ന് പോ…ഞാൻ എൻ്റെ ഫ്രണ്ട്സിൻറെ കൂടെ ആണ് വരുന്നേ. ലെഫ്റ്റ് സൈഡിലാണ് സീറ്റിങ്. നീ ഏറ്റവും അറ്റത്തു പോയി ഇരുന്നോണം. ഞാൻ നിൻ്റെ അപ്പുറത്തു ഇരുന്നോണ്ട് . പിന്നെ എന്നോട് നീ സംസാരിക്കരുത്. ഫ്രണ്ട്സ് ആരേലും കണ്ടാൽ ശരിയാവില്ല…ഒകായ്?”
