അബ്ദു മലർന്ന് കിടന്ന് മൊബൈലെടുത്ത് നോക്കി..
ചാർജ് തീരാറായിരിക്കുന്നു..
പെങ്ങളുടെ ഒരു മെസേജ് കണ്ട് അവനെടുത്ത് നോക്കി..
കുട്ടിയെ നോക്കേണ്ട കാര്യവും, അമ്മായമ്മയുടെ കുത്തുവാക്കും, അവളുടെ സമയമില്ലായ്മയും തന്നെ.. പറ്റിയാൽ നാളെ ഒരു പതിനൊന്ന് മണിക്ക് എത്താൻ നോക്കാംന്ന്…
അവനതിന് മറുപടിയൊന്നും പറഞ്ഞില്ല..
എന്ത് പറയാൻ..?.. എല്ലാർക്കും ഓരോ തിരക്ക് കാണും..
അല്ലെങ്കിലും തന്നെ നോക്കാൻ ഇവിടെ എന്തിനാണൊരാള്..?.
അവന്റെ ഹൃദയം പെട്ടെന്ന് ആർദ്രമായി.. കൂടുതലൊന്നും ചിന്തിക്കാനും അവനായില്ല..
ബാത്ത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ നോക്കി..
ചുരിദാറിന്റെ പാന്റ് മുട്ട് വരെ തെറുത്ത് കയറ്റി വെച്ച്, കയ്യിൽ കുറച്ച് നനഞ്ഞ തുണികളുമായി സലീന..
അവൻ അന്തംവിട്ട് നോക്കുമ്പോ, അവൾ കയ്യിലുണ്ടായിരുന്ന തുണികൾ ഒരോന്നെടുത്ത്.,മറ്റേ കട്ടിലിൽ വിരിച്ചിട്ടു.
താനിപ്പോ ബാത്ത്റൂമിൽ അഴിച്ചിട്ട തന്റെ തുണികളാണ് അതെന്ന് അമ്പരപ്പോടെ അവനറിഞ്ഞു. ഷർട്ടും മുണ്ടും, ഒരു ബനിയനും ഷെഡിയും..
അത് സലീന അലക്കി വിരിക്കുകയാണ്..
“ സോപ്പൊന്നും ഇല്ലായിരുന്നു.. എന്നാലും ഒന്ന് കുത്തിപ്പിഴിഞ്ഞിട്ടുണ്ട്.. ഈ ഫാനിന്റെ ചോട്ടിലിട്ടാ രാവിലെയാകുമ്പോഴേക്ക് ഉണങ്ങിക്കോളും… നിനക്ക് രാവിലെ മാറ്റിയുടുക്കണ്ടേ… ?.”
സലീന പറഞ്ഞത് കേട്ട് അബ്ദു ഇതൊന്നും വേണ്ടായിരുന്നു എന്ന ഭാവത്തിൽ അവളെ നോക്കി..
“ഞാനെന്നാ പോട്ടെ അബ്ദൂ…?.
എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാ മതീട്ടോ…”
സലീന, അബ്ദുവിനോട് പറഞ്ഞ്
വാതിൽ തുറന്നു..
“ സലീ… നിന്റെ കയ്യിൽ ചാർജറുണ്ടോടീ..?
മൊബൈലിലെ ചാർജ് തീർന്നു… “
അബ്ദുവിന്റെ വിളി കേട്ട് സലീന തിരിഞ്ഞ് അമ്പരപ്പോടെ അവനെ നോക്കി..ആദ്യമായാണ് അവൻ സലീന്ന് വിളിക്കുന്നത്..
അവൾ തുടുത്ത മുഖത്തോടെ പുറത്തേക്കിറങ്ങി.. റൂമിൽ നിന്ന് ചാർജറെടുത്ത് അവന് കൊണ്ടുപോയി കൊടുത്തു..
വീണ്ടും മുറിയിൽ വന്ന് കിടക്കയിലിരുന്നു..
പാത്രത്തിൽ കഞ്ഞിയുണ്ട്, വിശക്കുന്നുണ്ടെങ്കിലും അത് കുടിക്കാൻ തോന്നിയില്ല..
വല്ലാത്തൊരു പരവേശം..അബ്ദുവിന്റെ മുഖത്ത് നോക്കാൻ എന്തോ ഒരു നാണം.
പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി ദേഹമാകെ നിറയുന്നു.. ഇത് വരെ പ്രേമിച്ചിട്ടൊന്നുമില്ല.. എങ്കിലും ഒരു കാമുകിയുടെ മനസ് പോലെ കുതി തുള്ളുന്നു..അവനെ വീണ്ടും കാണാൻ കൊതിയാവുന്നു..
താനൊരു ഭാര്യയാണെന്ന് പേടിയോടെ സലീനയോർത്തു.. പേരിനൊരു ഭാര്യ.. ഒരു ഭാര്യയുടെ സ്നേഹമോ, പരിഗണനയോ, അവകാശമോ തനിക്കിത് വരെ കിട്ടിയിട്ടില്ല..
താൻ പ്രതീക്ഷിച്ചതിന് നേരെ എതിരുള്ള ഭർത്താവിനെയാണ് തനിക്ക് കിട്ടിയത്.. ഭാര്യയെ സ്നേഹിക്കാനറിയാത്ത, ലാളിക്കാനറിയാത്ത, ഭാര്യയെ അടിമയായി കാണുന്ന ഒരുത്തൻ..
ഉമ്മ പറയുന്നതാണ് അയൾക്ക് വേദവാക്യം.. ഭാര്യയുടെ വാക്കിന് ഒരു വിലയുമില്ല…
ഇതൊക്കെ
സഹിക്കാമെന്നോർത്താലോ, കിടപ്പറയിൽ എന്തൊക്കെയാണയാൾ കാണിച്ച് കൂട്ടുന്നത്… ?..
വേണ്ട…അതൊന്നും ഇനി ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്..ആ അദ്ധ്യായം അടഞ്ഞു..
വീണ്ടും സലീനയുടെ മനസിലേക്ക് അബ്ദു കയറി വന്നു..
പാവം.. ഒരു പാട് പ്രാരാബ്ദ്ധമുണ്ടവന്..ഉമ്മയുടെ അസുഖം തന്നെ അവന് താങ്ങാവുന്നതിലധികമാണ്.. പെങ്ങളെ കെട്ടിച്ചതിന്റെ കടം ഇനിയും ബാക്കിയുണ്ട്..എല്ലാം അവൻ പണിക്ക് പോയിട്ട് വേണം.. അതിനിടയിലാണ് ഈ അപകടം.. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടി വരും അവന് പണിക്കിറങ്ങാൻ..
എങ്കിലും എപ്പോഴും ചിരിച്ച്, തമാശയൊക്കെ പറഞ്ഞ്, തന്റെ പ്രശ്നങ്ങളൊന്നും ആരോടും പറയാതെ നടക്കും.. തന്നോടവൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് തന്റെ പ്രശ്നങ്ങൾ പറയുമ്പോ, തന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണ്.. നിനക്ക് മാത്രമല്ല, എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തന്നെ സമാധാനിപ്പിക്കും..
ഒരു കല്യാണം നടന്നിരുന്നെങ്കിൽ തന്നെ അവന്റെപ്രശ്നങ്ങൾ പകുതി തീർന്നേനെ..എങ്കിൽ ഉമ്മാന്റടുത്ത് വീട്ടിലൊരാളായേനെ… ഉമ്മാന്റെ കാര്യത്തിലാണ് അവനേറ്റവും വിഷമം.. എപ്പഴാ അസുഖം വരികാന്ന് പറയാൻ പറ്റില്ല.. എപ്പഴും അടുത്തൊരാൾ വേണം..അതിന് എത്രയും പെട്ടെന്ന് അബ്ദുവിന്റെ കല്യാണം നടക്കണം..
