സുറുമ എഴുതിയ കണ്ണുകളിൽ- 5 1

ചെറുപ്പത്തിൽ അവളായിരുന്നു എന്റെ സന്തോഷവും കിന്നാരവും ഉന്മാദവുമെല്ലാം… മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ കളിക്കൂട്ടുകാരിയായി… അടിപിടി കൂടുമ്പോൾ അവളെനിക്കൊരു കുഞ്ഞുപെങ്ങളായി… പഠന കാര്യങ്ങളിൽ അവളെനിക്ക് ഒരു ടീച്ചറായി… വിഷമിച്ചിരിക്കുമ്പോൾ സ്വാന്തനിപ്പിച്ച് അമ്മയായ്…. അവളേക്കാളേറെ പരിഗണന വേറെ ആർക്കെങ്കിലും കൊടുക്കുന്നെന്ന് തോന്നിയാൽ സ്വാർത്ഥതയിൽ ഒരു കാമുകിയായ് അവളെനിക്കെല്ലാമായിരുന്നു….

ആറാം വയസ്സിൽ കൂടെ കൂടിയൊരു സൗഹ്യദം… പരസ്പരം എല്ലാം പങ്കുവെച്ച് ഞങ്ങൾ വളർന്ന കൂട്ടത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.. എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.. ഞങ്ങളുടേതായിരുന്നു… എല്ലാം…

ഞങ്ങളിലൂടെ ഞങ്ങളുടെ വീട്ടുകാരും നല്ല അടുപ്പത്തിൽ ആയിരുന്നു. എനിക്ക് അവളുടെ വീട്ടിൽ ഒരംഗമെന്ന പരിഗണ എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ഉപ്പാക്ക് അവളെന്നാൽ ജീവനായിരുന്നു. പെൺ മക്കളില്ലാത്ത വിഷമത്തിന് ഉമ്മയും ഉപ്പയും ഒരു പരിധി വരെ സമാധാനം കണ്ടിരുന്നത് അവളിലൂടെയായിരുന്നു.

ഒരു വെക്കേഷന് ജിദ്ദയിലെ അവളുടെ ഉമ്മാന്റേം ഉപ്പാന്റേം അടുത്തേക്ക് പോയ അവൾ തിരിച്ച് വരുന്നത് രണ്ട് വർഷത്തിന് ശേഷമായിരുന്നു.
സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എത്ര രാത്രികളാ കരഞ്ഞ് തീർത്തത് എന്ന് ഒരു നിശ്ചയവുമില്ല… കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ അവസ്ഥ… എവിടെ പോയി തിരയണമെന്ന് പോലും അറിയാത്ത ഒരു തരം നിർവികാര അവസ്ഥ… ബന്ധപ്പെടാനോ സംസാരം ഒന്ന് കേൾക്കാനോ പോലും സാധിക്കാത്ത അവസ്ഥ… ഈ സമയവും കടന്ന് പോവും എന്ന് പറഞ്ഞത് എത്ര സത്യം… എങ്ങനയാ ആ രണ്ട് വർഷം തള്ളി നീക്കിയത് എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു നീറ്റലാ… പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാതിരുന്ന രണ്ട് വർഷങ്ങൾ..

പത്താം ക്ലാസിലെ ആദ്യ ദിവസം ലാസ്റ്റ് ബെഞ്ചിൽ സൊറ പറഞ്ഞിരിക്കുമ്പോയാണ് , ഒരു കിളിനാദം…

“മേ ഐ കം ഇൻ മിസ്…”

“യെസ്… പീസ്…”

വാതിലിനടുത്തേക്ക് നോക്കുമ്പോൾ പുഞ്ചിരി തൂകി ഒരു സുന്ദരികുട്ടി… അനുവാദം കിട്ടിയതോടെ അവൾ ക്ലാസിലേക്ക് കേറി വന്ന് ടീച്ചറോട് എന്തൊക്കെയോ പറയുന്നു. ഗേൾസിന്റെ സൈഡിലെ അവസാന ബെഞ്ച് ചൂണ്ടി കാണിച്ച് ടീച്ചർ തിരിച്ചും അവളോട് എന്തോ പറഞ്ഞു…

നടന്ന് വന്നപ്പോൾ അവളുടെ മുഖം എന്നെ വർഷങ്ങൾ പിന്നിലേക്കോടിച്ചു.

കരി എഴുതിയ ആ വെള്ളാരം കണ്ണുകൾ….

നുണക്കുഴി കവിളുകൾ…

വട്ടമുഖം…

തൂവെള്ള പല്ലുകൾ കാട്ടിയുള്ള പാൽ പുഞ്ചിരി…

രണ്ട് വർഷങ്ങൾക്കിപ്പുറം എനിക്കായി വന്നിരിക്കുന്നു അവൾ… എന്റെ പെണ്ണ്…. എന്റെ ഹൂറി….

ആദ്യം കണ്ട മാത്രയിൽ തന്നെ എന്തേ എനിക്ക് അവളെ അങ്ങനെ തോന്നി??

ഞാനായിരം വട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം….

ഞാനറിയാതെ എന്റെ ചുണ്ടുകൾ അവളുടെ നാമം ഉച്ചരിച്ചു…

“ചിന്നു…”

വെള്ള ടോപ്പും കരിനീല പാന്റും കറുത്ത തട്ടുമാണ് വേഷം. തലയിൽ നിന്ന് ഇടക്ക് ഊർന്ന് വീഴുന്ന തട്ടം ഇടക്കിടക്ക് നേരേ പിടിച്ചിട്ട് അവൾ എന്നിലേക്ക് നടന്നടുക്കുന്നതായി എനിക്ക് തോന്നി…

എന്റെ നോട്ടം അവളിൽ നിന്ന് പിൻവലിക്കാൻ എനിക്കായില്ല. അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഞാൻ മാത്രമല്ല ക്ലാസ് മൊത്തം അവളെ തന്നെയാണ് നോക്കി കൊണ്ടിരിക്കുന്നത്.

ഇടക്കെപ്പോയോ അവളുടെ നോട്ടം ഇടതു വശത്തേക്ക് പതിഞ്ഞപ്പോൾ അവളുടെ മുഖത്തും കണ്ടു ഞാനാ ആശ്ചര്യം… രണ്ട് വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ മനസ്സ് തുടിച്ചു പരസ്പരം ഒന്നു സംസാരിക്കാൻ… ക്ലാസിനിടയിലും ഞങ്ങൾ പരസ്പരം സംസാരിച്ചു… ആംഗ്യഭാഷയിൽ…

പിന്നീടങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങളായിരുന്നു. സങ്കടങ്ങളും പരിഭവങ്ങളും പരസ്പരം പറഞ്ഞു കൊണ്ടേയിരുന്നു. രണ്ട് പേർക്കും പറയാൻ പ്രത്യേകിച്ചു വിശേഷങ്ങളൊന്നും തന്നെ ഉണ്ടായിരിന്നില്ല. പരിഭവങ്ങളായിരുന്നു കൂടുതലും…

സൗഹ്യദത്തിനുമപ്പുറം ഞങ്ങൾക്കിടയിൽ കുടികൊണ്ടൊരാ സ്വർഗീയാനുഭൂതി ഞങ്ങൾ തിരിച്ചറിഞ്ഞൊരാ നാളുകൾ. രണ്ടു പേർക്കും പൂർണ്ണ ഉറപ്പുള്ളൊരാ സത്യത്തിന് തുറന്നു പറച്ചിലിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല. പകലിനെ പുൽകുന്നൊരാ രാവിനെ പോൽ സത്യമായിരുന്നു ഞങ്ങളുടെ പ്രണയം…
അവളുടെ അസാന്നിധ്യം എന്നെ ഏറെ ബാധിച്ചത് എന്റെ പഠനത്തിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷവും ജയിച്ചത് തന്നെ കഷ്ടിച്ചാണ്. എങ്ങനെയോ തോൽക്കാതെ രക്ഷപ്പെട്ടു ന്ന് പറഞ്ഞാൽ മതിയല്ലോ… എന്നെ മൊത്തമായി അവളങ്ങ് ഏറ്റെടുത്തതോടെ പഠിക്കാതെ വേറെ രക്ഷ ഇല്ലാതായി. എല്ലാ അർത്ഥത്തിലും അവളെന്റെ നല്ലപാതിയായി. എനിക്കെന്താണോ വേണ്ടത്, അത് എന്നേക്കാൾ നന്നായി അവൾക്ക് അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *