സുറുമ എഴുതിയ കണ്ണുകളിൽ- 5

മരത്തിന് ചുവട്ടിലായി നിർത്തിയിട്ട കറുത്ത റെയ്ഞ്ച് റോവർ കാറിൽ ഇരുന്ന് കൊണ്ട് ആ ചെറുപ്പക്കാരൻ അവളോടായി ചോദിച്ചു.

“ഈ പള്ളി തന്നെയല്ലേ മോളേ??”

“അതേ ഇക്കാക്കാ…”

അവൾ മൊഴിഞ്ഞു.

അവൾ….

ഒരു കാലത്ത് ഷാജഹാന്റെ ജീവന്റെ ജീവനായിരുന്ന….

” സെഫീനാ മെഹ്റിൻ… ഷാജഹാന്റെ ചിന്നു…”

” മോളേ… ഇനിയെങ്കിലും ഇത് മനസ്സിൽ നിന്ന് മറക്കാൻ ശ്രമിച്ചൂടേ??”

” ചിലതൊന്നും അങ്ങനെ മറക്കാൻ പറ്റില്ല ഉപ്പാ.. മറക്കാൻ പാടില്ല…”

” ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ മോളേ??”

” ഇത് ഒരിക്കലും എനിക്ക് ഒരു പരീക്ഷണമല്ല ഉപ്പാ… ആറു വയസ്സ് മുതൽ സന്തോഷവും സങ്കടങ്ങളും പരസ്പരം പങ്ക് വെക്കാൻ അവന് ഞാനും, എനിക്ക് അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ… കിട്ടിയതെല്ലാം പരസ്പരം പങ്ക് വെക്കും… എന്ത് കാര്യത്തിനും ഒപ്പമുണ്ടാകും.. ഒന്നിച്ചേ എന്തും ചെയൂ.. അങ്ങനെയുള്ള അവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റുമോ??”

“പക്ഷേ… എന്നാലും മോളേ… നിന്റെ സ്നേഹം മനസ്സിലാക്കാൻ അവന് സാധിച്ചില്ലാലോ??”

“അതിന് അവനെ എങ്ങനെ കുറ്റം പറയാൻ പറ്റും?? അവന്റെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും അത് തന്നെ അല്ലേ ചെയ്യാ..”

” എന്നാലും മോളേ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ?? നിനക്ക് സത്യാവസ്ഥ തുറന്ന് പറഞ്ഞാൽ അവൻ നിന്നെ ചേർത്ത് പിടിക്കില്ല എന്ന് നീ വിചാരിക്കുന്നുണ്ടോ??”

“ഇല്ല ഇക്കാക്കാ… അവൻ എന്നെ ഒരിക്കലും വിട്ട് പോകുമായിരുന്നില്ല.. അത് ആരെക്കാളും നന്നായി എനിക്ക് അറിയാം… പക്ഷേ എന്റെ സന്തോഷത്തേക്കാളും ഞാൻ ഇംമ്പോർട്ടൻസ് കൊടുത്തത് അവന്റെ ഫ്യൂച്ചറിനും കരിയറിനും ഒക്കെയാണ്..”

” അവന് എന്തോരം വിഷമമായിട്ടുണ്ടാവും എന്ന് നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ??”
” അവന്റെ ദയനീയാവസ്ഥ ഞാൻ നേരിട്ട് കണ്ടിരുന്നു… സത്യം പറഞ്ഞാൽ ഇതിന്റെ ഒന്നിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് വരെ തോന്നി പോയി.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ ഇക്കാക്കാ… കഴിഞ്ഞ് പോയ ശരി തെറ്റുകളെ കുറിച്ചൊന്നും ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല… ഐ ആം ഹാപ്പി ഫോർ ഹിം നൗ..

പുഞ്ചിരിച്ച് കൊണ്ടാണ് അവൾ അത് പറഞ്ഞത് എങ്കിലും മിഴികൾ പൊൻ മണി തുള്ളികൾ പൊഴിച്ചു… ആരും കാണാതിരിക്കാൻ അവൾ കൈ കൊണ്ട് തുടച്ചു..

ഏതാനും കാറുകൾ പള്ളിയുടെ കുറച്ച് അകലെയായി വന്ന് നിന്നത് അവർ നോക്കി നിന്നു. അവകളിൽ മുന്നിലായി നിർത്തിയ റെഡ് കളർ ജീപ്പ് കോംമ്പസ്സിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് ഷേവ് ചെയ്ത് മിനുക്കിയ മുഖം, കട്ടി മീശ പിരിച്ച് വെച്ചിട്ടുണ്ട്, മുടി ഒരു സൈഡിലേക്കാക്കി വാരി വെച്ചിട്ടുണ്ട്, ഗൗരവമാണ് അവന്റെ മുഖഭാവം, കണ്ണുകളിൽ ഗൗരവത്തിന്റെ തീവ്രത വ്യക്തമാണ്… പക്വതയോടെ ഉള്ള നടത്തം..

” മുന്ന!!!!!!!”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവൾ കൈ കൊണ്ട് തുടച്ചു കൊണ്ടിരിക്കുന്നതിനനുസരിച്ച് ഒന്നിന് പുറകെ ഒന്നായി അവകൾ പൊഴിഞ്ഞ് വീണ് കൊണ്ടേ ഇരുന്നു.

“എന്താ മോളേ ഇത് ഇതിനാണോ ഇത്ര തിരക്കിട്ട് അവനെ കാണാൻ വന്നത്??”

“ഇല്ല ഇത്താ… ഞാൻ കരയുന്നില്ല… അവനെ പെട്ടെന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയതാ…”

“ഉപ്പാ… കണ്ടോ എന്റെ ചെക്കനെ… നോക്കിയേ എന്ത് മൊഞ്ചാണ് ചെക്കന്… താടി ഒക്കെ വടിച്ചപ്പോൾ എന്റെ ആ പഴയ മുന്ന ആയി… ആ പഴയ പൊടി മീശക്കാരൻ ഒക്കെ പോയി… മീശ ഒക്കെ പിരിച്ച് വെച്ച് ചുണകുട്ടി ആയിട്ടുണ്ട്… ഓന്റെ മോത്തെ ആ ഗൗരവം നോക്കിയേ…”

വിതുമ്പി കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവനെ കണ്ട് അവൾക്ക് മതി വന്നിട്ടുണ്ടായിരുന്നില്ല. മുന്നിലെ സീറ്റുകൾക്കിടയിലേക്ക് കേറി നിന്ന് കൊണ്ട് അവൾ അവനെ കണ്ണുകൾ കൊണ്ട് സ്വന്തമാക്കി കൊണ്ടിരുന്നു.

” മോളേ.. അവൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ങോട്ട് തന്നെ നോക്കി കൊണ്ടിരിക്കുന്നുണ്ട്..”

” അവന് നോക്കാതിരിക്കാൻ പറ്റില്ല ഉപ്പാ… അവന്റെ ഖൽബിൽ ഇപ്പോഴും ഞാൻ ഉണ്ട്… ഒരു മാറ്റവും വന്നിട്ടില്ല.. അത് അങ്ങനാ”

അവളുടെ വാക്കുകൾ എല്ലാവരുടെയും കണ്ണുകൾ നിറച്ചു.

ഒരു കാറ് അവന്റെ മുന്നിലായി വന്ന് നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷത്തോടെ ആ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ഉപ്പാ…. അതാണ് ശ്രീരാഗ്. ഞങ്ങളുടെ രണ്ട് പേരുടെയും ചെങ്ങായി.. ഓൻ ദുബായീ ന്ന് ള്ള വരവാണെന്ന് തോന്നുന്നു”

അവളുടെ കണ്ണുകൾ ശ്രീരാഗിനെ വിട്ട് വീണ്ടും അവളുടെ മുന്നയിലേക്ക് തന്നെ തിരിച്ചു.

“ഉപ്പാ… അങ്ങട്ട് നോക്കിയേ എന്താ ഓന്റെ ചിരി… ഇത് വരെ മസില് പിടിച്ച് നിന്നവനാ… എന്ത് രസാലെ ന്റെ ചെക്കന്റെ ചിരി കാണാൻ.. എത്ര വർഷത്തിന് ശേഷമാണ് ആ ചിരി ഒന്ന് കാണുന്നതെന്ന് അറിയോ?? ഓന്റെ ഈ അവസ്ഥക്ക് ഞാനാണല്ലോ കാരണം എന്ന് കരുതുമ്പോൾ ചിലപ്പോൾ ചത്താലോ ന്ന് വരെ തോന്നും… പിന്നെ ഇതൊന്നും കാണേണ്ടല്ലോ??”

ആ മദ്ധ്യവയസ്കൻ മറുപടി ഒന്നും പറയാതെ ചുണ്ടിൽ ഒരു ചിരി വരുത്തി. ഒരു വിശാഖ ചിരി…

¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
പള്ളിയിലേക്ക് കയറാൻ വേണ്ടി നിൽക്കുമ്പോഴാണ് എന്റെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ശെരിക്കും വണ്ടർ അടിച്ചു.

“ശ്രീരാഗ്”

എന്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ… എന്റെ ചങ്ക്… എന്താപ്പോ പറയാ?? എന്റെ എല്ലാമായ എല്ലാം… അത്ര തന്നെ

അല്ലെങ്കിലും പെണ്ണിനെ കുറിച്ച് വർണ്ണിക്കാൻ എഴുത്തിന്റെ ആശാന്മാർ വാക്കുകൾ കൊണ്ട് അമ്മാനമാടുമ്പോയും സുഹൃത്തിനെ കുറിച്ചും സൗഹ്യദത്തെ കുറിച്ചും എഴുതുമ്പോൾ വാക്കുകൾക്ക് വേണ്ടി തപ്പാറുണ്ട്… ആശാന്മർക്ക് വരെ അങ്ങനെ… പിന്നെയാണോ ഈ ശിശുവിന്..

“എടാ മരംകൊത്തി മോറാ…. നീ അല്ലെ കുറച്ച് മുമ്പ് നെറ്റ് നമ്പറിൽ നിന്ന് വിളിച്ചേ??”

“അതേലോ… ഹി ഹി..”

“എടാ മൈരേ… എന്നാ പിന്നെ നേരത്തെ ഒന്ന് മൊഴിഞ്ഞുടേ.. മനുഷ്യൻ ഇവടെ പോസ്റ്റടിച്ച് പണ്ടാരടങ്ങി നിൽക്കായിരുന്നു…”

“ഹേയ്.. പറഞ്ഞിട്ട് വരുന്നതിൽ ഒരു ത്രില്ലില്ല…. ഞാൻ വന്നില്ലേ മുത്തേ ഇനി നീ എന്തിനാ പോസ്റ്റടിക്കുന്നേ?? ഞാൻ ഇല്ലേ… അല്ല നീ കയറുന്നില്ലേ??”

” ഇല്ലെടാ.. ഇതിന് ഒരു മര്യാത ഒക്കെ ഉണ്ട്.. പെണ്ണിന്റെ വീട്ടുകാര് വന്ന് ആനയിക്കണം പള്ളിയുടെ ഉള്ളിലേക്ക്.. എവിടെ… എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല.. ഹ ഹ ഹ”

അവനും എന്റെ ചിരിയിൽ കൂട്ട് ചേർന്നു.

അൽപ സമയത്തിനകം സൽമാനും കുറച്ച് കാരണവന്മാരും വന്ന് എന്നെ പള്ളിയിലേക്ക് ആനയിച്ചു. ശ്രീരാഗ് പള്ളിക്ക് കോമ്പൗണ്ടിലേക്ക് കയറി. പള്ളിക്ക് വെളിയിലായി നിന്നു. പഴയ പള്ളി ആയത് കൊണ്ട് സൈഡിലും വാതിലുകൾ ഉണ്ട്. അതിലൂടെ അകത്ത് നടക്കുന്ന കർമങ്ങളും ചടങ്ങുകളും എല്ലാം വ്യക്തമായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *