സുറുമ എഴുതിയ കണ്ണുകളിൽ- 5

അസറ് നിസ്കാരത്തിന് ശേഷം എല്ലാവരും കൂട്ടമായി ഇരുന്നു. ഖതീബ് ഉസ്താദ് തന്നെയാണ് നിക്കാഹിന് നേതൃത്വം നൽകുന്നത്. എന്റെ ഉപ്പാന്റെ ഗുരുസ്ഥാനത്ത് നിൽക്കുന്ന ആളാണ് ഉസ്താദ്. പ്രായമായിട്ട് ഉണ്ട്. ഉസ്താദ് വന്ന് ആസനസ്ഥനായി. എനിക്ക് മൂത്താപ്പ ഒരു ഇറാനി ടൈപ്പ് തൊപ്പി തന്നു തലയിൽ വെക്കാൻ. ഉസ്താദിന് അടുത്ത് ഞാനും എനിക്ക് എതിർ വശത്തായി റുബീനയുടെ മൂത്താപ്പയും വന്നിരുന്നു. നടുവിലായി മഹറിന്റെ പെട്ടി തുറന്ന് വെച്ചിട്ടുണ്ട്.

ഉസ്താദ് ഉറക്കെ വചനങ്ങൾ ഉച്ചരിച്ച് തന്നു. ആദ്യം റുബീനയുടെ മൂത്താപ്പ ചൊല്ലി. പിന്നെ എന്റെ ഊഴം….

“ഖബിൽത്തു നിക്കാഹഹ………………”

വചനങ്ങൾ അറബിയിലും പിന്നെ മലയാളത്തിലും പറഞ്ഞു തന്നു. ഞാൻ ഏറ്റു പറഞ്ഞു. റുബീനയുടെ മൂത്താപ്പാന്റെ കൈ എടുത്ത് എന്റെ കൈയിൽ വെപ്പിച്ചു മഹറ് കൈമാറി.

‘റുബീന ഷാജഹാന് സ്വന്തം’

ഒടുവിൽ ഖുർആനിലെ ഏതാനും ചെറിയ അദ്ധ്യായങ്ങൾ (ഫാതിഹയും സൂറത്തും) ഓതി പ്രാർത്ഥിച്ചു.. എല്ലാവർക്കും മധുരം വിതരണം ചെയ്തു. എന്നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. അവളുടെ മൂത്താപ്പാന്റെ കയ്യിൽ മഹറുമുണ്ട്.

ഞാൻ ശ്രീയുടെ കൂടെ പള്ളിയിൽ നിന്ന് ഇറങ്ങുമ്പോഴും ശ്രദ്ധിച്ചിരുന്നു ആ റെയ്ഞ്ച് റോവർ കാർ അവിടെ തന്നെ ഉണ്ടായിരുന്നു. അത് കാണുമ്പോൾ എന്തോ ഹൃദയം പടപടാ ഇടിക്കുന്നു. ദൂരെ നിന്ന് ഞാൻ അതിന്റെ നമ്പർ പ്ലേറ്റിലേക്കൊന്ന് നോക്കി.
“KL പത്ത്…”

ഞാൻ ചുണ്ടനക്കി. എന്നിട്ട് ആ കാറ് നോക്കി കൊണ്ട് തന്നെ ശ്രീയുടെ കൂടെ കാറിലേക്ക് കയറി. ഞാൻ ശ്രീയുടെ കൂടെയും ബാക്കി എല്ലാവരും ഓരോരോ കാറുകളിലായി റുബീനയുടെ വീട്ടിലേക്ക് വിട്ടു.

“പതിനാല് വർഷം ജീവന്റെ പാതിയായി കൊണ്ട് നടന്ന പെണ്ണിനെ സ്വന്തമാക്കാൻ സാധിച്ചില്ല. മിനിറ്റുകൾ മാത്രം കണ്ട് പരിചയമുള്ള പെണ്ണ് സ്വന്തമായിരിക്കുന്നു. എന്തൊരു കോമഡിയാണല്ലേ ഈ ജീവിതം”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു

അതിനു മറുപടിയായെന്നോണം അവനൊന്നു മന്ദഹസിച്ചു.

തുരുതുരാ സംസാരിക്കുന്ന ഞങ്ങൾക്കിടയിൽ അന്നെന്തോ മൗനം തളം കെട്ടി നിന്നു. ഞങ്ങൾക്കിടയിൽ കൂടുതലായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ചഞ്ചലമായ മനസ്സുമായി പുറംകാഴ്ചകളിൽ കണ്ണോടിച്ചു അങ്ങനെ ഇരുന്നു.

ഇടക്കെപ്പോഴോ ശ്രീ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമയിൽ നിന്ന് തിരിച്ചു വരുന്നത്.

അപ്പോഴേക്കും ഞങ്ങൾ റുബീനയുടെ വീട്ടിലെത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *