സൂര്യനെ പ്രണയിച്ചവൾ- 18

“രണ്ടേ ഒള്ളു കയ്യില്‍ ഇപ്പം!”

“എന്നാ അതിങ്ങു കൊണ്ടുവാ!”

അശ്വിന്‍ തന്‍റെ കൂട്ടുകാരില്‍ ഒരുവന്‍റെ നേരെ കണ്ണ് കാണിച്ചു.

അവന്‍ അകത്തേക്ക് പോയി.
തിരികെ വലിയ ഒരു ബാഗുമായി തിരികെ വന്നു.

“രണ്ട് തെകച്ചും ഒണ്ടല്ലോ അല്ലെ?”

“പിന്നില്ലേ! തെകച്ചും ഒണ്ട്!”

“ഈ രണ്ടു കോടീടെ സോഴ്സ് എന്താടാ?”

ജോയല്‍ പെട്ടെന്ന് ചോദിച്ചു.

“എഹ്!!”

ആസന്നമായ നാശം മുമ്പില്‍ കണ്ടിട്ടെന്ന വണ്ണം അശ്വിന്‍ പെട്ടെന്ന് കണ്ണുകള്‍ മിഴിച്ചു.

“ഈ പണത്തിന്‍റെ സോഴ്സ് കാണിക്കാന്‍!”

അശ്വിന്‍ തലയില്‍ കൈവെച്ചു.

“നാറികളെ!”

ജോയല്‍ അലറി.

“ഇവിടെ സ്വര്‍ണ്ണം എത്തി എന്നതാരുന്നു ടിപ് ഓഫ്…എന്നിട്ടിപ്പം കള്ളപ്പണം കൂടി…ഏയ്‌…”

ജോയല്‍ സന്തോഷിന്‍റെയും കൂടെയുള്ള ലാലപ്പന്‍റെയും അസ്ലത്തിനയെയും ഡെന്നീസിന്‍റെയും നേരെ നോക്കി ഉച്ചത്തില്‍ പറഞ്ഞു.

“ഒന്നൂടെ ഒന്ന് അരിച്ചു പെറുക്ക്..ഒരിഞ്ചുപോലും മാറ്റിവെക്കണ്ട! ഇപ്പം രണ്ടു കോടി…ഇനീം കാണും എവിടെയേലും!”

അശ്വിന്‍ ചെറുത്ത് നില്‍ക്കാന്‍ നോക്കിയെങ്കിലും വളരെ അനായാസം സംഘം അത് വിഫലമാക്കി.
ഒരു മണിക്കൂര്‍ നേരം കൂടി സംഘം തിരച്ചില്‍ തുടര്‍ന്നു.
രഹസ്യമാക്കി ഒളിപ്പിച്ചിരുന്ന നാല്‍പ്പത് ലക്ഷം രൂപകൂടി അവര്‍ കണ്ടെത്തി.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് വായിച്ചു കേള്‍പ്പിച്ചു.
എന്നിട്ട് അശ്വിന്‍ തില്ലങ്കേരിയെക്കൊണ്ട് ഒപ്പിടുവിച്ചു.
“തില്ലങ്കേരി!”

ജോയല്‍ വിളിച്ചു.

“അകത്ത് പോയി കിടന്നോ! നാളെ പാലക്കാട് ഇന്‍കം ടാക്സ് ഓഫീസില്‍ ഹജരായിരിക്കണം! നിന്‍റെ പേരിലുള്ള റെഡ് അലര്‍ട്ട് ആള്‍റെഡി സ്പ്രെഡ് ആയിട്ടുണ്ട്. അതുകൊണ്ട് വിമാനത്തേലോ പത്തേമാരീലോ കേറി മുങ്ങാന്‍ നോക്കിയാലോന്നും പ്രയോജനമില്ല!”

ആശ്വിനും സംഘവും അകത്തേക്ക് കയറി.

അപ്പോള്‍ പുറത്ത് നിന്നും ഇന്നും ജോയല്‍ കതക് ബന്ധിച്ചു.
പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും സന്തോഷ്‌ വണ്ടി അസ്ലത്തെയും ഉണ്ണിയേയുമേല്‍പ്പിച്ചു.

“യൂഷ്വല്‍ റൂട്ട് വേണ്ട!”

സന്തോഷ്‌ അവരോടു പറഞ്ഞു.

“നമ്മുടെ പുതിയ റൂട്ട്! അതിലെ വിട്ടാല്‍ മതി വണ്ടി…ബ്ലോക്ക് ചെയ്യാന്‍ ആര് നോക്കിയാലും മുട്ടിനു താഴെ പൊട്ടിച്ചേരേ!”

അസ്ലവും ഉണ്ണിയും അവരുടെ ജീപ്പില്‍ മടങ്ങി.
സംഘം അല്‍പ്പനേരം വീട്ടില്‍ ക്യാമ്പ് ചെയ്തു.
എല്ലാ റെയിഡിലും അതാണ്‌ പതിവ്.
കണ്‍സൈന്‍മെന്‍റ് ഒന്നോ രണ്ടോ ആളുകളെ ഏല്‍പ്പിച്ച് സുരക്ഷിതമായ റൂട്ടിലൂടെ അവരെ പറഞ്ഞു വിടും.
അവരത് ഭദ്രമായി താവളത്തിലെത്തിക്കും.
അതിന് ശേഷം മറ്റുള്ളവര്‍ ഒറ്റയ്ക്കോ കൂട്ടമായോ താവളത്തിലെത്തും.
റെയ്ഡിന് വിധേയരായവര്‍ ഒരിക്കലും രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ആരെയും കാണരുത് എന്നുള്ള വഴക്കം ആദ്യം മുതലേ സംഘം പുലര്‍ത്തിപ്പോന്നിരുന്നു.
ജോയല്‍, സന്തോഷ്‌, ലാലപ്പന്‍ ഇവരാണ് അധികവും എല്ലാ റെയ്ഡിനും നേതൃത്വം നല്‍കാറ്.
ഈ മൂന്ന് പേരുടെ മുഖങ്ങള്‍ പോലീസ്, പട്ടാള വൃത്തങ്ങള്‍ക്ക് പരിചിതമായത്കൊണ്ട്.
അസ്ലവും ഉണ്ണിയും പോയിക്കഴിഞ്ഞ് ഏകദേശം അരമണിക്കൂര്‍ നേരം കഴിഞ്ഞ് ജോയലിന്റെയും സന്തോഷിന്‍റെയും മൊബൈലിലേക്ക് ഒരു മെസേജ് വന്നു.
റെയ്ഡിന് വേണ്ടി മാത്രംമായെടുത്ത സിം കാര്‍ഡിലേക്ക്.

“അവരെത്തി…സേഫ് ആയി…”

മെസേജ് വായിച്ച് സന്തോഷ്‌ മറ്റുള്ളവരോട് പറഞ്ഞു.

“എങ്കില്‍ നമുക്ക് ഇറങ്ങാം…”

സന്തോഷ്‌ പറഞ്ഞു.
എല്ലാവരും എഴുന്നേറ്റു.

“ജോയല്‍ ബെന്നറ്റ്‌!!”

പെട്ടെന്ന് പുറത്ത് നിന്നും ഉച്ചഭാഷിണിയിലൂടെ ഘനമുള്ള ഒരു വിളി അവര്‍ കേട്ടു.
സംഘാംഗങ്ങള്‍ പരസ്പ്പരം നോക്കി.

“രാകേഷ്…!”

ജോയല്‍ മന്ത്രിച്ചു.

“രാകേഷ് മഹേശ്വര്‍!”

പെട്ടെന്ന് സംഘാംഗങ്ങള്‍ ആയുധങ്ങള്‍ എടുത്ത് മുമ്പോട്ട്‌ കുതിക്കാനാഞ്ഞു.

“നില്‍ക്ക്!”
ജോയല്‍ അവരെ വിലക്കി.

“എന്നെ അന്വേഷിച്ചാണ് സ്പെഷ്യല്‍ ടീം വന്നിരിക്കുന്നത്. അപ്പോള്‍ ഞാന്‍ തനിച്ച് അവരെ കാണുന്നതല്ലേ നല്ലത്?”

“ആര്‍ യൂ ഷുവര്‍?”

സന്തോഷ്‌ ചോദിച്ചു.

“ഡെഫ്നിറ്റ്ലി!”

“നോ!!”

ഷബ്നം പെട്ടെന്ന് പറഞ്ഞു.

“അവര് ഏട്ടനെ…”

ജോയല്‍ അവളെ നോക്കി പുഞ്ചിരിച്ചു.

എന്നിട്ട് അവളുടെ തലമുടിയില്‍ വാത്സല്യത്തോടെ ഒന്ന് തഴുകി.
പിന്നെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി.
പോക്കറ്റില്‍ നിന്നും അവന്‍ തന്‍റെ റെമിങ്ങ്ടണ്‍ പിസ്റ്റള്‍ എടുത്തു.
അതിന് ശേഷം പുറത്തേക്കിറങ്ങി.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *