സൂര്യനെ പ്രണയിച്ചവൾ- 23

അയാള്‍ തന്നെ നോക്കി നോക്കി കൈകള്‍ കൂപ്പുന്നത് അവള്‍ കണ്ടു.
“ജോയല്‍ ഇങ്ങനെ എന്നെ ക്വസ്റ്റ്യന്‍ ചെയ്‌താല്‍ …ഇതിന്‍റെ പോക്ക് കണ്ടിട്ട് അവസാനം ജോയലെന്നെ കൊല്ലും..ഒന്ന് പറ ..ഒന്ന് പറ…..പ്ലീസ്!!”

ഗായത്രി ജോയലിനെ നോക്കി.
പിന്നെ തങ്ങളുടെ മുമ്പില്‍ നിന്ന് വിറയ്ക്കുന്ന പോത്തന്‍ ജോസഫിനെയും.
അവള്‍ ജോയലിന്‍റെ നേരെ കൈ നീട്ടി.
ഒന്നും മനസ്സിലകാതെ ജോയല്‍ അവളെ നോക്കി.

“അതിങ്ങ്‌ തരൂ!”

അവന്‍റെ കയ്യില്‍, പോത്തന്‍ ജോസഫിനെ നേരെ ചൂണ്ടിപ്പിടിച്ചിരുന്ന തോക്കിലെക്ക് നോക്കി ഗായത്രി പറഞ്ഞു.
അവിശ്വസനീയതയോടെ അവളെ നോക്കി നില്‍ക്കുന്നതിനിടയില്‍ ഗായത്രി അവന്‍റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങി.
ആ നിമിഷം ജോയല്‍ ജാക്കറ്റിനകത്ത് നിന്നും മറ്റൊരു തോക്കെടുത്തു.
ജോയലില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുമായി അവള്‍ പോത്തന്‍ ജോസഫിന് നേരെ ചുവടുകള്‍ വെച്ചു.
ജോയല്‍ മിഴികളില്‍ അദ്ഭുതം നിറച്ച് ആ കാഴ്ച നോക്കിനിന്നു.

“ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയില്ല എന്ന് നീ കരുതണ്ട!”

ജോയല്‍ അവളുടെ വാക്കുകള്‍ കേട്ടു.
അവന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
തോക്ക് അയാളുടെ തലയ്ക്ക് നേരെയും.

“എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നയാളാണ് എന്‍റെ അച്ഛന്‍!”

പോത്തന്‍ ജോസഫിന്‍റെ നേരെ തോക്ക് ചൂണ്ടി ഗായത്രി പറഞ്ഞു.

“കമാന്‍ഡോസ് എന്നെയും പഠിപ്പിച്ചിരുന്നു ഇത് ഉപയോഗിക്കുന്ന രീതി…”

അവള്‍ ഒരു ചുവട് കൂടി അയാളുടെ നേരെ അടുത്തു.

“അന്നൊക്കെ പക്ഷെ ഒരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ….ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം എന്‍റെ ലൈഫില്‍ ഉണ്ടാകരുതേ എന്ന്…”

അവള്‍ അയാളെ നോക്കി.

“പറ!”

അവള്‍ സ്വരമുയര്‍ത്തി.

“എന്തിനാ നിങ്ങള് മൂന്നും ജോടെ പപ്പയെ കൊന്നെ?”

“ഓഹോ!!”

അസഹ്യമായ വേദനയ്ക്കിടയിലും പോത്തന്‍ ജോസഫ് കലി പൂണ്ടലറി.

“എന്തിനാ കൊന്നേന്ന് എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടാരുന്ന തന്തേടെ മോള്‍ക്കറിയണോ? അറിഞ്ഞാ എന്‍റെ നേരെ ചൂണ്ടിപ്പിടിച്ചിരിക്കുന്ന ആ തോക്കില്ലേ? അത് വെച്ച് മോള് പൊട്ടിക്കും പുന്നാര തന്തേടെ തലമണ്ട നോക്കി!”

ഗായത്രിക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ ജോയലിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.

“എന്താ?”
അവള്‍ സാവധാനം, അല്‍പ്പം ഭയത്തോടെ പോത്തന്‍ ജോസഫിനോട് ചോദിച്ചു.

“നിങ്ങള്‍ എന്താ പറഞ്ഞെ?”

“നിന്‍റെ തന്ത പദ്മനാഭന്‍ തമ്പി, കേന്ദ്ര മന്ത്രി, അയാള് പറഞ്ഞിട്ടാ…അയാള് കാരണവാ ഞങ്ങള് ഈ ജോയലിന്റെ പപ്പയെ കൊന്നത്!”

ഗായത്രിയുടെ ശ്വാസഗതി ഉയര്‍ന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തന്‍റെ ദേഹം ദുര്‍ബലമാകുന്നതും താന്‍ ഏതു നിമിഷവും നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നും അവള്‍ക്ക് തോന്നി.

“ജോ….”

വേദനയും പശ്ച്ച്ചാത്താപവും കുറ്റബോധവും നിറഞ്ഞ സ്വരത്തില്‍ ഗായത്രി അവനെ വിളിച്ചു.

“അയാടെ കള്ളത്തരം ….. ബില്ല്യന്‍ ഡോളര്‍ അഴിമതി ജോയലിന്റെ പപ്പാ കണ്ടുപിടിച്ചു…അത് പബ്ലിഷ് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തി, കാലുപിടിച്ചു, അയാള് സമ്മതിച്ചില്ല…അതുകൊണ്ട് കൊന്നു….അതിനു കൈനിറച്ച് ചോദിച്ച പൈസേം തന്നു അയാള്…”

പോത്തന്‍ ജോസഫ് തുടര്‍ന്നു.
അയാള്‍ ഉരുവിട്ട ഓരോ വാക്കും ഗായത്രിയുടെ ഹൃദയത്തെ ഇടിച്ചു നുറുക്കി.
തലയ്ക്ക് മുകളില്‍ കാറ്റിലിളകുന്ന ഇലച്ചാര്‍ത്ത് ശിഥിലമായ അസ്ഥികളെപ്പോലെ തന്നെ നോക്കുന്നത് അവള്‍ കണ്ടു.
തന്‍റെ ഹൃദയമിടിപ്പ്‌ ഒഴുകിയുറയുന്ന രക്തത്തിലേക്ക് അലിഞ്ഞു കയറുന്നതും.
ഒരു വേനല്‍ക്കുതിരമേലേറി എന്നിലേക്ക് പറന്നു വരുന്ന സൂര്യനായി നിന്നെ സ്വപ്നം കണ്ടവളാണ് ഞാന്‍, എന്‍റെ ജോ…
വെണ്മുകിലുകള്‍ക്കിടയില്‍ നിന്ന് നീ പ്രണയനോട്ടമെറിയുന്നതും ആ നോട്ടത്തിലെരിഞ്ഞു തപിക്കുന്ന ദീപനാളമാകാനും എത്ര തീവ്രമായാണ് ഞാന്‍ കൊതിച്ചത്!
പച്ചമരത്തഴപ്പുകള്‍ക്ക് താഴെ, ആനക്കറുപ്പന്‍ മേഘങ്ങള്‍ മിന്നല്‍പ്പിണരായി ജ്വലിക്കുമ്പോള്‍ നിന്‍റെ ജീവരേതസ്സില്‍ കുതിരാന്‍ എത്രമേല്‍ കൊതിച്ചു ഞാന്‍….

പക്ഷെ….
ഞാന്‍ ക്ഷമ കാണിച്ചില്ല.
എനിക്ക് കാത്തിരിക്കമായിരുന്നു.
എതിര്‍ദിശയിലേക്ക് ചിന്തിക്കാമായിരുന്നു.
നിന്‍റെ കരളെന്ത് മാത്രം പിളര്‍ന്നിട്ടുണ്ടായിരിക്കണം, എന്‍റെ ക്രൂരമായ തിരസ്ക്കാരം നിന്‍റെ മേല്‍ പര്‍വ്വത നിഴലുകള്‍ പോലെ പെരുകി വളര്‍ന്നപ്പോള്‍….!
നിയന്ത്രിക്കാനാവാതെ ഗായത്രി പൊട്ടിക്കരഞ്ഞു.

“പക്ഷെ ജോയലിന്റെ പപ്പയെ അയാള് കൊന്നതിന്‍റെ ശരിക്കുള്ള കാരണം നീയാ….”

പോത്തന്‍ ജോസഫിന്റെ ശബ്ദം ഗായത്രി കേട്ടു.
ശബ്ദം നിയന്ത്രിച്ച്, കണ്ണുകള്‍ തുടച്ച് അവള്‍ അയാളെ നോക്കി.

“നിന്‍റെയും ജോയലിന്‍റ്റെയും പ്രേമം…അതാ ഫൈനല്‍ കാരണം…അറിയാവോ? ഇങ്ങനെ അടിച്ചും ഇടിച്ചും വേദനിപ്പിക്കണ്ട ആരെയാ? എന്നെയോ അയാളെയോ? ഇങ്ങനെ തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി നേര് പറയിപ്പിക്കേണ്ടത് ആരെയാ? എന്നെയോ അയാളെയോ? നീയത്ര വലിയ പുന്നാര സത്യാന്വേഷി ആണേല്‍ പോയി പൊട്ടിക്കെടീ നിന്‍റെ തന്തേടെ ഒണക്കത്തല!”

ഗായത്രി ജോയലിന്റെ നേരെ തിരിഞ്ഞു.

“ജോ …എന്‍റെ ജോ….”

അവള്‍ അവനെ അമര്‍ത്തിപ്പുണര്‍ന്നു.

“ഇത്രേം വേദന… ഇത്രേം സങ്കടം….ഇതൊക്കെ ഉള്ളില്‍ കൊണ്ടുനടന്ന്…. ഇങ്ങനെ …ഇത്രേം കൊല്ലം തീ തിന്ന്…ഈശ്വരാ…ഞാന്‍….”

അസഹ്യമായ സങ്കടത്താല്‍ ഗായത്രി പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീര്‍ അവന്‍റെ ജാക്കറ്റ് നനയ്ക്കുമ്പോള്‍ ജോയല്‍ അവളുടെ സുഗന്ധമുള്ള തലമുടിയില്‍ തലോടി.

“സാരമില്ല…കരയാതെ ….”

അവന്‍ പറഞ്ഞു.

“ഹഹഹ!”

ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് അവര്‍ ആലിംഗനത്തില്‍ നിന്നുമകന്നു പിമ്പിലേക്ക് നോക്കി.

കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി പോത്തന്‍ ജോസഫ്!

“ഇനി രക്ഷയില്ല!”

അയാള്‍ പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു.

“അടുത്ത മൂവ് എന്‍റെയാ! റാണിക്കും രാജാവിനും ഒരേ പോലെ ചെക്ക് വെച്ചാ ഞാന്‍ നിക്കുന്നെ!”

അത് പറഞ്ഞ് അയാള്‍ തോക്കുയര്‍ത്തി.

“ജോ!”

ഗായത്രി ഭയത്തോടെ ജോയലിനെ നോക്കി.

പെട്ടെന്ന് വെടിയൊച്ച മുഴങ്ങി.
കൈയ്ക്ക് വെടിയേറ്റ്‌, കയ്യില്‍ നിന്നും തോക്ക് നഷ്ട്ടപ്പെട്ട് പോത്തന്‍ ജോസഫ് വീണ്ടും പിമ്പില്‍ നിന്ന മരത്തിലേക്ക് ചാരി വീണു.
ജോയലും ഗായത്രിയും ചുറ്റും നോക്കി.

“രാകേഷ്!!”

അല്‍പ്പമകലെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി തങ്ങളെ സമീപിക്കുന്ന
രാകേഷിനെ നോക്കി ജോയല്‍ മന്ത്രിച്ചു.

“രാകേഷ് മഹേശ്വര്‍!!”

അയാള്‍ ഗൌരവം നിറഞ്ഞ ഭാവത്തോടെ തങ്ങളെ സമീപിക്കുകയാണ്.

“ജോയല്‍ ബെന്നറ്റ്‌!”

രാകേഷ് ഗൌരവത്തില്‍ വിളിച്ചു.
പിന്നെ അവന്‍ പോത്തന്‍ ജോസഫിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *