പോത്തന്‍ ജോസഫിന്‍റെ നേരെ തോക്ക് ചൂണ്ടി ഗായത്രി പറഞ്ഞു.
“കമാന്‍ഡോസ് എന്നെയും പഠിപ്പിച്ചിരുന്നു ഇത് ഉപയോഗിക്കുന്ന രീതി…”
അവള്‍ ഒരു ചുവട് കൂടി അയാളുടെ നേരെ അടുത്തു.
“അന്നൊക്കെ പക്ഷെ ഒരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ….ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം എന്‍റെ ലൈഫില്‍ ഉണ്ടാകരുതേ എന്ന്…”
അവള്‍ അയാളെ നോക്കി.
“പറ!”
അവള്‍ സ്വരമുയര്‍ത്തി.
“എന്തിനാ നിങ്ങള് മൂന്നും ജോടെ പപ്പയെ കൊന്നെ?”
“ഓഹോ!!”
അസഹ്യമായ വേദനയ്ക്കിടയിലും പോത്തന്‍ ജോസഫ് കലി പൂണ്ടലറി.
“എന്തിനാ കൊന്നേന്ന് എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടാരുന്ന തന്തേടെ മോള്‍ക്കറിയണോ? അറിഞ്ഞാ എന്‍റെ നേരെ ചൂണ്ടിപ്പിടിച്ചിരിക്കുന്ന ആ തോക്കില്ലേ? അത് വെച്ച് മോള് പൊട്ടിക്കും പുന്നാര തന്തേടെ തലമണ്ട നോക്കി!”
ഗായത്രിക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ ജോയലിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
“എന്താ?”
അവള്‍ സാവധാനം, അല്‍പ്പം ഭയത്തോടെ പോത്തന്‍ ജോസഫിനോട് ചോദിച്ചു.
“നിങ്ങള്‍ എന്താ പറഞ്ഞെ?”
“നിന്‍റെ തന്ത പദ്മനാഭന്‍ തമ്പി, കേന്ദ്ര മന്ത്രി, അയാള് പറഞ്ഞിട്ടാ…അയാള് കാരണവാ ഞങ്ങള് ഈ ജോയലിന്റെ പപ്പയെ കൊന്നത്!”
ഗായത്രിയുടെ ശ്വാസഗതി ഉയര്‍ന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തന്‍റെ ദേഹം ദുര്‍ബലമാകുന്നതും താന്‍ ഏതു നിമിഷവും നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നും അവള്‍ക്ക് തോന്നി.
“ജോ….”
വേദനയും പശ്ച്ച്ചാത്താപവും കുറ്റബോധവും നിറഞ്ഞ സ്വരത്തില്‍ ഗായത്രി അവനെ വിളിച്ചു.
“അയാടെ കള്ളത്തരം ….. ബില്ല്യന്‍ ഡോളര്‍ അഴിമതി ജോയലിന്റെ പപ്പാ കണ്ടുപിടിച്ചു…അത് പബ്ലിഷ് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തി, കാലുപിടിച്ചു, അയാള് സമ്മതിച്ചില്ല…അതുകൊണ്ട് കൊന്നു….അതിനു കൈനിറച്ച് ചോദിച്ച പൈസേം തന്നു അയാള്…”
പോത്തന്‍ ജോസഫ് തുടര്‍ന്നു.
അയാള്‍ ഉരുവിട്ട ഓരോ വാക്കും ഗായത്രിയുടെ ഹൃദയത്തെ ഇടിച്ചു നുറുക്കി.
തലയ്ക്ക് മുകളില്‍ കാറ്റിലിളകുന്ന ഇലച്ചാര്‍ത്ത് ശിഥിലമായ അസ്ഥികളെപ്പോലെ തന്നെ നോക്കുന്നത് അവള്‍ കണ്ടു.
തന്‍റെ ഹൃദയമിടിപ്പ് ഒഴുകിയുറയുന്ന രക്തത്തിലേക്ക് അലിഞ്ഞു കയറുന്നതും.
ഒരു വേനല്‍ക്കുതിരമേലേറി എന്നിലേക്ക് പറന്നു വരുന്ന സൂര്യനായി നിന്നെ സ്വപ്നം കണ്ടവളാണ് ഞാന്‍, എന്‍റെ ജോ…
വെണ്മുകിലുകള്‍ക്കിടയില്‍ നിന്ന് നീ പ്രണയനോട്ടമെറിയുന്നതും ആ നോട്ടത്തിലെരിഞ്ഞു തപിക്കുന്ന ദീപനാളമാകാനും എത്ര തീവ്രമായാണ് ഞാന്‍ കൊതിച്ചത്!
പച്ചമരത്തഴപ്പുകള്‍ക്ക് താഴെ, ആനക്കറുപ്പന്‍ മേഘങ്ങള്‍ മിന്നല്‍പ്പിണരായി ജ്വലിക്കുമ്പോള്‍ നിന്‍റെ ജീവരേതസ്സില്‍ കുതിരാന്‍ എത്രമേല്‍ കൊതിച്ചു ഞാന്‍….
പക്ഷെ….
ഞാന്‍ ക്ഷമ കാണിച്ചില്ല.
എനിക്ക് കാത്തിരിക്കമായിരുന്നു.
എതിര്‍ദിശയിലേക്ക് ചിന്തിക്കാമായിരുന്നു.
നിന്‍റെ കരളെന്ത് മാത്രം പിളര്‍ന്നിട്ടുണ്ടായിരിക്കണം, എന്‍റെ ക്രൂരമായ തിരസ്ക്കാരം നിന്‍റെ മേല്‍ പര്‍വ്വത നിഴലുകള്‍ പോലെ പെരുകി വളര്‍ന്നപ്പോള്‍….!
നിയന്ത്രിക്കാനാവാതെ ഗായത്രി പൊട്ടിക്കരഞ്ഞു.
“പക്ഷെ ജോയലിന്റെ പപ്പയെ അയാള് കൊന്നതിന്‍റെ ശരിക്കുള്ള കാരണം നീയാ….”
പോത്തന്‍ ജോസഫിന്റെ ശബ്ദം ഗായത്രി കേട്ടു.
ശബ്ദം നിയന്ത്രിച്ച്, കണ്ണുകള്‍ തുടച്ച് അവള്‍ അയാളെ നോക്കി.
“നിന്‍റെയും ജോയലിന്‍റ്റെയും പ്രേമം…അതാ ഫൈനല്‍ കാരണം…അറിയാവോ? ഇങ്ങനെ അടിച്ചും ഇടിച്ചും വേദനിപ്പിക്കണ്ട ആരെയാ? എന്നെയോ അയാളെയോ? ഇങ്ങനെ തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി നേര് പറയിപ്പിക്കേണ്ടത് ആരെയാ? എന്നെയോ അയാളെയോ? നീയത്ര വലിയ പുന്നാര സത്യാന്വേഷി ആണേല്‍ പോയി പൊട്ടിക്കെടീ നിന്‍റെ തന്തേടെ ഒണക്കത്തല!”
ഗായത്രി ജോയലിന്റെ നേരെ തിരിഞ്ഞു.
“ജോ …എന്‍റെ ജോ….”
അവള്‍ അവനെ അമര്‍ത്തിപ്പുണര്‍ന്നു.
“ഇത്രേം വേദന… ഇത്രേം സങ്കടം….ഇതൊക്കെ ഉള്ളില്‍ കൊണ്ടുനടന്ന്…. ഇങ്ങനെ …ഇത്രേം കൊല്ലം തീ തിന്ന്…ഈശ്വരാ…ഞാന്‍….”
