സൂര്യനെ പ്രണയിച്ചവൾ- 23

Related Posts


ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി.
വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി.

“പോത്തന്‍ ജോസഫ്!”

ജോയല്‍ മന്ത്രിച്ചു.

“ദ ഗെയിം ഈസ് അപ്പ്!”

കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു.

“എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?”

പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“ചത്ത് മലയ്ക്കാന്‍ പോകുവാ നീ! അന്നേരം വെളീല്‍ വന്നാ മതീ നിന്‍റെയീ കണ്ണു രണ്ടും!”

ജോയല്‍ അയാളുടെ കണ്ണുകളിലേക്ക് തറച്ച് നോക്കി.

“ജോയലേ!”

അയാള്‍ ചിരിച്ചുകൊണ്ട് വിളിച്ചു.

“അപ്പന്‍റെ സുഖവിവരം തിരക്കി മകന് പോകാന്‍ സമയമായി!”

“യെസ്!”

ജോയല്‍ അത്യന്തം ശാന്തത പാലിച്ചുകൊണ്ട് പറഞ്ഞു.

“ദ ഗെയിം ഈസ് അപ്പ്! സോ പ്രിസൈസ്ലി, സൊ ഡെഫെനിറ്റ്ലി….”

ജോയല്‍ ഗായത്രിയെ നോക്കി.

“ഒരു ചെറിയ തിരുത്ത് മിസ്റ്റര്‍ പോത്തന്‍ ജോസഫ്!”

ജോയല്‍ മുമ്പില്‍ നില്‍ക്കുന്ന പോലീസ് ഓഫീസറോട് പറഞ്ഞു.

“ഞാന്‍ ചത്ത് മലയ്ക്കാന്‍ പോകുവാ എന്ന പ്രയോഗം തെറ്റ്! ഞാന്‍ എന്‍റെ പപ്പയെ തിരക്കി ഇപ്പം പോകുവാ എന്ന പ്രയോഗം അതിലേറെ തെറ്റ്!
അവന്‍റെ വാക്കുകള്‍ മനസ്സിലാക്കാതെയെന്നോണം പോത്തന്‍ ജോസഫ് അവരെ ഇരുവരേയും മാറി മാറി നോക്കി.

“നീ വരച്ച കളത്തിലേക്ക്‌ അറിയാതെ വന്ന് ചാടീത് ആണ് ഞാന്‍ എന്ന് നീ കരുതിയോ?”

ജോയല്‍ ചോദിച്ചു.

“അല്ല!”

അവന്‍ തുടര്‍ന്നു.

“എന്‍റെ ടെക്സ്റ്റ് ബുക്ക് ട്രാജക്റ്ററിയിലേക്ക് നിന്നെ ഞാന്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു….അല്ലെങ്കില്‍ നീയും പദ്മനാഭന്‍ തമ്പിയും ഒരിമിക്കുന്ന ഇടം നോക്കി ഞാന്‍ കാത്തുനിക്കുവാരുന്നു!”

അത് പറഞ്ഞതും ജോയല്‍ കാലുമടക്കി മുമ്പില്‍ നിന്ന പോത്തന്‍ ജോസഫിനെ ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പിമ്പോട്ടു മലര്‍ന്നു വീണു.
ജോയല്‍ അയാളുടെ മേലേക്ക് കുതിച്ചു.

“എടീ!!”

നിലത്ത് നിന്ന് പോത്തന്‍ ജോസഫിനെ കോളറില്‍ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പിമ്പോട്ടു മുഖം തിരിച്ച് അവന്‍ ഗായത്രിയെ നോക്കി അലറി.

“നിക്കുന്നിടത്ത്ന്ന് ഒരിഞ്ചുപോലും അനങ്ങിയേക്കരുത്! നിന്‍റെ മുമ്പില്‍ ഇവനെ കിട്ടുന്ന ദിവസത്തിനു വേണ്ടിയാ ഞാനിത് വരെ വെയിറ്റ് ചെയ്തിരുന്നെ!”

ജോയലിന്റെ ശബ്ദം അത്രമേല്‍ ഭീഷണവും ക്രൌര്യം നിറഞ്ഞതുമായിരുന്നതിനാല്‍ ഗായത്രി ഭയന്ന് വിറച്ചു.
സൂര്യപ്രകാശം കടന്നുവരാത്ത കാടിന്‍റെ വന്യഗഹനതയില്‍, പച്ച നിറത്തിന്റെ ദൃശ്യസങ്കീര്‍ണ്ണതയില്‍, എന്ത് ചെയ്യണമെന്നറിയാതെ ഗായത്രി പരിഭ്രമിച്ചു.

അടുത്ത നിമിഷം ജോയലിന്റെ മുഷ്ടിചുരുട്ടിയ ഇടി പോത്തന്‍ ജോസഫിന്‍റെ മൂക്ക് തകര്‍ത്തു.

“ആഅഹ്!!”

അയാള്‍ അലറിക്കരഞ്ഞു.
പിന്നെ ജോയലിനെ ആഞ്ഞു ചവിട്ടാന്‍ കാലുയര്‍ത്തി.
ആ നീക്കം പ്രതീക്ഷിച്ച ജോയല്‍ ഇടത് വശത്തേക്ക് ഒഴിഞ്ഞുമാറി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പൊങ്ങി കൈമുട്ടുകൊണ്ട് അയാളുടെ നെഞ്ചില്‍ ആഞ്ഞിടിച്ചു.
വായിലൂടെ ചോര തുപ്പി പിമ്പില്‍ നിന്ന മരത്തിന്‍റെ കൂര്‍ത്ത ചില്ലയിലേക്ക് അയാള്‍ തറഞ്ഞു വീണു.
മരച്ചില്ല പിമ്പില്‍ തറച്ചതിന്‍റെ അസഹ്യ വേദനയാല്‍ അയാള്‍ അലറിക്കരഞ്ഞു.
തന്‍റെ നേരെ കുതിച്ചുപൊങ്ങാന്‍ തുടങ്ങിയ ജോയലിന്റെ നേരെ അയാള്‍ ദയനീയമായി കൈകള്‍ കൂപ്പി.

“വേണ്ട! ഇനി എന്നെ ഒന്നും ചെയ്യരുത്!”

അയാള്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.
കാടിന്‍റെ ഇരുളില്‍, തണുപ്പില്‍, വന്യജീവികളുടെ മുരളലുകള്‍ അമര്‍ത്തിയ ശബ്ദത്തില്‍ കേള്‍ക്കാന്‍ തുടങ്ങി.

“ഇനി പറയെടാ!”

തോക്കുയര്‍ത്തി ജോയല്‍ ആക്രോശിച്ചു.

“ജോയല്‍ ബെന്നറ്റ്‌ എത്രപേരെ കൊന്നിട്ടുണ്ട്?”

“ര…രണ്ട് ….രണ്ടുപേരെ….”

ഗായത്രി അതിരില്ലാത്ത വിസ്മയത്തോടെ ജോയലിനെയും പോത്തന്‍ ജോസഫിനെയും മാറി മാറി നോക്കി.

“ആരെയൊക്കെ?”

“ഹവില്‍ദാര്‍ രവി, ഹവില്‍ദാര്‍ അശോക്‌!”

“എന്തിനാ ഞാനവരെ കൊന്നത്?”

“അവര്‍ …പി ..പിന്നെ ഞാനും ജോയലിന്‍റെ പപ്പയെ ….”

“പറയെടാ!”

തോക്കുയര്‍ത്തി ജോയല്‍ അലറി.

“പ്ലീസ് .. പ്ലീസ്….!!”

അയാള്‍ അതിദയനീയ ഭാവത്തോടെ അവനെ നോക്കി.

“ഞാന്‍ പറയാം…ഞാന്‍ പറയാം…”

പോത്തന്‍ ജോസഫ് വേദനയിലും വിയര്‍പ്പിലും ഭയത്തിലും പൂണ്ട് കിതച്ചു.

“ഞങ്ങള്‍ ..ഞങ്ങള്‍ മൂന്നും ജോയലിന്റെ പപ്പയെ കൊന്നു! അതിന്…”

“എങ്ങനെ?”
പോത്തന്‍ ജോസഫ് ദയനീയമായി ജോയലിനെ നോക്കി.

“പറയാം…”

ജോയലിന്റെ മുഖത്തെ ഭാവം നേരിടാനാകാതെ അയാള്‍ പരുങ്ങി.

“വീട്ടീന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി….”

അയാള്‍ പറഞ്ഞു.

“എന്നിട്ട് ഷഗുന്‍ ഘാട്ടിലെത്തിയപ്പോള്‍ പോലീസ് ജീപ്പില്‍ നിന്നുമിറക്കി വെടി വെച്ച് ……”

ബാക്കി പറയാനാവാതെ അയാള്‍ തലകുനിച്ചു.

ഗായത്രി ഞെട്ടിത്തരിച്ച് ജോയലിനെ നോക്കി.
അപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത!
ബെന്നറ്റ്‌ ഫ്രാങ്ക് പോലീസിനെ വെടിവെച്ച് കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു, പോത്തന്‍ ജോസഫും സംഘവും പിന്തുടര്‍ന്നു, ബെന്നറ്റ്‌ ഫ്രാങ്ക് കാറില്‍ നിന്നും പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തു, അപ്പോള്‍ പോത്തന്‍ ജോസഫിന് അദ്ധേഹത്തെ വെടിവെച്ചുകൊല്ലേണ്ടി വന്നു…

എന്നിട്ട് അദ്ധേഹത്തിന്റെ കൊലയാളി തന്നെ ആ രംഗം വിവരിക്കുന്നു!

ഈശ്വരാ!!

ഗഗന കൂടാരത്തില്‍ നിന്നും ഭീമാകാരമായ ഒരു ശിലാഖണ്ഡം ശിരസ്സിലേക്ക് പതിച്ചതിന്റെ അസഹ്യതയിലെന്നോണം ഗായത്രി അവിശ്വസനീയതയും അമ്പരപ്പും വേദനയും നിറഞ്ഞ കണ്ണുകളോടെ ജോയലിനെ നോക്കി.
വിദൂരതയില്‍ നിന്നും ദുഖസാന്ദ്രമായ ഒരു വയലിന്‍ സംഗീതം കേക്കുന്നുണ്ടോ?
ജീവിതത്തില്‍ അവശേഷിക്കുന്ന മോഹവും വിരഹവും സ്വപ്ന നഷ്ട്ടവും കലര്‍ന്ന ഭാവത്തോടെ അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
മനം നൊന്തുള്ള അവളുടെ നോട്ടത്തെ അവന്‍ അലിവോടെ നേരിട്ടു.

“ജോ….”

അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.

വര്‍ഷങ്ങളുടെ താപ നൈരന്തര്യത്തെ അതിജീവിച്ച് പ്രണയത്തിന്‍റെ നീര്‍മാതളച്ചില്ലകള്‍ സുഖശൈത്യം നിറഞ്ഞ കാറ്റിനെ തലോടി സ്വീകരിക്കുന്നു….

ശരത്ക്കാല മുകിലുകള്‍ ഏകാന്തമായ ദ്വീപിനുമേല്‍ ആര്‍ദ്ര സാന്നിധ്യമാകുന്നു….
മനസ്സിന്‍റെ വികാരവിക്ഷോഭം നിയന്ത്രാണാതീതമായപ്പോള്‍ പിമ്പില്‍ നിന്ന മരത്തിലേക്ക് അവള്‍ ചാരിനിന്നു.
തന്‍റെ ഹൃദയം നുറുങ്ങിയുടയുന്നത് പോലെ അവള്‍ക്ക് തോന്നി.

“എന്തിനാ നിങ്ങള്‍ എന്‍റെ പപ്പയെ കൊന്നത്?”

ജോയല്‍ അയാളോട് ചോദിക്കുന്നത് ഗായത്രി കേട്ടു.
അവള്‍ പോത്തന്‍ ജോസഫിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“മാഡം മാഡം!!!”

Leave a Reply

Your email address will not be published. Required fields are marked *