സൂര്യനെ പ്രണയിച്ചവൾ- 7

ഷബ്നം ശ്വാസമടക്കി റിയയുടെ വാക്കുകള്‍ കേട്ടു.

“അവള്‍ ആ നിമിഷം കൊതിച്ചു അവന് വേണ്ടി….ചിത്രശലഭങ്ങളും സൂര്യകാന്തിപ്പൂക്കളും ഇളവെയിലും നിറഞ്ഞ ഉദ്യാനത്തെ എങ്ങനെയാണ് വസന്തം കൊതിക്കുന്നത്? അതിനേക്കാള്‍ തീവ്രമായി, തീക്ഷണമായി ….ആ നിമിഷം തന്നെ അവള്‍ അവന്‍റെ കൊതിപ്പിക്കുന്ന രൂപവും ഗന്ധവും കണ്ണുകളില്‍ മാത്രമല്ല, ഹൃദയ രക്തത്തിലലിയിച്ചു….”

റിയ പറയുന്ന ഓരോ വാക്കും ഷബ്നം അതിരില്ലാത്ത വിസ്മയത്തോടെയാണ് കേട്ടത്.
ജോയലിന്റെ ഭൂതകാലം ഏതാണ്ട് പൂര്‍ണ്ണമായും അവള്‍ക്ക് അജ്ഞാതമായിരുന്നു.

“….അതിന് ശേഷം അവരോരുക്കിയ മനുഷ്യമതില്‍ വലയത്തില്‍ പദ്മനാഭന്‍ തമ്പി സുരക്ഷിതമായി സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു…പ്രോഗ്രാമിന് ശേഷം തമ്പി ജോയലിനെ കാണണം എന്നാവശ്യപ്പെട്ടു. കൂട്ടുകാരോടൊപ്പം മാറി നില്‍ക്കുകയായിരുന്നു അവനപ്പോള്‍…അവന്‍റെ പേരും മറ്റും അദ്ദേഹം ചോദിച്ചു. മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷമുണ്ട് എന്നും ജോയലിനെപ്പോലെയുള്ള ദേശഭക്തരെയാണ് നാടിനാവശ്യം എന്നൊക്കെ എല്ലാവരുടെയും മുമ്പില്‍ പ്രശംസിച്ച് പറഞ്ഞു…”

ഷബ്നം ശ്രദ്ധയോടെ കേട്ടു.

“അപ്പോള്‍ അവരുടെ അടുത്തേക്ക് ആ പെണ്‍കുട്ടി ഓടിവന്നു.
അദ്ദേഹം അവളെ ആശ്ലേഷിച്ചു.
പിന്നെ അദ്ദേഹം ജോയലിനോട് പറഞ്ഞു:-

“ജോയല്‍, ഇത് എന്‍റെ മോളാണ്. ഗായത്രി. ഗായത്രി മേനോന്‍. ഇവിടെ ഇക്കണോമിക്സില്‍. ജോയല്‍ ജെര്‍ണലിസമല്ലേ?”

“അതേ, അച്ഛാ, ജോയല്‍ ജെര്‍ണലിസമാണ് പഠിക്കുന്നത്…”
അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“എന്ത്? ആ കുട്ടി മന്ത്രിയുടെ മകള്‍ ആയിരുന്നെന്നോ? വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയല്ലോ!”

ഷബ്നം പറഞ്ഞു.

റിയ തലകുലുക്കി.

“ചടങ്ങ് കഴിഞ്ഞ് മന്ത്രിയും അകമ്പടിക്കാരും പോയി ക്കഴിഞ്ഞ് ഗായത്രി ജോയലിന്റെ സമീപമെത്തി. അവന്‍ കൂട്ടുകാരോടൊപ്പം മരനിരകളുടെ താഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍. അവള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മകളാണ് എന്നുള്ള ഒരു ബഹുമാനവും ഭയവും മിക്കവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ അങ്ങോട്ട്‌ വന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു.

“എന്താ ഗായത്രി?”

ജോയല്‍ തിരക്കി.

“താങ്ക്സ്…താങ്ക്സ് ജോയല്‍..”

അവള്‍ പറഞ്ഞു.

“താങ്ക്സ് എന്തിനാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍…”

അവന്‍ ചിരിച്ചു.

“ഇന്ന് ജോയല്‍ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അച്ഛന്‍ വല്ലാത്ത ഒരു എമ്പരാസിംഗ് സിറ്റുവേഷനില്‍ ആയിപ്പോയേനെ…സോ ഐ ഷുഡ് താങ്ക് യൂ…”

“അത് ജസ്റ്റ് എന്‍റെ ഡ്യൂട്ടി അല്ലേ, ഗായത്രി…? അതുപോട്ടെ, ഗായത്രി മലയാളി ആണെന്ന് എനിക്കറിയില്ലായിരുന്നു…”

“പക്ഷെ ജോയല്‍ മലയാളി ആണ് എന്നെനിക്കറിയാമായിരുന്നു,”

വശ്യമായ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
അപ്പോഴാണ്‌ ജോയലിനെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അന്വേഷിക്കുന്നു എന്നറിയിച്ച് അറ്റന്‍ഡര്‍ വന്നത്.
ഗായത്രി കൂട്ടുകാരോടൊപ്പം പോയി.
ജോയല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോകുമ്പോള്‍ ഇടയ്ക്ക് മന്ത്രിയെ തടയാന്‍ ശ്രമിച്ച പ്രതിഷേധ സംഘം അവനെതിരെ വന്നു.

“ജോയല്‍!”

അവരുടെ നേതാവെന്ന് തോന്നിച്ച ചെറുപ്പക്കാരന്‍ തീക്ഷണമായി അവനെ നോക്കി.

“നിന്‍റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക്, ഇന്ത്യന്‍ എക്സ്പ്രസ്സിലെ പത്രത്തില്‍ എഴുതുന്ന കാര്യങ്ങള്‍ മകനായ നീ വായിക്കാറില്ല എന്ന് എനിക്ക് പറയേണ്ടി വരുന്നത് മോശമാണ്. പ്രത്യേകിച്ചും അച്ഛനെപ്പോലെ ഒരു ജേര്‍ണലിസ്റ്റ് ആകാന്‍ പഠിക്കുന്ന നീ!”

“എന്‍റെ പപ്പാ കേന്ദ്ര മന്ത്രി പദ്മനാഭന്‍ തമ്പിക്കെതിരെ കണ്ടെത്തിയ റ്റു ജി സ്പെക്ട്രം അഴിമതിയേക്കുറിച്ചാണ് നീ ഉദ്ദേശിക്കുന്നത് എങ്കില്‍ വിവേക് ശര്‍മ്മേ നിനക്ക് തെറ്റി. അച്ഛന്റെ പ്രൊഫഷന്‍ തന്നെയാണ് എന്‍റെയും സ്വപ്നം. അച്ഛന്റെ എന്നല്ല മിക്ക വാര്‍ത്തയും ഞാന്‍ വായിക്കാറുണ്ട്…”
“അയാളുടെ തനി നിറം അറിഞ്ഞിട്ടും നീ എന്തിനാ ഞങ്ങളെ എതിര്‍ത്ത് അയാളെ ക്യാമ്പസ്സില്‍ കയറ്റിയത്?”

“നമ്മള്‍ ക്ഷണിച്ച് വരുത്തിയതാണ് അദ്ധേഹത്തെ. അല്ലേ? നിന്‍റെയും എന്‍റെയും വീട്ടിലേക്ക് വരുന്നവര്‍ മാത്രമല്ല അതിഥി. യൂണിവേഴ്സിറ്റി നമ്മുടെ വീടാണ്. നമ്മള്‍ ക്ഷണിച്ചിട്ട്‌ വന്ന അതിതിയെ അപമാനിക്കാന്‍ മാത്രം എന്‍റെ സംസ്ക്കാരം പുരോഗമിച്ചിട്ടില്ല. അദ്ധേഹത്തിനെതിരെയുള്ള അഴിമതി കോടതിയില്‍ തെളിയട്ടെ. നിന്‍റെ കൂടെ മുമ്പില്‍ തന്നെ ഞാനുമുണ്ടാവും അയാള്‍ക്കെതിരെ!”

അവനോട് കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവര്‍ പോയി.
ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോയതിനു ശേഷം തന്‍റെ ലക്ചര്‍ ഹാളിലേക്കാണ് ജോയല്‍ പോയത്.
അവിടെ ക്ലാസ് റൂമില്‍ സഹപാഠികള്‍ ചെറിയ ഒരു ഗേറ്റ്‌ടുഗെതര്‍ സംഘടിപ്പിച്ചിരുന്നു, സ്വാതന്ത്ര്യം ദിനം പ്രമാണിച്ച്.
ക്ലാസ്സിലെത്തിക്കഴിഞ്ഞ് ജോയല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നു.
അവരുടെ ആഘോഷത്തില്‍ പങ്കെടുക്കവേ തന്‍റെ ഡെസ്ക്കില്‍ ഒരു ചുവന്ന കവര്‍ അവന്‍ കണ്ടു.
അതവന്‍ സംശയത്തോടെ എടുത്തു.

ആലിംഗന ബദ്ധരായ കമിതാക്കളുടെ ചിത്രവും അതിന് താഴെ ചുവന്ന മഷിയില്‍ ഒരു വാക്യം…

“ഐം യുവര്‍ ഗേള്‍. ഗസ്സ് ഹൂ!”

നിന്‍റെ പെണ്ണാണ് ഞാന്‍. ഊഹിക്കാമോ ഞാന്‍ ആരാണ് എന്ന്?

ജോയലിന്റെ ചങ്കിടിച്ചു പോയി.
ജീസസ്!
ആരാണ് ഇങ്ങനെ ഒരു കവര്‍ തന്‍റെ ഡെസ്ക്കില്‍ വെച്ചത്?
പലരും പ്രണയം പറഞ്ഞിട്ടുണ്ട്.
താല്‍പ്പര്യം തോന്നിയിരുന്നില്ല ആരോടും.
അവരോടൊക്കെ നല്ല സൌഹൃദത്തില്‍ ആണ് ഇപ്പോള്‍.
അവര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല.
പക്ഷെ ഈ ഗ്രീറ്റിംഗ് കാര്‍ഡിലെ അക്ഷരങ്ങള്‍ തന്നെ ത്രസിപ്പിക്കുന്നു!
അതെന്താ അങ്ങനെ?
നേരിട്ട് പ്രണയമറിയിച്ചപ്പോള്‍ കുലുങ്ങാത്ത ആളാണ്‌!

“ഗായത്രിയല്ലേ ആ കാര്‍ഡ് അവിടെ കൊണ്ടുപോയി വെച്ചത്, റിയേ?”

ഷബ്നം ചോദിച്ചു.

“അല്ലാതെ മറ്റാര്?”

റിയ ചിരിച്ചു.

“അവള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു, ജോയലാണ് തന്‍റെ ഹൃദയത്തിന്റെ ഉടമ എന്ന്. തന്‍റെ ജീവിതത്തിന്റെ സൂക്ഷിപ്പ്കാരനെന്ന്‍. എങ്കിലും അവനോട് ഹൃദയ രഹസ്യം നേരിട്ടറിയിക്കാന്‍ അവള്‍ക്ക് സ്ത്രീസഹജമായ ലജ്ജതോന്നി. താന്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് അവള്‍ കാര്‍ഡിലൂടെ അവനെ അറിയിച്ചത്…”

ഷബ്നം പുഞ്ചിരിച്ചു.
ലെക്ചര്‍ ഹാളിലെ ആഘോഷത്തിന് ശേഷം ജോയല്‍ വീട്ടിലെത്തി.
ഡല്‍ഹിയിലെ, പുരാണകിലയിലെ വില്ലയിലെത്തിയപ്പോള്‍ പപ്പായുടെ കാര്‍ മുറ്റത്ത് കിടക്കുന്നത് അവന്‍ കണ്ടു.

“ഇന്ന് സൂര്യന്‍ പടിഞ്ഞാറു ഉദിക്കുമോ?”

അവന്‍ പുഞ്ചിരിയോടെ സ്വയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *