സൂര്യനെ പ്രണയിച്ചവൾ- 7

എന്നും രാത്രി വൈകിയാണ് ബെന്നറ്റ്‌ വീട്ടിലെത്താറുള്ളത്. പതിവിനു വിപരീതമായി അദ്ദേഹം ഇന്ന് നേരത്തെ എത്തിയിരിക്കുന്നു!

അങ്ങനെ ചിന്തിച്ചുകൊണ്ട് പുഞ്ചിരിയോടെ അവന്‍ ബൈക്ക് കൊമ്പൌണ്ടിലെക് ഓടിച്ചു.
അപ്പോള്‍ സിറ്റൌട്ടില്‍ കസേരമേല്‍ ജെയിനും ബെന്നറ്റും അവനെ അര്‍ത്ഥഗര്‍ഭമായി നോക്കി.

“ഇന്നെന്താ എഡിറ്റര്‍ക്കും പ്രോഫസ്സര്‍ക്കും ഒരു പാല്‍പ്പുഞ്ചിരി?”

അവന്‍ അടുത്ത് വന്ന് അവരുടെ നടുക്കിരുന്നു.
കൊമ്പൌണ്ടിന്റെ അതിരില്‍ നിരനിരയായ കൂടുകള്‍ക്കുള്ളില്‍ ബുള്‍ബുളും പഞ്ചവര്‍ണ്ണതത്തകളും ടോക്കനും കുറുകുന്ന ശബ്ദം.
അതിരില്‍ നിരനിരയായി നിന്നിരുന്ന അശോകമരങ്ങള്‍ സുഗന്ധമുള്ള കാറ്റ് കൊണ്ടുവരുന്നു.

“കാരണമുണ്ട്,”

അവന്‍റെ ചോദ്യം കേട്ട് ജെയിന്‍ പറഞ്ഞു.

“ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പുഞ്ചിരിക്കാതിരിക്കാന്‍ പറ്റുമോ കുട്ടാ?”

അത് പറഞ്ഞ് ജെയിന്‍ ഒരു ചുവന്ന കവര്‍ അവനെ കാണിച്ചു.
അവനൊന്ന് പരുങ്ങി.
ആദ്യം ജാള്യത തോന്നിയെങ്കിലും പിന്നെയത് ദേഷ്യമായി.

“ഇവിടെയും വന്നോ? മമ്മീ അതാരാണ്ട് ഫേക്കാണ്…”

‘ഫേക്കോ?”

ബെന്നറ്റ് ചിരിച്ചു.

“ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് പ്രേമം ഭയങ്കര ഷോ അല്ലേ! പക്ഷെ, ജെയിനേ നിന്‍റെ മോന്‍ ഇക്കാര്യത്തില്‍ ഭയങ്കര ഷൈ ആണല്ലോ!”

“എന്ത് പ്രേമം? ഒന്ന് പോ പപ്പാ! ഇത് ആരാണ്ട് എന്നെ പറ്റിക്കാന്‍ ചെയ്തതാ.എന്‍റെ ഡെസ്ക്കിലും കിടന്നു ഒരെണ്ണം. അരമണിക്കൂര്‍ മുമ്പ്”

“അപ്പോള്‍ സത്യമായും ഇത് അയച്ച ആളെ നിനക്ക് അറിയില്ല?”

“ശ്യെ! അറിയില്ലന്നെ! ഇതെന്നാ ഇങ്ങനെ ഞാന്‍ എന്തോ കള്ളത്തരം കാണിച്ചപോലെ എന്നെ ക്വസ്റ്റ്യന്‍ ചെയ്യുന്നേ!”

അവന്‍റെ ശുണ്‍ഠി കണ്ടിട്ട് അവര്‍ക്ക് ചിരി പൊട്ടി.
അവര്‍ ചിരിച്ചപ്പോള്‍ അവന് ദേഷ്യം കൂടി വന്നു.

“ജോയലെ! എന്നതായാലും കുട്ടി സുന്ദരിയാ!”
ബെന്നറ്റ് പുഞ്ചിരി വിടാതെ പറഞ്ഞു.

“പപ്പായ്ക്ക് അത് എങ്ങനെ അറിയാം?”

“ഒഹ്! എന്തൊരു ആകാംക്ഷ!”

ജെയിന്‍ ചിരിച്ചു.

“പോ! മമ്മി! പറ പപ്പാ. പപ്പായ്ക്ക് എങ്ങനെ മനസ്സിലായി ഇത് ഇട്ടയാളെപ്പറ്റി?”

“എന്ത്? ഈ കാര്‍ഡ് ഇവിടെ സീക്രട്ട് ആയി ഇവിടെ കൊണ്ടുവന്നിട്ട ആള്‍ സുന്ദരി ആണ് എന്ന് എങ്ങനെ മനസ്സിലായി എന്നോ? അത് കയ്യക്ഷരം കണ്ടാല്‍ പോരെ? നല്ല സൂപ്പര്‍ കൈയ്യക്ഷരം! പിന്നെ നല്ല സൂപ്പര്‍ സാഹിത്യം! ഞങ്ങള്‍ പത്രക്കാര്‍ തോറ്റു പോകുന്ന എഴുത്തല്ലേ!”

“എഴുത്തോ? എന്ത് എഴുത്ത്?”

“അതൊക്കെ ഉണ്ട്. നീ വായിച്ച് നോക്ക്!”

അത് പറഞ്ഞ് ജെയിന്‍ ആ കവര്‍ അവന്‍റെ നേരെ നീട്ടി.

അവനത് തുറന്നു. റോസാപ്പൂവിന്റെ ചിത്രം. അതിന് താഴെ വാക്യം:-

“ഡിയര്‍ പപ്പാ, ഡിയര്‍ മമ്മി, നിങ്ങളുടെ ജോയലിന്റെ പെണ്ണാണ് ഞാന്‍…”

വരികളില്‍ നിന്ന് മുഖം ഉയര്‍ത്തുമ്പോള്‍ തന്‍റെ നേരെ മനോഹരമായി പുഞ്ചിരിക്കുന്ന ബെന്നറ്റിനേയും ജെയിനെയുമാണ് അവന്‍ കാണുന്നത്.

“ചെറുക്കനും ഇഷ്ടമായി ജെയിനെ! കണ്ടോ അവന്‍റെ മുഖത്ത് ഒരു നാണോം ഇളക്കോം!”

പപ്പാ ഉച്ചത്തില്‍ ചിരിച്ചു.

“പോ, പപ്പാ! ഇഷ്ടം! നാണം! ആരാണ് എന്ന് പോലും അറിയാതെ!”

അങ്ങനെ പറഞ്ഞെങ്കിലും ജോയല്‍ സ്വയം ചോദിച്ചു.:

ആരാണ് ഇവള്‍?

[തുടരും]

Leave a Reply

Your email address will not be published. Required fields are marked *