സൂര്യനെ പ്രണയിച്ചവൾ- 7 Like

“നമ്മള്‍ കൂടെയില്ലേ? നമുക്ക് വിഷമം ഉണ്ടാകും എന്നുമമ്മി കരുതുന്നുണ്ട്…”

അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന നബി വചനം ഷബ്നം അപ്പോള്‍ ഓര്‍ത്തു.

“വാ…”

റിയ ഷബ്നത്തെയും കൊണ്ട് ഒരു മുറിയിലേക്ക് കയറി.

“മമ്മിയ്ക്കും മോനും മാത്രമായ നിമിഷങ്ങള്‍..അവര്‍ കരഞ്ഞോ ചിരിച്ചോ അവരുടെ സങ്കടങ്ങള്‍ തീര്‍ക്കട്ടെ!”

റിയയും ഷബ്നവും അകത്തേക്ക് കയറിയപ്പോള്‍ ജെയിന്‍,ജോയലിന്റെ അമ്മ അവനെ ആശ്ലേഷിച്ചു.
അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു.
അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
ജോയലും കണ്ണുനീര്‍ നിയന്ത്രിച്ചില്ല.

“കരയല്ലേ…!”

അവന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.
പിന്നെ അവര്‍ അവനെ കിടക്കയിലിരുത്തി.

“കണ്ണില്‍ ഒരു തുള്ളി വെള്ളം വരാതെ, ലോകത്തോട് മൊത്തം യുദ്ധം ചെയ്യാന്‍ പറ്റുന്ന നിനക്ക് എന്‍റെ മുമ്പില്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലേ മോനെ?”

ഉത്തരമൊന്നും പറയാതെ ജോയല്‍ അവരുടെതോളില്‍ തന്‍റെ മുഖം ചേര്‍ത്തു.

“ഇവിടെ എന്തെങ്കിലും പ്രശ്നം മമ്മി?”

വളരെ നേരം അവരുടെ ചുമലില്‍ മുഖം ചേര്‍ത്ത് ഇരുന്നതിനു ശേഷം ജോയല്‍ ചോദിച്ചു.

“ഇത് എന്‍റെ തറവാട് വീടല്ലേ?”

അവന്‍റെ മുഖത്ത് തലോടിക്കൊണ്ട് ജോയല്‍ ജെയിന്‍ പറഞ്ഞു.

“ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഇവിടെയല്ലേ? അപ്പോള്‍ ഏത് നേരോം അതൊക്കെയാണ് ഓര്‍ക്കേണ്ടത്. പക്ഷെ ഓര്‍മ്മയില്‍, ചിന്തയില്‍ അതൊന്നുമില്ല മോനെ…”

അവരുടെ മിഴികള്‍ വീണ്ടും നിറഞ്ഞു.
“ഓര്‍ക്കുന്നത് ഡെല്ലിയിലെ നമ്മുടെ വില്ല, പപ്പയെ, നിന്നെ, സ്കൂള്‍ യൂണിഫോമിലുള്ള നിന്നെ, കളിച്ചും ചിരിച്ചും എന്‍റെയും പപ്പാടെം പിന്നാലെ നിന്ന് മാറാത്ത നിന്നെ…”

വീണ്ടും ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ തുടച്ചുകൊണ്ട് അവര്‍ വിദൂരതയിലേക്ക് നോക്കി.

“ആരോടും ശബ്ദമുയര്‍ത്തി സംസാരിക്കില്ലായിരുന്നു നീ…”

അവര്‍ തുടര്‍ന്നു.

“ആരെങ്കിലും വഴക്കോ ബഹളമോ ഉണ്ടാക്കിയാല്‍ അപ്പോള്‍ ഓടിയെത്തി അതൊക്കെ സോള്‍വ് ചെയ്യുമായിരുന്നു നീ…”

അവര്‍ അവന്‍റെ മുഖം തന്‍റെ കൈകളിലെടുത്തു.

“ആ നീയാണ് ഇപ്പോള്‍ കൈകളില്‍ തോക്കും ബോംബും ഒക്കെ…ആ നീയാണ് ഇപ്പോള്‍ രാജ്യം കണ്ട മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍… “

ജോയല്‍ മുഖമുയര്‍ത്തി ജെയിനെ നോക്കി.
ആ നോട്ടം സഹിക്കാനാകാതെ അവര്‍ അവന്‍റെ മുഖം കൈകളിലെടുത്തു.

“നമുക്ക് ഇനി പഴയത് പോലെ ഒരു ജീവിതം പോസ്സിബിള്‍ ആണോ മോനെ?”

“ഈ രാജ്യത്ത് സാധ്യമല്ല. രാജ്യദ്രോഹിയാണ്‌ ഞാനിപ്പോള്‍ പബ്ലിക്കിനും ഗവണ്മെന്‍റ്റിനും. സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങളുടെ വിലയിട്ട ക്രിമിനല്‍. ടെററിസ്റ്റ്! മറ്റൊരു രാജ്യത്തിലേക്ക് ഏത് സമയത്തും വിട്ടുപോകാം. അവിടെ ഒരുക്കിയ മറ്റൊരു വില്ലയില്‍ നോര്‍മ്മല്‍ ആയി ജീവിക്കാം. പോലീസിനെ ഭയപ്പെടാതെ, ഒളിക്കാതെ, പക്ഷെ…”

നിറമിഴികളോടെ അവന്‍ അവരെ നോക്കി.

“നമ്മുടെ പപ്പാ അവിടെ ഉണ്ടാവില്ല. അവിടെ ഇന്ത്യയുണ്ടാവില്ല. ഓണവും ദീപാവലിയും ദേശീയ പതാകയും സ്വാതന്ത്ര്യദിനാഘോഷവും ഒന്നുമുണ്ടാവില്ല…”

അവന്‍റെ മിഴികള്‍ വീണ്ടും നിറഞ്ഞു.

“സ്വന്തം രാജ്യത്തിന്‍റെ മണവും നിറവും അനുഭവിക്കാതെ ഏത് സ്വര്‍ഗ്ഗത്തില്‍പ്പോയാലും പ്രയോജനമെന്താണ് എന്നൊക്കെ എപ്പോഴും ഓര്‍ക്കും. പക്ഷെ ഇവിടെ ഇനി തുടര്‍ന്നാല്‍ മമ്മിയ്ക്ക് എന്നെ നഷ്ട്ടപ്പെടും. എനിക്ക് മമ്മിയെ നഷ്ട്ടപ്പെടും…”

“ഗായത്രിയെ? അവളെയോ?”

ജെയിന്‍ ചോദിച്ചു.

ആ ചോദ്യംകേട്ട് ഭയന്നിട്ടെന്നോണം ജോയല്‍ ജെയിനെ നോക്കി.

ആ സംസാരമത്രയും ശ്രദ്ധിക്കുകയായിരുന്ന ഷബ്നം വിടര്‍ന്ന മിഴികളോടെ റിയയോട്‌ ചോദിച്ചു.

“ആരാടീ ഗായത്രി?”

റിയ ആ ചോദ്യം പ്രതീക്ഷിച്ചെന്നത് പോലെ അവളെ നോക്കി.
അവള്‍ ഒന്ന് നിശ്വസിച്ചു.
അവളുടെ ഊഷ്മളമായ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
ഷബ്നത്തിന്‍റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.

“ആരാ റിയേ, ഗായത്രി?”

“ഡല്‍ഹി വരെ പോകണം അതിന്‍റെ ഉത്തരമറിയാന്‍,”

Leave a Reply

Your email address will not be published. Required fields are marked *