❤️സഖി❤️-2 1

ഏകദേശം രാത്രി പന്ത്രണ്ട് മണിയോടെ ആണ് തിരികെ എത്തിയത്.

അവനെ വീട്ടിൽ ആക്കി തിരിച്ചു പോവുന്നവഴിക്കാണ് അത് സംഭവിച്ചത്.

എന്റെയും ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം.

രാത്രി ഒരുപാട് വൈകിയത്കൊണ്ട് തന്നെ അല്പം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്. യാത്രയുടെ ക്ഷീണവും പതിവില്ലാത്ത ഉറക്കമില്ലായ്മയും കാരണം തന്നെ വണ്ടി ഓടുന്ന കൂട്ടത്തിൽ അറിയാതെ ഒന്ന് മയങ്ങിപ്പോയി.

പെട്ടന്ന് വണ്ടി കയ്യിൽ നിന്നും പോവുന്നത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ കാണുന്നത് റോഡ് അരികിൽ ഏതോ ഒരു പൈപ്പ് ലൈനിനു എടുത്ത കുഴിയിലേക്ക് പോവുന്ന വണ്ടി ആണ്.

വീഴാതിരിക്കാൻ പെട്ടന്ന് ഞാൻ വണ്ടി വെട്ടിച്ചു. പെട്ടന്നുള്ള ആ പ്രവർത്തിയിൽ കയ്യിൽ നിന്നും നിയന്ത്രണം വിട്ട വണ്ടി റോഡ് സൈഡിൽ കൂടി ഓടി വന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ മേലിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു അവിടെ ഉള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ തലയടിച്ചു വീണു.

അപ്പോഴേക്കും വണ്ടിയും ആയി നിലത്തു വീണ എന്റെയും ബോധം നഷ്ടമായിരുന്നു.

 

ബോധം പോയ എനിക്ക് അത് തിരിച്ചു കിട്ടുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു ഞാൻ.

എന്താ സംഭവിച്ചത് എന്ന് പോലും മനസിലാവാത്ത എന്റെ നോട്ടം എനിക്ക് ചുറ്റുമുള്ള ആൾക്കാരിലേക്ക് ആണ് ആദ്യം തന്നെ പോയത്.

എനിക്ക് ബോധം വന്ന കണ്ടിട്ടാവണം അവിടെ ഉണ്ടായിരുന്ന നേഴ്സ് ഡോക്ടറെ വിളിക്കാൻ ആയിട്ട് പോവുന്നത് ഞാൻ കണ്ടിരുന്നു.

 

അൽപ സമയത്തിന് ശേഷം……

 

“ഹലോ എടൊ തനിക്ക് കേൾക്കാൻ പറ്റുന്നുണ്ടോ? ”

എന്റെ അടുത്ത് വന്ന ഡോക്ടർ എന്നോടായി ചോദിച്ചു.

 

ഞാൻ : ഉണ്ട് ഞാൻ… ഞാൻ ഇതെവിടെ ആണ്?

 

ഡോക്ടർ : സീ മിസ്റ്റർ…….?

 

ഞാൻ : വിഷ്ണു

 

ഡോക്ടർ : അഹ് വിഷ്ണു..

ഇയാൾ ഓടിച്ചിരുന്ന വണ്ടി ആക്‌സിഡന്റ് ആയി ഇവുടെ എത്തിയതാണ്.

ഏകദേശം ഒരു മൂന്ന് മണിക്കൂർ ആയി കാണും. ഇപ്പോഴാണ് തനിക്ക് ബോധം വന്നത്.

വീട്ടിൽ ഉള്ള ആരുടേലും കോൺടാക്ട് നമ്പർ തന്നിരുന്നു എങ്കിൽ വിവരം അറിയിക്കാമായിരുന്നു.

 

ഞാൻ ഡോക്ടർക്ക് ഔസപ്പ് അച്ഛന്റെ നമ്പർ കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഔസപ്പ് അച്ഛനും വേറെ ആരൊക്കെയോ രണ്ടുപേരും എന്റെ അടുത്ത് വന്നു.

എന്നെ കാണാത്തതിന്റെ വിഷമം ആ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

അച്ഛൻ എന്റെ അടുത്ത തന്നെ വന്നു ഇരുന്നു. ഒന്നും പറ്റാത്തിരിക്കാൻ ആവണം അദ്ദേഹം തന്റെ ജപമാലയിൽ പിടിച്ചുകൊണ്ടു എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്..

.അപ്പോഴേക്കും അങ്ങോട്ട് വന്ന ഡോക്ടർ ഔസപ്പ് അച്ഛനോട് ഡോക്ടറുടെ മുറിയിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു വിളിച്ചു കൊണ്ടുപോയി.

 

ഡോക്ടറുടെ മുറിയിൽ…….

 

ഡോക്ടർ : ഫാദർ വിഷ്ണുവിന്റെ പേരെന്റ്സ് ആരും ഇല്ലേ?

 

ഔസപ്പ് അച്ഛൻ : ഇല്ല ഡോക്ടർ. എനിക്ക് അവനെ നന്നേ ചെറുപ്പത്തിൽ കിട്ടിയതാണ്.

 

ഡോക്ടർ : ഒകെ ഫാദർ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.

ഒരു ആക്‌സിഡന്റ് ഉണ്ടായി ആണ് അയാളെയും വേറെ ഒരു പയ്യനെയും ഇവിടെ എത്തിക്കുന്നത്.

കൂടെ ഉണ്ടായിരുന്ന പയ്യന്റെ ബ്രെയിൻ ഡെത്ത് കൺഫോം ചെയ്ത് കഴിഞ്ഞു.

വിഷ്ണുവിന് പുറമെ വലിയ മുറിവുകൾ ഒന്നും ഇല്ല പക്ഷെ ഇടിയുടെ ആഘാതത്തിൽ അവന്റെ വാരിയെല്ലുകൾ ഒടിഞ്ഞു ഹൃദയത്തിന് ചെറിയ ക്ഷേധം സംഭവിച്ചിട്ടുണ്ട്.

ഒരു ഡോണർ കിട്ടിയില്ല എങ്കിൽ അയാളുടെ ജീവൻ രക്ഷിക്കുന്നത് അത്രക്ക് എളുപ്പം ആയിരിക്കില്ല.

ഇപ്പോൾ തന്നെ അയാളെ icu ലേക്ക് മാറ്റണം.

 

ഫാദർ : ഡോക്ടർ ഇപ്പോൾ എങ്ങനെ ആണ് ഒരു ഡോണർ സങ്കടിപ്പിക്കാൻ ആവുക?

പിന്നെ എന്റെ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം 🙏 അപേക്ഷ ആണ്

 

ഡോക്ടർ :ഫാദർ ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവതി ഞങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ അച്ഛനോട് ഞാൻ സംസാരിച്ചിരുന്നു അവർക്ക് ഒകെ ആണെങ്കിൽ നമുക്ക് കുഴപ്പമില്ല.