❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

ഈ രംഗങ്ങൾ ദൂരെ നിന്നു മാനസി വീക്ഷിച്ചത് ആരുമറിഞ്ഞില്ല.അവളുടെ മനസ്സിൽ ഏതോ ഒരു മഞ്ഞുതുള്ളി വീണു.
ചന്തു അതു കഴിഞ്ഞു നേരെ പോയത് അമ്മാവന്‌റെ അരികിലേക്കാണ്.കല്യാണം കഴിഞ്ഞിട്ടും എന്തോ ചിന്തയിൽ ആകുലനായിരുന്നു ആ പാവം വൃദ്ധൻ. ഇനി വയസ്സാംകാലത്ത് അടച്ചുതീർക്കേണ്ട ബാധ്യതകളെക്കുറിച്ചാകും.
ചന്തു ഒരു ചെക്ക് അമ്മാവനു നേർക്കു നീട്ടി,എന്താണ് അവന്‌റെ ഉദ്ദേശ്യമെന്നു മനസ്സിലായില്ലെങ്കിലും അയാളതു കൈയിൽ വാങ്ങി. അതിലെഴുതിയിരിക്കുന്ന തുക കണ്ട് അദ്ദേഹം ഞെട്ടി സ്തബ്ധനായി നിന്നു.
‘ഇത്’ അമ്മാവൻ ചോദിച്ചു.
‘അമ്മാവനു വൻ കടബാധ്യത ഉണ്ടെന്ന് എനിക്കറിയാം.അതെത്രയായാലും ഈ തുക കൊണ്ടു വീട്ടാനൊക്കും.കുറേയധികം കാശ് അധികവും വരും. ആ പണം ബാങ്കിലിട്ട് അമ്മാവനും അമ്മായിയും ഈ തറവാട്ടിൽ തന്നെ സുഖമായി ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം.’ അവൻ ഒറ്റ വാചകത്തിൽ പറഞ്ഞു.

‘മോനേ…ചന്തൂ…’ കാർക്കശ്യത്തിന്‌റെ സ്വരൂപമായ അമ്മാവൻ തേങ്ങിക്കരഞ്ഞുപോയി. അയാൾ ചന്തുവിനെ കെട്ടിപ്പിടിച്ചു.കവിളിൽ തെരുതെരെ ഉമ്മവച്ചു.
ചന്തുവിന്‌റെ ഉള്ളിൽ ചാരിതാർഥ്യം നിറഞ്ഞു.
താൻ, കടങ്ങൾ വീട്ടിയിരിക്കുന്നു.ഇതായിരുന്നു ജീവിതത്തിൽ അവശേഷിച്ച ഏക കടം.കുറേനേരം കൂടി കഴിഞ്ഞതോടെ എല്ലാവരോടും യാത്ര പറഞ്ഞു ചന്തുവും കുടുംബവും ഏറമംഗലത്തു നിന്നിറങ്ങി.ഇന്നു രാത്രി മാനസി മഹലിൽ താമസിക്കും. നാളെ രാവിലെ മടങ്ങും.കുറച്ചുനാളുകൾ കൂടി നിൽക്കണമെന്നു ചന്തുവിന് ആഗ്രഹം തോന്നിയിരുന്നെങ്കിലും അതു നടക്കില്ലെന്ന് അവനു തന്നെയറിയാമായിരുന്നു. തമ്പി മാത്രമാണു മുംബൈയിലുള്ളത്. ഏറെനാൾ താനില്ലാതെ ഒറ്റയ്ക്കു കാര്യങ്ങൾ നടത്താൻ അവനെക്കൊണ്ടാകില്ല.
സന്ധ്യനേരത്തു മാനസി മഹലിൽ മാനസി വിളക്കു വച്ചു.മുകളിലെ മുറിയിലേക്കു നടക്കുമ്പോളും അവളുടെ ചിന്ത രാഗിണിയെക്കുറിച്ചാണ്. ഇന്നു ചന്ത്വേട്ടൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശരിക്കും അവളോടു സ്‌നേഹം കാണില്ലേ.പണ്ട് ഒഴിവാക്കി വിട്ടതിന്‌റെ ദേഷ്യം തീർത്തതാകില്ലേ ഇന്ന്. പഴയ സ്‌നേഹമൊക്കെ അങ്ങനെയങ്ങു പോകുമോ. അവളുടെ മനസ്സിൽ ആയിരം ചിന്തകളായിരുന്നു.
അവൾ മുറിയിലെത്തി. ചന്തു ബാൽക്കണിയിലുണ്ടായിരുന്നില്ല. മുറിക്കു പുറത്തെ ചാരുകസാലയിൽ ചാഞ്ഞു കിടക്കുകയായിരുന്നു അവൻ.ഒരു കൂർത്തയും മുണ്ടുമായിരുന്നു വേഷം.അടുത്തു വച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒരു പാട്ടൊഴുകുന്നുണ്ടായിരുന്നു.

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും
ഒഴുകി നിൻ ആത്മാവിൻ ആഴങ്ങളിൽ
വീണു പോലിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അലിയുന്നതേ നിത്യസത്യം

‘ചന്ത്വേട്ടാ,’ കുറച്ചുനേരം അവിടെ നിന്ന ശേഷം അവൾ അവനെ വിളിച്ചു.
‘ങൂം,’ അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.
‘എന്താ’ അവൻ അവളോടു ചോദിച്ചു.
‘ഇന്നലെ ഞാനും രാഗിണിയും ഒരുമിച്ചാണു കിടന്നത്’ അവൾ പറഞ്ഞു.
‘അതിനിപ്പോൾ എന്താണ്’ ചന്തു അവളോടു ചോദിച്ചു.
‘അവളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം അവളെന്നോടു പറഞ്ഞു.അവൾക്കു തെറ്റു മനസ്സിലായി, ചന്തുവേട്ടന്‌റെ സ്‌നേഹം ഇപ്പോളവൾ തിരിച്ചറിഞ്ഞിട്ടുണ്ട്’ മാനസി പറഞ്ഞു.
‘ആയിക്കോട്ടേ, അതിനിപ്പോ എന്താണ്’ നേരീയ മുഷിപ്പോടെ ചന്തു ചോദിച്ചു.
‘ചന്ത്വേട്ടന് അവളോട് ഒരു ഫീലിങ്‌സും തോന്നണില്ലേ’ ചങ്കിടിപ്പോടെ അവൾ ചോദിച്ചു.
‘എന്തു ഫീലിങ്‌സ് എനിക്കൊന്നും തോന്നണില്ല,’ ചന്തു തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
‘ചന്തുവേട്ടന്‌റെ ആദ്യ സ്‌നേഹമല്ലേ അവൾ, പെഹ് ലി പ്യാർ, അവൾ ഇങ്ങനെ മാറിയതിൽ ഒട്ടും സന്തോഷമില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ’ അവൾ വീണ്ടും പറഞ്ഞു.
‘മാനസീ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു പറയണം, ഇങ്ങനെ വളച്ചുകെട്ടിയാൽ എനിക്കു മനസ്സിലാകില്ല കേട്ടോ’ അവൻ ഈർഷ്യയോടെ പറഞ്ഞു.
മാനസി ഒരു നിമിഷം മിണ്ടാതെ നിന്നു.
‘ചന്തുവേട്ടന് എന്നെക്കാളും സ്‌നേഹമായിരുന്നോ രാഗിണിയോട്.എല്ലാവരും പറയുന്നു ചന്തുവേട്ടൻ അവളെ ഒരുപാടു മോഹിച്ചിരുന്നെന്ന്.ഇപ്പോഴും അങ്ങനെയൊക്കെ മനസ്സിലുണ്ടോ.’ അവൾ താഴേക്കു നോക്കി ചോദിച്ചു.
‘ഷട്ടപ്പ’് ചന്തു ബാൽക്കണിയുടെ കൈവരിയിൽ കൈ വലിച്ചടിച്ചു,അവന്‌റെ മുഖം ചുവന്നിരുന്നു.അവന്‌റെ ഭാവപ്പകർച്ച കണ്ട് അവൾ ഞെട്ടിപ്പോയി.സൗമ്യനായ ചന്തുവിനെ മാത്രമേ അവൾക്കു

പരിചയമുണ്ടായിരുന്നുള്ളൂ.
ഒന്നു രണ്ടു നിമിഷം അവൻ നിന്നു ശ്വാസമെടുത്തു.
എന്നിട്ട് മാനസിക്കരികിലെത്തി അവളുടെ തോളുകളിൽ കൈവച്ചു.’വാരണം ആയിരം എന്നു കേട്ടിട്ടുണ്ടോ നീയ്…’ അവൻ അവളോടു ചോദിച്ചു.
‘അതാ തമിഴ് സിനിമയല്ലേ, സൂര്യ അഭിനയിച്ചത്, നമ്മൾ ഒരുമിച്ചല്ലേ അതു ടിവിയിൽ കണ്ടത്.’ അവൾ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ അവളുടെ മറുപടിയിൽ അവൻ പൊട്ടിച്ചിരിച്ചു.
‘അതേ, അതൊരു സിനിമയാണ്. പക്ഷേ വാരണം ആയിരംന്നു പറഞ്ഞാൽ തമിഴിലെ ഒരു ശ്ലോകമാണ്.’ അവളവനോടു പറഞ്ഞു.
‘എന്നു വച്ചാൽ’ അവൾ മനസ്സിലാകാതെ ചോദിച്ചു.

‘വാരണം ആയിരം എന്നു പറഞ്ഞാൽ ആയിരം ആനകൾ എന്നാണ് അർഥം.ആയിരം ആനകളുടെ കരുത്ത്.’
‘ രാഗിണി എന്‌റെ ആദ്യ സ്‌നേഹമായിരുന്നു.അവൾ പോയപ്പോൾ ഞാൻ ഒരുപാടു വേദനിച്ചു.ലോകത്തിലെ ഏറ്റവും വലിയ വേദന അതാണെന്ന് അന്നു ഞാൻ കരുതി.’ അവനൊന്നു നിർത്തി.
‘പക്ഷേ അതു തെറ്റായിരുന്നു.ഒരു കടിയനുറുമ്പു കടിക്കുന്ന വേദന മാേ്രത ഉണ്ടായിരുന്നുള്ളൂ എന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.’

‘പക്ഷേ നീയുണ്ടല്ലോ മാനസി, വാരണം ആയിരമാണ്. ആയിരം ആനകളുടെ കരുത്തോടെയാണ് നീ എന്‌റെ മനസ്സിലുള്ളത്.’ വികാരത്താൽ അവന്‌റെ വാക്കുകൾ മുറിഞ്ഞു.

‘എന്നെ സംശയിക്കരുത്……’

‘ആയിരം രാഗിണിമാർ വരുമോ പോകുകയോ ചെയ്യും.പക്ഷേ മാനസീ, നിന്നെപ്പോലൊരുത്തി ഒരിക്കലേ വരൂ, നീയില്ലെങ്കിൽ ഞാൻ തീർന്നു മാനസി.
നിൻ ആത്മാവിൻ ആഴങ്ങളിൽവീണു പോലിയുമ്പോഴാണെൻറെ സ്വർഗം,നിന്നിൽ അലിയുന്നതേ നിത്യസത്യം ..’അവസാനം കേട്ട സിനിമാപ്പാട്ടിന്‌റെ വരികൾ അവൻ അവൾക്കുവേണ്ടി പാടി.
വസന്തകാലത്തു പൂകൊണ്ടു നിറയുന്ന ഗുൽമോഹർ മരം പോലെ മാനസി പൂത്തുലഞ്ഞു.അവളവനെ തെരുതെരെ ഉമ്മവച്ചു.

‘എന്‌റെ പൊന്നാണ്, ഖൽബാണ്,ജീവനാണ്…മേരി പ്യാരി പതിദേവ്.’

അവനെ കെട്ടിപ്പുണർന്നുകൊണ്ട് അവൾ പറഞ്ഞു.

തേങ്കുറിശ്ശിപ്പാടങ്ങൾക്കപ്പുറം അസ്തമനസൂര്യൻ ഈ രംഗം കണ്ടു നാണിച്ചു ചെതലിമലയുടെ മടിത്തട്ടിലേക്ക് പോയൊളിച്ചു.ഏതോ കോവിലിൽ കത്തിച്ച ചന്ദനത്തിരികളുടെ ഗന്ധം വഹിച്ചുകൊണ്ടു കാറ്റ് മാനസിമഹലിലേക്കു വിരുന്നുമെത്തി.

(പൂർണം)

Leave a Reply

Your email address will not be published. Required fields are marked *