‘അതൊന്നും എനിക്കറിയില്ലെടാ, പക്ഷേ ഇവളെ രക്ഷിക്കണം രക്ഷിച്ചേ പറ്റൂ.പൈസയില്ലെങ്കിൽ പോകട്ടെ .പൊലീസ് സ്റ്റേഷനിൽ അവളുമായി പോയി ഒരു പരാതി കൊടുത്താൽ എന്തെങ്കിലും നടക്കുമോ? ‘ചന്തു ആകാംഷയോടെ ചോദിച്ചു.
‘നടക്കും. നിന്‌റെ ശവം ഇവിടെ ഒഴുകി നടക്കും. മുനിസാഹിബ് ഒരു വലിയ ക്രിമിനൽ ശൃംഖലയിലെ ഏറ്റവും താഴത്തെ ഒരു കണ്ണിയാണ്. ഒരു പരാതി ചെന്നാൽ പൊലീസുകാർ തന്നെ അവനെ വിളിച്ച് നിന്‌റെ അഡ്രസഡക്കം പറഞ്ഞു കൊടുക്കും.ഇതു മുംബൈയാണു ചന്തൂ, പൊലീസും ഗുണ്ടകളുമൊക്കെ ഒരു നാണയത്തിന്‌റെ രണ്ടു വശങ്ങളാണ് ഇവിടെ.’ തമ്പി അവനെ നിരുത്സാഹപ്പെടുത്തി.
ചന്തു തലകുമ്പിട്ടു മിണ്ടാതെയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ തമ്പിക്കു വിഷമമായി. ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന ചന്തുവിന്‌റെ തോളിൽ അവൻ കൈവച്ചു.
‘ഡാ ഒരു വഴിയുണ്ട്.30 ലക്ഷം കി്ട്ടും. പക്ഷേ പാളിപ്പോയാൽ നിന്‌റെ ജീവിതം അതോടെ തീരും. ധൈര്യമുണ്ടോ ഏറ്റെടുക്കാൻ.’
തമ്പി ചോദിച്ചു.
തന്‌റെ ജീവിതത്തിന്‌റെ ഇപ്പോളത്തെ ഒരേയൊരു ലക്ഷ്യം മാനസിയുടെ രക്ഷയാണെന്നു ചന്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു.അതിനു വേണ്ടി ചാകാനും തയാർ.
‘നീ വഴി പറ’ ചന്തു താൽപര്യപൂർവം ചോദിച്ചു.
‘ഇവിടെ ഒരു മലയാളിക്കച്ചവടക്കാരനുണ്ട്. മീസാൻ സേഠ്, കച്ചവടം എന്നു പറഞ്ഞാൽ സംഗതി ഡ്രഗ്‌സാ.’തമ്പി പറഞ്ഞു നിർത്തി.
ചന്തുവിന്‌റെ ഉള്ളൊന്നു കാളി. ‘അതിന് ‘ അവൻ ചോദിച്ചു.
‘വെനസ്വേലയിൽ നിന്നു കൊക്കെയ്‌നും എൽഎസ്ഡീമായിട്ടു വന്ന ഒരു കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു കിടപ്പുണ്ട്. ഇരുപതു കോടീടെ മാലാണു അവർ കൊണ്ടു വന്നിരിക്കുന്നത്. പുറംകടലിൽ പോയി കപ്പലിൽ നിന്ന് ആ ചരക്കു മുംബൈയിൽ ബോട്ടുവഴി എത്തിക്കണം.പ്രതിഫലമായി നീ ചോദിച്ച സംഖ്യ ലഭിക്കാൻ സാധ്യതയുണ്ട്.’ തമ്പി പറഞ്ഞു.
ചന്തുവിന് അതു സമ്മതമായിരുന്നു ‘ഞാൻ തയാർ’ അവൻ പറഞ്ഞു.
‘എന്തു തയാർ, നിനക്കു ബോട്ടോടിക്കാൻ അറിയുമോ’ തമ്പി ചോദിച്ചു.
‘അറിയാം, ഞാൻ മലമ്പുഴയിൽ പണ്ടു ബോട്ടോടിക്കാൻ പഠിച്ചിട്ടുണ്ട്, ലൈസൻസുമുണ്ട്’ ചന്തു പറഞ്ഞു.
‘ഡാ മലമ്പുഴേൽ പുഴവെള്ളത്തിൽ ബോ്‌ട്ടോടിക്കുന്നതു പോലെയല്ല പുറംകടലിലേക്ക് ഓടിക്കുന്നത്. ഭയങ്കര റിസ്‌കാണ്. അതു മാത്രമല്ല, മുംബൈയിലെ കടൽസുരക്ഷ വളരെ ശക്തമാണ്. കോസ്റ്റ് ഗാർഡ്,നേവി, കസ്റ്റംസ്, പിന്നെ മുംബൈപ്പോലീസിന്‌റെ ബോട്ട് വിങ്, ഇതെല്ലാം കടന്നു വേണം ഇവിടെ ചരക്കെത്തിക്കാൻ.പിടിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.പിടിക്കപ്പെട്ടാൽ പിന്നെ ആജീവനാന്തം ജയിലിലാണ്.നീ ഒറ്റയ്ക്കായിരിക്കും പോകേണ്ടത്, ആരും സഹായിക്കാൻ ഉണ്ടാകില്ല.’ തമ്പി മുന്നറിയിപ്പു നൽകി.
നിസ്സംഗമായ ഒരു ചിരിയായിരുന്നു ചന്തുവിന്‌റെ മറുപടി. ‘അതൊന്നും സാരമില്ല. നീ ഈ ക്വട്ടേഷൻ എനിക്കൊപ്പിച്ചു താ.’ അവൻ തമ്പിയോടു പറഞ്ഞു.
‘ശരി, അങ്ങനെയെങ്കിൽ നമുക്കു സേഠിനെ കാണാൻ പോകാം.’ തമ്പി പറഞ്ഞു.
‘തമ്പീ നാളെത്തന്നെ പോകാം.എത്രയും വേഗം എനിക്കു അവളെ രക്ഷിക്കണമെടാ,’ ചന്തു അക്ഷമനായി പറഞ്ഞു.
തുറമുഖത്തിനു സമീപം ഒരു ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു മീസാൻ സേഠിന്‌റെ ഓഫിസ്. ഒരു ചെറിയ സ്ഥലം. അരണ്ട വെളിച്ചം അവിടെ തങ്ങി നിന്നു.
വെളുത്ത ഷർട്ടും സ്വർണക്കണ്ണടയും തൊപ്പിയും ധരിച്ച ഒരു കുറുകിയ മനുഷ്യനായിരുന്നു അയാൾ. കവിളിൽ നരച്ച താടിരോമങ്ങൾ ഭംഗിയായി ട്രിം ചെയ്തു നിർത്തിയിരിക്കുന്നു.കുറച്ചുനേരം സേഠ് ചന്തുവിനെ സൂക്ഷിച്ചുനോക്കി.
‘കാര്യങ്ങളൊക്കെ തമ്പി പറഞ്ഞല്ലോ അല്ലേ’ സേഠ് ചന്തുവിനോടു ചോദിച്ചു.
‘ഉവ്വ്’ ചന്തു മറുപടി കൊടുത്തു.
‘ഊം ,വല്യ അപകടം പുടിച്ച കളിയാണ്. കോസ്റ്റുഗാർഡിന്‌റെ കൈയിലൊക്കെ കിട്ടിയാൽ പിന്നെ നിന്‌റെ ദുനിയാവു ജയിലിനകത്താകും.എന്തു സംഭവിച്ചാലും ഞങ്ങളുടെ പേരു പറയരുത്. സത്യമുള്ളവനാണെന്നു പറഞ്ഞോണ്ടാണു ഇതേൽപിക്കുന്നത്.എങ്ങാനും ഞങ്ങടെ പേരു നീ പറഞ്ഞാൽ നിന്‌റെ ചങ്ങായിയൊണ്ടല്ലോ, ഈയിരിക്കണ തമ്പി, അവനെ ഞങ്ങൾ തീർക്കും’ സേഠ് പറഞ്ഞു.തമ്പിയുടെ മുഖത്തെ രക്തച്ഛവി മാറി.
