‘വരിൻ റൂട്ടു പറഞ്ഞുതരാം.’ മീസാൻ സേഠ് എഴുന്നേറ്റു. ചന്തു കൂടെച്ചെന്നു. പുറംകടലിൽ കപ്പൽ കിടക്കുന്ന സ്ഥാനം കൃത്യമായി സേഠ് അടയാളപ്പെടുത്തിക്കൊടുത്തു.
‘നീ തന്നെ ബോട്ട് ഒപ്പിക്കണം.ഞങ്ങൾ തരൂല്ല, കേട്ടല്ലോ’ സേഠ് പറഞ്ഞു.
ചന്തു തലയാട്ടി.
സേഠ് മേശവലിപ്പു തുറന്ന് ഒരു സാധനം കൈയിലെടുത്തു. അതു ചന്തുവിന്‌റെ കൈയിലേക്കു കൊടുത്തു.സാധനത്തിലേക്കു നോക്കിയതും ചന്തു ഞെട്ടിത്തരിച്ചു.
അതൊരു റിവോൾവറായിരുന്നു.
‘നിറതോക്കാ, ആറു ബുള്ളേറ്റ്,’ സേഠ് പറഞ്ഞു.
ചന്തു വീണ്ടും തലയാട്ടി.
‘ഹമുക്കേ തലയാട്ടൽ നിർത്തിക്കോ.ഇതെന്തിനാ തന്നേന്നു നെനക്കു വല്ല പുടീമൊണ്ടോ’ അയാൾ ചോദിച്ചു.
‘ഇല്ല’ ചന്തു സത്യമങ്ങു പറഞ്ഞു.
‘പൊലീസുകാരു പൊക്കുമെന്നു തോ്ന്നിയാൽ, ഉറപ്പായാൽ ആരെയെങ്കിലും തട്ടീട്ടു മാലുമായിട്ടു രക്ഷപ്പെടാൻ നോക്കണം.എന്തായാലും പിടിവീഴുമെന്ന് ഉറപ്പായാൽ സ്വയം വെടിവച്ചു അങ്ങു ശത്തോ.അവരുടെ പുടീലാകുന്നതും നല്ലത് അതാ.’ ഒരു ഭാവഭേദവുമില്ലാതെ സേഠു പറഞ്ഞു.അപായം തന്‌റെ മേലേക്കു വരുന്നുണ്ടെന്നു ചന്തുവിനു തോന്നി,പക്ഷേ അവന്‌റെ ഉള്ളിൽ മാനസിയുടെ നിഷ്‌കളങ്കമായ ചിരിക്കുന്ന മുഖമായിരുന്നു.ആ ചിരി മായാതിരിക്കാൻ എ്ന്തും ചെയ്യും.ചന്തു റിവോൾവർ തന്‌റെ പാന്‌റ്‌സിന്‌റെ പോക്കറ്റിൽ ഒളിപ്പിച്ചു.
സേഠിന്‌റെ കെട്ടിടത്തിൽ നിന്നു പുറത്തു കടന്ന ഉടനെ തമ്പി അവനെ വട്ടം പിടിച്ചു.
‘നീയെന്നെ കൊലയ്ക്കു കൊടുക്കോടാ’ ചന്തൂ തമ്പി ചോദിച്ചു.
‘ഇല്ലടാ, എന്നെ വിശ്വസിക്കാം.ഞാൻ കാരണം നിനക്കൊന്നും വരില്ല.’
തമ്പിക്ക് ആശ്വാസമായി. കൂടെനിക്കുന്നവർക്കു വേണ്ടി ചങ്കു പറിച്ചുകൊടുക്കുന്ന ചന്തുവിന്‌റെ സ്വഭാവം തമ്പിക്കു നന്നായി അറിയാം.ആ സ്വഭാവമുള്ളതുകൊണ്ടാണല്ലോ ഇപ്പോ എവിടെയോ കിടക്കുന്ന ഒരു പെണ്ണിനു വേണ്ടി ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്.
‘ബോ്‌ട്ടെങ്ങനെ ഒ്പ്പിക്കും’ ചന്തു തമ്പിയോടു ചോദിച്ചു.
‘അതൊക്കെ കിട്ടും. ദിവസം ഇരുപതിനായിരം രൂപ വാടക.ഇത്തിരി കൂടുതലാ’ തമ്പി പറഞ്ഞു.
ഇരുപതിനായിരം രൂപ..അതെങ്ങനെ ഒപ്പിക്കുമെന്നുള്ളതാണ് ഇനിയത്തെ പ്രധാനപ്രശ്‌നം.ചന്തു ചിന്തയിലാണ്ടു.തപ്പിപ്പെറുക്കിയാൽ ഒരു രണ്ടായിരം രൂപ കൈയിൽ കാണും.വിൽക്കാനായി ആകെ കൈയിലുള്ളത് തേഞ്ഞുതീർന്ന ഒരു ജോടി ചെരുപ്പുകൾ മാത്രമാണ്.അതാണെങ്കിൽ ആർക്കും വേണ്ടതാനും.
…………………………………………………..’ക്യാ ഹുവാ, എന്താ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്.’ മാനസിയുടെ തേനൂറുന്ന ശബ്ദമാണു ചന്തുവിനെ ഉണർത്തിയത്. അന്നും പതിവുപോലെ വേശ്യാഗൃഹത്തിനു സമീപം കച്ചവടം നടത്തുന്നതിനിടെ പൈസയെക്കുറിച്ചു ചിന്തിച്ചു നിൽക്കുകയായിരുന്നു ചന്തു. മാനസി വന്നത് അവനറിഞ്ഞിരുന്നി്ല്ല.
‘ഞാൻ കുറച്ചു പൈസയെക്കുറിച്ചു ചിന്തിച്ചിരിക്കുകയാണ് .ഒരു കടയിടാൻ പ്ലാനുണ്ട്.ഭയങ്കര ഞെരുക്കം.’ ചന്തു അവളോടു പറഞ്ഞു.അവളെ രക്ഷിക്കാനായി താൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറയാൻ പോയില്ല.
‘എത്ര വേണ്ടിവരും’ അവൾ ചോദിച്ചു.
‘ഇരുപതിനായിരം’ അവൻ ഉത്തരം പറഞ്ഞു.
പെട്ടെന്ന് അവൾ മുടി മുകളിലേക്കു പൊക്കി തന്‌റെ കാതിൽ തപ്പി. അതിൽ കിടന്നിരുന്ന കമ്മലുകൾ അവൾ അഴിച്ചെടുത്തു. അതു ചന്തുവിനു നേർക്കു നീട്ടി.
‘എന്‌റെ കൈയിൽ ആകെയുള്ള വിലപിടിപ്പുള്ളത് ഇതാണ്. ഇതു വിറ്റു ചന്തു കടതുടങ്ങിക്കോ,’ അവളാ കമ്മലുകൾ അവനു നീട്ടിക്കൊണ്ടു പറഞ്ഞു.
‘അയ്യോ അതൊന്നും വേണ്ട, ഞാൻ വേറെന്തെങ്കിലും വഴി നോ്ക്കിക്കോളാം.’ ചന്തു അവളോടു പറഞ്ഞു.
‘പറയുന്നതു കേൾക്കൂ ചന്തൂ, ഞാനിനി ഒരുമാസം കൂടിയേ ഇവിടെയുണ്ടാകൂ.ചിലപ്പോ ഈ ഭൂമിയിൽ തന്നെ.മാനം നഷ്ടപ്പെട്ടു ഞാൻ ജീവിച്ചിരിക്കില്ല.അതിനു മുൻപേ ഞാൻ എന്നെത്തന്നെ കൊല്ലും.എന്‌റെ ചന്തു ഇവിടെ നന്നായി ജീവിക്കണം.ഒരു രാജായെപ്പോലെ.അതെനിക്കു മാനത്തിരുന്നു കാണണം.’ അവൾ നിർബന്ധിച്ചു കമ്മലുകൾ അവനു നൽകി ഒരു വേദന നിറഞ്ഞ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു.
യഥാർഥ പെണ്ണെന്നാൽ എന്താണെന്നു മനസ്സിലാക്കുകയായിരുന്നു ചന്തു.അവൾ ചാകാൻ തീരുമാനിച്ചിരിക്കുന്നു.എന്നിട്ടും അവളുടെ കൈയിലെ അവസാനത്തെ വിലപിടിപ്പുള്ള വസ്തുവും തനിക്കു തരുന്നു. ഇവളെ രക്ഷിക്കാതിരിക്കുന്നതെങ്ങനെ….ചന്തുവിന്‌റെ കണ്ണു നിറഞ്ഞു.
