❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

മാനസിയുടെ ജീവിതകഥ ചന്തുവിനെ കണ്ണുനീരണിയിച്ചു.തിരിച്ച് തന്‌റെ കുടിലിലെ ഒറ്റമുറിയിൽ പോയി ഉറങ്ങുമ്പോഴും അവന്‌റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു.അവളെ എങ്ങനെയെങ്കിലും തനിക്കു സഹായിക്കാൻ കഴിയുമോ?
ഇത്രയും ഗുണ്ടകളൊക്കെ കാവൽ നിൽക്കുന്ന മുംബൈയിൽ അത് അസാധ്യമായിരുന്നു.
പക്ഷേ ചന്തുവിന് അങ്ങനെ ചിന്തിച്ചു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അവൻ വീണ്ടും വീണ്ടും ചൗപ്പാട്ടിയിലെത്തി അവളെ കണ്ടു.പ്രണയം തന്‌റെ മനസ്സിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.രാഗിണിയോടുള്ളതുപോലെ ഭ്രമാത്മകമായ ഒന്നല്ലായിരുന്നു മാനസിയോടു തോന്നിയത്. കൂടുതൽ സത്യമുള്ള യാഥാർഥ്യമായ പ്രണയം.
അങ്ങനെ ഒരിക്കൽ അവൻ തീരുമാനിച്ചു. മാനസിയെ തന്‌റെ ജീവൻകൊടുത്തും രക്ഷിക്കും.പക്ഷേ തന്‌റെ ലക്ഷ്യം അവൻ മാനസിയോടു പറഞ്ഞില്ല. ആകെ മുരടിച്ച ആ പെൺമനസ്സിന് ആശ കൊടുക്കേണ്ട. ഒരു പക്ഷേ തനിക്കതു സാധിക്കാതെ വന്നാൽ……ആശ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയെന്ന് ചന്തുവിന് നന്നായി അറിയാമായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം അവനതു നിശ്ചയിച്ചത്.മുനിസാഹിബിനെ നേരിട്ടു കണ്ടു പറയുക.ചിലപ്പോൾ അവൻ തന്നെ കൊല്ലുമായിരിക്കും.എന്നാലും ചോദിക്കുക തന്നെ.
ചൗപ്പാട്ടിക്കടുത്തു തന്നെ ഒരു വലിയ വർക്ഷോപ്പായിരുന്നു മുനിസാഹിബിന്‌റെ ഗുണ്ടാസങ്കേതം.അവിടെ കാവൽ നിന്ന ഗുണ്ടകളോട് മുനിസാഹിബിനെ കാണണമെന്നു പറഞ്ഞു.ആയുധമെന്തെങ്കിലുമുണ്ടോയെന്നു പരിശോധന നടത്തിയ ശേഷം ഗുണ്ടകൾ അവനെ മുനിസാഹിബിനു മുന്നിലെത്തിച്ചു.
മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വെളുത്ത ആളായിരുന്നു മുനിസാഹിബ്.ഒരു ഗുണ്ടയാണെന്നൊന്നും പറയില്ല.കൈയിലേക്ക് ഏതോ ലഹരിവസ്തു സിറിഞ്ച് വഴി നിറയ്ക്കുകയായിരുന്നു അവൻ.ചന്തു അവനരികിലെത്തി.
അവനെ നോക്കാതെ മുനിസാഹിബ് കൈയുയർത്തി എന്താണു വന്നതെന്നു ചോദിച്ചു.
‘മാനസിയെ എനിക്കിഷ്ടമാണ്, അവളെ നിങ്ങൾ വിൽക്കരുത്.’ ഒറ്റവീർപ്പിനു തന്നെ പതറാത്ത സ്വരത്തിൽ അവൻ മുനിസാഹിബിനോടു പറഞ്ഞു. അയാൾ ഇപ്പോൾ എഴുന്നേറ്റ് തന്നെ വെട്ടിപ്പൂളുമെന്നായിരുന്നു ചന്തു കരുതിയത്.എന്നാൽ അതുണ്ടായില്ല.
‘ബഹുത് പ്യാർ ഹേ? ‘ നേരിയ ഒരു ചിരിയോടെ മുനിസാഹിബ് ചോദിച്ചു.
‘ഹാ’ ചന്തു ഉത്തരം പറഞ്ഞു.’നോക്ക് മോനേ, പ്രേമിക്കുന്നവരെ വിഷമിപ്പിക്കാൻ ഒന്നും എനിക്കു താൽപര്യമില്ല.എനിക്കു പ്രധാനം കാശാണ്. പെണ്ണുങ്ങൾ എനിക്ക് ഉരുപ്പടികൾ മാത്രമാണ്.ഈയടുത്ത് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉരുപ്പടിയാണ് മാനസി.15 ലക്ഷത്തിനാണു സായിപ്പുമായി അവൾക്ക് കച്ചവടമുറപ്പിച്ചത്.’ മുനിസാഹിബ് വീണ്ടും ചിരിയോടെ പറഞ്ഞു.
‘ആ പൈസ ഞാൻ തരും’ ചന്തു പറഞ്ഞു.

‘നീയോ….ഹ ഹ ഹ…’ മുനിസാഹിബ് പൊട്ടിച്ചിരിച്ചു.എന്നിട്ടു നിർത്തി.’ഇനി നിനക്ക് തരാൻ പറ്റുമെന്നു തന്നെയിരിക്കട്ടെ.15 ലക്ഷം പോരാതെ വരും. കച്ചവടമുറപ്പിച്ചു പിൻമാറിയാൽ സായ്പും ഞാനുമായി തെറ്റും.ഭാവിയിൽ എനിക്ക് ഒരു കസ്റ്റമറെ ആണ് നഷ്ടപ്പെടുന്നത്.അതിന്‌റെ നഷ്ടം കൂടി നീ നികത്തണം.’ മുനിസാഹിബ് തണുത്ത സ്വരത്തിൽ പറഞ്ഞു.
‘ഞാൻ നിങ്ങൾക്ക് എത്ര പണം നൽകണം.’ ചന്തുവിന്‌റെ സ്വരത്തിൽ എന്തോ ഉറപ്പുണ്ടായിരുന്നു.
‘ഇരട്ടി. മുപ്പതു ലക്ഷം രൂപ റൊക്കം.കപ്പൽ വരാൻ ഇനി 21 ദിവസമുണ്ട്. അതിനുള്ളിൽ അതു തരാൻ പറ്റിയാൽ മാനസി നിനക്ക് സ്വന്തം.പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ മറന്നുകള.’ അടുത്ത സിറിഞ്ച് കൈയിലെടുത്തു കൊണ്ട് മുനിസാഹിബ് പറഞ്ഞു.

‘ശരി പണവുമായി ഞാൻ നിങ്ങളെ വന്നു കാണാം,’ അവൻ പറഞ്ഞു.
അവൻ നടന്നു പോകുന്നത് മുനിസാഹിബ് സാകൂതം നോക്കി നിന്നു.ചുണ്ടിൽ ഒരു ചിരിയുമായി.’നിനക്കെന്താടാ വട്ടാണോ, അവന്‌റെ ഒരു പ്രേമം, ഒരു പ്രേമം പൊട്ടി ഇങ്ങോട്ടു വന്നിട്ട് അടുത്തതും കൊണ്ടിറങ്ങിയിരിക്കുന്നു.’ ജുഹു കടപ്പുറത്ത് തമ്പിയുടെ അടുക്കൽ ഈ കാര്യം പറഞ്ഞപ്പോൾ അവൻ പൊട്ടിത്തെറിച്ചു.മുംബൈയിൽ സുലഭമായി കിട്ടുന്ന ഒരിനം വിലകുറഞ്ഞ വാറ്റുചാരായവും കുടിച്ച് കടലയും കൊറിച്ചിരിക്കുകയായിരുന്നു അവൻ.
‘അങ്ങനെയല്ലടാ, നിനക്ക് അതു പറഞ്ഞാൽ മനസ്സിലാകില്ല. എനിക്ക് അവളെ പ്രേമിക്കണമെന്നും കല്യാണം കഴിക്കണം എന്നും നിർബന്ധമൊന്നുമില്ല. പക്ഷേ ആ പെൺകൊച്ചിനെ രക്ഷിക്കണമെടാ. നീ പറയുന്ന പോലെ പെൺപിള്ളേരെ വളച്ചു നടക്കുന്ന ഒരാളൊന്നുമല്ല ഞാൻ.എന്‌റെ ജീവിതത്തെക്കുറിച്ച് നിനക്കറിയില്ല തമ്പീ,’ ചന്തു അവനോടു പറഞ്ഞു.
‘എത്ര പൈസ കൊടുത്താൽ അവൻ അവളെ വിട്ടുതരും.’ തമ്പി ചോദിച്ചു.
’30 ലക്ഷം’ ചന്തു മറുപടി പറഞ്ഞു.
തമ്പി പൊട്ടിപ്പൊട്ടി ചിരിച്ചു.’കൊള്ളാം. മുപ്പതു ലക്ഷത്തിൽ എത്ര പൂജ്യമുണ്ടെന്നു നിനക്കറിയാമോ? ഈ ജിവിതകാലം മുഴുവൻ വണ്ടീം തള്ളി നടന്നാൽ അതിന്‌റെ മൂന്നിലൊന്ന് നിനക്കുണ്ടാക്കാൻ പറ്റുമോ? വിട്ടുകള ചന്തൂ, അവളുടെ വിധി അങ്ങനെയാകും. മുംബൈയിൽ ഇങ്ങനെ എത്രയോ പെൺപിള്ളേർ കാണും. അവരെയൊക്കെ രക്ഷിക്കാൻ പറ്റുമോ?’

Leave a Reply

Your email address will not be published. Required fields are marked *