❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു ചന്തു, താനുരുകി തീർന്നെന്ന് അവനു തോന്നി. മൂരിക്കാള.ഇത്രയുമേ താൻ ഉണ്ടായിരുന്നുള്ളോ രാഗിയുടെ മനസ്സിൽ. അവന്‌റെ മനസ്സിൽ അതൊരു വലിയ മുറിവു തീർത്തു.
രാഗി വസ്ത്രങ്ങൾ പായ്ക്കു ചെയ്യുകയായിരുന്നു, തിരികെ പോകാൻ.
അവൻ അവളുടെ അടുത്തേക്കു ചെന്നു.
‘രാഗി നീ’ അവൻ അത്രയുമേ പറഞ്ഞുള്ളൂ, അതിനു മുൻപേ എല്ലാദേഷ്യവും അവനു മേലേക്ക് അവൾ ചീറി.
‘മിണ്ടരുത് നിങ്ങൾ , എന്നെ കെട്ടാൻ വന്നേക്കുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നു വന്നിട്ട് എന്നെപ്പറ്റി അച്ഛനോട് ഏഷണി പറഞ്ഞ് വിവാഹം നടത്താമെന്ന് കരുതിയല്ലേ…വൃത്തികെട്ടവൻ.’
ചന്തു തകർന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവൾ പറയുന്നത്.
‘ചന്ത്വേട്ടാ,ഒന്നറിഞ്ഞോ… സുനിലിനെ പ്രേമിക്കുക മാത്രമല്ല ഞാൻ ചെയ്തത്, അവന് എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും നിങ്ങളെന്തിനാണ് ഞങ്ങളുടെ ജീവിതത്തിൽ….ശ്ശേ.’ തീക്ഷ്ണമെങ്കിലും പതർച്ചയില്ലാതെ അവൾ പറഞ്ഞ ആ സംഭാഷണത്തിൽ എല്ലാമുണ്ടായിരുന്നു.
തറവാട്ടിൽ അസ്വാരസ്യങ്ങൾ നീണ്ടു വന്നു.രാഗി പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അമ്മാവൻ വഴങ്ങി.അദ്ദേഹം ചന്തുവിനെ അടുക്കലേക്കു വിളിപ്പിച്ചു.
‘മോനേ ചന്തൂ…’ ദുർബലമായി അദ്ദേഹം വിളിച്ചു.ഓർമവച്ചശേഷം ആദ്യമായാകണം അദ്ദേഹം തന്നെ മോനേയെന്നു വിളിച്ചത്.
‘ നീയും രാഗിണിയുമായുള്ള കല്യാണം നടക്കില്ല മോനേ. നിനക്കറിയാമല്ലോ എല്ലാം,നിങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.ഏതെങ്കിലും നാട്ടിൻപുറത്തുകാരി കുട്ടിയാ മോനു യോജിച്ചത്.നീ ഒരുപാടു കൊതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വിധിയില്ല, മോൻ അതു മറന്നുകള.’ അമ്മാവൻ അവന്‌റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു.

ഒന്നും മിണ്ടിയില്ല ചന്തു, അവൻ തിരികെ നടന്നു.
പിന്നീട് സുനിലും വീട്ടുകാരും ഏറമംഗലത്തു വന്നു.വിവാഹം ഉറപ്പിച്ചു. ഏറമംഗലത്തെ കേശുമേനോന്‌റെ മോൾ നസ്രാണിയെകെട്ടി എന്നൊക്കെ നാട്ടുകാർ ആദ്യം അടക്കം പറഞ്ഞു. പക്ഷേ വിവാഹം നടന്നു.എല്ലാ ഒരുക്കങ്ങൾക്കും ചന്തു ഓടി നടന്നു.
ഉള്ളു വലിഞ്ഞു പൊട്ടുന്നുണ്ടായിരുന്നു. ദുഖത്തിന്‌റെ കാർമേഖങ്ങൾ മനസ്സിൽ മുഴുവൻ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ അവനതൊന്നും ആരെയും അറിയിച്ചില്ല. അമ്മാവനും ഇച്ഛമ്മയായിയും ഒഴികെ ആരും അതറിഞ്ഞില്ല. കൂട്ടുകാർക്ക് അവനെ കളിയാക്കാൻ പുതിയോരു കാരണം കിട്ടി എന്നുമാത്രം.
കല്യാണസന്ധ്യ കഴിഞ്ഞ് തേങ്കുറിശ്ശിയിലെ പാടത്തേക്ക് ഒരു ലക്ഷ്യവുമില്ലാതെ ചന്തു നടന്നു. പാടത്ത് തളം കെട്ടിക്കിടക്കുന്ന ചെളിയിലേക്ക് അവൻ അമർന്നുപുതഞ്ഞു കിടന്നു.മനസ്സിൽ കൂടുകൂട്ടിയ ദുഖങ്ങളുടെ അണക്കെട്ട് പൊട്ടിയൊലിച്ചു. ചെളിയിൽ കൈകളിട്ടടിച്ച് അവൻ അലമുറയിട്ടു കരഞ്ഞു. അവന്‌റെ കരച്ചിൽ പാലക്കാടൻ മലയിടുക്കുകളിൽ തൊട്ടു പ്രതിഫലിച്ചു.
മുകളിൽ ഉദിച്ചു നിന്ന പൂർണചന്ദ്രനും ആ മലകളുമൊളികെ ആരുമറിഞ്ഞില്ല, ആരും സാന്ത്വനിപ്പിച്ചില്ല.
വിവാഹം കഴിഞ്ഞു രാഗിയും ഭർത്താവും ബാംഗ്ലൂരിലേക്കു തിരിച്ചു. ചന്തുവിനു തന്‌റെ ആത്മാവ് നഷ്ടമായെന്നു തോന്നി.അവൻ ഒരു മൂരിക്കാളയെപ്പോലെ പണിയെടുത്തു. ദിവസത്തിന്‌റെ മുക്കാലും പണിയെടുത്തു രാത്രി ഏറുമാടത്തിലുറങ്ങി. ഒന്നിനെപ്പറ്റിയും ചിന്തയില്ലാതെ ഒരു മൃഗജീവിതം.
കുറേനാൾ അങ്ങനെ പോയി.രാഗിയുടെ ഓർമകൾ പതിയെ മനസ്സിനെ വേട്ടയാടി.എല്ലാവരുടെ ജീവിതത്തിലും ലക്ഷ്യങ്ങളുണ്ടാകും, അവന്‌റെ ജീവിതത്തിലെ ഒരേയൊരു സ്വപ്‌നവും ലക്ഷ്യവുമായിരുന്നു രാഗി. അതു നഷ്ടമായിരിക്കുന്നു.ഇനിയെന്ത്?
അവന്‌റെ പ്രിയപ്പെട്ട തേങ്കുറിശ്ശിയെ അവൻ വെറുത്തു.അവിടെ നിന്ന് എങ്ങനെയും പുറത്തുകടക്കാൻ അവനാഗ്രഹിച്ചു.
ആയിടയ്ക്കാണ് അതിന് അവസരം വന്നത്. ചന്തു മുംബൈയ്ക്ക് വണ്ടി കയറി.

………………………………………..

ചന്തുവിനു മുംബൈയിൽ തമ്പി എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.അവന്‌റെ പ്രശ്‌നങ്ങൾ അറിയാവുന്ന ഒരാൾ.രാഗിയുടെ കല്യാണം കഴിഞ്ഞു കുറച്ചുനാളുകൾക്കു ശേഷം തമ്പി ചന്തുവിനെ വിളിച്ചു.തേങ്കുറിശ്ശിയിൽ കിടന്നു നരകിക്കാതെ മുംബൈയ്ക്കു വരാൻ ആവശ്യപ്പെട്ടു.അങ്ങനെയാണു ചന്തു പുറപ്പെട്ടത്. കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി. ആദ്യമായാണ് അവൻ പാന്‌റ്‌സ് ധരിച്ചത്.ആ വേഷം അവനിഷ്ടപ്പെട്ടു.
തമ്പിക്ക് മുംബൈയിൽ പഴക്കച്ചവടമായിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്നു പഴങ്ങൾ വാങ്ങും. എന്നിട്ട് ഉന്തുവണ്ടിയിൽ പഴങ്ങൾ നിറച്ചു വീടുകളിലും തെരുവുകളിലും കൊണ്ടുനടന്നു വിൽക്കും.അധികം പൈസയൊന്നും ലാഭമില്ല, എന്നാൽ ജീവിക്കാനുള്ളത് കിട്ടും.
തമ്പിയുടെ കൂടെ ചന്തുവും കൂടി. ഒരു വണ്ടി അവനും കിട്ടി. അതിൽ പഴങ്ങളുമായി മുംബൈയിലെ ചൗപ്പാട്ടിയിൽ വിൽപന.
മുംബൈയിലെ കുപ്രസിദ്ധമായ തെരുവാണു ചൗപ്പാട്ടി, കള്ളൻമാരും കൊള്ളക്കാരും വേശ്യാഗൃഹങ്ങളുമൊക്കെ നിറഞ്ഞ തെരുവ്.അവിടത്തെ കച്ചവടം നന്നായി നടന്നു.എന്നാൽ ലാഭം കിട്ടുന്നതിൽ പകുതിയേ അവനു കിട്ടിയുള്ളൂ. പകുതി മുനിസാഹിബിനായിരുന്നു.ചൗപ്പാട്ടിയെ ഭരിക്കുന്ന ഗുണ്ട.ഹഫ്ത കൊടുക്കാതെ അവിടെ നിലനിൽക്കാൻ പറ്റില്ല.
രാഗിണിയുടെ സംഭവത്തിനു ശേഷം സ്ത്രീകളോടു പൊതുവേ വെറുപ്പായിരുന്നു ചന്തുവിന്,അവന്‌റെ മനസ്സിൽ ഇപ്പോൾ അത്തരം സ്വപ്‌നങ്ങളില്ലായിരുന്നു,ചൗപ്പാട്ടിയിലെ സുന്ദരികളായ പെൺകൊടികളിലൊന്നും അവന്‌റെ നോട്ടം പോയില്ല.മനസ്സു മരവിച്ചവന് എന്തു സൗന്ദര്യം.

്പക്ഷേ ഒരിക്കൽ… ഒരു സന്ധ്യയിൽ ഒരു സംഭവമുണ്ടായി.
കച്ചവടം കഴിഞ്ഞു തന്‌റെ വണ്ടിയുമുന്തി വരികയായിരുന്നു ചന്തു. അവിടെയടുത്തുള്ള ഒരു പൊതുക്കിണറിൽ നിന്നു കുടങ്ങളിൽ വെള്ളവുമായി വരുന്ന ഒരു നീളമുള്ള പെൺകുട്ടി.ഒരു നരച്ച സാൽവറായിരുന്നു അവളുടെ വേഷം.മറാത്തിയല്ലെന്നു കണ്ടാൽ അറിയാം.ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. വെളുത്തു തുടുത്ത മുഖത്ത് ശ്രീത്വം തെളിഞ്ഞു നിൽക്കുന്നു. അവൾ നെറ്റിയിൽ കുങ്കുമമിട്ടിട്ടില്ല. എണ്ണ പുരളാത്ത അവളുടെ ചെമ്പൻ മുടി പറന്നു കിടന്നു.
ഗുണ്ടകളേപ്പോലെ തോന്നുന്ന കുറേ ചെറുപ്പക്കാർ അവിടെ ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ മദ്യപിച്ചു നിൽപ്പുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടതും അവർ അവളുടെ അരികിലേക്കു ചെന്നു.അവരിലൊരുത്തൻ അവളുടെ കൈയിൽ പിടിച്ചു.ബാക്കിയുള്ളവർ ചേർന്ന് അവളെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ നോക്കുന്നു.അവൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
ഏതോ ഒരു ഉൾവിളി. നിസ്സഹായയായ ഒരു പെൺകുട്ടിയെ ഒരു പറ്റം മൃഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്‌റെ ദാരുണമായ ദൃശ്യം. ഒട്ടു നിമിഷത്തേക്കു ചന്തു സ്ത്രീവിദ്വേഷം മറന്നു. അവൻ അങ്ങോട്ടേക്കു കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *