❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

‘ഉസ്‌കോ ചോഡോ’ അവൻ ഗുണ്ടകളിൽ ഒരുവനോടു പറഞ്ഞു.
കൈയുയർത്തി ഒരിടിയായിരുന്നു മറുപടി.ചന്തു പിന്നോട്ടു മലച്ചു.
അവന്‌റെയുള്ളിൽ ദേഷ്യം നിറഞ്ഞു.ഉള്ളിൽ പാലക്കാടൻ വികാരം കുതിച്ചുപൊന്തി. മുഖത്തിനിട്ടാണ് ഇടി കിട്ടിയത്. കവിൾ തിരുമ്മി എഴുന്നേറ്റ ഉടൻ അവൻ തന്നെയടിച്ചവനെ ഒറ്റച്ചവിട്ടായിരുന്നു.അവൻ തെറിച്ചുവീണു.
അവന്‌റെ കൂട്ടാളികൾ ചന്തുവിനെ ഇടിക്കാനായി പാഞ്ഞുവന്നു. കുറേനേരം ചെറുത്തു നിന്നെങ്കിലും നിരന്തരം ചന്തുവിന് ഇടി കിട്ടി.
അപ്പോളേക്കും അടുത്തുള്ള വേശ്യാഗൃഹത്തിലെ മാമിസാൻ അങ്ങോട്ടേക്ക് ഓടി വന്നു.വേശ്യാഗൃഹം നടത്തുന്ന മുതിർന്ന സ്ത്രീയെയാണ് മാമിസാൻ എന്നു വിളിക്കുന്നത്.

‘യേ മുനിസാബ് കി മാൽ ഹേ ബന്തർ ലോഗ്,തും കോ മർനാ ചാഹ്താ ഹേ(ഇതു മുനിസാഹിബിന്‌റെ പെൺകുട്ടിയാണ്, ഇവളെ തൊട്ടാൽ നിങ്ങളെ അവൻ കൊല്ലും)…’ അവർ ഗുണ്ടകൾക്കു നേരെ വിളിച്ചുപറഞ്ഞു.
അതു കേട്ടതും കുരിശ്ശുകണ്ട പ്രേതത്തെ പോലെ ഗുണ്ടകളുടെ മുഖം വിളറി. അവളെ വിട്ടിട്ട് അവർ ഓടിപ്പോയി.
എഴുന്നേറ്റു നിന്നു കൈയ് തിരുമ്മുകയായിരുന്നു ചന്തു.
മാമിസാൻ അവളുടെ ഇരു കരണത്തും ആഞ്ഞടിക്കുന്നതാണ് കണ്ടത്.
‘നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ രാത്രി ഇറങ്ങി നടക്കരുതെന്ന് തെറിച്ചവളേ, മുനിസാഹിബ് എങ്ങാനും ഇതറിഞ്ഞാൽ എന്നെ വച്ചേക്കില്ല.’ അവർ അവളോടു പറഞ്ഞു.
‘അടുക്കളയിൽ വെള്ളം തീർന്നു,ശ്യാമ പറഞ്ഞിട്ടാണ് ഞാൻ വെള്ളമെടുക്കാൻ ഇറങ്ങിയത്.’ അവൾ ഒരു കുറ്റവാളിയെപ്പോലെ അവരോട് പറഞ്ഞു.
‘ശ്യാമ, ആ കഴുവേർട മോളെ ഇന്നു ഞാൻ ശരിയാക്കും. ഇങ്ങോട്ടു വാ.’ അവളെ പിടിച്ചുവലിച്ചുകൊണ്ട് മാമിസെൻ പോയി.പോയപോക്കിൽ അവൾ ചന്തുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.നിറനിലാവു പോലെയുള്ള മുഖം.അവളൊരു വേശ്യയാണെന്ന തിരിച്ചറിവ് ചന്തുവിനെ അമ്പരപ്പിച്ചു കളഞ്ഞു. അവൻ തിരികെ നടന്നു.പിറ്റേന്ന് വേശ്യാഗൃഹത്തിനു സമീപം പഴങ്ങൾ വിറ്റുകൊണ്ടിരുന്നപ്പോൾ അവൾ അവനരികിലേക്കു വന്നു നോക്കി നിന്നു.ചന്തു മുഖം കൊടുത്തില്ല.വേശ്യകളോട് അവനു വെറുപ്പായിരുന്നു. വയറിന്‌റെ വിളി ശമിപ്പിക്കാൻ കണ്ടവർക്കു ശരീരം കൊടുക്കുന്ന കുലടകൾ.
‘അരേ, തൂ മല്യാളി ഹേ ‘ മലയാളിയാണോയെന്ന് അവളവനോടു ചോദിച്ചു.
‘ഹാ, തോക്യാ, ക്യാ ചാഹിയേ തുംകോ ‘ അവൾക്ക് എന്തു വേണമെന്ന് അവൻ ഹിന്ദിയിൽ ചോദിച്ചു.

പതിയെ പതിയെ അവർ തമ്മിൽ പരിചയം വളർന്നു. എന്നും വേശ്യാഗൃഹത്തിനു സമീപം അവൻ കച്ചവടത്തിനു വരും. ആപ്പിൾ വാങ്ങാനെന്ന വ്യാജേന അവളിറങ്ങിവരും.കുറച്ചുനേരം സംസാരിക്കും.
അങ്ങനെയാണ് അവളുടെ ജീവിതകഥ അവനറിഞ്ഞത്. താൻ വിചാരിച്ചുവച്ചിരുന്നത് പോലെ ഒരു വേശ്യയല്ല അവൾ. കന്യകയായ ഒരു പത്തൊൻപതുകാരി.പൊന്നും വിലയുള്ള ഒരു വിൽപനച്ചരക്ക്.
മാനസി ബാരോട്ട് എന്നാണ് അവളുടെ പേര്.ഗുജറാത്തിലെ മധാപൂരിലുള്ള ഒരു സമ്പന്ന വൈശ്യകുടുംബത്തിലാണ് അവൾ ജനിച്ചത്.ജനിച്ചതിനു പിന്നാലെ അച്ഛനുമമ്മയും മരിച്ചു.അവിടങ്ങളിൽ കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ മാതാപിതാക്കൾ മരിച്ചാൽ ആ കുട്ടി അപശകുനമായാണ് കണക്കാക്കുന്നത്. ചിറ്റപ്പന്‌റെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റാണു പതിനെട്ടു വയസ്സു വരെ മാനസി ജീവിച്ചത്.
പിന്നീട് മാനസിയെ ഒരു ലക്ഷം രൂപയ്ക്ക് ചിറ്റമ്മ മുനിസാഹിബിനു വിറ്റു.
കന്യകളായ സുന്ദരിപ്പെൺകിടാങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്.അറബികളും സായിപ്പൻമാർക്കുമൊക്കെ ഇത്തരം പെൺകുട്ടികളെ വലിയ ഡിമാൻഡാണ്.പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് മുനിസാഹിബ് മാനസിക്കു കച്ചവടമുറപ്പിച്ചിരിക്കുന്നത്.ഏതോ ഒരു സായിപ്പുമായിട്ട്.
പെൺകടത്തലിനെതിരെ വലിയ ജാഗ്രതയുള്ളതിനാൽ വിമാനം വഴി പറ്റില്ല. കണ്ടെയ്‌നറിൽ അടച്ചുവേണം മാനസിയെ പോർച്ചുഗലിലുള്ള സായിപ്പിന്‌റെടുക്കൽ എത്തിക്കാൻ.അതിനുള്ള കപ്പൽ അടുത്തമാസമാണ് മുംബൈ തുറമുഖത്തെത്തുക.അതുവരെ അവളുടെ കന്യകാത്വത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ മുനിസാഹിബ് ബാധ്യസ്ഥനാണ്.അതിനായാണ് തന്‌റെ വിശ്വസ്തയായ മാമിസെന്നിന്‌റെ വേശ്യാഗൃഹത്തിൽ അവളെ പാർപ്പിച്ചിരിക്കുന്നത്.
അടുത്തമാസം കപ്പൽ വരും. അതു മാനസിയെ പോർച്ചുഗലിലെത്തിക്കും. അവിടെയുള്ള അവളുടെ ഉടമസ്ഥൻ സായ്പ് അവളെ അനുഭവിച്ച ശേഷം ഏതെങ്കിലും വേശ്യാലയത്തിൽ വിൽക്കും.ഒരു സ്ത്രീജീവിതം അങ്ങനെയൊടുങ്ങും.

മാനസിയുടെ ജീവിതകഥ ചന്തുവിനെ കണ്ണുനീരണിയിച്ചു.തിരിച്ച് തന്‌റെ കുടിലിലെ ഒറ്റമുറിയിൽ പോയി ഉറങ്ങുമ്പോഴും അവന്‌റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു.അവളെ എങ്ങനെയെങ്കിലും തനിക്കു സഹായിക്കാൻ കഴിയുമോ?
ഇത്രയും ഗുണ്ടകളൊക്കെ കാവൽ നിൽക്കുന്ന മുംബൈയിൽ അത് അസാധ്യമായിരുന്നു.
പക്ഷേ ചന്തുവിന് അങ്ങനെ ചിന്തിച്ചു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അവൻ വീണ്ടും വീണ്ടും ചൗപ്പാട്ടിയിലെത്തി അവളെ കണ്ടു.പ്രണയം തന്‌റെ മനസ്സിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.രാഗിണിയോടുള്ളതുപോലെ ഭ്രമാത്മകമായ ഒന്നല്ലായിരുന്നു മാനസിയോടു തോന്നിയത്. കൂടുതൽ സത്യമുള്ള യാഥാർഥ്യമായ പ്രണയം.
അങ്ങനെ ഒരിക്കൽ അവൻ തീരുമാനിച്ചു. മാനസിയെ തന്‌റെ ജീവൻകൊടുത്തും രക്ഷിക്കും.പക്ഷേ തന്‌റെ ലക്ഷ്യം അവൻ മാനസിയോടു പറഞ്ഞില്ല. ആകെ മുരടിച്ച ആ പെൺമനസ്സിന് ആശ കൊടുക്കേണ്ട. ഒരു പക്ഷേ തനിക്കതു സാധിക്കാതെ വന്നാൽ……ആശ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയെന്ന് ചന്തുവിന് നന്നായി അറിയാമായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം അവനതു നിശ്ചയിച്ചത്.മുനിസാഹിബിനെ നേരിട്ടു കണ്ടു പറയുക.ചിലപ്പോൾ അവൻ തന്നെ കൊല്ലുമായിരിക്കും.എന്നാലും ചോദിക്കുക തന്നെ.
ചൗപ്പാട്ടിക്കടുത്തു തന്നെ ഒരു വലിയ വർക്ഷോപ്പായിരുന്നു മുനിസാഹിബിന്‌റെ ഗുണ്ടാസങ്കേതം.അവിടെ കാവൽ നിന്ന ഗുണ്ടകളോട് മുനിസാഹിബിനെ കാണണമെന്നു പറഞ്ഞു.ആയുധമെന്തെങ്കിലുമുണ്ടോയെന്നു പരിശോധന നടത്തിയ ശേഷം ഗുണ്ടകൾ അവനെ മുനിസാഹിബിനു മുന്നിലെത്തിച്ചു.
മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വെളുത്ത ആളായിരുന്നു മുനിസാഹിബ്.ഒരു ഗുണ്ടയാണെന്നൊന്നും പറയില്ല.കൈയിലേക്ക് ഏതോ ലഹരിവസ്തു സിറിഞ്ച് വഴി നിറയ്ക്കുകയായിരുന്നു അവൻ.ചന്തു അവനരികിലെത്തി.
അവനെ നോക്കാതെ മുനിസാഹിബ് കൈയുയർത്തി എന്താണു വന്നതെന്നു ചോദിച്ചു.
‘മാനസിയെ എനിക്കിഷ്ടമാണ്, അവളെ നിങ്ങൾ വിൽക്കരുത്.’ ഒറ്റവീർപ്പിനു തന്നെ പതറാത്ത സ്വരത്തിൽ അവൻ മുനിസാഹിബിനോടു പറഞ്ഞു. അയാൾ ഇപ്പോൾ എഴുന്നേറ്റ് തന്നെ വെട്ടിപ്പൂളുമെന്നായിരുന്നു ചന്തു കരുതിയത്.എന്നാൽ അതുണ്ടായില്ല.
‘ബഹുത് പ്യാർ ഹേ? ‘ നേരിയ ഒരു ചിരിയോടെ മുനിസാഹിബ് ചോദിച്ചു.
‘ഹാ’ ചന്തു ഉത്തരം പറഞ്ഞു.’നോക്ക് മോനേ, പ്രേമിക്കുന്നവരെ വിഷമിപ്പിക്കാൻ ഒന്നും എനിക്കു താൽപര്യമില്ല.എനിക്കു പ്രധാനം കാശാണ്. പെണ്ണുങ്ങൾ എനിക്ക് ഉരുപ്പടികൾ മാത്രമാണ്.ഈയടുത്ത് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉരുപ്പടിയാണ് മാനസി.15 ലക്ഷത്തിനാണു സായിപ്പുമായി അവൾക്ക് കച്ചവടമുറപ്പിച്ചത്.’ മുനിസാഹിബ് വീണ്ടും ചിരിയോടെ പറഞ്ഞു.
‘ആ പൈസ ഞാൻ തരും’ ചന്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *