അന്നു പെയ്ത മഴയിൽ 17

അന്നു പെയ്ത മഴയിൽ

Annu Peitha Mazhayil | Author : Rolexx


പതിവുപോലെ അന്നും എൻ്റെ കണ്ണുകളിൽ നിന്നും ഞാനറിയാതെ തന്നെ കണ്ണുനീർ ഡാം തുറന്നു വെള്ളം പോകും പോലെ ഒഴുകാൻ തുടങ്ങി.ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി എന്ന് എനിക്ക് തന്നെ ഓർമ്മയില്ല.നഷ്ട പ്രണയം എന്റെ മനസ്സിനെയും ബാധിച്ചിരുന്നു.

രാത്രികളിൽ എന്റെ കണ്ണുകൾ മാത്രമാണ് അടഞ്ഞിരുന്നത്.എന്റെ മനസ്സ് അവളുടെ ഓർമ്മകളിൽ തുറന്നിരിക്കുകയായിരുന്നു.ശാരിക അതായിരുന്നു അവളുടെ പേര്.അവൾ ഇനി ഒരിക്കലും തന്റേതാകില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല.

നീണ്ട പത്ത് വർഷത്തോളം അവൾ അടുത്തുണ്ടായിട്ടും ഒരിക്കൽ പോലും എന്റെ ഇഷ്ടം തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല.തുറന്ന് പറയാൻ ശ്രമിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.എനിക്ക് എന്റേതായ കാരണങ്ങൾ കുറെയേറെ ഉണ്ടായിരുന്നു.

കേൾക്കുന്ന മറ്റുള്ളവർക്ക് അത് ഒരു ഭ്രാന്തൻ അല്ലെങ്കിൽ മണ്ടൻ ചിന്തകളായി തോന്നുമെങ്കിലും എനിക്ക് അത് എൻ്റെ ശരികളായിരുന്നു.എന്നാലും ഒരിക്കലെങ്കിലും എൻ്റെ ഇഷ്ടം തുറന്നു പറയാത്തതിന്റെ സങ്കടം എന്നെ കൂടുതൽ വിഷമിപ്പിച്ചു.

പ്രണയിക്കാതിരിക്കുന്നതിനേക്കാൾ പ്രണയിച്ച് നഷ്ടപ്പെടുത്തുന്നതാണ് നല്ലത് എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.പക്ഷേ നഷ്ടപ്പെട്ടവനല്ലെ അതിന്റെ വേദന അറിയൂ.പകലുകൾ എന്തൊക്കെയോ ചെയ്ത് ഞാൻ തള്ളിനീക്കി.രാത്രികളിൽ അവളുടെ ഓർമ്മകളിൽ ജീവിച്ചു.മദ്യപാനശീലം ഇല്ലാത്തതിനാൽ അതിൽ ജീവിതം നശിപ്പിക്കാൻ തയ്യാറായിരുന്നില്ല.

അങ്ങനെ ഓരോ ദിവസവും ഞാൻ തള്ളിനീക്കി.ശാരികയെക്കുറിച്ച് പറയുകയാണെങ്കിൽ എൻ്റെ കളിക്കൂട്ടുകാരിയായിരുന്നു.അമ്മാവന്റെ മകൾ.വെണ്ണക്കല്ല് കൊത്തിവെച്ച ശിൽപം പോലെയാണ് അവളെ കാണാൻ.എന്നെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ നിർമ്മൽ, എൻജിനീയറിങ് കഴിഞ്ഞ് നിൽക്കുകയാണ്.സപ്ലികൾ എഴുതിയെടുക്കാൻ ബാക്കിയുണ്ട്.

ഗുജറാത്തിൽ കുറച്ചു നാൾ ജോലിക്ക് പോയെങ്കിലും സപ്ലി യെഴുതുന്നതിന് വേണ്ടി നാട്ടിൽ തിരിച്ചു വന്നു.ശാരികയുടെ എൻഗേജ്മെന്റ് ഉറപ്പിച്ചതിനാൽ ഇനി തിരിച്ചു പോവണ്ട എന്നു തീരുമാനിച്ചു.അങ്ങനെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ഓരോ ദിവസവും തള്ളിനീക്കി.എൻഗേജ്മെന്റിന്റെ ദിവസം കൂടുതൽ അടുത്ത് വരുന്നത് എന്നെ കൂടുതൽ വിഷമിപ്പിച്ചു.

പതിവു പോലെ അന്നും ഞാൻ വീടിന്റെ ഉമ്മറത്തെ കസേരയിൽ ഇരുന്നു പത്രം മറച്ചു നോക്കിയിരിക്കുകയായിരുന്നു.കണ്ണ് പത്രത്തിൽ ആയിരുന്നെങ്കിലും എൻ്റെ ചിന്ത മുഴുവൻ അവളായിരുന്നു.പെട്ടെന്ന് എൻ്റെ ചിന്തകളെ ഭേദിച്ചു കൊണ്ട് ആ വാർത്ത എൻ്റെ കണ്ണിൽ പതിഞ്ഞു.മാർച്ച് 26 ന് പ്രമുഖ കോളേജിൽ വച്ച് ജോബ് ഫെയർ. “മാർച്ച് 26” അതെ അവളുടെ എൻഗേജ്മെന്റ് ദിവസം.

എൻ്റെ മനസ്സിൽ ചിന്തകൾ മാറി മറിഞ്ഞു.ശാരികയുടെ എൻഗേജ്മെന്റിനു പോകാതിരിക്കാനുള്ള കാരണം ചിന്തിച്ചിരുന്നിരുന്ന എനിക്ക് വീട്ടിൽ പറയാൻ ഒരു കാരണവും ആയി.അപ്പോൾ തന്നെ അമ്മയെ വിളിച്ചു.

ഞാൻ:- അമ്മേ…. അമ്മേ….
അമ്മ:- എന്തടാ ?
ഞാൻ:- 26 ന് ഒരു ജോബ് ഫെയർ ഉണ്ട്.എൻഗേജ്മെന്റിനു വന്നില്ലെങ്കിലും കുഴപ്പമില്ലല്ലോ… ഞാൻ അതിനു പോവാ..

(അമ്മ സമ്മതിക്കില്ല എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മയുടെ മറുപടി. )
അമ്മ:- സാരമില്ല.എൻഗേജ്മെന്റിനു വന്നില്ലെങ്കിലും കുഴപ്പമില്ല കല്യാണത്തിനു പോവാം .

എന്റെ അപ്പോഴത്തെ അവസ്ഥ മനസ്സിലായത് കൊണ്ടാണോ അമ്മ അതിനു സമ്മതിച്ചത് എന്നുള്ള സംശയം എന്നിൽ അലയടിച്ചു.അങ്ങനെ വിചാരിച്ച പോലെ തന്നെ കാര്യം നടന്നു.അപ്പോൾ തന്നെ എൻ്റെ കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചു.

വിഷ്ണു എൻ്റെ കൂടെ എൻജിനീയറിംഗിന് ഒരുമിച്ച് ഉണ്ടായിരുന്നു.അതിനു ശേഷം ഗുജറാത്തിലും ഞങൾ ഒരുമിച്ചായിരുന്നു.ഞാൻ ഗുജറാത്തിൽ നിന്ന് വന്ന് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അവനും അവിടെ നിർത്തി പോന്നു.

ഞാൻ:- എടാ 26 ന് ഒരു ജോബ് ഫെയർ ഉണ്ട്.നമുക്ക് അതിനു പോകാം.
വിഷ്ണു:- അത് വല്ല കാര്യവും ഉണ്ടോ ?
ഞാൻ:- നമുക്ക് പോയി നോക്കാം.
വിഷ്ണു:- എന്നാ ഓകെ.

Leave a Reply

Your email address will not be published. Required fields are marked *