അവൾക്ക് അത് മനസ്സിലായി.
അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു
.
“എന്താ ഇങ്ങനെ നോക്കുന്നത്…?”
അവൾ ചോദിച്ചു.
രാജേഷ് ഒന്ന് പരുങ്ങി.
“ഒന്നുമില്ല…”
അഞ്ജലി തലകുലുക്കി.
പിന്നെ മുന്നിലേക്ക് വന്ന ഒരു തിരമാലയിൽ കൈ മുക്കി അവന്റെ നേരെ വെള്ളം തെറിപ്പിച്ചു.
“കള്ളം.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജേഷ് ഒരു നിമിഷം അമ്പരന്നു.
പിന്നെ അവനും ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ അഞ്ജലി അറിയാതെ തന്റെ കൈ അവന്റെ നേരെ നീട്ടി.
“വാ…”
അവൾ പറഞ്ഞു.
“അവിടെ വരെ പോകാം.”
ഒരു നിമിഷം പോലും ആലോചിക്കാതെ രാജേഷ് അവളുടെ കൈ പിടിച്ചു.
സത്യത്തിൽ ആ നിമിഷം അവൾ അവന്റെ ഭാര്യ മാത്രമായിരുന്നില്ല.
വീണ്ടും പുതുതായി പരിചയപ്പെടുന്ന ഒരു സ്ത്രീയെപ്പോലെയായിരുന്നു.
അവർ രണ്ടു പേരും വളരെ സന്തോഷത്തിലായിരുന്നു… വെള്ളത്തിൽ അവർ രണ്ടാളും കൂടി ആർത്തുല്ലസിച്ചു… എന്തൊക്കെയോ പുതിയത് പോലെ….
അടുത്ത തിരമാല വന്നപ്പോൾ അഞ്ജലി ആദ്യം ഓടി.
“രാജേഷേട്ടാ… പിടിക്കാമെങ്കിൽ പിടിക്ക്…”
അവൾ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
രാജേഷ് ഒരു നിമിഷം അമ്പരന്നു.
വളരെ കാലങ്ങൾക്ക് ശേഷം അവളെ ഇങ്ങനെ കളിയായി കാണുകയാണ്.
അവനും ചിരിച്ചുകൊണ്ട് അവളുടെ പിന്നാലെ ഓടി.
തിരമാലകൾ ഇരുവരുടെയും മേൽ ചിതറിപ്പറന്നു.
അഞ്ജലി വീണ്ടും പിന്നിലേക്ക് നീങ്ങി.
പക്ഷേ ഇത്തവണ രാജേഷ് അവളുടെ കൈയിൽ പിടിച്ചു.
“കിട്ടിപ്പോയല്ലോ…”
അവൻ വിജയഭാവത്തിൽ പറഞ്ഞു.
“ചതി…”
അഞ്ജലി ചിരിച്ചു.
“ഇതാണോ ചതി?”
രാജേഷ് ചിരിച്ചു.
അവരുടെ ചിരി തിരമാലകളുടെ ശബ്ദത്തിൽ ലയിച്ചു.
ദൂരെയുള്ള beach chair ൽ ഇരുന്ന ജോൺ അവരെ
നോക്കി.
അവന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
അഞ്ജലി വീണ്ടും മനസ്സുതുറന്ന് ചിരിക്കുന്നത് കാണുന്നത് മാത്രം മതി എന്നപോലെ.
കാതറിൻ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് കടലിൽ നിൽക്കുകയായിരുന്നു.
കുറച്ചുനേരം കൂടി അവർ വെള്ളത്തിൽ ചെലവഴിച്ചു.
അവളുടെ ഉള്ളിൽ ഒരു വിചിത്രമായ സംതൃപ്തി നിറഞ്ഞു….
നഷ്ടപെട്ടത് എന്തോ തിരികെ കിട്ടിയ പോലെ….
അപ്പോഴാണ് ദൂരെ നിന്ന് കാതറിന്റെ ശബ്ദം കേട്ടത്.
“Raj…!”
ഇരുവരും തിരിഞ്ഞുനോക്കി.
Jet ski counter ന്റെ അടുത്ത് നിന്നുകൊണ്ട് കാതറിൻ കൈവീശുകയാണ്.
“Come here!”
അവളുടെ മുഖത്ത് പതിവ് പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷേ കണ്ണുകളിൽ മറ്റെന്തോ ഉണ്ടായിരുന്നു.
അഞ്ജലിയെയും രാജേഷിനെയും കുറച്ചുനേരമായി അവൾ ശ്രദ്ധിക്കുകയായിരുന്നു.
രാജേഷ് ഒരു നിമിഷം മടിച്ചു.
കാതറിൻ വീണ്ടും കൈവീശി.
“Raj… come on!”
അഞ്ജലി അവനെ നോക്കി.
ആ ഒരു നിമിഷത്തിൽ രാജേഷിന്റെ മുഖത്ത് വന്ന ആശയക്കുഴപ്പം അവൾ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ അവൾക്ക് അടുത്തത് എന്താണെന്ന് മനസ്സിലായി.
അഞ്ജലി ചെറുതായി ചിരിച്ചു.
“പോയിട്ട് വാ…”
അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
രാജേഷ് ഒരു നിമിഷം അവളെ നോക്കി.
പിന്നെ കാതറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.
“ഞാൻ ഇപ്പൊ വരാം.”
അത്രയും പറഞ്ഞ് അവൻ വെള്ളത്തിലൂടെ മുന്നോട്ട് നടന്നു.
അവൻ അകന്നുപോകുന്നത് അഞ്ജലി നോക്കി നിന്നു.
അവളുടെ മുഖത്തെ ചിരി മാഞ്ഞില്ല.
പക്ഷേ ഉള്ളിൽ ഒരു ചിന്ത മാത്രം ഉയർന്നു.
“ചിലർക്ക് ഒരു നിമിഷം കൊണ്ട് മാറാം”
“ചിലർക്ക് ഒരു മണിക്കൂർ കൊണ്ട് മാറാം…”
“ചിലർക്ക് ഒരു ദിവസം കൊണ്ട് മാറാം…”
“പക്ഷേ ചില ആളുകൾ ഒരിക്കലും മാറില്ല…”
ദൂരെയായി കാതറിൻ രാജേഷിന്റെ കൈയിൽ പിടിച്ച് jet ski യുടെ അടുത്തേക്ക് കൊണ്ടുപോയി.
അത് കണ്ടപ്പോൾ അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.
ഈ തവണ അവൾക്ക് സങ്കടം കുറവായിരുന്നു.
കാരണം ഇപ്പോൾ അവൾക്ക് സത്യം വ്യക്തമായി കാണാൻ തുടങ്ങിയിരുന്നു.
രാജേഷ് വെള്ളത്തിലൂടെ jet ski ടെ അടുത്ത് എത്തി.. അവിടെ നിന്നും അവൻ തിരിഞ്ഞു അഞ്ജലിയെ നോക്കി… അവൾ കരയിലേക്ക് നടക്കുന്നു…
അപ്പോഴാണ് രാജേഷ് ഒരു കാര്യം ശ്രദ്ധിച്ചത്.
ചുറ്റുമുണ്ടായിരുന്ന ചിലരുടെ നോട്ടം അഞ്ജലിയിലേക്ക് തിരിയുന്നു.
ആദ്യം അവന് അത് അഭിമാനമായി തോന്നി.
