***********
പതിവ് സമയത്ത് തന്നെ ദേവേട്ടൻ ഉണർന്നു. പക്ഷേ, അപ്പോഴും അച്ചു ഉറക്കത്തിലേക്ക് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു…
പതിവ് അതല്ലായിരുന്നു. എന്നും ആദ്യം അച്ചു എഴുന്നേൽക്കും, കുളികഴിഞ്ഞ് ഫ്രഷ് ആയി വന്ന് ദേവേട്ടനെ വിളിച്ചുണർത്തും. ദേവേട്ടൻ കുളിച്ചിറങ്ങുമ്പോഴേക്കും അവൾ ചൂടുള്ള ബ്രേക്ക്ഫാസ്റ്റും ഉച്ചയ്ക്കുള്ള ടിഫിനും റെഡിയാക്കി വെച്ചിട്ടുണ്ടാകും..
തനിക്ക് പുറംതിരിഞ്ഞു കിടക്കുന്ന അച്ചുവിനെ ദേവേട്ടൻ പതിയെ തട്ടിവിളിച്ചു. “അച്ചു, നീ എഴുന്നേറ്റില്ലേ?”
ആദ്യത്തെ തട്ടിൽ തന്നെ ഒരു ചെറിയ മൂളൽ അച്ചുവിൽ നിന്ന് വന്നു. അവൾ ഉറങ്ങുകയല്ല, പകരം ഉറക്കം നടിക്കുകയാണെന്ന് ആ മൂളലിൽ നിന്ന് തന്നെ ദേവേട്ടന് മനസ്സിലായി…
ദേവേട്ടൻ ബാത്റൂമിൽ പോയി കുളിച്ചിറങ്ങിയപ്പോഴും അച്ചു പഴയ കിടത്തം തന്നെ തുടർന്നു…
ദേവേട്ടൻ അവളെ ഒരു ചോദ്യഭാവത്തിൽ നോക്കി നിന്നു. ആ നോട്ടം ശ്രദ്ധിച്ചെന്നോണം അച്ചു ചുവരിലേക്ക് നോക്കി മറുപടി പറഞ്ഞു,,
”എനിക്കൊരു സുഖമില്ലാത്ത പോലെ… ഞാനിന്ന് ലീവ് എടുക്കുകയാണ്.”
അവളുടെ ശബ്ദത്തിലെ തളർച്ചയും വിറയലും ദേവേട്ടൻ ശ്രദ്ധിച്ചു. എങ്കിലും കൂടുതൽ ഒന്നും ചോദിക്കാതെ അയാൾ ശാന്തമായി പറഞ്ഞു,,,
“ശരി, എങ്കിൽ ബാങ്കിൽ വിളിച്ച് സിക്ക് ലീവ് പറയാൻ മറക്കണ്ട.”
അതിന് അച്ചുവിന്റെ ഭാഗത്ത് നിന്നും മറുപടികൾ ഒന്നും ഉണ്ടായില്ല!
ദേവേട്ടൻ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി മുറിക്ക് പുറത്തിറങ്ങി… അപ്പോഴും അക്കുവിന്റെ മുറിയിൽ നിന്ന് എസിയുടെ നേരിയ ഇരമ്പൽ ശബ്ദം കേൾക്കാമായിരുന്നു…
അക്കുവിന്റെ ഓഫീസ് വാഹനം വരാനുള്ള സമയം ഏഴു മണിയാണ്, ഇപ്പോൾ സമയം എട്ടു മണി ആകാറാവുന്നു…
അവൻ പോയിട്ടില്ലെന്ന് ഉറപ്പായപ്പോൾ ദേവേട്ടന് ഉള്ളിൽ വീണ്ടും ഒരു ആശങ്ക നിറഞ്ഞു…
അദ്ദേഹം അക്കുവിന്റെ മുറിവാതിൽക്കൽ ചെന്ന് പതിയെ തട്ടി. അധികം താമസിയാതെ തന്നെ വാതിൽ തുറക്കപ്പെട്ടു…
അക്കുവിന്റെ മുഖം കണ്ടാൽ തന്നെ വ്യക്തമായിരുന്നു, അവൻ രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്ന്. കണ്ണുകൾ തളർന്ന് ചുവന്നിരിക്കുന്നു, മുഖത്ത് വലിയൊരു ഭാരമുള്ളതുപോലെ…
”നീ ഇന്ന് ഡ്യൂട്ടിക്ക് പോയില്ലേ?”
ദേവേട്ടന്റെ ചോദ്യം കേട്ടിട്ടും അവൻ മറുപടിയൊന്നും പറഞ്ഞില്ല,,, പകരം ഇല്ല എന്ന അർത്ഥത്തിൽ പതുക്കെ തലയിളക്കുക മാത്രം ചെയ്തു…
അവന്റെ ആ മൗനത്തിന് പിന്നിൽ എന്തോ വലിയൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് ദേവേട്ടന് തോന്നി. എങ്കിലും കൂടുതൽ ചോദിച്ചു അവനെ അസ്വസ്ഥനാക്കാൻ അദ്ദേഹം മുതിർന്നില്ല…
”ഹ്മ്മ്… എങ്കിൽ ശരി, ഞാൻ ഇറങ്ങുവാ. നീ നന്നായി വിശ്രമിക്ക്,” അത്രമാത്രം പറഞ്ഞ് ദേവേട്ടൻ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു…
പക്ഷേ, വീട്ടിൽ തനിച്ചായിരിക്കുന്ന അച്ചുവും, അക്കുവും അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള വെമ്പൽ ദേവേട്ടന്റെ മനസ്സിൽ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലുടനീളം ഒരു തീക്കനൽ പോലെ എരിഞ്ഞുനിന്നു…
ഉച്ചതിരിഞ്ഞ് ഡ്യൂട്ടിക്കിടയിൽ അല്പം ഫ്രീ ആയപ്പോൾ ദേവേട്ടൻ അക്കുവിനെ വിളിച്ചു…
റിങ് ചെയ്ത് അവസാനിച്ചതല്ലാതെ അറ്റൻഡ് ചെയ്തില്ല..
വാട്സാപ്പിൽ അയച്ച മെസ്സേജ് ബ്ലൂ ടിക് ആയിട്ടും മറുപടി വന്നില്ല…
കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു, അക്കു അപ്പോൾത്തന്നെ കോൾ കട്ട് ചെയ്തു…
‘എന്നെ ഒന്ന് വെറുതെ വിടൂ’ എന്നുള്ള ആ നിശബ്ദമായ പ്രഖ്യാപനം ദേവേട്ടന് വ്യക്തമായിരുന്നു…
കസേരയിൽ തളർന്നിരിക്കുമ്പോൾ മനസ്സിൽ പല ചിന്തകളും ചുഴലിയായി കറങ്ങി…
നാലുമണിയോടെ ഫോൺ ഒന്ന് വിറവിറച്ചു…
അക്കുവിന്റെ മെസ്സേജ് ആയിരുന്നു,,
“ദേവേട്ടാ, ചേച്ചി എന്നെ മുഖത്ത് തല്ലി. ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു… ഞാൻ കമ്പനി അക്കോമഡേഷനിലേക്ക് മാറുകയാണ്.”
